Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മസാലപ്പൊടിയിൽ എത്തിയോൺ; മുളകുപൊടിയിൽ കാഡ്മിയം; മഞ്ഞൾപ്പൊടിയിൽ ഈർച്ചപ്പൊടി; മത്സ്യത്തിൽ ഫോർമുലിൻ; അലോപ്പതി മരുന്നിൽ 'ചാത്തൻ'; കഫ് സിറപ്പിൽ ശർക്കരവെള്ളം; ഹോമിയോ മരുന്നിൽ ആൾക്കഹോൾ; ഗോരോചന ഗുളികപോലും ഡ്യൂപ്ലിക്കേറ്റ്; മരുന്നായും ഭക്ഷണമായും മലയാളി കഴിച്ചുതീർക്കുന്നതിൽ ഭൂരിഭാഗവും കൊടിയ വിഷം! ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ പൂഴ്‌ത്തി സർക്കാരും; അടിമുടി മായത്തിൽ മുങ്ങി കേരളത്തിലെ ഭക്ഷ്യവിപണി

മസാലപ്പൊടിയിൽ എത്തിയോൺ; മുളകുപൊടിയിൽ കാഡ്മിയം; മഞ്ഞൾപ്പൊടിയിൽ ഈർച്ചപ്പൊടി; മത്സ്യത്തിൽ ഫോർമുലിൻ; അലോപ്പതി മരുന്നിൽ 'ചാത്തൻ'; കഫ് സിറപ്പിൽ ശർക്കരവെള്ളം; ഹോമിയോ മരുന്നിൽ ആൾക്കഹോൾ; ഗോരോചന ഗുളികപോലും ഡ്യൂപ്ലിക്കേറ്റ്; മരുന്നായും ഭക്ഷണമായും മലയാളി കഴിച്ചുതീർക്കുന്നതിൽ ഭൂരിഭാഗവും കൊടിയ വിഷം! ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ പൂഴ്‌ത്തി സർക്കാരും; അടിമുടി മായത്തിൽ മുങ്ങി കേരളത്തിലെ ഭക്ഷ്യവിപണി

കെ വി നിരഞ്ജൻ

തിരുവനന്തപുരം: മരുന്നായും ഭക്ഷണമായും മലയാളികൾ കഴിച്ചുതീർക്കുന്നതിൽ ഭൂരിഭാഗവും കൊടിയ വിഷം. മരുന്നും മത്സ്യവും കറിപൗഡറുകളും പച്ചക്കറിയും തൊട്ട് ഗുളികകളും കഫ്‌സിറപ്പുകളുംപോലും ഡ്യൂപ്ലിക്കേറ്റ് ഇറങ്ങുന്ന കാലം വന്നിട്ടും സർക്കാർ അനങ്ങുന്നില്ല. മരുന്നുകളിലെയും മറ്റും മായം കണ്ടുപിടിക്കാനുള്ള ലാബുകൾപോലും കേരളത്തിൽ ഇല്ല. പരിശോധന നടത്താൻ ഉത്തരവാദിത്തപ്പെട്ട ഡ്രഗ് കൺട്രോൾ വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും മെല്ലെപ്പോക്ക് തുടരുകയാണ്. ന്യൂഡൽഹിയിലെ സന്നദ്ധ സംഘടനായ 'ഇന്ത്യാവാച്ച്' നടത്തിയ പഠനങ്ങളിലാണ് മരുന്നുകളിലെ മായം സംബന്ധിച്ച് ഗുരുതരമായ വിവരങ്ങൾ ലഭിച്ചത്. പല കഫ് സിറപ്പുകളും എടുത്ത് സാമ്പിൾ പരിശോധിച്ചപ്പോൾ അവയിൽ പേരിനുപോലും മരുന്നുണ്ടായിരുന്നില്ല.

ശർക്കരവെള്ളം കലക്കിയുണ്ടാക്കി ഡൽഹിയിലെ പ്രാദേശിക മാർക്കറ്റിൽ ഇറക്കുന്ന ഈ സാധനം കൂടുതലായും കയറ്റുമതി ചെയ്യപ്പെടുന്നത് കേരളത്തിലേക്കാണ്. അതുപോലെ തന്നെ 'ചാത്തൻ മരുന്നുകൾ' എന്നപേരിൽ അറിയപ്പെടുന്ന വ്യാജ അലോപ്പതി മരുന്നുകളുടെ വിപണി പണ്ടുതൊട്ടേ സജീവമാണ്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും ഹരിയാനയിലെയും ചെറുകിട കമ്പനികൾ നിർമ്മിക്കുന്ന വ്യാജമരുന്നുകൾ കേരളത്തിലെത്തിക്കുന്ന സംഘം ഇപ്പോഴും സജീവമാണ്. പകുതി പ്രമുഖ ബ്രാൻഡുകളുടെ മരുന്നുകളും പകുതി 'ചാത്തനുമായി' കോടികളുടെ മരുന്നാണ് കേരളത്തിൽ എത്തുന്നത്. ഇക്കാര്യത്തിൽ മാധ്യമവാർത്തകളെ തുടർന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രണ്ടുവർഷംമുമ്പ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതിനൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

കഴിഞ്ഞ വർഷം ഡൽഹിയിലും ഹരിയാനയിലുമായി പൊലീസ് നടത്തിയ റെയ്ഡിൽ ഇത്തരത്തിലുള്ള നാല് കേന്ദ്രങ്ങൾ കണ്ടെത്തി പൂട്ടിച്ച് കേസെടുത്തിരുന്നു. അന്ന് അന്വേഷണത്തിൽ കണ്ടെത്തിയത് ഈ മരുന്നുകൾ വൻതോതിൽ കേരളത്തിൽ എത്തുന്നുവെന്നാണ്. സംസ്ഥാനത്തെ ഡ്രഗ് കൺട്രോളറുടെ അടുത്തും ഇത്തരം പരാതികൾ നിരവധി തവണ കിട്ടിയിട്ടുണ്ടെങ്കിലും ഇടക്കിടെയുള്ള വഴിപാട് പരിശോധനകൾ നടത്തുകയല്ലാതെ കർശനമായ നടപടികൾ ഉണ്ടായിട്ടില്ല.

അലോപ്പതി മരുന്നുകളിൽ മാത്രമല്ല, ഹോമിയോ ആയുർവേദ മരുന്നുകളിലും വലിയതോതിൽ മായം കണ്ടെത്തിയിരുന്നു. ഡ്രഗ്‌സ് ഇന്റലിജൻസ് വിഭാഗം കഴിഞ്ഞമാസം കോഴിക്കോട്ട് നടത്തിയ പരിശോധനയിൽ, കോർപറേഷൻ സ്റ്റേഡിയം ഭാഗത്തെ ഹോമിയോ ഡിസ്‌പെൻസറിയിൽ നിന്ന് അമിതമായി ആൾക്കഹോൾ കലർന്ന 200 കുപ്പിയോളം മരുന്നാണ് പിടികൂടിയത്. 12 ശതമാനം വരെ ആൽക്കഹോൾ അനുവദനീയമാണ് എന്നിരിക്കെ പിടികൂടിയ മരുന്നിൽ 95 ശതമാനം വരെയാണ് ഇത് അടങ്ങിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ലഹരിക്കായി ആൽക്കഹോൾ കൂടുതൽ അടങ്ങിയ മരുന്നുകൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ക്ലിനിക്കിന്റെ ഉടമക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അധികൃതർ അന്ന് അറിയിച്ചിരുന്നു. പക്ഷേ ഈ വിഷയത്തിലും തുടർനടപടികൾ ഉണ്ടായിട്ടില്ല.

ആയുർവേദ മരുന്നുകളിലെ മായം പരിശോധിക്കപ്പെടാറുപോലുമില്ല എന്നതാണ് വാസ്തവം. കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് നടൻ സൽമാൻഖാൻപോലും അകത്താവുന്ന ഈ നാട്ടിൽ, കൃഷ്ണമൃഗത്തിന്റെ കൊമ്പ് അരച്ചുകലക്കിയതാണെന്ന് അവകാശപ്പെടുന്ന മരുന്നുകൾ വിപണിയിലുണ്ട്. ഗോരോചനാദി ഗുളികകൾപോലും ഇപ്പോൾ ഒറിജിനൽ ഇല്ല എന്നാണ് ഈ രംഗത്തെ പ്രമുഖർ പറയുന്നത്. പശുവിന്റെ പിത്തസഞ്ചിയിലാണ് ഗോരോചനം ഉണ്ടാകുന്നത്. ഇന്ന് വിപണിയിലുള്ള രീതിയിൽ ഗോരോചന ഗുളികകൾ ഉണ്ടാകണമെങ്കിൽ ദിനംപ്രതി പതിനായിരക്കണക്കിന് പശുക്കളെ കൊല്ലേണ്ടി വരും.

പകരം പാളയൻകോടൻ പഴം ശർക്കര ചേർത്ത് ഞെരടിയുണ്ടാക്കി ഡ്യൂപ്ലിക്കേറ്റായി നിർമ്മിക്കുന്ന ഗോരോചന ഗുളികയാണ് ഇന്ന് കേരളത്തിൽ ഉപയോഗിക്കുന്നത്. പാലക്കാട് പറളിയിലും മറ്റും കുടിൽ വ്യവസായംപോലെ ഗോരോചന ഗുളികകൾ ഉണ്ടാക്കുന്ന സംഘങ്ങൾ തന്നെയുണ്ട്. അലോപ്പതി മരുന്നുകൾക്ക് ഇടക്കിടെ പരിശോധനയെങ്കിലും ഉണ്ടാകുമെന്ന് വെക്കാം. എന്നാൽ ആയുർവേദത്തിന്റെ കാര്യത്തിൽ ആർക്കും എന്തും വിൽക്കാവുന്ന അവസ്ഥയാണ്. മുടിവളരുന്നത് തൊട്ട് ബുദ്ധി വർധിപ്പിക്കുമെന്നുവരെ പറയുന്ന ആയുർവേദ മരുന്നുകൾ ഈ ഗണത്തിൽപെടുന്നവയാണ്. ഡ്രഗ്‌സ് ആൻഡ് മാജിക്കൽ റെമഡീസ്് ആക്റ്റിന്റെ ചുവടുപിടിച്ച് പൊലീസിന് കേസ് എടുക്കാമെങ്കിലും ഒരു നടപടിയും ഉണ്ടാവാറില്ല.

വിപണിയിൽ ഡിമാന്റുള്ള പ്രമുഖ ബ്രാൻഡുകളുടെ മസാലപ്പൊടികളിൽ കീടനാശി ഗണത്തിൽപെടുന്ന എത്തിയോണിന്റെ അംശം അപകടകരമായി കൂടുന്നതായി തെളിഞ്ഞിട്ടുണ്ട്. എറണാകുളത്തെ റീജണൽ അനലറ്റിക്കൽ ലാബിലെ പരിശോധനാ റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. കണ്ണൂർ സ്വദേശിയായ ലിയോനാർഡ് ജോൺ വിവരാവകാശ പ്രകാരം ആരാഞ്ഞതിനുള്ള മറുപടിയിൽ കഴിഞ്ഞവർഷം പരിശോധനക്ക് വിധേയമാക്കിയ 94 കറിപൗഡർ സാമ്പിളുകളിൽ 22 എണ്ണത്തിലും എത്തിയോൺ കലർന്നിട്ടുണ്ട്. മുളകുപൊടി, ജീരകപ്പൊടി തുടങ്ങിയവയിലും കീടനാശിനി സാന്നിധ്യം കൂടുതലാണ്.

എത്തിയോൺ, ക്ലോറോപൈറിഫോസ്, ബിൻത്രിൻ തുടങ്ങിയവയുടെ അംശമുള്ളതിനാൽ ഇവ ഭക്ഷ്യയോഗ്യമല്ലെന്നും കാൻസർ അടക്കമുള്ള മാരകരോഗങ്ങൾക്ക് ഇടയാക്കുന്നതാണ് ഇത്തരം ഓർഗാനോഫോസ്‌ഫേറ്റുകൾ എന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു. അമേരിക്കയിലെ കോൻനെൽ യൂണിവേഴ്‌സിറ്റിയിൽ നടന്ന ഗവേഷണത്തിൽ എത്തിയോൺ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ വ്യക്തമാക്കുന്നുണ്ടെന്ന് കർഷകൻകൂടിയായ ലിയോനാർഡ് ജോൺ പറയുന്നു. മൂന്നുവർഷംമുമ്പ് വെള്ളായണി കാർഷിക സർവകലാശാലയിൽ നടത്തിയ പഠനത്തിൽ സംസ്ഥാനത്ത് വിൽപ്പനയുള്ള പല മുളകുപൊടിയിലും കാഡ്മിയം അടക്കമുള്ള മാരക വിഷമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈർച്ചപ്പൊടിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് ഒരു ബ്രാൻഡ് നിരോധിച്ചു എന്നുപറയുമ്പോൾ വ്യക്തമാണ് മായം എത്രത്തോളം എത്തിയെന്നത്.

തമിഴ്‌നാട്ടിൽനിന്നെത്തുന്ന പച്ചക്കറികളിലും പഴവർഗങ്ങളിലും മാരകമായ കീടനാശിനി സാന്നിധ്യമുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉള്ളതാണ്. എന്നാൽ തങ്ങൾ ഈയിടെ നടത്തിയ റാൻഡം പരിശോധനയിൽ അനുവദനീയമായ അളവിൽ കുറവാണ് കീടനാശിനികളുടെ അംശമെന്നാണ് വെള്ളായണി കാർഷിക സർവകലാശാല അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസം അമരവിള ചെക്ക്‌പോസ്റ്റിൽ പിടികൂടിയ മത്സ്യത്തിൽനിന്ന് കിലോയിൽ 60 മില്ലിഗ്രാം എന്ന നിലയിലാണ് ഫോർമുലിൻ കണ്ടെത്തിയത്. മാരകമായ മരുന്നു തളിച്ച 12,000 കിലോ മത്സ്യമാണ് ഇവിടെ പിടികൂടിയത്.

മത്സ്യങ്ങൾ കേടുകൂടാതെ കൂടുതൽകാലം സൂക്ഷിക്കുന്നതിനായി വിവിധതരം രാസ്വസ്തുക്കൾ ചേർത്ത് വിൽപ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ സാഗർ റാണി എന്നപേരിലുള്ള പരിശോധനാ പദ്ധതി ഭക്ഷ്യസുരക്ഷാവകുപ്പ് നടപ്പിലാക്കിയത്. മായം കണ്ടെത്താനായി ഇതുപോലുള്ള ഒരു ഓപ്പറേഷൻ മറ്റുമേഖലകളിലും ഉണ്ടാവണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ പരിസ്ഥിതി പ്രേമികളുടെ കൂട്ടായ്മയായ സയൻസ് ട്രസ്റ്റും നേരത്തെതന്നെ പരാതി നൽകിയിരുന്നു.

അടിമുടി മായത്തിൽ മുങ്ങിയതാണ് കേരളത്തിലെ ഭക്ഷ്യവിപണിയെന്നത് നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളിലേതുപോലെ കർശനമായ പരിശോധനകൾ ഇവിടെയും വേണമെന്നും ജനകീയാരോഗ്യപ്രവർത്തകൻ ഡോ.ബി ഇക്‌ബാൽ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. മരുന്നുകളിൽവരെ മായം കലരുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP