Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടി അഭിമാനമായി; ഇപ്പോൾ മാതൃരാജ്യത്തിനായി സ്വന്തം ജീവനും വെടിഞ്ഞു: പത്താൻകോട്ടിൽ ഭീകരരെ തുരത്തുന്നതിനിടെ വീരമൃത്യു വരിച്ച സൈനികൻ ഫത്തേസിങ് ഇന്ത്യൻ ദേശീയതയുടെ പ്രതീകം

ആദ്യം കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടി അഭിമാനമായി; ഇപ്പോൾ മാതൃരാജ്യത്തിനായി സ്വന്തം ജീവനും വെടിഞ്ഞു: പത്താൻകോട്ടിൽ ഭീകരരെ തുരത്തുന്നതിനിടെ വീരമൃത്യു വരിച്ച സൈനികൻ ഫത്തേസിങ് ഇന്ത്യൻ ദേശീയതയുടെ പ്രതീകം

പത്താൻകോട്ട്: രാജ്യമായിരുന്നു സുബേദാർ മേജർ(റിട്ട.) ഫത്തേ സിംഗിനെ(51) സംബന്ധിച്ചിടത്തോളം എല്ലാം. രാജ്യത്തിന് വേണ്ടി സ്വന്തം ജീവൻ ബലിയർപ്പിക്കാൻ തയ്യാറായിരുന്ന അദ്ദേഹം. രാജ്യത്തിന് വേണ്ടി കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ വരെ നേടിയ അദ്ദേഹത്തിന് വേണെങ്കിൽ ഷൂട്ടിങ് ചാമ്പ്യൻ എന്ന ലേബലിൽ സുഖകരമായ ജീവിതം നയിക്കാമായിരുന്നു. എന്നാൽ, അതിന് നിൽക്കാതെ രാഷ്ട്രത്തെ സേവിക്കാൻ തന്നെയായിരുന്നു അദ്ദേഹം ഒരുങ്ങിയത്. രാജ്യത്തെ ഭീകരരിൽ നിന്നും സംരക്ഷിക്കാനുള്ള ശ്രമത്തിനിടെ വീരമൃത്യു വരുക്കാനായിരുന്നു ഈ സൈനികന്റെ നിയോഗം.

പഞ്ചാബിലെ പത്താൻകോട്ടിലെ വ്യോമത്താവളത്തിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവായ ഫത്തേ സിംഗും ഉൾപ്പെട്ടത്. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ സൈനികൻ തന്റെ ജീവനും രാജ്യത്തിന് വേണ്ടി ത്യജിക്കുകയായിരുന്നു. മുൻ അന്താരാഷ്ട്ര റൈഫിൾ ഷൂട്ടർ കൂടിയായിരുന്നു ഫത്തേ സിങ്. 1995ൽ ഡൽഹിയിൽ നടന്ന ആദ്യ കോമൺവെൽത്ത് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനായി ഒരു സ്വർണ്ണവും വെള്ളിയുമാണ് ഈ ധീരസൈനികൻ നേടിയത്. അന്ന് രാജ്യത്തിന്റെ ഹീറോയായി മാറിയിരുന്നു ഫത്തേ സിങ്.

ഡിഫൻസ് സെക്യൂരിറ്റി കോറിന്റെ ഭാഗമായ ദോഗ്രാ റെജിമെന്റിനൊപ്പമാണ് സിങ് സേവനമനുഷ്ഠിച്ചിരുന്നത്. 2009ൽ സർവീസിൽ നിന്നും വിരമിച്ചാണ് അദ്ദേഹം ഡിഫൻസ് സെക്യൂറിറ്റി കോറിന്റെ ഭാഗമായത്. ദേശീയ റൈഫിൾ അസോസിയേഷൻ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനമറിയിച്ച് പത്രക്കുറിപ്പിറക്കി. മാതൃരാജ്യത്തിനായി പോരാടിയാണ് സുബേദാർ വിടവാങ്ങിയത്. രാജ്യത്തിന് പ്രിയപുത്രനെയും ഒരു വിദഗ്ദ്ധ ഷൂട്ടറെയും നഷ്ടപ്പെട്ടു. മഹാനായ സൈനികന് സർവശക്തനായ ദൈവം സമാധാനം നൽകട്ടെയെന്നും സംഘടന അനുശോചനക്കുറിപ്പിൽ അറിയിക്കുന്നു.

ഇന്ന് അതിരാവിലെ മൂന്ന് മണിയോടെ ആരംഭിച്ച തീവ്രവാദി ആക്രമണത്തിൽ മൂന്ന് സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണം അഴിച്ചുവിട്ട അഞ്ച് തീവ്രവാദികളെയും വധിക്കുകയും ചെയ്തു. ആറ് സുരക്ഷാജീവനക്കാർക്കാണ് പരിക്കേറ്റത്. തീവ്രവാദികളുടെ അപ്രതീക്ഷിത അക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിന് ഇടെയാണ് ഫത്തേസിങ് കൊല്ലപ്പെട്ടത്. പുലർച്ചെ മൂന്നരയോടെ തുടങ്ങിയ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടങ്ങിയിരുന്നു. എട്ട് മണിയോടെയാണ് വെടിവെയ്‌പ്പിന് ശമനം ഉണ്ടായത്. പൊലീസും വ്യോമസേനാംഗങ്ങളും കരസൈന്യവും എൻഎസ്ജി കമാൻഡോകളും ഏറ്റുമുട്ടലിൽ പങ്കെടുത്തു. ഒരു ഹെലിക്കോപ്ടറും ഏറ്റുമുട്ടലിന് ഉപയോഗിച്ചു.

മികച്ച ഷൂട്ടർ ആയിരുന്ന അദ്ദേഹത്തിന്റെ മരണം രാജ്യത്തിനാകെ നഷ്ടമാണ്.ഇപ്പോൾ കേന്ദ്രമന്ത്രിയായ രാജ്യവർദ്ധന് സിങ് റത്തോഡിനെ പോലെ തന്നെ സൈന്യക പരിശീലനങ്ങളിലൂടെയാണ് ഫത്തേ സിങ് ഷൂട്ടിങ് രംഗത്തേക്ക കടന്നുവന്നത്. 1995ലെ കോമൺവെൽത്ത് ഗെയിംസിൽ ബിഗ് ബോർ റൈഫിൾ പൊസിഷനിലാണ് അദ്ദേഹം വെള്ളി നേടിയത്. ബിഗ് ബോർ പ്രോൺ പൊഷിഷനിൽ സ്വർണ്ണ മെഡലും കരസ്ഥമാക്കി. ഇന്ത്യൻ റൈഫിൾ അസോസിയേഷനിലെ സജീവ സാന്നിധ്യം കൂടിയായിരുന്നു ഫത്തേസിങ്. ബിഗ് ബോർ റൈഫിൾ ഇനത്തിൽ രാജ്യത്തിന് വേണ്ടി അന്താരാഷ്ട്ര തലത്തിൽ തുടക്കത്തിൽ മെഡൽ നേടിയത് ഫത്തേസിംഗായിരുന്നു.

ഡൽഹിയിലെ സൈന്യത്തിന്റെ ഷൂട്ടിങ് റേഞ്ചുകളിൽ നിന്നാണ് ഫത്തേസിങ് തന്നിലെ ഷൂട്ടറെ മുനകൂർപ്പിച്ച് എടുത്തത്. ബിഗ് ബോറാണ് ഇഷ്ട ഇനെങ്കിലും മറ്റ് റൈഫിൾ ഇനങ്ങളിലും ഒരു കൈനോക്കിയിരുന്നു ഫത്തേസിങ്. 10 മീറ്റർ എയർ റൈഫിൾസിൽ പ്രാക്ടീസ് ചെയതിരുന്ന ഫത്തേ സിങ് തന്റെ അനുഭവങ്ങൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിലും അതീവ തൽപ്പരരനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP