Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരുന്ന വിധി; വിചാരണയിൽ നിറഞ്ഞത് എസ് കത്തിയും ക്വട്ടേഷൻ സംഘങ്ങളും: പൊലീസും സിബിഐയുമെല്ലാം തലപുകച്ച പോൾ മുത്തൂറ്റ് വധക്കേസ് വിശേഷങ്ങൾ ഇങ്ങനെ

രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരുന്ന വിധി; വിചാരണയിൽ നിറഞ്ഞത് എസ് കത്തിയും ക്വട്ടേഷൻ സംഘങ്ങളും: പൊലീസും സിബിഐയുമെല്ലാം തലപുകച്ച പോൾ മുത്തൂറ്റ് വധക്കേസ് വിശേഷങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ഏറെ വിവാദത്തിന് തിരി കൊളുത്തിയ മുത്തൂറ്റ് പോൾ എം ജോർജ് വധക്കേസിൽ പ്രതികൾ കുറ്റക്കാർ എന്ന് കോടതി വിധിക്കുമ്പോഴും സംശയങ്ങൾ ദൂരികരിക്കപ്പെടുന്നില്ല. മുത്തൂറ്റ് പോൾ എം ജോർജ് കൊല്ലപ്പെട്ടിട്ട് ആറു വർഷം കഴിയുമ്പോഴാണ് ഈ സുപ്രധാനവിധി. 2009 ഓഗസ്റ്റ് 21 അർധരാത്രിയിൽ ആലപ്പുഴ ജ്യോതി ജംഗ്ഷനിൽ വച്ചാണ് മുത്തൂറ്റ് പോൾ എം ജോർജ് കുത്തേറ്റ് കൊല്ലപ്പെടുന്നത്. സംസ്ഥാനത്തെ പ്രമുഖ ധനകാര്യസ്ഥാപനമായ മുത്തൂറ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും യുവവ്യവസായിയുമായിരുന്ന മുത്തൂറ്റ് പോൾ എം ജോർജിനെ വധിച്ച കേസിൽ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്.

പ്രതികളും സാക്ഷികളും അവരുടെ വിവാദമൊഴികളും കൊണ്ട് സംസ്ഥാനരാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കൊലപാതകത്തിൽ തുടക്കം മുതൽ ദുരൂഹതകളും സംശയങ്ങളും ബാക്കി നിന്നിരുന്നു. ആകെ പത്തൊൻപത് പേരായിരുന്നു സിബിഐ കുറ്റപത്രത്തിലെ പ്രതികൾ. ചങ്ങനാശേരിയിലെ ക്വട്ടേഷൻ സംഘമായിരുന്നു കൊലയ്ക്ക് പിന്നിൽ. സംഘം ഏറ്റെടുത്ത മറ്റൊരു ക്വട്ടേഷൻ നടപ്പിലാക്കാൻ ആലപ്പുഴയ്ക്ക് പോകും വഴി ബൈക്കപടകവുമായി ബന്ധപ്പെട്ട് പോൾ എം ജോർജുമായുണ്ടായ വാക്കുതർക്കത്തിൽ കാരി സതീഷ് പോളിനെ കുത്തുകയായിരുന്നുവെന്നാണ് സിബിഐ കുറ്റപത്രം പറയുന്നത്.

ആദ്യം കേസ് അന്വേഷിച്ച കേരള പൊലീസിനെതിര വ്യാപകമായ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. എങ്കിലും എറണാകുളം റേഞ്ച് ഐ.ജി.ആയിരുന്ന വിൻസെന്റ് എം പോളിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ 25 പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പോളിന്റെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് വിട്ടത്. ഗുണ്ടാ ആക്രമണത്തിനും ഗൂഢാലോചനയ്ക്കും രണ്ട് കുറ്റപത്രങ്ങളാണ് സിബിഐ കോടതിയിൽ സമർപ്പിച്ചത്.

ഈ കേസിൽ പൊലീസ് പറഞ്ഞ കഥ ഇങ്ങനെ. രാത്രി പന്ത്രണ്ടുമണിയോടെയാണ് ഈ റോഡരുകിൽവച്ച് യുവ വ്യവസായി പോൾ എം ജോർജിന് കുത്തേൽക്കുന്നത്. പോളിനൊപ്പമുണ്ടായിരുന്ന മനു എന്ന യുവാവിനും കുത്തേറ്റു. ദുരൂഹതകൾ ഏറെയുണ്ടെങ്കിലും പൊലീസ് കണ്ടെത്തി പറഞ്ഞുവച്ച കഥ ഇങ്ങനെ. പോളും മനുവും മറ്റു രണ്ടുപേരും കൊച്ചിയിൽ നിന്ന് രണ്ടുകാറുകളിലായി ആലപ്പുഴയ്ക്കു തിരിച്ചു. തന്റെ സ്‌കോർപിയോ വാനിൽ പിന്നാലെ വരാൻ ്രൈഡവർ ഷിബുവിനോടു നിർദേശിച്ചിട്ടാണ് പോൾ കാറോടിച്ച് പോയത്. രാത്രി പതിനൊന്നരയോടെ പോളിന്റെ കാർ ആലപ്പുഴ ചങ്ങനാശേരി റോഡിൽ കയറി. വഴിയിൽ ഒരു ബൈക്കിൽ എൻഡവർ ഇടിച്ചു.

അവിടെയുണ്ടായിരുന്ന ഒരു സംഘം കൊട്ടേഷൻ ടീം അംഗങ്ങൾ ഈ അപകടം നേരിട്ടുകണ്ടു. മദ്യ ലഹരിയിലായിരുന്ന അവർ കാറിനെ പിന്തുടരുകയും പൊങ്ങ ജംഗ്ഷനിൽവച്ച് തടങ്ങുനിർത്തുകയും ചെയ്തു. തുടർന്ന് വാക്കേറ്റം കയ്യാങ്കളി. ആദ്യം മനുവിന് കുത്തേറ്റു. പേടിച്ച മനു ഓടി രക്ഷപെടുകയും ചെയ്തു. പിന്നെ സംഘം പോളിനെ ഗുരുതരമായി കുത്തി പരുക്കേൽപ്പിച്ചു. ്രൈഡവർ ഷിബു എത്തുന്‌പോൾ കണ്ടത് കുത്തേറ്റുകിടക്കുന്ന പോളിനെയും ടെംബോ ട്രാവലറിൽ കയറി മടങ്ങുന്ന പന്ത്രണ്ടോളം വരുന്ന സംഘത്തെയുമാണ്. ഇരുവരെയും ഷിബു ആശുപത്രിയിലെത്തിച്ചെങ്കിലും പോൾ മരിച്ചു. പോളിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ തേടിയുള്ള അന്വേഷണം ഓംപ്രകാശ്, പുത്തൻപാലം രാജേഷ് എന്നീ തിരുവനന്തപുരത്തെ ക്രിമിനലുകളിലാണ് എത്തിനിന്നത്.

പൊലീസ് പ്രതികളാക്കിയ ഗുണ്ടാനേതാക്കളായ ഓംപ്രകാശിനെയും പുത്തൻപാലം രാജേഷിനെയും സിബിഐ മാപ്പുസാക്ഷികളാക്കി മാറ്റി. കുത്തേറ്റ പോൾ ജോർജിനെ വഴിയിലുപേക്ഷിച്ച് കടന്നത് ഇവരായിരുന്നു. കൊലപാതകം കണ്ടില്ലെന്നും പോളിനെ കുത്തിയവരെ അറിയില്ലെന്നുമാണ് ഇവർ കോടതിയിൽ നൽകിയ മൊഴി. പോളിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മനു, കാരി സതീശ് അടക്കമുള്ളവരെ കോടതിയിൽ തിരിച്ചറിയുകയും ചെയ്തു.

കത്തിക്കയറിയ എസ് കത്തി

കേസിനെക്കാൾ ഏറെ വിവാദം ഉയർത്തിയത് പോളിനെ കുത്താനുപയോഗിച്ച കത്തിയെ ചൊല്ലി ആയിരുന്നു. ദൂരുഹതകളും സംശയങ്ങളും ഏറെ ഉയർത്തിയ ' എസ് കത്തി 'വിചാരണയിലുടനീളം നിറഞ്ഞു നിന്നു. കൊലനടത്താനുപയോഗിച്ച കത്തി എന്ന നിലയിൽ എസ് കത്തിയെ കുറിച്ച് ആദ്യം പരാമർശിച്ചത് കേരള പൊലീസ് ആയിരുന്നു. എന്നാൽ കാരി സതീഷ് കുത്താനുപയോഗിച്ച കത്തി പൊലീസ് കൃത്രിമമായി നിർമ്മിച്ചതാണെന്ന് വാർത്ത പുറത്തു വന്നതോടെ വിവാദം ആളിക്കത്തി.

പൊലീസ് കണ്ടെടുത്ത കത്തിയല്ല, കൊല്ലാനുപയോഗിച്ചതെന്ന് സിബിഐ അന്വേഷണത്തിൽ സ്ഥരീകരിച്ചതോടെ കേരള പൊലീസ് നാണംകെട്ടു. കൊല ചെയ്യാനുപയോഗിച്ച കത്തി മറ്റൊരു വീട്ടുവളപ്പിൽ നിന്നും സിബിഐ കണ്ടെത്തുകയായിരുന്നു. എന്നാൽ കേരള പൊലീസിനെ കാരി സതീശ് തെറ്റിദ്ധരിപ്പിച്ചാണ് ' വിവാദ കത്തി ' കുറ്റപത്രത്തിലെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്‌പി കെ.എം.ടോണി കോടതിയിൽ മൊഴി നൽകിയിരുന്നു.

രണ്ട് കുറ്റപത്രങ്ങളിലായി 14 പ്രതികളെയാണ് ആദ്യം ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരെ കൂടി പ്രതി ചേർത്തത്.ജയചന്ദ്രൻ, കാരി സതീഷ്, സത്താർ എന്നിവരായിരുന്നു പ്രധാന പ്രതികൾ. പൊലീസ് പ്രതിയാക്കിയ ചിലർ ഉൾപ്പെടെ 15 പേരെ സിബിഐ മാപ്പുസാക്ഷികളാക്കിയിരുന്നു. 241 പേർ അടങ്ങുന്ന സാക്ഷിപ്പട്ടികയും 155 രേഖകളും അന്വേഷണ സംഘം വിചാരണക്കിടയിൽ കോടതിയിൽ ഹാജരാക്കി.

2012 നവംബർ പത്തൊൻപതിന് ആരംഭിച്ച വിചാരണയിൽ ആകെ 123 സാക്ഷികളുടെ മൊഴിയാണ് കോടതി കേട്ടത്. ആറു വർഷങ്ങൾക്കു ശേഷം പോൾ വധക്കേസിൽ കോടതി വിധി പറയുമ്പോഴും, വധവുമായി ബന്ധപ്പെട്ട രാഷ്ട്രീയബിസിനസ് ഇടപെടലുകളും കേസിൽ ഉണ്ടായിട്ടുണ്ടെന്ന ആരോപണം ശക്തമാണ്.

പോൾ മുത്തൂറ്റിനൊപ്പം കാറിൽ ആരെങ്കിലും ഉണ്ടായിരുന്നോ?

മരണം നടക്കുമ്പോൾ പോൾ മുത്തൂറ്റിനൊപ്പം ഒരു സിനിമാ നടിയും ഉണ്ടായിരുന്നുവെന്നാണ് അഭ്യൂഹം. പല പേരുകളും ഉയർന്നുവന്നു. സുപ്രസിദ്ധ നടി ലക്ഷ്മി റോയിയാണ് വാഹനത്തിലുണ്ടായിരുന്നതെന്നും കഥ നിറഞ്ഞു. എന്നാൽ ഈ ആരോപണങ്ങൾ നടി നിഷേധിച്ചു. പൊലീസിനും ഇതിനപ്പുറത്തേക്ക ഒന്നും കണ്ടെത്താനോ തെളിയിക്കാനോ കഴിഞ്ഞില്ല. കാറിൽ പുത്തൻ പാലം രാജേഷും ഓംപ്രകാശും ഉണ്ടായിരുന്നത് തന്നെയാണ് ഇത്തരം കഥകൾക്ക് അടിസ്ഥാനമായത്.

ആക്രമണം നടക്കുമ്പോൾ പോൾ മുത്തൂറ്റ് കഞ്ചാവ് അടിച്ചിരുന്നുവെന്നും വാദങ്ങളെത്തി. എന്നാൽ പൊലീസ് ഇതും സ്ഥിരീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തില്ല. സിബിഐയുടെ ഇതിന്റെ ചുവടു പടിച്ചാണ് അന്വേഷണം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP