Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കലക്കവെള്ളത്തിൽ മീൻപിടിക്കാനുറച്ച് പ്രതികാരദാഹിയായി കഴിയുന്ന ശശികലയ്ക്ക് പരോൾ ലഭിച്ചു; ടിടിവി ദിനകരനൊപ്പം പത്ത് എംഎൽഎമാർ ചിന്നമ്മയെ കാണാൻ ബംഗളൂരുവിൽ; വീണ്ടും തമിഴ്‌നാട്ടിൽ പിടിമുറുക്കാൻ മന്നാർഗുഡി മാഫിയ; മോദിക്കൊപ്പം ചേരാൻ മത്സരിച്ച് പന്നീർശെൽവവും എടപ്പാടിയും

കലക്കവെള്ളത്തിൽ മീൻപിടിക്കാനുറച്ച് പ്രതികാരദാഹിയായി കഴിയുന്ന ശശികലയ്ക്ക് പരോൾ ലഭിച്ചു; ടിടിവി ദിനകരനൊപ്പം പത്ത് എംഎൽഎമാർ ചിന്നമ്മയെ കാണാൻ ബംഗളൂരുവിൽ; വീണ്ടും തമിഴ്‌നാട്ടിൽ പിടിമുറുക്കാൻ മന്നാർഗുഡി മാഫിയ; മോദിക്കൊപ്പം ചേരാൻ മത്സരിച്ച് പന്നീർശെൽവവും എടപ്പാടിയും

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരൂ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ ജയലളിതയുടെ അനന്തരാവകാശിയാകാൻ ഉറച്ച് കഴിയുന്നതിനിടെയാണ് ഉറ്റതോഴിയായ ശശികലയ്ക്ക് സുപ്രീംകോടതി തടവുശിക്ഷ നൽകുന്നത്. ഇപ്രകാരം ജയിലിൽ ആയതോടെ ജയലളിതയുടെ കൂടെ നിന്ന് വെ്ട്ടിപ്പിടിച്ച സാമ്രാജ്യം കൈവിട്ടുപോകുന്ന സ്ഥിതിയിലായി ദശാബ്ദങ്ങളോളം ജയലളിതയെ മുൻനിർത്തി തമിഴക രാഷ്ട്രീയം അടക്കിവാണ ശശികലയും അവരുടെ കുടുംബമായ മന്നാർഗുഡി മാഫിയയും. എന്നാൽ തടവിൽ നിന്ന് പരോൾ നേടി ശശികല ഇന്ന് പുറത്തുവരുമെന്ന റിപ്പോർട്ടുകൾ തമിഴ്‌നാട് രാഷ്ട്രീയത്തെ വീണ്ടും പിടിച്ചുലയ്ക്കുകയാണ്.

ജയയുടെ മരണശേഷം അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സ്വയം അവരോധിതയായ ശശികല ജയിലിൽ പോകുന്നതിന് മുമ്പായി പാർട്ടിയെ തന്റെ ചൊൽപ്പടിക്കു നിർത്താനായി ബന്ധു കൂടിയായ ടിടിവി ദിനകരനെ പാർട്ടി ഡെ്പ്യൂട്ടി ജനറൽ സെക്രട്ടറിയായി അവരോധിച്ചിരുന്നു. എന്നാൽ ശശികല ജയിലിലായതോടെ പുറത്തെ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു.

പാർട്ടിയിൽ വിശ്വസ്തനായി ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിച്ച എടപ്പാടി പളനിസ്വാമിയും എതിർഭാഗത്തുള്ള പന്നീർ ശെൽവവും ശശികലയെ തള്ളിപ്പറയുന്ന സ്ഥിതി വന്നു. ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസിൽ ഡൽഹിയിൽ വച്ച് ദിനകരൻ അറസ്റ്റിലാവുക കൂടി ചെയ്തതോടെ മന്നാർഗുഡി മാഫിയക്കെതിരെ ശക്തമായ നീക്കങ്ങളാണ് തമിഴ്‌നാട്ടിൽ നടന്നത്.

എന്നാൽ ഇപ്പോൾ ശശികലയ്ക്ക് 30 ദിവസത്തെ പരോൾ ലഭിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇവരെ കാണാൻ പത്ത് എംഎൽഎ മാരേയും കൂട്ടി അടുത്തിടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിനകരനും എത്തുന്നു ബാംഗ്‌ളൂരിലേക്ക്. സമാന്തരമായി ഇവരെ പ്രതിരോധിക്കാനായി 20 ക്യാബിനറ്റ് മന്ത്രിമാരും തമിഴ്‌നാട്ടിൽ യോഗം ചേരുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഇതോടെ വീണ്ടും തമിഴ്‌നാട് രാഷ്ട്രീയം വിലപേശലിന്റെയും അട്ടിമറികളുടേയും വക്കിലെത്തുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസിൽ നാലു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടാണ് ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിസ്ഥാനം പാർട്ടിയിലെ മുതിർന്ന നേതാക്കളെ വിറപ്പിച്ച് പിടിച്ചെടുത്ത വി.കെ.ശശികല ജയിലിൽ ആയത്. ശശികലയെ നാലു വർഷം തടവിന് ശിക്ഷിച്ച കീഴ്‌ക്കോടതി വിധി ഇടയ്ക്ക് റദ്ദാക്കപ്പെട്ടെങ്കിലും അപ്പീലിൽ ശിക്ഷ ശരിവച്ചുകൊണ്ട് ഈ വർഷം ഫെബ്രുവരിയിൽ സുപ്രീംകോടതി ശിക്ഷ പുനഃസ്ഥാപിക്കുകയായിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി പദം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് ശശികല ഇതിനായി കരുനീക്കങ്ങൾ നടത്തുന്നതിനിടെയാണ് ഇത്തരമൊരു വിധിയുണ്ടായതും ശശികല അഴിക്കുള്ളിലാകുന്നതും. ശശികല മുഖ്യമന്ത്രിയാകുന്നത് തടയാൻ കേന്ദ്രത്തിലെ സർക്കാരിന്റെ ആവശ്യപ്രകാരം ഗവർണർ നീക്കം നടത്തിയെന്ന ആരോപണം ഉണ്ടാവുന്നതിനിടെ സുപ്രീംകോടതി വിധി വന്നതോടെ എതിരാളികളുടെ വായടഞ്ഞു. ശശികലയെ കൂടാതെ ജെ. ഇളവരശി, വി. എൻ. സുധാകരൻ എന്നിവർക്കും പ്രത്യേക വിചാരണകോടതി നാല് വർഷം വീതം ജയിൽ ശിക്ഷ വിധിച്ചിരുന്നു. പ്രതികൾ പത്ത് കോടി രൂപ വീതം പിഴയും അടയ്ക്കാൻ നിർദ്ദേശിച്ചിരുന്നു. 1991-96 കാലത്ത് ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ കൂട്ടാളികൾക്കൊപ്പം ഗൂഢാലോചന നടത്തി 66.5 കോടി രൂപയുടെ അവിഹിത സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് ശിക്ഷ.

ഇപ്പോൾ പരോൾ ലഭിച്ചതോടെ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്നു ഇന്നുതന്നെ ശശികല പുറത്തിറങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ടി.ടി.വി. ദിനകരനൊപ്പം 10 എംഎൽഎമാർ ശശികലയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇതിനെ പ്രതിരോധിക്കാൻ തമിഴ്‌നാട് ക്യാബിനറ്റിലെ 20 മന്ത്രിമാർ ദിനകരൻ-ശശികല യോഗത്തെക്കുറിച്ചു ചർച്ച ചെയ്യുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. തിരഞ്ഞെടുപ്പു കമ്മിഷന് കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന കേസിൽ ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ദിനകരൻ കഴിഞ്ഞദിവസമാണ് ജാമ്യം ലഭിച്ചു പുറത്തുവന്നത്.

ഇതിനിടെ തമിഴ്‌നാട്ടിൽ പിടിമുറുക്കാൻ ഉദ്ദേശിക്കുന്ന ബിജെപി കേന്ദ്രനേതൃത്വം ഇതിനായി അണ്ണാ ഡിഎംകെയെ കയ്യിലെടുക്കാനും നീക്കം ശക്തമാക്കിയിരുന്നു. ഇതിനായി പാർട്ടിയിലെ പന്നീർ ശെൽവം വിഭാഗത്തേയും പളനിസ്വാമി വിഭാഗത്തേയും അവർ സമീപിച്ചിരുന്നു. എന്നാൽ ശശികല പുറത്തിറങ്ങുന്നതോടെ ഈ നീക്കങ്ങൾ തടയപ്പെടുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ശശികലയെ അകത്താക്കാനും ദിനകരനെതിരെ കേസെടുക്കാനും നീക്കം നടന്നതിന് പിന്നിൽ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലുകൾ ഉണ്ടെന്ന രീതിയിലും ചർച്ചകൾ നടന്നിരുന്നു. ഇതോടെ വൻ തിരിച്ചടിയാണ് തമിഴ്‌നാട് ഭരണത്തിൽ പിടിമുറുക്കാനും സ്വത്തുക്കൾ സംരക്ഷിക്കാനും കരുനീക്കം നടത്തുന്ന മന്നാർഗുഡി മാഫിയക്ക് ഉണ്ടായത്. ഇതോടെ ഇന്ന് ശശികല പുറത്തിറങ്ങുന്നത് പാർട്ടിയിൽ വീണ്ടും പിടിമുറുക്കാൻ ഇടയാക്കുമെന്ന ചർച്ചകളും സജീവമായി.

കൈക്കൂലിക്കേസിൽ ജാമ്യം നേടി ദിനകരൻ മടങ്ങിയെത്തിയതിനെക്കുറിച്ചു പ്രതികരിക്കാൻ തമിഴ്‌നാട് മന്ത്രിമാർ തയാറാകാതിരുന്നതോടെ പാർട്ടിയിലേക്ക് ഇനി ശശികലയേയും കൂട്ടരേയും അടുപ്പിക്കില്ലെന്നതിന്റെ സൂചനകളായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. മന്നാർഗുഡി മാഫിയയെ ഇനി പാർട്ടിയെ കൈപ്പിടിയിലാക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് എടപ്പാടിയും പന്നീർ ശെൽവവും. എന്നാൽ ഇതിനിടയിലും കുറച്ച് എംഎൽഎമാരെങ്കിലും തങ്ങൾക്കൊപ്പം നിൽക്കുമോ എന്ന നോട്ടത്തിലാണ് ശശികലയും കൂട്ടരും.

മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും അദ്ദേഹത്തിന്റെ വിശ്വസ്തരായ എംഎൽഎമാരും മന്ത്രിമാരും ദിനകരൻ ചെന്നൈയിലെത്തിയത് അറിഞ്ഞമട്ട് കാണിച്ചില്ലെന്നതും ശ്രദ്ധേയമായി. ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈയും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറഞ്ഞില്ല. അതേസമയം, തന്നെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ ശശികലയ്ക്കു മാത്രമേ അധികാരമുള്ളൂ എന്ന ദിനകരന്റെ വാദം അണ്ണാ ഡിഎംകെ (പുരട്ചി തലൈവി അമ്മ) വിഭാഗം നേതാവ് പനീർസെൽവം തള്ളി. രണ്ടില ചിഹ്നം ലഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനു കോഴ നൽകാൻ ശ്രമിച്ചെന്ന കേസിലാണ് ദിനകരൻ അറസ്റ്റിലാകുന്നത്.

ഇതേസമയം തന്നെ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പ്രീതിക്കായി പന്നീർ ശെൽവം, പളനിസ്വാമി പക്ഷങ്ങൾ ഒരുപോലെ നീക്കം നടത്തിയതും അടുത്തിടെ വാർത്തയായിരുന്നു. പാർട്ടി സ്ഥാപകൻ എംജിആറിന്റെ ജന്മശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ടാണ് അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങൾ തമ്മിൽ ബലപരീക്ഷണത്തിന് വേദിയൊരുങ്ങിയത്. തങ്ങൾ നടത്തുന്ന പരിപാടിയിൽ പ്രധാനമന്ത്രി മോദിയെ പങ്കെടുപ്പിച്ചു ശക്തി തെളിയിക്കാനാണ് ഇരുവിഭാഗങ്ങളുടെയും ശ്രമമുണ്ടായത്. ഡിസംബറിൽ ചെന്നൈയിൽ നടക്കുന്ന ആഘോഷ സമാപനത്തിലേക്കു മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി മോദിയെ നേരിൽ കണ്ടു ക്ഷണിച്ചതിന് പിന്നാലെ ഒക്ടോബറിൽ നടക്കുന്ന എംജിആർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കുമെന്നു പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം രംഗത്തെത്തുകയായിരുന്നു.

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പിടി അയയുന്നു എന്ന് മനസ്സിലാക്കി ഇക്കഴിഞ്ഞ ഏപ്രിലിൽ പരോളിലിറങ്ങാൻ ശശികല ഒരു ശ്രമം നടത്തിയെങ്കിലും പരോൾ ലഭിച്ചിരുന്നില്ല. മരുമകനായ മഹാദേവൻ ഹൃദയാഘാതം മൂലം മരിച്ചതിനെ തുടർന്നായിരുന്നു ശശികല പരോളിനായി ശ്രമിച്ചത്. റിയൽ എസ്‌റ്റേറ്റ് ബിസിനസിൽ പ്രവർത്തിച്ചിരുന്ന ശശികലയുടെ സഹോദരൻ വിനോദഗന്റെ മകനായിരുന്നു മഹാദേവൻ. എംജിആർ മരിച്ച സമയത്ത് പാർട്ടിയിൽ ഭൂരിഭാഗവും ജയലളിതയെ തള്ളിപ്പറഞ്ഞ് ജാനകി രാമചന്ദ്രനൊപ്പം നിലകൊണ്ടപ്പോൾ ജയക്കൊപ്പം നിലകൊണ്ടത് വിനോദഗനായിരുന്നു. ഈ അടുപ്പമാണ് മന്നാർഗുഡി മാഫിയയെ കൂടെ നിർത്താൻ ജയയെ പ്രേരിപ്പിച്ചതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP