Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തരിശായിക്കിടന്ന 76 ഏക്കറിൽ നിന്ന് പറനിറയെ കൊയ്‌തെടുത്ത് പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കൂട്ടരും; കേരളത്തിന് മാതൃകയായി കണ്ണൂരിൽ നിന്ന് കരനെൽകൃഷിയിലൊരു വിജയഗാഥ

തരിശായിക്കിടന്ന 76 ഏക്കറിൽ നിന്ന് പറനിറയെ കൊയ്‌തെടുത്ത് പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കൂട്ടരും; കേരളത്തിന് മാതൃകയായി കണ്ണൂരിൽ നിന്ന് കരനെൽകൃഷിയിലൊരു വിജയഗാഥ

അർജുൻ സി വനജ്

കണ്ണൂർ: കണ്ണൂരിലെ രാഷ്ട്രീയ സംഘർഷം മാത്രം എല്ലാവരും ചർച്ചചെയ്യുമ്പോൾ, പറനിറയെ നെല്ല് കൊയ്‌തെടുത്തതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ഇരിട്ടിക്കടുത്ത് പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകനും കൂട്ടരും.. മൂന്ന് വിള കൃഷിയിറക്കാൻ കഴിയുന്ന വയലുകൾ സാങ്കേതിക കാരണം പറഞ്ഞ തരിശാക്കിയിടുന്ന കാലത്താണ് കരനെൽകൃഷിയിൽ ഇവർ നൂറുമേനി കൊയ്തത്. പഞ്ചായത്തിൽ നിലവിലുള്ള 200 ഏക്കർ നെൽവയലുകൾ നാല് പാടശേഖര സമിതി മുഖേന കൃഷിയിറക്കുന്നതിന് പുറമേയാണിത്.

കരനെൽകൃഷിയിൽ നിന്ന് ഇത്തവണ 61.2 ടൺ നെല്ലാണ് നെൽവർഷാചരണത്തിനിടയിൽ കൊയ്‌തെടുത്ത് സംസ്ഥാനത്തിന് തന്നെ മാതൃകാവുന്നത്. കരനെല്ലിന് ഹെക്ടറിന് 2000 കിലോയും വയലിൽ ഹെക്ടറിന് 5000 കിലോയും പരമാവധി വിളവെന്നാണ് കണക്ക്. പായത്തെ കരനെൽകൃഷിയിൽ 2000 കിലോയായിരുന്നു വിളവ്. അതായത് നൂറുമേനി. 100 ഏക്കൽ കരനെൽകൃഷിക്ക് ഇറങ്ങിപ്പുറപ്പെട്ട പഞ്ചായത്ത് ഭരണ സമിതിക്ക് ആദ്യ വർഷത്തിൽ തന്നെ 76.5 ഏക്കർ ഭൂമിയിൽ കൃഷിയിറക്കാനായി. പഞ്ചായത്തിനെ സമ്പൂർണ്ണ ജൈവഗ്രാമമാക്കാൻ ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് കരനെൽകൃഷി പരീക്ഷിക്കുന്നത്.

കൃഷി വകുപ്പിന്റേയും കുടുംബശ്രീയുടേയും തൊഴിലുറപ്പ് പദ്ധതിയുടേയും സഹകരണവും ഈ വിജയത്തിന് പിന്നിലുണ്ട്. നമ്മുക്ക് സ്വന്തമായുള്ള വയലിൽ പോലും കൃഷിചെയ്യാൻ കാലാവസ്ഥയും സാഹചര്യങ്ങളും അനൂലമല്ലെന്ന് പറഞ്ഞ് പരിതപിക്കുന്നവർക്കിടയിൽ അത്യവശ്യം വെയിൽ ലഭിക്കുന്നിടത്ത് ഇടവിളയായി പോലും നെൽകൃഷി നടത്തി വിജയിപ്പിക്കാമെന്ന പാഠമാണ് സിപിഐ(എം) ഇരിട്ടി ഏരിയ കമ്മിറ്റി അംഗവും കൂടിയായ പായം പഞ്ചായത്ത് പ്രസിഡന്റ് അശോകനും സംഘവും നൽകുന്നത്.

കൃത്യമായ ഏകോപനം

അഞ്ച് മുതൽ പത്തുവരെയുള്ള അംഗങ്ങളുള്ള സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ചായിരുന്നു പദ്ധതി ആംഭിച്ചത്. തെരെഞ്ഞെടുത്ത പതിനൊന്ന് വാർഡുകളിലായി താൽപര്യമുള്ള വനിത കർഷകരെ ഉൾപ്പെടുത്തി 30 സംഘങ്ങൾ രൂപീകരിച്ചു. പിന്നാലെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തി. നിലം ഒരുക്കാൻ തൊഴിലുറപ്പ് പദ്ധതിയുടെ സഹായം തേടി. പഞ്ചായത്ത് വിത്തും വളവും നൽകി. കളപറക്കലും പരിപാലനവും ഗുണഭോക്താക്കൾ ചെയ്തു. തളിപ്പറമ്പ് കരിമ്പം, തൃശ്ശൂർ എന്നിവിടങ്ങളിൽ നിന്നായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ എത്തിച്ച ഐശ്വര്യ, ആതിര എന്നീതരം വിത്തുകളാണ് ഉപയോഗിച്ചത്. നെൽകൃഷിക്കായി 6.8 ലക്ഷം രൂപയാണ് പഞ്ചായത്ത് മാറ്റിവച്ചത്. ഇതിൽ മൂന്നര ലക്ഷം രൂപയും കരനെൽകൃഷിക്കായിരുന്നു.

തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളാണ് ഓരോ സ്വയം സഹായ സംഘത്തിലേയും അംഗങ്ങൾ. നൂറുമേനി വിജയത്തോടെ പഞ്ചായത്തി മൂന്ന് ലക്ഷം രൂപ കൃഷി വകുപ്പ് ഗ്രാന്റ് ആയി അനുവദിച്ചു.

കൊയ്ത്ത് ഉൽസവങ്ങൾ

സംഘാങ്ങൾക്കൊപ്പം അവരുടെ കുടുംബങ്ങളേയും സുഹൃത്തുക്കളേയും പങ്കെടുപ്പിച്ച് ആവേശകരമായ കൊയ്ത് ഉൽസവങ്ങളാണ് പഞ്ചായത്തിലുടനീളം കഴിഞ്ഞ ഒരു മാസത്തോളമായി നടക്കുന്നത്. എല്ലാ കൊയ്ത് ഉൽസവങ്ങളിലും പ്രസിഡന്റ് നേരിട്ട് എത്തി സംഘ അംഗങ്ങൾക്ക് വേണ്ട പ്രോത്സാഹനവും നൽകുന്നുണ്ട്. ലഭിക്കുന്ന നെല്ല് അതാത് സംഘത്തിലുള്ളവർ തുല്ല്യമായി വീതിച്ചെടുക്കുകയാണ്. കൊയ്ത് ഉൽസവങ്ങൾ വഴി സമ്പൽസമൃദ്ധമായ പഴയകാലത്തിന്റെ പ്രൗഢിയിലേക്ക് പായത്തിനെ എത്തിക്കാനാവുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. വിളമന, മാടത്തിൽ, കോളിക്കടവ്, പായം, കോണ്ടമ്പ്ര, പെരുവംപറമ്പ്, അളപ്ര, ഉദയഗിരി എന്നിവിടങ്ങളിലാണ് വലിയതോതിൽ
കൃഷിയിറക്കിയത്.

ഇനി ലക്ഷ്യം 500 ഏക്കർ

അടുത്ത വർഷം പഞ്ചായത്തിൽ 200 ഏക്കർ നെൽവയൽ കൃഷി ഉൾപ്പടെ 500 ഏക്കറിൽ നെൽകൃഷിയിറക്കാനാണ് പദ്ധതിയെന്ന പഞ്ചായത്ത് പ്രസിഡന്റ് എൻ അശോകൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതിൽ 250 ഏക്കർ കരനെൽകൃഷിയായിരിക്കും. ഇക്കുറി ജനങ്ങൾക്കിടയിൽ രൂപപ്പെട്ട ആവശം കണക്കിലെടുത്താണിത്. ഇത്തവണത്തെ വിജയം കണ്ട് കൂടുതൽ ആളുകൾ കരനെൽകൃഷി നടത്താൻ താൽപര്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൂട്ടായ പരിശ്രമത്തിലൂടെ അന്ന്യനിന്നും പോയ കരനെൽകൃഷിക്ക ജീവൻ നൽകുന്നതിനോടൊപ്പം വിഷാംശം ഇല്ലാത്ത ജൈവ പച്ചക്കറിയും നെല്ലും ഉണ്ടാക്കുക എന്ന പദ്ധതിയുടെ പൂർത്തീകരണത്തിലേക്ക് ഇപ്പോൾ ഒരു പടികൂടി കടക്കാനായി. നെൽകൃഷിക്ക് പുറമേ 18 വാർഡിലായി 50 ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി നടത്താനും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട. ഇതിനായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞു.

കരനെൽകൃഷി നടത്തിയ അതേമാതൃകയിൽ തൊഴിലുറപ്പ് പദ്ധതിയെ ഉൾപ്പെടുത്തി, ഭൂമി ഒരുക്കും. വിത്തും വളവും പഞ്ചായത്ത് നൽകും.ഈ വർഷം ഇതുവരെ 1000 ഗ്രോബാഗുകൾ വീടുകളിൽ നൽകിയിട്ടുണ്ടെന്നും അശോകൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP