Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെരിങ്ങോം കേസിൽ മൂന്ന് തവണ രേഖകൾ ഹാജരാക്കാൻ ഉത്തരവിട്ടിട്ടും നൽകാതെ എജി ഓഫീസ് ഒളിച്ചുകളിച്ചു; ചെയ്തത് കോടതി അലക്ഷ്യമാകാവുന്ന കുറ്റം; ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് അന്വേഷണത്തിന് നിർദ്ദേശിച്ചത് ക്ഷമ നശിച്ചപ്പോൾ

പെരിങ്ങോം കേസിൽ മൂന്ന് തവണ രേഖകൾ ഹാജരാക്കാൻ ഉത്തരവിട്ടിട്ടും നൽകാതെ എജി ഓഫീസ് ഒളിച്ചുകളിച്ചു; ചെയ്തത് കോടതി അലക്ഷ്യമാകാവുന്ന കുറ്റം; ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് അന്വേഷണത്തിന് നിർദ്ദേശിച്ചത് ക്ഷമ നശിച്ചപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേസ് നടത്തിപ്പിൽ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നിരന്തരമായി വീഴ്‌ച്ച വരുത്തുന്നു എന്ന് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് രൂക്ഷമായി വിമർശിച്ചതും ഒടുവിൽ ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്തത് എജി ഓഫീസിൽ നിന്നുള്ള ഗുരുതരമായ കൃത്യവിലോപത്തെ തുടർന്നാണെന്ന് വ്യക്തമായി. കണ്ണൂർ ജില്ലയിലെ പെരിങ്ങോമിലെ വ്യാജ പട്ടയക്കാരെ സഹായിക്കാൻ വേണ്ടി ദണ്ഡപാണി ഒത്തുകളിച്ചുവെന്ന ആരോപണങ്ങളെ ശരിവെക്കുന്ന വിധത്തിലായിരുന്നു കേസിലെ അലംഭാവം. പെരിങ്ങോം ഭൂമി കേസിൽ മൂന്ന് തവണ രേഖകൾ ഹാജരാക്കാൻ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ഉത്തരവിട്ടിരുന്നു. ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങളിൽ വാർത്ത ആയതുമില്ല. മറിച്ച് വാർത്ത ആയത് അദ്ദേഹം നടത്തിയ വിമർശനങ്ങളായിരുന്നു. എന്നാൽ, ഈ വിമർശനങ്ങൾ പുറത്തുവന്നില്ലായിരുന്നുവെങ്കിൽ പെരിങ്ങോം കേസിലെ കള്ളക്കളികളെ കുറിച്ച് പുറംലോകം അറിയുകയ പോലുമില്ലായിരുന്നു.

പയ്യന്നൂരിലെ പെരിങ്ങോം ഭൂമി കേസിൽ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് രേഖകൾ ഹാജരാക്കണമെന്ന് മൂന്ന് തവണയാണ് ഉത്തവിട്ടത്. എന്നാൽ കോടതിയുടെ ഉത്തരവ് പാലിക്കാതെ ഉദ്യോഗസ്ഥർ ഒളിച്ചുകളിക്കുകയാണ് ഉണ്ടായത്. ഈ കേസിൽ കോടതി അലക്ഷ്യത്തിന് കേസെടുക്കാവുന്ന വിധത്തിലുള്ള വീഴ്‌ച്ചയാണ് എജി ഓഫീസ് വരുത്തിയത്. ഒടുവിൽ ഇക്കാര്യത്തിൽ കോടതിയിൽ നിന്ന് വിവരങ്ങൾ മറച്ചുവയ്ക്കുന്നത് ക്രിമിനൽ കോടതിയലക്ഷ്യമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ജസ്റ്റിസ് അലക്‌സാണ്ടർ പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു. ഇതോടെ വാക്കാൽ പറയാതെ ഉത്തരവിടാൻ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് വ്യക്തമായി.

പെരിങ്ങോം കേസിൽ മൂന്ന് തവണയാണ് കോടതിയുടെ ഭാഗത്തു നിന്നും ഉത്തരവുണ്ടായത്. കേസിൽ ജൂൺ നാലിനും 30നും ജൂലൈ 14നുമായിുന്നു ഈ മൂന്ന് ഉത്തരവുകൾ. ആദ്യ ഉത്തരവ് പുറപ്പെടുവിച്ച ശേഷം രേഖകൾ ഹാജരാക്കാൻ വേണ്ട സമയം കോടതി നൽകിയിരുന്നു. ഇത് ഹാജരാക്കാനുള്ള സമയത്തിനുള്ളിൽ രേഖകൾ നൽകാത്തതിനെ തുടർന്നാണ് രണ്ടാമതും മൂന്നാമതും ഉത്തരവുകൾ പുറപ്പെടുവിച്ചത്. എന്നാൽ ഇതൊക്കെ അവഗണിച്ചതോടെ ക്ഷമ നശിച്ച് കേസിനെ ബാധിക്കുമെന്ന കണ്ടായിരുന്നു ജസ്റ്റിസിന്റെ കടുത്ത നിലപാട്. മൂന്നുത്തരവുകളും അവഗണിച്ചപ്പോഴാണ് വെള്ളിയാഴ്‌ച്ച നിലപാട് കടുപ്പിച്ച് അഡ്വക്കറ്റ് ജനറൽ ഓഫിസിന്റെ വീഴ്ചകളെ കുറിച്ച് അന്വേഷിക്കാൻ ജസ്റ്റീസ് അലക്‌സാണ്ടർ തോമസ് ഉത്തരവിട്ടത്.

പയ്യന്നൂരിനടുത്ത് പെരിങ്ങോമിലെ സർക്കാർ ഭൂമി അനധികൃതമായി പതിച്ചു നൽകിയതാണ് കേസ്. ഈ കേസിൽ ഉന്നതർക്കുള്ളം താൽപ്പര്യം മൂലമായിരുന്നു ഈ ഇടപാടുകൾ. ദേവസ്വംഭൂമിയുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ ഈ കേസിൽ ബാധകമാണോ എന്നാണ് സർക്കാരിനോട് കോടതി ജൂൺ 4ന്‌ചോദിച്ചത്. ജൂൺ നാലിന് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരവ് നൽകാൻ 26 ദിവസം കിട്ടിയെങ്കിലും കോടതിയിൽ ഹാജരായ ഉദ്യോഗസ്ഥൻ നൽകിയില്ല. ജൂൺ 30 ന് കേസ് പരിഗണിച്ചപ്പോഴും വിശദീകരണം കിട്ടിയില്ല.

ഇതോടെ വിവരങ്ങൾ നൽകാതിരിക്കുന്നത് ക്രമിനിൽ കോടതിയലക്ഷ്യമായി പരിഗണിക്കുമെന്ന് കോടതി അന്ന് പുറപ്പെടുവിച്ച ഉത്തരവിൽ മുന്നറിയിപ്പ് നൽകി. ജൂലൈ 14ന് കേസ് പരിഗണിക്കുമ്പോൾ വിശദീകരണം നൽകാനും ഉത്തരവ് നൽകി. ഈ ഉത്തരവും പാലിക്കപ്പെട്ടില്ല. ഇതേ തുടർന്ന് ഇക്കാര്യം ഏജിയും ഡിജിപിയും പരിശോധിക്കണമെന്ന നിർദ്ദേശവും കോടതി നൽകി. വെള്ളിയാഴ്‌ച്ച കേസ് പരിഗണിച്ചപ്പോൾ വീണ്ടും സമയമാവശ്യപ്പെട്ടതോടെയാണ് കോടതി അന്വേഷണത്തിന് ഉത്തരവ് നൽകിയത്.

ഇങ്ങനെ കോടതിക്ക് മുമ്പാകെ രേഖകൾ ഹാജരാക്കാതിരിക്കുന്നതിൽ ഉദ്യോഗസ്ഥർ നടത്തിയ വീഴ്‌ച്ചക്ക് കാരണം പ്രതികൾക്ക് വേണ്ടി വാദിച്ചത് അഡ്വക്കേറ്റ് ജനറൽ ദണ്ഡപാണിയുടെ മകനായിരുന്നു എന്നതിനാലായിരുന്നു. പെരിങ്ങേം തട്ടിപ്പു കേസിന്റെ സൂത്രധാരൻ എന്ന് കേസന്വേഷിച്ച വിജിലൻസ് ഡിവൈ.എസ്‌പി ചൂണ്ടിക്കാട്ടിയ സി.കെ. രാമചന്ദ്രന്റെ വക്കാലത്ത് എടുത്തിരിക്കുന്നത് അഡ്വക്കറ്റ് ജനറൽ കെ.പി. ദണ്ഡപാണിയുടെ സ്വന്തം നിയമകാര്യ സ്ഥാപനമായ ദണ്ഡപാണി അസോസിയേറ്റ്‌സാണ്. കോടതിയിൽ ഹാജരായത് ദണ്ഡപാണിയുടെ മകൻ മില്ലു ദണ്ഡപാണിയുമായിരുന്നു. ഇന്നലെ ഹർജി പരിഗണിക്കുമ്പോൾ, വക്കാലത്ത് ഒഴിയാൻ തയാറാണെന്ന് അഡ്വ. മില്ലു ദണ്ഡപാണി കോടതിയിൽ വ്യക്തമാക്കിയിരുന്നു.

പെരിങ്ങോം വില്ലേജിൽ അഞ്ചേക്കർ സ്ഥലം വ്യാജരേഖയുണ്ടാക്കി പട്ടയം തരപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് പയ്യന്നൂരിലെ മുൻ അഡീഷണൽ തഹസീൽദാർ ടി. രാമചന്ദ്രൻ, പയ്യന്നൂരിലെ മുൻ റവന്യൂ ഇൻസ്‌പെക്റ്റർ കെ.കെ. ഗോപാലകൃഷ്ണൻ, മുൻ വില്ലെജ് ഓഫിസർമാരായ രാമചന്ദ്രൻ നായർ, സി.കെ. ഷാജിമോൻ, മുൻ വില്ലെജ് അസിസ്റ്റന്റ് എം. ദിവാകരൻ, തട്ടിപ്പിലെ ഇടനിലക്കാരൻ സി.പി. രാമചന്ദ്രൻ എന്നിവർക്കെതിരേയായിരുന്നു വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് പരിഗണിച്ചത്.

ഒരു വിജിലൻസ് കേസിൽ നിന്ന് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കുന്ന തരത്തിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ആനുകൂല്യം തങ്ങൾക്കും ലഭിക്കണമെന്നു പ്രതികൾ ആവശ്യപ്പെട്ടു. പ്രസ്തുത ഉത്തരവിന്റെ വിശദാംശങ്ങൾ, ഉത്തരവ് ഇവർക്ക് ബാധകമാവുമോ എന്നകാര്യം തുടങ്ങിയവ അറിയിക്കാൻ കോടതി പലതവണ നിർദ്ദേശിച്ചിട്ടും മറുപടി നൽകാൻ സർക്കാർ അഭിഭാഷകർക്കു കഴിഞ്ഞില്ല. ഇതാണ് രൂക്ഷ വിമർശനത്തിന് ഇടയാക്കിയത്. ഇത് ദണ്ഡപാണിയുടെ മകന് കേസ് ജയിക്കാൻ വേണ്ടിയാണെന്ന തരത്തിലായിരുന്നു ജസ്റ്റീസ് അലക്‌സാണ്ടർ തോമസിന്റെ നിരീക്ഷണവും ഉത്തരവും.

ഇപ്പോഴത്തെ സാഹചര്യത്തിൽ അഡ്വക്കേറ്റ് ജനറൽ ഓഫീസിനെതിരെ ആക്ഷേപമൊന്നുമില്ലെന്ന് ചീഫ് സെക്രട്ടറിയെ കൊണ്ട് എഴുതി നൽകാൻ തന്നെയാകും സർക്കാർ ശ്രമം. കോടതിക്ക് റിപ്പോർട്ട് ബോധ്യമായില്ലെങ്കിൽ അമിക്കസ് ക്യൂറിയെ നിയോഗിക്കാനുള്ള സാധ്യതയുമുണ്ട്. റിട്ടയർ ചെയ്ത സുപ്രീംകോടതി ജഡ്ജിയെ തന്നെ നിയോഗിക്കുമെന്ന് ജസ്റ്റീസ് അലക്‌സാണ്ടർ തോമസ് വ്യക്തമാക്കിയിട്ടുമുണ്ട്. ഇതുണ്ടായാൽ ഊരാക്കുടുക്കിലേക്ക് കാര്യങ്ങൾ പോകുമെന്ന് സർക്കാരിന് അറിയാം. അഡ്വക്കേറ്റ് ജനറലിന്റെ സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പിലെ കള്ളത്തരമെല്ലാം പരിശോധിക്കപ്പെടും. ദണ്ഡപാണിയുടെ ഭാര്യയും മകനും ഹാജരാകുന്ന കേസിൽ സർക്കാർ അഭിഭാഷകർ തോറ്റു കൊടുക്കുന്നുവെന്ന ആക്ഷേപവും പരിശോധിക്കപ്പെടും. ഇതെല്ലാം എജിക്ക് വലിയ തിരിച്ചടിയാകമെന്ന ആശങ്കയും സർക്കാറിനുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP