Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒഴിപ്പിക്കൽ നടപടികളിൽ കൂടിയാലോചന വേണമായിരുന്നു; മൂന്നാറിൽ ജാഗ്രതക്കുറവുണ്ടായി: കയ്യേറ്റക്കാർക്ക് കൈത്താങ്ങായി മുഖ്യമന്ത്രി പിണറായി; ജില്ലാ കളക്ടറെ നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചു; ദേവികുളം സബ്കളക്ടർ ശ്രീറാമിനെ മാറ്റാനും നീക്കം തുടങ്ങിയതായി സൂചന; മുഖ്യമന്ത്രിയുടെ ശക്തമായ പ്രതികരണം വരുന്നത് പാപ്പാത്തിമലയിലെ ഭീമൻ കുരിശ് ശ്രീറാം ഇടപെട്ട് പൊളിച്ചതോടെ

ഒഴിപ്പിക്കൽ നടപടികളിൽ കൂടിയാലോചന വേണമായിരുന്നു; മൂന്നാറിൽ ജാഗ്രതക്കുറവുണ്ടായി: കയ്യേറ്റക്കാർക്ക് കൈത്താങ്ങായി മുഖ്യമന്ത്രി പിണറായി; ജില്ലാ കളക്ടറെ നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചു; ദേവികുളം സബ്കളക്ടർ ശ്രീറാമിനെ മാറ്റാനും നീക്കം തുടങ്ങിയതായി സൂചന; മുഖ്യമന്ത്രിയുടെ ശക്തമായ പ്രതികരണം വരുന്നത് പാപ്പാത്തിമലയിലെ ഭീമൻ കുരിശ് ശ്രീറാം ഇടപെട്ട് പൊളിച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് കടുത്ത നിലപാടുമായി ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ നടപടി തുടരുന്നതിനിടെ ഇക്കാര്യത്തിൽ വിമർശനങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്ത്. ഒഴിപ്പിക്കൽ നടപടികളിൽ കൂടിയാലോചന നടത്തണമായിരുന്നുവെന്നും മൂന്നാറിൽ ജാഗ്രതക്കുറവുണ്ടായെന്നും ആണ് പിണറായി വ്യക്തമാക്കിയിരിക്കുന്നത്. ഇടുക്കി ജില്ലാ കളക്ടറുടെ ഓഫീസിൽ നേരിട്ട് വിളിച്ച് മുഖ്യമന്ത്രിയുടെ അതൃപ്തി അറിയിച്ചതായാണ് സൂചനകൾ. ഇതോടെ കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുവരുന്ന ശ്രീറാമിനെ മാറ്റിയേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

ശക്തമായ അതൃപ്തി അറിയിച്ചുകൊണ്ടാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കുരിശ് എന്തു പിഴച്ചുവെന്നാണ് ഇന്നെ പാപ്പാത്തിമലയിലെ കുരിശ് പൊളിച്ചതിനെതിരെ പിണറായിയുടെ പ്രതികരണം. കുരിശ് തകർത്ത് ഒഴിപ്പിക്കൽ നടത്തിയതിൽ അതൃപ്തിയുണ്ട്. കുരിശിൽ കൈവയ്ക്കുമ്പോൾ സർക്കാരിനോട് ആലോചിക്കണമായിരുന്നു. കുരിശ് സർക്കാർ പൊളിച്ചുവെന്ന പ്രതീതിയാണ് ഉണ്ടാക്കിയത്. ബാക്കി നടപടികൾ നാളെ പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ സബ്കളക്ടർ ശ്രീറാമിനെ മാറ്റിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നു. കയ്യേറ്റക്കാരുടെ പക്ഷത്തുനിൽക്കുന്നവരുടെ ഏറെക്കാലത്തെ ആവശ്യമാണിത് എന്നതും ശ്രദ്ധേയമാണ്.

അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നുവെന്ന പേരിൽ ഇടുക്കി ജില്ലാ കലക്ടർ ജി.ആർ. ഗോകുലും സബ് കലക്ടർ വി. ശ്രീറാമും ചെയ്യുന്നത് തെമ്മാടിത്തരമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.കെ.ജയചന്ദ്രൻ ഇന്ന് പ്രസ്താവിച്ചിരുന്നു. 100 പൊലീസുകാരെ വിളിച്ചുകൊണ്ടുവന്ന് ഒഴിപ്പിക്കൽ നടത്തുന്നതു ശരിയല്ല. ദുഃഖഃവെള്ളിയാഴ്ച പ്രർഥിക്കാൻ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയത്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. സബ് കലക്ടറും മാധ്യമങ്ങളും ഭരണം കൈയേറാമെന്ന് കരുതേണ്ടെന്ന മുന്നറിയിപ്പും ജയചന്ദ്രൻ നൽകി.

ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി തന്നെ ശ്രീറാമിന്റെ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് ജില്ലാ ഭരണകൂടത്തിന്റെ കയ്യേറ്റമൊഴിപ്പിക്കലിന് എതിരെ കടുത്ത നിലപാടുമായി രംഗത്തെത്തുന്നത്. ഇതോടെ സിപിഐ കയ്യാളുന്ന റവന്യൂ വകുപ്പിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയതും ചർച്ചയാവുകയാണ്. അടുത്ത സിപിഐ-സി.പി.എം പോരിനും ഇതു കാരണമായേക്കും.

പാപ്പാത്തിമലയിലെ ഭീമൻ കുരിശ് പൊളിച്ചതിനെതിരെ സിപിഐഎം നേതാവും ദേവികുളം എംഎൽഎയുമായ എസ്. രാജേന്ദ്രനും എതിർപ്പുമായി എത്തിയിരുന്നു. നേരത്തേ മുതലേ സബ്കളക്ടർക്കെതിരെ ജില്ലയിൽ സി.പി.എം നേതൃത്വം ശക്തമായ വിമർശനമാണ് അഴിച്ചുവിടുന്നത്. ഇന്ന് അത് രൂക്ഷമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും പരസ്യ നിലപാടുമായി എത്തുന്നത്.

പൊലീസും സബ്കളക്ടറും ജനങ്ങളെ പേടിപ്പിക്കാൻ ശ്രമിക്കുകയാണ്. കൈയേറ്റമുണ്ടെങ്കിൽ അത് ഒഴിപ്പിക്കണം. അല്ലാതെ പകരം കുരിശ് പൊളിക്കാൻ തയ്യാറാകുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ ഭൂമി ഏറ്റെടുത്ത് മറ്റുള്ളവർ പ്രവേശിക്കുന്നത് വിലക്കിയാൽ മതി. മൂന്നാറിൽ യുദ്ധമൊന്നും ഇല്ലല്ലോ 144 പ്രഖ്യാപിക്കാനെന്നും രാജേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.

കൈയേറിയ സ്ഥലം തിരിച്ചെടുക്കുന്നതിൽ വലിയ അത്ഭുതമൊന്നും സൃഷ്ടിക്കേണ്ടതില്ല. സിനിമ പോലുള്ള സാഹചര്യമൊരുക്കി ഈ പൊളിക്കൽ എന്തിനാണെന്ന് മനസിലാകുന്നില്ല. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇത്തരത്തിലുള്ള സമീപനം സ്വീകരിച്ചതിനോട് യോജിപ്പില്ല. സ്ഥലം ഏറ്റെടുത്ത് പ്രാർത്ഥനയ്ക്ക് പോകുന്നത് നിരോധിച്ചാൽ മതിയായിരുന്നു, പകരം കുരിശ് പൊളിച്ചത് ലോകമെങ്ങുമുള്ള ക്രിസ്ത്യൻ മതവിശ്വാസികൾക്ക് വേദനയുണ്ടാക്കുന്ന ദൃശ്യങ്ങൾ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ഭാഗമായുള്ളവർ ഇതിന് പോകാൻ പാടില്ല. വിശ്വാസമാണ് മുന്നിലുള്ളത്. അതിനെ ഇല്ലാതാക്കാൻ പാടില്ല. കുരിശ് തകർത്താലും വിശ്വാസത്തെ തകർക്കാനാവില്ല. ഉദ്യോഗസ്ഥർക്ക് തിന്നിട്ട് ദഹിക്കുന്നില്ലെങ്കിൽ നന്നായി അധ്വാനിക്കുകയാണ് വേണ്ടത്. അല്ലാതെ മറ്റുള്ളവരെ ദ്രോഹിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം, റവന്യൂ അധികാരികളുടെ കയ്യേറ്റമൊഴിപ്പിക്കൽ തടയാനായും ഇന്ന് ശ്രമം നടന്നിരുന്നു. വഴിയിലുടനീളം ഇവരെ തടയാനായുള്ള ശ്രമങ്ങൾ നടന്നു. മാർഗതടസമുണ്ടാക്കാനായി വഴിയിൽ വാഹനങ്ങൾ കൊണ്ടിട്ടിരുന്നു. ജെസിബി ഉപയോഗിച്ച് വഴിയിലുണ്ടായിരുന്ന വാഹനങ്ങൾ മാറ്റിയതിന് ശേഷമാണ് സംഘം മുന്നോട്ട് നീങ്ങിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജെസിബി അടക്കമുള്ള വൻ സന്നാഹത്തോടെയാണ് ഒഴിപ്പിക്കൽ സംഘം കൈയേറ്റ ഭൂമിയിൽ എത്തിയത്. പ്രതിബന്ധങ്ങളെല്ലാം മറികടന്ന് പാപ്പാത്തിചോലയിൽ സർക്കാർ സ്ഥലം കൈയേറി സ്ഥാപിച്ച ഭീമൻ കുരിശ് റവന്യൂസംഘം പൊളിച്ചുമാറ്റുകയായിരുന്നു.

ചെറുകിട കയ്യേറ്റക്കാരെ മാത്രമേ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഉപദ്രവിക്കുന്നുള്ളൂവെന്നതായിരുന്നു സി.പി.എം ഇടുക്കി ഘടകത്തിന്റെ പരാതി. ഇതിനേയും തങ്ങൾ എതിർക്കുന്നതെന്നും നിലപാട് എടുത്തു. എന്നാലിപ്പോൾ മൂന്നാറിലെ 2000ത്തോളം വരുന്ന കയ്യേറ്റ ഭൂമി ഒഴിപ്പിച്ചിട്ടും സബ് കളക്ടറോട് സിപിഎമ്മിന് പരിഭവം മാറുന്നില്ല. എന്തിന് നിരോധനാജ്ഞ പുറപ്പെടുവിച്ചുവെന്ന വിചിത്രമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും പറയുന്നു. യഥാർത്ഥത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്റെ കുറ്റപ്പെടുത്തൽ സബ് കളക്ടർ ശ്രീറാമിനുള്ള അംഗീകാരമാണ്. സബ് കളക്ടറുടെ വീര്യത്തിൽ സി.പി.എം പോലും പലതും ഭയക്കുന്നുവെന്നതിന്റെ സൂചന. എന്തിലും ഏതിലും വർഗ്ഗീയത കയറ്റി രക്ഷപ്പെടുകയെന്ന തന്ത്രത്തിനെതിരെ കൂടിയാണ് ശ്രീറാം ഇന്ന് ജെസിബി കയറ്റിയിറക്കിയത്.

ശ്രീറാമിന്റെ സൂര്യനെല്ലിക്ക് സമീപം പാപ്പാത്തിചോലയിലെ കുരിശ് സ്ഥാപിച്ചുള്ള ഭൂമി കൈയേറ്റം ഒഴിപ്പിക്കൽ വൻകിടക്കാർക്കുള്ള ഓർമ്മപ്പെടുത്തലാണ്. ദേവികുളത്തെ കയ്യേറ്റമെല്ലാം തിരിച്ചു പിടിക്കുമെന്ന് കൂടി വ്യക്തമാക്കുകയാണ് സബ് കളക്ടർ. അതീവ രഹസ്യമായി പുലർച്ച ഓപ്പറേഷൻ നടത്താൻ ശ്രീറാമിനായി. കയ്യേറ്റമാഫിയയയുടെ നിയമ നടപടിയെന്ന ഭീഷണിയും ഫലം കണ്ടില്ല. എല്ലാ അർത്ഥത്തിലും ദേവികുളത്തെ ഓപ്പറേഷണിലൂടെ പ്രതീക്ഷ വാനോളം ഉയർത്തുകയാണ് സബ് കളക്ടർ.

സ്പിരിറ്റ് ഇൻ ജീസസ് എന്ന ആത്മീയ പ്രസ്ഥാനത്തിന്റെ സമ്മർദ്ദവും ഭീഷണിയും മറികടന്ന് തന്നെയാണ് ശ്രീറാം 2000 ഏക്കർ തിരിച്ചു പിടിച്ചത്. കുരിശ് ഇന്നു തന്നെ പൊളിച്ചൂ നീക്കണമെന്ന സബ് കളക്ടറുടെ നിർദ്ദേശത്തെ തടയാനുള്ള കരുത്ത് കളക്ടർക്കും ഉണ്ടായില്ല. ദേവികുളത്തെ ഒഴിപ്പിക്കലിന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ പൂർണ്ണ പിന്തുണ നൽകിയതായിരുന്നു ഇതിന് ബലമായത്. ഇതോടെ പാപ്പത്തിചോലയിലെ ആത്മീയ ടൂറിസത്തിന് അന്ത്യവുമായി.

ഇതിന് പിന്നാലെയാണ് ഇടുക്കിയിലെ സി.പി.എം ജില്ലാ നേതൃത്വവും എംഎൽഎയും അതിനു പിന്നാലെ മുഖ്യമ്ന്ത്രി തന്നെയും ഇടുക്കിയിലെ കയ്യേറ്റങ്ങൾക്കെതിരെ രംഗത്തുവന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടുക്കിയിൽ അടുത്തദിവസം കയ്യേറ്റം വിഷയത്തിൽ യോഗം നടക്കാനിരിക്കുകയാണ് ഇതിന് തൊട്ടുമുമ്പ് പിണറായി തന്നെ ജില്ലാ ഭരണകൂടത്തിനെതിരെ പ്രസ്താവനയുമായി വന്നതോടെ റവന്യൂ അധികാരികൾക്കെതിരെയാണ് അദ്ദേഹത്തിന്റെ നിലപാടെന്നും വ്യക്തമാകുന്നു. ഇനി ഇക്കാര്യത്തിൽ സർക്കാരിന്റെ അടുത്ത നടപടികൾ കയ്യേറ്റക്കാർക്കൊപ്പം ആകുമോയെന്ന ചോദ്യവും ഉയരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP