Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാദമായ ലണ്ടൻ ഹിന്ദുമത പരിഷത്തിൽ മുഖ്യാതിഥിയാകാൻ ജയറാമും പാർവതിയും; ആവേശത്തോടെ ലണ്ടൻ ഹിന്ദു ഐക്യവേദി പ്രവർത്തകർ

ലണ്ടൻ: പരാതികളും ഒപ്പ് ശേഖരണവും വിവാദങ്ങളും സംഭവിച്ച ശേഷം പുതുക്കിയ തീയതിയിൽ വീണ്ടും നടത്തപ്പെടുന്ന ലണ്ടനിലെ ആദ്യ ഹിന്ദു മത പരിഷത്തിനു താരത്തിരളക്കം നൽകാൻ ജയറാമും പാർവ്വതിയും എത്തും. താരദമ്പതികളുടെ വരവ് ഉറപ്പായതോടെ ലണ്ടൻ ഹിന്ദു ഐക്യവേദി പ്രവർത്തകർ ആവേശത്തിലുമായി. വിശ്രുത മതപ്രഭാഷകനായ ഡോ. ഗോപാലകൃഷ്ണനും ആചാര്യൻ സ്വാമി ഉദിത് ചൈതന്യയും വരുന്നില്ലെങ്കിലും പ്രശസ്ത നടൻ ജയറാമും പത്‌നി പാർവ്വതിയും കൂടി പങ്കെടുക്കുമെന്ന് ഉറപ്പായതോടെ പരിപാടിക്ക് കൂടുതൽ മിഴിവുണ്ടായിരിക്കുകയാണ്. ഹിന്ദു ഐക്യവേദി സംസ്ഥാന കൺവീനർ ശശികല ടീച്ചർ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്.

ലണ്ടൻ ഹിന്ദു ഐക്യവേദി പ്രസിഡന്റ് ടി ഹരിദാസ് തന്നെ മുൻകൈ എടുത്തതോടെ താരപദവിയുള്ള നടൻ ജയറാം തന്നെ സമ്മേളനത്തിൽ പങ്കെടുക്കുമെന്നുറപ്പായിരിക്കുകയാണ്. അദ്ദേഹത്തോടൊപ്പം പത്‌നി പാർവതിയും ഉണ്ടാകുമെന്നാണ് സൂചന. യു കെ വിസയ്ക്കായി ഏതാനും ദിവസം മുൻപ് തന്നെ ജയറാമും പാർവതിയും അപേക്ഷ നല്കിയിരുന്നെങ്കിലും അല്പം അശ്രദ്ധ മൂലം പാസ്‌പോർട്ട് എംബസി മടക്കി നല്കിയിരുന്നു. വിസ സ്റ്റാമ്പ് ചെയ്യാനുള്ള പേപ്പർ തീർന്നു പോയതോടെ പുതിയ പാസ്‌പോർട്ടിലെ വിസ അടിക്കാൻ കഴിയൂ എന്ന് ബ്രിട്ടീഷ് എംബസി അധികൃതർ വ്യക്തമാക്കുകയും തുടർന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച വിസക്കായി ജയറാമും പാർവതിയും വീണ്ടും അപേക്ഷ നല്കുകയുമായിരുന്നു. തുടർന്ന് ഇരുവർക്കും കഴിഞ്ഞ ദിവസം വിസ ലഭിച്ചതായും സൂചനയുണ്ട്.

വിവിധ കലാപ്രവർത്തകരുടെ കൂട്ടായ്മയ്ക്കും ഞായറാഴ്ച ക്രോയ്‌ഡോണിലെ സമ്മേളന വേദി സാക്ഷിയാകും. സുപ്രസിദ്ധ മോഹിനിയാട്ട കലാകാരി ജയപ്രഭ മേനോന്റെ സാന്നിധ്യം ഉറപ്പായി കഴിഞ്ഞു. യുകെയിലെ വിവിധ വേദികളിൽ കഴിവ് തെളിയിച്ച ഏതാനും പേര് അവതരിപ്പിക്കുന്ന പരിപാടികളും സമ്മേളനത്തിന്റെ മാറ്റു കൂട്ടുമെന്ന് ഹിന്ദു ഐക്യവേദി യു കെ പ്രസിഡന്റ് ഹരിദാസ് വ്യക്തമാക്കി. മാത്രമല്ല സമ്മേളനത്തിൽ എല്ലാ വിഭാഗം ആളുകളും പങ്കെടുക്കണമെന്നും എന്നാൽ മാത്രമേ ഏതെങ്കിലും വിധത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ അത് മാറിക്കിട്ടൂ എന്നും അദ്ദേഹം സൂചിപ്പിച്ചു.

ക്രോയ്‌ഡോൺ മേയർ ആയിരുന്ന മഞ്ജു ശഹുൽ ഹമീദും പുതിയ മേയർ ആയി ചാർജ് എടുത്ത ആഫ്രിക്കൻ വംശജ പറ്റ്രിഷ ഹേ ജസ്റ്റിസും ഉൾപ്പെടെയുള്ള ആളുകളെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഏതാനും മലയാളി കൗൺസിലർമാരും സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിൽ പങ്കെടുക്കാൻ ഉള്ള ക്ഷണക്കത്തുകൾ താൻ തന്നെ പ്രധാന വ്യക്തികൾക്കും സംഘടനകൾക്കും അയച്ചു തുടങ്ങുക ആണെന്നും ഹരിദാസ് വ്യക്തമാക്കി.

ശശികല ടീച്ചർക്കെതിരെയുള്ള പരാതികളെത്തുടർന്നാണ് ഹിന്ദു സമ്മേളനം വിവാദത്തിൽപ്പെട്ടത്. ശശികല ടീച്ചറിന് ആദ്യം വിസ അനുവദിച്ചതെങ്കിലും പിന്നീട് പാസ്‌പോർട്ട് തിരിച്ച് വാങ്ങിയതിനെത്തുടർന്നാണ് പരിപാടി മാറ്റിവയ്‌ക്കേണ്ടി വന്നു. കേന്ദ്രസർക്കാർ തന്നെ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചതും ശശികല ടീച്ചറെ എത്തിച്ചതും. വിവാദമായതോടെ ദേശീയ ശ്രദ്ധ ആകർഷിക്കപ്പെട്ട് ഹിന്ദുമത പരിഷത്തിന് അങ്ങനെ കേന്ദ്രനേതാക്കളുടെ പിന്തുണ കൂടി ലഭിക്കുകയായിരുന്നു. പരിപാടിക്ക് മോടി കൂട്ടാൻ കേന്ദ്ര മന്ത്രി സഭയിലെ മിന്നും താരമായ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ തന്നെ രംഗത്ത് ഇറക്കാൻ ശ്രമം ഉണ്ടായത് അങ്ങനെയാണ്.

എന്നാൽ യുനെസ്‌കോയുടെ കീഴിൽ ഉള്ള വേൾഡ് എഡ്യൂക്കേഷൻ ഫോറം ദക്ഷിണ കൊറിയയിൽ സംഘടിപ്പിച്ച മീറ്റിങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ടത് തടസ്സമായി. തിരികെ ഇന്ത്യയിൽ മടങ്ങി എത്തിയ സ്മൃതി ഇറാനിയെ രാഹുൽ ഗാന്ധി അമേഠിയിൽ നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങൾക്ക് തടയിടാൻ ബിജെപി കേന്ദ്ര നേതൃത്വം നിയോഗിച്ചതോടെ ഈ ദിവസങ്ങളിൽ മന്ത്രിയെ യുകെ ട്രിപ്പിനു ലഭിക്കുക ഇല്ലെന്നു വ്യക്തമായി. ഇതോടെ മറ്റൊരു കേന്ദ്ര മന്ത്രിയെ ലഭിക്കുമോയെന്ന അന്വേഷണത്തിലാണ് കേരള ഘടകം.

സമ്മേളനത്തിൽ പങ്കെടുക്കാൻ ആയി കഴിഞ്ഞ ദിവസം ശശികല ടീച്ചർ എത്തിയതോടെ യു കെ യുടെ മറ്റു ഭാഗങ്ങളില ഉള്ള ഹൈന്ദവ സമൂഹവും സജീവമായിട്ടുണ്ട്. യുകെയിൽ മുൻപ് ഇത്ര വിപുലമായ നിലയ്ക്ക് ഒരു ഹൈന്ദവ കൂട്ടായ്മ സംഘടിപ്പിക്കപ്പെട്ടിട്ടില്ല എന്നതിനാൽ ഏറെ തല്പര്യതോടെയും പ്രതീക്ഷയോടെയുമാണ് ആദ്യ ഹിന്ദു പരിഷത്തിൽ നൂറു കണക്കിന് ഹൈന്ദവർ എത്തിച്ചേരുക എന്നത് സുവക്തമാണ്. മലയാളി സമൂഹത്തിനു സ്വന്തമായി ഒരു ബ്രിട്ടനിൽ ഒരു ക്ഷേത്രം എന്ന പ്രഖ്യാപിത നിലപടുമായാണ് ലണ്ടൻ ഹിന്ദു ഐക്യവേദി പ്രവർത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP