Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതിയ കാർ വാങ്ങാൻ ആലോചിക്കുന്നവർ ഇതൊന്നു വായിക്കുക; പത്തുവർഷത്തിനു ശേഷം പെട്രോൾ പമ്പുകൾ അപ്രത്യക്ഷമാകും; 2025ഓടെ ഡീസൽ-പെട്രോൾ കാറുകൾ ആർക്കും വേണ്ടാതാകും; കുറഞ്ഞ വിലയുള്ളതും 16 ലക്ഷത്തിലധികം കിലോമീറ്റർ ആയുസുള്ളതുമായ വൈദ്യുത വാഹനങ്ങൾ നിരത്ത് കീഴടക്കും

പുതിയ കാർ വാങ്ങാൻ ആലോചിക്കുന്നവർ ഇതൊന്നു വായിക്കുക; പത്തുവർഷത്തിനു ശേഷം പെട്രോൾ പമ്പുകൾ അപ്രത്യക്ഷമാകും; 2025ഓടെ ഡീസൽ-പെട്രോൾ കാറുകൾ ആർക്കും വേണ്ടാതാകും; കുറഞ്ഞ വിലയുള്ളതും 16 ലക്ഷത്തിലധികം കിലോമീറ്റർ ആയുസുള്ളതുമായ വൈദ്യുത വാഹനങ്ങൾ നിരത്ത് കീഴടക്കും

കാലിഫോർണിയ: വാഹനങ്ങൾ ഓടിക്കാനാവശ്യമായ പെട്രോൾ,ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾ ഇന്നത്തെ നിലയിൽ എത്രകാലം ലഭ്യമാകുമെന്നിനെ കുറിച്ച് ലോകം തലപുകയ്ക്കുമ്പോഴാണ് പെട്രോളിയംതന്നെ സമീപഭാവിയിൽ അപ്രസക്തമാകുമെന്നു കാട്ടിയുള്ള പഠനം പുറത്തുവന്നിരിക്കുന്നത്. പെട്രോളിയം ഉൽപന്നങ്ങൾ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾ പത്തു വർഷത്തിനുള്ളിൽ അപ്രത്യക്ഷമാവുമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠനം പ്രവചിക്കുന്നത്.

2030ഓടെ ലോകത്തിലെ എണ്ണ വ്യവസായം അവസാനിക്കുമെന്ന് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തികശാസ്ത്ര ഗവേഷകനായ ടോണി സെബ നടത്തിയ പഠനത്തിൽ പറയുന്നു. വാഹന ഗതാഗതം പൂർണമായും വൈദ്യുതി പോലുള്ള എണ്ണ ഇതര ഊർജ്ജങ്ങളിലേയ്ക്ക് മാറുമെന്നും കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2020-2030 കാലത്തെ ഗതാഗത സംവിധാനത്തെക്കുറിച്ചുള്ളതാണ് പഠനം.

പെട്രോളിയം ഉൽപന്നങ്ങൾ ഉപയോഗിച്ചുള്ള വാഹനങ്ങൾ എട്ടുവർഷത്തിനുള്ളിൽ ഇല്ലാതാകും. വൈദ്യുതിയിൽ ഓടുന്ന വാഹനങ്ങളിലേയ്ക്ക് വാഹന വിപണി അതിവേഗം മാറും. വൈദ്യുതിയോ അതുപോലുള്ള മറ്റ് സാങ്കേതികവിദ്യയോ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉൽപാദനരംഗത്ത് വലിയതോതിൽ നിക്ഷേപമുണ്ടാകുമെന്നും ടോണി സെബ തന്റെ പഠനത്തിൽ പറയുന്നു.

വൈദ്യുതി ഉപയോഗിക്കുന്ന വാഹനങ്ങൾ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാകുന്നതോടെ പെട്രോളിയം ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങൾ ആർക്കും വേണ്ടാതാകും. അത് പെട്രോളിയം വ്യവസായത്തെ തന്നെ തകർക്കുമെന്നും പഠനം പ്രവചിക്കുന്നു.

പരിസ്ഥിതിമലിനീകരണത്തിന്റെ തോത് വളരെയേറെ കുറയുമെന്നതടക്കമുള്ള മറ്റു മെച്ചങ്ങളോടൊപ്പം, ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ മെച്ചങ്ങൾ വൈദ്യുതി വാഹനങ്ങൾ നൽകും. നിലവിലുള്ള പെട്രോളിയം വാഹനങ്ങളുടെ പത്തിലൊന്ന് വിലയിൽ വൈദ്യുത വാഹനങ്ങൾ ലഭ്യമാകുന്നതോടെ ജനങ്ങൾ സ്വാഭാവികമായും വൈദ്യുത വാഹങ്ങളിലേയ്ക്കു തിരിയും. ഇന്ധനച്ചെലവ് നാമമാത്രമായിരിക്കും. എണ്ണയിലോടുന്ന വാഹനങ്ങളുടെ ആയുസ്സ് മൂന്നര ലക്ഷം കിലോമീറ്ററാണെങ്കിൽ വൈദ്യുത വാഹനങ്ങളുടേത് ഏകദേശം 16 ലക്ഷത്തിലധികമായിരിക്കും എന്നതും വൈദ്യുത വാഹനങ്ങൾ വരുകാലത്തെ ഗതാഗത രംഗത്തെ മാറ്റിമറിക്കുന്ന സവിശേഷതയായിരിക്കും.

പത്തുവർഷത്തിനു ശേഷം പെട്രോൾ പമ്പുകൾ ഇല്ലാതെയാകും. പെട്രോൾ,ഡീസൽ വാഹന മെക്കാനിക്കുകൾ, സ്പെയർപാർടുകൾ എന്നിവ ലഭ്യമല്ലാതാകും. 2025ഓടെ ഇന്നത്തെ കാറുകൾ ആർക്കും വേണ്ടാതാവുകയും പെട്രോൾ,ഡീസൽ കാർവിപണി നാമാവശേഷമാകുകയും ചെയ്യും. അതോടെ പെട്രോളിയത്തിന്റെ വില കൂപ്പുകുത്തുകയും ചെയ്യും. പെട്രോളിയം വ്യവസായം തന്നെ ഇല്ലാതാകുമെന്നും പഠനം പറയുന്നു.

പരിസ്ഥിതിയെയും ലോക സാമ്പത്തിക രംഗത്തെയും അടിസ്ഥാനപരമായി സ്വാധീനിക്കുന്ന മാറ്റമാണ് പ്രവചിക്കപ്പെടുന്നത്. അതിരുകവിഞ്ഞ പ്രവചനമായി തോന്നാമെങ്കിലും സാങ്കേതികതയുടെ രംഗത്ത് ഇപ്പോൾത്തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഗതിവേഗം കണക്കിലെടുക്കുമ്പോൾ ടോണി സെബയുടെ പ്രവചനങ്ങളെ തള്ളിക്കളയാനും സാധിക്കില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP