Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെണ്ടുരുത്തി പാലത്തിൽ നിന്ന് ചാടിയെങ്കിൽ മൃതദേഹം എങ്ങനെ കപ്പൽ ചാലിൽ എത്തി? 24 മണിക്കൂർ വെള്ളത്തിൽ കിടന്നിട്ടും ഒരു പ്രാണിപോലും കടിച്ചില്ലെന്നതും സംശയകരം: മഹസ്സറിനൊപ്പമുള്ള മിഷേലിന്റെ ചിത്രങ്ങൾ സംസാരിക്കുന്ന തെളിവുകളായിട്ടും പൊലീസ് കണ്ടില്ലെന്ന് തുറന്നു പറഞ്ഞ് അച്ഛൻ ഷാജി വർഗീസ്

വെണ്ടുരുത്തി പാലത്തിൽ നിന്ന് ചാടിയെങ്കിൽ മൃതദേഹം എങ്ങനെ കപ്പൽ ചാലിൽ എത്തി? 24 മണിക്കൂർ വെള്ളത്തിൽ കിടന്നിട്ടും ഒരു പ്രാണിപോലും കടിച്ചില്ലെന്നതും സംശയകരം: മഹസ്സറിനൊപ്പമുള്ള മിഷേലിന്റെ ചിത്രങ്ങൾ സംസാരിക്കുന്ന തെളിവുകളായിട്ടും പൊലീസ് കണ്ടില്ലെന്ന് തുറന്നു പറഞ്ഞ് അച്ഛൻ ഷാജി വർഗീസ്

പ്രകാശ് ചന്ദ്രശേഖർ

പിറവം:'ഇതുവരെ ഇല്ലാതിരുന്ന സീസി ടീവി ദൃശ്യങ്ങൾ ഇത്ര പെട്ടെന്നെങ്ങിനെ കണ്ടെത്തി. അവൾ വെണ്ടുരുത്തി പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തതാണെന്നിരിക്കട്ടെ മൃതദ്ദേഹം എങ്ങിനെ കപ്പൽ ചാലിലെത്തി. ഇതും പോകട്ടെ 24 മണിക്കൂറോളം വെള്ളത്തിൽ കിടന്ന അവളുടെ മൃതദ്ദേഹത്തിൽ ഒരുപ്രാണിയോ മീനോ പോലും കടിച്ചപാടില്ല.

ഇങ്ങിനെയൊക്കെ സംഭവിക്കുമോ? എന്റെ സംശയങ്ങൾ ഇതൊക്കെയാ. ഇതിന് ഉത്തരം പൊലീസ് കണ്ടെത്തെട്ടേ.... മകൾ മിഷേലിന്റ മരണവുമായി ബന്ധപ്പെട്ട് ഏറ്റവും പുതുതായി പുറത്തുവന്ന വെണ്ടുരുത്തി പാലത്തിനടുത്തെ സീ സീ ടിവി ദൃശ്യങ്ങളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണത്തെക്കുറിച്ചുമെല്ലാം ചോദിച്ചപ്പോൾ പിതാവ് പെരിയപ്പുറം എണ്ണക്കാപ്പിള്ളീൽ ഷാജി വർഗീസിന്റെ പ്രതിരണം ഇങ്ങിനെ.

മകളുടെ മൊബൈൽ ,ബാഗ് എന്നിവ ഇനിയും കണ്ടെത്തിയിട്ടില്ല. സംഭവ ദിവസം ബൈക്കിൽ പിന്നാലെയെത്തി പിൻതുടർന്നവരെ കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസ് കസ്റ്റഡിയിലുള്ള തലശേരിക്കാരൻ പെൺകുട്ടിയെ പിൻതുടർന്നോ എന്ന കാര്യം വ്യക്തമല്ല. മൃതദ്ദേഹത്തിന്റെ മുഖത്ത് മൂക്കിന് സമീപം നഖം കൊണ്ടതുപോലെ തോന്നിക്കുന്ന ഒരുപാട് എങ്ങിനെ ഉണ്ടായി എന്നതിനും പൊലീസിന് മറുപിടിയില്ല.പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ എപ്പോഴാണ് മരണം സംഭവിച്ചതെന്ന് രേഖപ്പെടുത്തിയിട്ടില്ല.

വെണ്ടുരുത്തി പാലത്തിൽ നിന്നും ചാടിയാൽ ഒരുകാരണവശാലും മൃതദ്ദേഹം കപ്പൽ ചാലിൽ എത്തില്ലന്ന് പ്രദേശത്തെ മത്സ്യത്തൊഴിലാളികളിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത്. ഈ ഭാഗത്ത് വെള്ളത്തിൽ പത്തുമിനിട്ട് ഇറങ്ങി നിന്നാൽ പോലും ഒരുതരം കറുത്ത പ്രാണി തൊലിപ്പുറത്ത് കടിക്കുമെന്ന് മത്സ്യത്തൊഴിലാളികളെല്ലാം പറയുന്നു.

ഇതുമൂലം കാലിൽ ഗ്രീസും മറ്റും തേയ്ച്ച ശേഷമാണ് വെള്ളത്തിൽ ഇറങ്ങാറെന്നും ഇവർ പറഞ്ഞിട്ടുണ്ട്. എന്നിട്ടും മിഷേലിന്റെ ജഡത്തിൽ ഇത്തരത്തിൽ ഒരു പ്രാണിപോലും കടിച്ചതായി കണ്ടില്ല- ഷാജി പറയുന്നു. ഇത്തരത്തിൽ മിഷേലിന്റെ മരണം ആത്മഹത്യയെന്ന നിഗമനവുമായി പൊലീസ് മുന്നോട്ടുപോകുമ്പോഴും

കാണാതായി നേരത്തോടുനേരം പിന്നിട്ട് കൊച്ചി വാർഫിൽ നിന്നും മൃതദ്ദേഹം കണ്ടെടുത്തപ്പോൾ നിറവ്യത്യാസമോ വികൃതമാവുകയോ ചെയ്തിരുന്നില്ല. മൂക്കിന് സമീപം പോറൽ മാത്രമേ ഉണ്ടായിരുന്നുള്ളു. വെള്ളം ഉള്ളിൽ ചെന്ന ലക്ഷണവും ഇല്ലായിരുന്നു. കൊച്ചിയിലെ സ്ഥലങ്ങളെക്കുറിച്ച് യാതൊരു എത്തും പിടിയുമില്ലാത്ത അവളെങ്ങിനെ വെണ്ടുരുത്തി പാലത്തിൽ എത്തി എന്നതും സംശയകരമാണ്.

ഇതെല്ലാം കണക്കിലെടുത്താണ് മകൾ ആത്മഹത്യ ചെയ്തതല്ലന്ന് താനും കുടുംബവും വിശ്വസിക്കുന്നതെന്നും ഇക്കാര്യത്തിൽ വിശ്വാസയോഗ്യമായ വിവരങ്ങൾ നൽകാത്തിടത്തോളം കാലം പൊലീസ് നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും ഷാജി ആവർത്തിച്ച് വ്യക്തമാക്കി.

അതേസമയം, കാമുകനായ ക്രോണിനുമായുള്ള പിണക്കം തന്നെയാണ് മിഷേൽ ജീവനൊടുക്കാൻ തീരുമാനിച്ചതിന് കാരണമെന്ന നിഗമനത്തിൽ ആണ് അന്വേഷണ സംഘം. ഇതിനായുള്ള തെളിവെല്ലാം കിട്ടിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. മിഷേൽ ക്രോണിനുമായി നിരന്തരം വഴക്കിട്ടിരുന്നു. മറ്റാരുമായും മിഷേൽ അടുക്കുന്നത് ക്രോണിന് ഇഷ്ടമായിരുന്നില്ല. തന്നെ പൂർണമായും അനുസരിക്കണമെന്ന വാശിയും ഉണ്ടായിരുന്നു.

ഇവരുടെ അടുപ്പം സംബന്ധിച്ച് വീട്ടുകാർക്ക് സൂചനകളുണ്ടായിരുന്നതായും ക്രൈംബ്രാഞ്ച് സൂചന നൽകുന്നു. അതുകൊണ്ട് തന്നെ മിഷേലിന്റെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ചും പ്രാഥമികനിഗമനത്തിൽ എത്തുകയാണ്. സാഹചര്യത്തെളിവുകളെല്ലാം ലോക്കൽ പൊലീസിന്റെ കണ്ടെത്തൽ ശരിവെക്കുന്നതാണെന്ന് ക്രൈംബ്രാഞ്ച് സംഘം വിലയിരുത്തി.

പൊലീസ് അറസ്റ്റുചെയ്ത ക്രോണിൻ അലക്‌സാണ്ടർ ബേബിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. മാർച്ച് 24 വരെയാണ് കസ്റ്റഡി. തെളിവെടുപ്പിനായി ക്രോണിനെ ഇയാൾ ജോലിചെയ്തുവന്ന ഛത്തീസ്‌ഗഢിലെ സ്വകാര്യകമ്പനിയിൽ കൊണ്ടുപോകേണ്ടതുണ്ടെന്നും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്‌പി. കെ.എ. ശശിധരൻ കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിൽ ചൂണ്ടിക്കാട്ടി. ഐ.ജി.യും എസ്‌പി. പി.കെ. മധുവും കേസന്വേഷണം സംബന്ധിച്ച മേൽനോട്ടത്തിനായി പിറവത്തും എറണാകുളത്തുമെത്തി.

പിറവത്ത് മിഷേലിന്റെ മാതാപിതാക്കളെക്കണ്ട് വിവരങ്ങൾ തേടി. മിഷേൽ കായലിൽ ചാടിയെന്ന് കരുതപ്പെടുന്ന ഗോശ്രീ പാലത്തിലെത്തി പരിശോധിച്ചു. പെൺകുട്ടി പാലത്തിലൂടെ നടന്നുപോകുന്നതു കണ്ട വൈപ്പിൻസ്വദേശി അമൽ വിൽഫ്രെഡിനെയും കൂട്ടിയായിരുന്നു തെളിവെടുപ്പ്.

മിഷേൽ ഗോശ്രീ പാലത്തിൽനിന്ന് ചാടി ജീവനൊടുക്കിയെന്ന നിഗമനത്തിന് ബലമേകി സി.സി.ടി.വി. പുതിയ സിസിടിവി ദൃശ്യങ്ങൾ ആണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. മാർച്ച് അഞ്ചിന് വൈകീട്ട് ആറേമുക്കാലോടെ മിഷേലിനോട് സാദൃശ്യമുള്ള യുവതി ഗോശ്രീപാലത്തിലേക്കുള്ള റോഡിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. സമീപത്തെ ഫ്‌ളാറ്റുകളിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. പെൺകുട്ടിക്ക് മിഷേലുമായി സാമ്യമുണ്ട്. വസ്ത്രങ്ങളും ഒരുപോലെയാണ്. ഇത് മിഷേൽ തന്നെയാണെന്ന് ഉറപ്പിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കായലിൽ ചാടിയാൽ നേരത്തോടുനേരം കഴിഞ്ഞാണ് ശരീരം പൊങ്ങിവരുക. പിറ്റേന്ന് വൈകീട്ട് ആറരയോടെയാണ് മിഷേലിന്റെ മൃതദേഹം വാർഫിന് സമീപം പൊങ്ങിയത്. ഇതും മിഷേൽ ആത്മഹത്യചെയ്‌തെന്ന വാദം ബലപ്പെടുത്തുന്നുവെന്നാണ് പൊലീസിന്റെ പക്ഷം. വെള്ളത്തിൽ വീണുമരിച്ചുവെന്ന മരണാനന്തര ശാസ്ത്രീയ പരിശോധനാഫലവും ഇത് ശരിവെക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP