Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീറ്റിലൂടെ മെഡിക്കൽ സീറ്റുകളിലെ പ്രവേശനത്തിന് പിടിവീണതോടെ ഏജന്റുമാരുടെ നോട്ടം നഴ്സിങ് - പാരാമെഡിക്കൽ കോഴ്സുകളിലേക്ക്; മലയാളി വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കോഴ്‌സുകളുടെ സീറ്റുകൾ ഏജന്റുമാർ മൊത്തകച്ചവടത്തിലൂടെ കൈക്കലാക്കി; വാർഷിക ഫീസിന് തുല്യമായ പണം വിദ്യാർത്ഥികളിൽ നിന്നും ഇടനിലക്കാർ തട്ടിയെടുക്കുന്നു

നീറ്റിലൂടെ മെഡിക്കൽ സീറ്റുകളിലെ പ്രവേശനത്തിന് പിടിവീണതോടെ ഏജന്റുമാരുടെ നോട്ടം നഴ്സിങ് - പാരാമെഡിക്കൽ കോഴ്സുകളിലേക്ക്; മലയാളി വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കോഴ്‌സുകളുടെ സീറ്റുകൾ ഏജന്റുമാർ മൊത്തകച്ചവടത്തിലൂടെ കൈക്കലാക്കി; വാർഷിക ഫീസിന് തുല്യമായ പണം വിദ്യാർത്ഥികളിൽ നിന്നും ഇടനിലക്കാർ തട്ടിയെടുക്കുന്നു

രഞ്ജിത് ബാബു

മംഗളൂരു: മലയാളി വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് നഴ്സിങ് - പാരാമെഡിക്കൽ കോഴ്സുകളുടെ സീറ്റുകൾ ഏജന്റുമാർ മൊത്തകച്ചവടത്തിലൂടെ കൈക്കലാക്കി. മംഗളൂരുവിലും പരിസരങ്ങളിലുമുള്ള ഇരുപതിലേറെ വരുന്ന മെഡിക്കൽ കോളേജുകളിൽ വിരലിലെണ്ണാവുന്നവയൊഴിച്ച് മറ്റ് കോളേജുകളിലെ എല്ലാ സീറ്റുകളും ഏജന്റുമാർ കൈക്കലാക്കിയിരിക്കയാണ്. നീറ്റിലൂടെ മെഡിക്കൽ സീറ്റുകളിലെ പ്രവേശനത്തിന് ഏജന്റുമാർക്ക് ഇടപെടാൻ കഴിയാതായതോടെയാണ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അവർ പിടിമുറുക്കിയത്.

അടുത്ത കാലത്തായി വിദ്യാർത്ഥികളെ ഏറെ ആകർഷിച്ചു വരുന്ന ഫാം ഡി ബാച്ച്ലർ ഓഫ് ഓഡിയോഷൻ ആൻഡ് സ്പീച്ച്, ബി.പി.ടി, റേഡിയേഷൻ ടെക്നോളജി, എന്നീ കോഴ്സുകളിലെ സീറ്റുകളാണ് ഏജന്റുമാർ നേരത്തെ തന്നെ കച്ചവടമുറപ്പിച്ചു വച്ചത്.  ഈ കോഴ്സുകളുടെ വാർഷിക ഫീസ് വിവിധ കോളേജുകളിൽ അമ്പതിനായിരം മുതൽ 84,000 രൂപ വരെയാണ്. ഈ വാർഷിക ഫീസിന് തുല്യമായതോ അതിലധികമോ സംഖ്യ ഓരോ വിദ്യാർത്ഥികളിൽ നിന്നും ഏജന്റുമാർ ഈടാക്കി വരുന്നുണ്ട്.

ഇത്തരം കോഴ്സുകൾക്ക് മംഗളൂരുവിലെ സ്ഥാപനങ്ങളിൽ സീറ്റുകൾ ലഭ്യമല്ലാ എന്ന് വരുത്തിത്തീർക്കാനും ഏജന്റുമാർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്. എന്നാൽ പ്രശസ്തമായ രണ്ടോ മൂന്നോ മെഡിക്കൽ കോളേജുകൾ ഒഴിച്ച് ബാക്കി എല്ലായിടത്തും സീറ്റുകൾ ഒഴിഞ്ഞു കിടപ്പാണ്.
വിദ്യാർത്ഥികളോ അവരുടെ രക്ഷിതാക്കളോ നേരിട്ട് ബന്ധപ്പെട്ടാൽ പോലും പ്രവേശനം പൂർത്തിയായെന്നാണ് അവർക്ക് ലഭിക്കുന്ന മറുപടി. കൂട്ടത്തോടെ സീറ്റുകൾ ഏജന്റുമാർ കൈക്കലാക്കി കേരളത്തിലുടനീളം മലയാളി വിദ്യാർത്ഥികളെ ചാക്കിടാൻ രംഗത്തിറങ്ങിയിരിക്കയാണ്. ബോധപൂർവ്വം സീറ്റില്ലെന്ന് വരുത്തി തീർത്ത് വരും ദിവസങ്ങളിൽ കൂടുതൽ കമ്മീഷൻ പറ്റാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ. മാനേജ്മെന്റും ഇതിന് കൂട്ടു നിൽക്കുന്നു.

മംഗളൂരുവിൽ ഇങ്ങിനെ പാരാമെഡിക്കൽ കോഴ്സുകളിൽ ചേരുന്ന വിദ്യാർത്ഥികളിലേറേയും കോട്ടയം, ഇടുക്കി, പത്തനം തിട്ട, കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലക്കാരാണ്. എന്നാൽ മലബാർ ജില്ലകളിലെ വിദ്യാർത്ഥികൾ നേരിട്ട് കോളേജുമായി ബന്ധപ്പെട്ട് സീറ്റ് തരപ്പെടുത്തുകയാണ് പതിവ്. ഇത്തവണ ഇങ്ങിനെ ബന്ധപ്പെട്ടവർക്കും സീറ്റ് ലഭ്യമാവുന്നില്ല. ഏജന്റുമാരും മാനേജുമെന്റും ഒത്തുകളിച്ചുകൊണ്ട്  നേരിട്ടെത്തുന്നവരെ വിലക്കുകയാണ്. അതിനാൽ ഉദ്ദേശിക്കുന്ന സീറ്റിനു വേണ്ടി അവരും ഏജന്റുമാരുടെ പക്കലാണെത്തുന്നത്. അവരുടെ ഇടപെടൽ കാരണം മഹാഭൂരിപക്ഷം വിദ്യാർത്ഥികളും നിലവാരം കുറഞ്ഞ പരാമെഡിക്കൽ കോളേജുകളിലേക്കാണ് എത്തിപ്പെടുന്നത്.

വിദ്യാർത്ഥി പ്രവേശനം പൂർണ്ണമായി എന്നു പറഞ്ഞ് 35 സീറ്റുള്ള ഒരു കോഴ്സിന് ചേർന്നവരുടെ എണ്ണം കേവലം ആറു മാത്രം. അതും കന്നഡ സ്വദേശികൾ. ബാക്കി 29 സീറ്റ് ഏജന്റുമാരുടെ കൈയിലാണ്. തങ്ങൾ ഉറപ്പിച്ച സീറ്റുകളിൽ ഏത് മാർഗ്ഗം ഉപയോഗിച്ചും വിദ്യാർത്ഥികളെ
സംഘടിപ്പിച്ച് എത്തിക്കും. കോളേജിന്റെ നിലവാരമൊന്നും അവർക്ക് പ്രശ്നവുമല്ല. മംഗളൂരുവിലെ വിദ്യാഭ്യാസ കച്ചവടക്കാരായി പ്രവർത്തിക്കുന്നവർ ഭൂരിപക്ഷവും മലയാളികൾ തന്നെയാണ്.  മാധ്യമ പ്രവർത്തകൻ മുതൽ പൂർവ്വവിദ്യാർത്ഥി വരെ ഈ രംഗത്തുണ്ട്. ഒരു കോളേജിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥി വേറെ ജോലിയൊന്നും അന്വേഷിക്കാൻ മെനക്കെട്ടില്ല. അയാളിപ്പോൾ പ്രധാന ഏജന്റാണ്. അവർക്കും മാനേജുമെന്റിൽ നിന്നും ന്യായമായ കമ്മീഷൻ ലഭിക്കും. പോരാത്തതിന് വിദ്യാർത്ഥികളിൽ നിന്ന് വേറേയും.

മംഗളുരുവിലെ ഇത്തരം കോളേജുകൾ പ്രവർത്തിക്കുന്നതു തന്നെ മലയാളി വിദ്യാർത്ഥികളെ കൊണ്ടാണ്. എന്നാൽ കൂട്ടത്തോടെയെത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് പരിഗണനയ്ക്ക് പകരം അവഗണനയാണ് ലഭിക്കുന്നത്. നാട്ടിൽ പോയി ക്ലാസിലെത്താൻ അഞ്ച് മിനുട്ട് വൈകിയാൽ അവർ പിഴയൊടുക്കണം,. കാന്റീൻ ഭക്ഷണ കാര്യത്തിൽ പരാതി പെടാനേ പാടില്ല. കന്നഡക്കാർ കഴിക്കുന്ന പുളിയോദരം, ചിത്രാഹന്ന, തക്കാളി സാദം, എന്നിവയാണ് ഇവിടുത്തെ പതിവ് ഭക്ഷണം. ഭൂരിപക്ഷം മലയാളി വിദ്യാർത്ഥികളായാൽ പോലും ഒരു നേരത്തെ കേരളീയ ഭക്ഷണം പോലും ഒരുക്കാറില്ല.

ഒടുവിൽ ഭക്ഷണം ഉപേക്ഷിച്ച് വല്ലതും പുറത്ത് പോയി കഴിക്കുന്ന അവസ്ഥയാണ് കുട്ടികൾക്ക് ഉണ്ടാവുന്നത്. വർഷങ്ങളോളം നീളുന്ന പഠനകാലത്ത് ആരോഗ്യം ക്ഷയിച്ച് പോവുന്നവർ നിരവധി. ഭക്ഷണ കാര്യത്തിൽ പരാതി നൽകിയാൽ പീഡനങ്ങളുടെ പരമ്പര തന്നെയായിരിക്കും. സർവ്വ കാര്യത്തിലും മലയാളി വിവേചനം ഇവിടെ സ്വാഭാവികമാണ്. മെച്ചമുള്ളത് മംഗളൂരു സർവ്വ കലാശാലയിലെ ക്യാമ്പസിൽ മാത്രം. വിദ്യാർത്ഥികൾ ഇത്തരം പ്രശ്നം നേരിടുമ്പോഴും ഏജന്റുമാർ കൊഴുത്തു കൊണ്ടിരിക്കയാണ്.  

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP