Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭാര്യയുടെ ചികിത്സയ്ക്കായി കിടപ്പാടം വിറ്റു; ജീവന്റെ പാതി മരിച്ചതോടെ പീതാംബരന് കൂട്ട് സഹോദരി മാത്രമായി: മാനസിക രോഗത്താൽ ആശുപത്രിയിലായ സഹോദരിക്ക് അസുഖം മാറിയെങ്കിലും ചോർന്നൊലിക്കുന്ന ടാർപ്പോളിൻ കുടിലിലേക്ക് എങ്ങിനെ കൊണ്ടു വരും? സ്വന്തമായി ഒരു വീട് എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി പീതാംബരൻ നായർ കാത്തിരിക്കുന്നു

ഭാര്യയുടെ ചികിത്സയ്ക്കായി കിടപ്പാടം വിറ്റു; ജീവന്റെ പാതി മരിച്ചതോടെ പീതാംബരന് കൂട്ട് സഹോദരി മാത്രമായി: മാനസിക രോഗത്താൽ ആശുപത്രിയിലായ സഹോദരിക്ക് അസുഖം മാറിയെങ്കിലും ചോർന്നൊലിക്കുന്ന ടാർപ്പോളിൻ കുടിലിലേക്ക് എങ്ങിനെ കൊണ്ടു വരും? സ്വന്തമായി ഒരു വീട് എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി പീതാംബരൻ നായർ കാത്തിരിക്കുന്നു

തിരുവനന്തപുരം: പാവങ്ങൾക്ക് വീടുവെച്ചു നൽകാൻ സർക്കാറുകൾക്ക് പദ്ധതികൾ ഏറെയുണ്ട്. എന്നാൽ, ഈ പദ്ധതികളൊന്നും ആവശ്യക്കാർക്ക് ഉപകാരപ്പെടാറില്ല എന്നതാണ് വാസ്തവം. കാര്യങ്ങളുടെ മെല്ലപ്പോക്കു കാരണം അന്തിയുറങ്ങാൻ ഒരു കൂരയില്ലാതെ പതിയായിരക്കണക്കിന് പേർ കേരളത്തിൽ ഇപ്പോഴുമുണ്ട്. വീടെന്ന് പറയാൻ സാധിക്കാത്ത വിധത്തിൽ ദുരിതം നിറഞ്ഞ അന്തരീക്ഷത്തിൽ കഴിയുന്നവരും ഏറെയാണ്. ഇത്തരത്തിൽ പഞ്ചായത്തിന്റെ കനിവിൽ ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പീതാംബരൻനായർ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം ഇരുപത് പിന്നിട്ടു.

അഗതി മന്ദിരത്തിൽ കഴിയുന്ന മാനസികാസ്വാസ്ഥ്യമുള്ള സഹോദരിയെ അവസാന നാളുകളിൽ കൂടെ കൂട്ടണമെന്ന അതിയായ ആഗ്രഹം മനസിലുണ്ടെങ്കിലും ഏതു നിമിഷവും തകരാവുന്ന ചോർനൊലിക്കുന്ന ടാർപ്പോളിൻ മൂടിയ കുടിൽ ഇതിനു തടസമാകുകയാണ്. പോത്തൻകോട് വെമ്പായം പഞ്ചായത്തിലെ തീപ്പുകൽ വാർഡിലെ നന്നാട്ടുകാവ് ഇടവനക്കോണത്ത് പാറത്തോടി വീട്ടിൽ പീതാംബരൻ നായർക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം ഏറെ അകലെയാണ്.

സഹോദരിയുടെ പേരിലുള്ള പത്തു സെന്റ് സ്ഥലം മാത്രമാണ് ഇവർക്ക് ആകെയുള്ള ഭൂമി. ഭൂമി സഹോദരിയുടെ പേരിലായതിനാൽ അവർ നേരിട്ടെത്തി അപേക്ഷ നൽകിയാൽ മാത്രമെ വീടിനു വേണ്ടിയുള്ള ധനസഹായം അനുവദിക്കാൻ കഴിയു എന്നനിലപാടിലാണ് പഞ്ചായത്ത് അധികൃതർ. എന്നാൽ ഏതു നിമിഷവും അക്രമസക്തമാകുമെന്നതിനാൽ മാനസികാസ്വാസ്ഥ്യമുള്ള സഹോദരിയെ മറ്റൊരിടത്തും കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണ് പീതാംബരൻ നായർ.

അധികൃതർ സ്ഥലത്തെത്തി പറ്റുന്ന സഹായം ചെയ്യാമെന്ന് ഉറപ്പു നൽകിയെങ്കിലും പിന്നീട് തിരിഞ്ഞു നോക്കിയില്ല എന്ന് പീതാംബരൻ നായർ മറുനാടനോട് പറഞ്ഞു. മൂന്ന് സെന്റ് സ്ഥലവും ഓലയിട്ട ഒരു കൊച്ചുവീടും പീതാംബരന് ഉണ്ടായിരുന്നെങ്കിലും വൃക്ക രോഗിയായ ഭാര്യ ശാന്തമ്മയുടെ ചികിത്സയ്ക്കായി ഇത് വിറ്റു.

ഭാര്യ മരിച്ചതോടെ കുടിലിൽ പീതാംബരനും സഹോദരിയും മാത്രമായി. ഇടയ്ക്ക് സഹോദരിയുടെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ രോഗം ഭേദമായതിനെത്തുടർന്ന് ആശുപത്രി അധികൃതർ വിവരം അറിയിച്ചെങ്കിലും ചോർന്നൊലിക്കുന്ന വീട്ടിൽ കക്കൂസോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തതിനാൽ കൂട്ടിക്കൊണ്ടുവരാൻ കഴിഞ്ഞില്ല. തുടർന്ന് അധികൃതർ സഹോദരി രാധമ്മയെ സർക്കാർ അഗതി മന്ദിരത്തിലാക്കി.

വൈദ്യുതി ഇല്ലാത്തതിനാൽ ചിമ്മിനി വിളക്കിന്റെ വെട്ടത്തിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് അതും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്. സമ്പൂർണ വൈദ്യുതീകരണം വന്നതോടെ റേഷൻകട വഴി മണ്ണെണ്ണ ലഭിക്കാത്തതിനാൽ മെഴുകുതിരിയാണ് ഈ വ്യദ്ധന്റെ ആശ്രയം. മരിക്കുന്നതിനു മുൻപ് തനിക്കും സഹോദരിക്കും തലചായ്ക്കാൻ അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നം അധികാരികൾ സാക്ഷാത്ക്കരിക്കണമെന്ന അഭ്യർത്ഥനയെ ഈ വയോധികനുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP