Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയ്ക്ക് വേണ്ടി ലോകത്തോട് സംവദിക്കാൻ ഒരേ ഒരു ശശി തരൂർ മാത്രം! ചെറുദ്വീപായ ബ്രിട്ടൻ ജാതകം എഴുതി ഇന്ത്യയെ പിഴപ്പിച്ചു; ബ്രിട്ടനോട് നമുക്കൊരു കടപ്പാടും വേണ്ട; ഇന്ത്യൻ കുതിപ്പിന് തടസം അടിച്ചേൽപ്പിച്ച പാർലമെന്റ് സിസ്റ്റം; ബ്രിട്ടീഷ് എംപിയെ സാക്ഷി നിർത്തി വീണ്ടും തരൂരിന്റെ വിമർശനം

ഇന്ത്യയ്ക്ക് വേണ്ടി ലോകത്തോട് സംവദിക്കാൻ ഒരേ ഒരു ശശി തരൂർ മാത്രം! ചെറുദ്വീപായ ബ്രിട്ടൻ ജാതകം എഴുതി ഇന്ത്യയെ പിഴപ്പിച്ചു; ബ്രിട്ടനോട് നമുക്കൊരു കടപ്പാടും വേണ്ട; ഇന്ത്യൻ കുതിപ്പിന് തടസം അടിച്ചേൽപ്പിച്ച പാർലമെന്റ് സിസ്റ്റം; ബ്രിട്ടീഷ് എംപിയെ സാക്ഷി നിർത്തി വീണ്ടും തരൂരിന്റെ വിമർശനം

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ബ്രിട്ടീഷ് കൊളോണിയൽ വ്യവസ്ഥയുടെ അവശേഷിപ്പുകൾ ഇന്ത്യൻ സർക്കാർ സർവീസിലു ജുഡീഷ്യറിയിലുമൊക്കെ ഇപ്പോഴും ബാക്കിയാണ്. അതിവേഗം വികസനത്തിലേക്ക് കുതിക്കാൻ വെമ്പുന്ന ഭാരതത്തിന് പലപ്പോഴും തടസമാകുന്നത് പണ്ട് ബ്രിട്ടീഷുകാരാൽ തീർക്കപ്പെട്ട ഈ സംവിധാനങ്ങൾ തന്നെയാണ്. എന്നാൽ, ഇതിന്റെ യഥാർത്ഥ കാരണക്കാരായ ബ്രിട്ടനെ വിമർശിക്കാൻ ഇന്ത്യൻ നേതാക്കളാരും ധൈര്യപ്പെടാറില്ല. എന്നാൽ ബ്രിട്ടീഷുകാരെ അവരുടെ പുലിമടയിൽ പോയി നേരിടാൻ ധൈര്യമുള്ളത് ഒരേയൊരു ഇന്ത്യക്കാരന് മാത്രമേയുള്ളൂ. അദ്ദേഹത്തിന്റെ പേര് ശശി തരൂർ എന്നാണ്. ബ്രിട്ടീഷിൽ സംഘടിപ്പിച്ച പരിപാടിയിൽ ബ്രിട്ടീഷുകാരോട് വാദിച്ചു ജയിച്ച തരൂർ ഒരിക്കൽ കൂടി വെള്ളക്കാരെ വെള്ളം കുടിപ്പിച്ചുകൊണ്ട് രംഗത്തെത്തി. ഒടുവിൽ തരൂരിന്റെ പ്രഗത്ഭ്യത്തെ അംഗീകരിക്കേണ്ടി വന്നു ബ്രിട്ടീഷുകാർക്ക്.

അവസരം കിട്ടുമ്പോൾ ഒക്കെ ബ്രിട്ടീഷ് കൊളോണിയസത്തിനെതിരെ ആഞ്ഞടിക്കാൻ ഉള്ള മിടുക്ക് തനിക്ക് വേണ്ടുവോളം ഉണ്ടെന്ന് തെളിയിക്കുകയായിരുന്നു ശശി തരൂർ വീണ്ടും. കഴിഞ്ഞ വർഷം ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ എത്തി ബ്രിട്ടീഷ് കൊളോണിയസത്തിൽ ഇന്ത്യക്ക് സംഭവിച്ച പരിക്ക് എണ്ണിയെണ്ണി പറഞ്ഞു. ലോകത്തിന്റെ മൊത്തം കയ്യടി നേടിയ ഇന്ത്യയുടെ രാജ്യാന്തര നയ വിദഗ്ധൻ എന്ന് കൂടി അറിയപ്പെടുന്ന ശശി തരൂർ ഇന്നലെ രാജസ്ഥാനിൽ റിപ്പബ്ലിക് ദിന ചടങ്ങുകളുടെ ഭാഗമായി നടന്ന പ്രഭാഷണത്തിലാണ് വീണ്ടും ബ്രിട്ടനെതിരെ വാക്കുകളുടെ ശരമാരി പെയ്യിച്ചത്. 

ഇന്ത്യ എന്തെന്ന് അറിയാതെ ബ്രിട്ടൻ സൃഷ്ടിച്ച പാർലിമെന്ററി സിസ്റ്റം മൂലമാണ് ഇന്ത്യ ഇപ്പോഴും രാജ്യപുരോഗതിയിൽ വിഷമതകൾ നേരിടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. കഴിഞ്ഞ വർഷം അദ്ദേഹം നടത്തിയ പ്രസംഗം ഇതിനകം യൂട്യൂബ് വഴി 32 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞു. അന്ന് ഈ വാർത്ത മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തപ്പോൾ 42000 ഓളം ആളുകൾ ഫേസ്‌ബുക്ക് ഷെയർ ചെയ്യുകയും ഇക്കാര്യം തരൂർ തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ബ്രിട്ടണിലെ നയതന്ത്ര വിദഗ്ധരും തരൂർ പറയുന്നത് ശരിയാണെന്ന് അന്ന് പറയുകയും ഇന്ത്യൻ പ്രധാനമന്ത്രി മോദി നേരിട്ട് തന്റെ അഭിനന്ദനം തരൂരിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ മോദി അഭിനന്ദിച്ചെങ്കിലും സ്വന്തം പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയിൽ നിന്നും തരൂരിന് വിമർശം കേൾക്കേണ്ടിയും വന്നു.

ഇന്ത്യയുടെ അഭിരുചികൾക്ക് ഒരു തരത്തിലും ഇണങ്ങുന്ന വിധം അല്ല ബ്രിട്ടൺ ഇന്ത്യക്ക് വേണ്ടി പാർലമെന്ററി സിസ്റ്റം തയ്യാറാക്കിയത് എന്നും ഇന്നും നമ്മൾ ആ രീതി പിന്തുടരുന്നതാണ് രാജ്യത്തിന്റെ വളർച്ചയ്ക്ക് പ്രധാന തടസം ആയി നിൽക്കുന്നതെന്നും വാദിച്ചായിരുന്നു തരൂർ ഇക്കാര്യം സ്ഥാപിച്ചെടുത്തത്. ഇന്ത്യൻ സംസ്‌ക്കാരത്തിന് ഉതകുന്ന വിധത്തിലായിരുന്നില്ല ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയെ കോളനിയാക്കി ഭരിച്ചത്. ഇന്ത്യയിലെ വൈവിധ്യമാർന്ന സംസ്‌ക്കാരവും വൻ ജന സംഖ്യയും കണക്കിലെടുക്കാതെ തികഞ്ഞ ബ്രിട്ടീഷ് കാഴ്ചപ്പാടോടെയാണ് അന്ന് ബ്രിട്ടൺ പാർലമെന്റ് സിസ്റ്റം രൂപപ്പെടുത്തിയത് എന്നും തരൂർ വ്യക്തമാക്കി.

ജൈപൂർ ലിട്ടറേച്ചർ ഫെസ്റ്റിവലിൽ ഓൺ എന്ന വിഷയത്തിൽ ബ്രിട്ടീഷ് കോളനി വാഴ്ചയെ കുറിച്ച് സംസാരിക്കാൻ ആണ് തരൂർ നിയുക്തനായത്. ഇത്തവണ അദ്ദേഹത്തിന്റെ കൂരമ്പുകൾ കേട്ടിരിക്കേണ്ടി വന്നത് ബ്രിട്ടീഷ് പാർലമെന്റംഗം റ്റ്രിസ്റ്റം ഹന്റിനും. ബ്രിട്ടീഷ് കോളനി വാഴ്ചയെ കുറിച്ച് പ്രശസ്ത പത്ര പ്രവർത്തകനായ സ്വപാൻ ദാസ് ഗുപ്തയും പ്രഭാഷണ നിരയിൽ ഉണ്ടായത് തരൂരിനെ ശരിക്കും ആവേശം കൊള്ളിക്കുക ആയിരുന്നു.

സൈമൺ കമ്മീഷനിൽ അംഗമായി എത്തിയ ക്ലെമെന്റ് ആറ്റ്‌ലിയുടെ നിർദ്ദേശമായ പ്രസിഡൻഷ്യൽ ഭരണ വ്യവസ്ഥ ഇന്ത്യൻ ദേശീയ നേതാക്കൾ എതിർത്തതായി തരൂർ ചൂണ്ടിക്കാട്ടി. ഒരു തരത്തിലും ഇന്ത്യൻ ദേശീയ നേതാക്കൾക്ക് ആലോചിക്കാൻ പോലും കഴിയാത്ത നിർദ്ദേശം ആണ് ക്ലെമെന്റ് ആറ്റ്‌ലി മുന്നോട്ടു വച്ചത്. ഇന്ത്യൻ ഭാവി എങ്ങനെ ആയിരിക്കണം എന്ന് നിർദ്ദേശിക്കാനും പഠിക്കാനും 1930 ൽ എത്തിയ സൈമൺ കമ്മീഷൻ വളരെ കണിശമായ ഒരു രൂപ രേഖയാണ് മുന്നോട്ട് വച്ചത്. ഇന്ത്യക്ക് അനുഗുണം ആകുക പ്രസിഡൻഷ്യൽ ഭരണ രീതി ആകും എന്ന് താൻ പറഞ്ഞപ്പോൾ ഇന്ത്യൻ നേതാക്കൾ ഭയപ്പാടോടെയാണ് അത് കേട്ടിരുന്നതെന്ന് ക്ലെമെന്റ് ആറ്റ്‌ലി തന്നെ തന്റെ ഡയറിയിൽ എഴുതിയിട്ടുണ്ട് എന്നും തരൂർ വ്യക്തമാക്കി. ഇന്ത്യ ജനാധിപത്യപരമായി ഇത്തരത്തിൽ രൂപീകതം ആയതിന് ബ്രിട്ടനോട് വലിയ കടപ്പാട് ഒന്നും ആവശ്യമില്ലാത്ത കാര്യം ആണെന്നും തരൂർ തുറന്നടിച്ചു.

''ഒരു ചെറിയ ദ്വീപായ ബ്രിട്ടൺ എഴുതിയ ജാതകമാണ് ഇന്ത്യയുടേത്. വെറും 6 കോടി ജനങ്ങൾ മാത്രമാണ് ഇപ്പോഴും അവിടെ ഉള്ളത്. ഓരോ എംപിക്കും പ്രതിനിധീകരിക്കാൻ ഉള്ളതോ വെറും ഒരു ലക്ഷം പേരെ. എന്നാൽ ഇത് ഇന്ത്യയുമായി തട്ടിച്ചു നോക്കിയാലോ? ഓരോ ഇന്ത്യൻ എംപിയും 20 ലക്ഷം ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കണം. കൂടാതെ ജാതി, മതം, ഭാഷ, വസ്ത്രം, ഭക്ഷണം തുടങ്ങി അസംഖ്യം വൈവിധ്യം കൂടി കൈകാര്യം ചെയ്യേണ്ടി വരും. പലപ്പോഴും കൂട്ട് കക്ഷി സർക്കാർ എന്ന വെല്ലുവിളിയും. ശാരീരികമായും മാനസികമായും ഒരു പാർലമെന്റ് അംഗത്തിന് ഇത്രയും വിപുലമായ ജോലി ചെയ്യുക ദുഷ്‌ക്കരമാണ് '' ബ്രിട്ടീഷ് സിസ്റ്റം പിന്തുടരുന്നതിലെ വൈഷമ്യം എണ്ണി എണ്ണി വിവരിക്കുക ആയിരുന്നു തിരുവനന്തപുരം എംപി കൂടിയായ ശശി തരൂർ. തരൂരിന്റെ വാക്കുകൾക്ക് മുന്നിൽ പലപ്പോഴും പതറി പോയ ബ്രിട്ടീഷ് എംപി നേരത്തെ ബ്രിട്ടന്റെ കൊളോണിയൽ ചരിത്രം വേണ്ട വിധം സ്‌കൂളുകളിൽ പഠിപ്പിച്ചിരുന്നില്ലെന്നും ഇപ്പോൾ സിലബസിൽ മാറ്റം വരുത്തി വേണ്ട തരത്തിൽ കോളനി വാഴ്ചയുടെ ഗുണ ദോഷ വശങ്ങൾ തങ്ങൾ പഠിപ്പിക്കുന്നുണ്ട് എന്നും പറഞ്ഞു ഒരു തരത്തിൽ തല ഊരുക ആയിരുന്നു.

ഇന്നലെ തരൂർ നടത്തിയ പ്രസംഗം ഓക്‌സ്‌ഫോർഡ് പ്രഭാഷണത്തിന്റെ തുടർച്ചയായി മാദ്ധ്യമ ലോകം ഏറ്റെടുത്തു കഴിഞ്ഞു. തരൂർ റിപ്പബ്ലിക് ഡേ കൂടി മനസ്സിൽ കണ്ടു കരുതി കൂട്ടി നടത്തിയ പ്രസംഗം തന്നെയാണ് എന്നാണ് നിരീക്ഷകരും വിലയിരുത്തുന്നത്. ഓക്‌സ്‌ഫോർഡ് പ്രഭാഷണം ബ്രിട്ടണിൽ വലിയ ചർച്ചയ്ക്ക് വഴി ഒരുക്കുകയും ബ്രിട്ടൻ അനധികൃതമായി ഇന്ത്യയിൽ നിന്ന് സ്വത്തു കൈക്കലാക്കി എന്ന ധാരണ പടർത്താനും കേവലം 10 മിനിറ്റ് പ്രസംഗം കൊണ്ട് തരൂരിന് കഴിഞ്ഞിരുന്നു. ഇന്നലെ നടത്തിയ പ്രസംഗവും ഇത്തരത്തിൽ ഇന്ത്യയിൽ ചർച്ച ചെയ്യപ്പെടണം എന്ന ആഗ്രഹത്തിലാകും വാക്കുകളിൽ രൂക്ഷത വരുത്തി തരൂർ ആഞ്ഞടിച്ചതും.

ബ്രിട്ടീഷ് സുപ്രീം കോടതി ചേംബറിൽ സംഘടിപ്പിച്ച സംവാദത്തിൽ തരൂർ പ്രസംഗിച്ച വീഡിയോ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP