Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തം കടമ നിറവേറ്റിയ ശ്രീറാമിനോട് ഉറഞ്ഞുതുള്ളി മുഖ്യമന്ത്രി; വേറെ പണിനോക്കിക്കോളാൻ പിണറായിയുടെ ഉഗ്രൻ ശാസന; താൻ മന്ത്രി അല്ലായിരുന്നെങ്കിൽ കുരിശിൽ തൊടില്ലായിരുന്നുവെന്ന് എം.എം. മണി; തന്നെ വെറും മണ്ടനാക്കിയാൽ പണി തരുമെന്നും മന്ത്രിയുടെ രോഷപ്രകടനം; നിയമത്തിൽ എഴുതിവച്ചിരിക്കുന്നതു ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയും നേതാക്കളും ഇരുത്തിപ്പൊരിച്ചു

സ്വന്തം കടമ നിറവേറ്റിയ ശ്രീറാമിനോട് ഉറഞ്ഞുതുള്ളി മുഖ്യമന്ത്രി; വേറെ പണിനോക്കിക്കോളാൻ പിണറായിയുടെ ഉഗ്രൻ ശാസന; താൻ മന്ത്രി അല്ലായിരുന്നെങ്കിൽ കുരിശിൽ തൊടില്ലായിരുന്നുവെന്ന് എം.എം. മണി; തന്നെ വെറും മണ്ടനാക്കിയാൽ പണി തരുമെന്നും മന്ത്രിയുടെ രോഷപ്രകടനം; നിയമത്തിൽ എഴുതിവച്ചിരിക്കുന്നതു ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയും നേതാക്കളും ഇരുത്തിപ്പൊരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂന്നാറിലെയും പരിസരപ്രദേശങ്ങളിലെയും അനധികൃത കയ്യേറ്റങ്ങൾക്കെതിരേ മുഖംനോക്കാത്ത നടപടിയാണ് ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനിൽനിന്ന് ഉണ്ടായത്. എന്നാൽ പാപ്പാത്തച്ചോലയിൽ സ്പിരിറ്റ് ഇൻ ജീസസ് എന്ന ആത്മീയ സംഘടന രണ്ടായിരം ഏക്കർ കയ്യേറി സ്ഥാപിച്ച കുരിശ് ശ്രീറാമിന്റെ നിർദ്ദേശപ്രകാരം റവന്യൂ ഉദ്യോഗസ്ഥർ പൊളിച്ചുകളഞ്ഞപ്പോൾ സിപിഎമ്മിനു പൊള്ളി. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് ഇടപെട്ട് കയ്യേറ്റങ്ങൾ താത്കാലികമായെങ്കിലും നിർത്തിവയ്ക്കുന്ന വിരോധാഭാസത്തിനാണ് കേരളം പിന്നീട് സാക്ഷ്യം വഹിച്ചത്.

പാപ്പാത്തിച്ചോലയിലെ കുരിശുപൊളിച്ചുകളഞ്ഞ സബ് കളക്ടർ ജനങ്ങൾക്കിടയിൽ താരമായെങ്കിലും മുഖ്യമന്ത്രിയുടെയും പാർട്ടി നേതാക്കളുടെയും കടുത്ത അനിഷ്ടത്തിനാണ് പാത്രമായിരിക്കുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മൂന്നാർ ഉന്നതതല യോഗത്തിൽ കടുത്ത ശാസനയാണ് ദേവികുളം സബ്കളക്ടർക്കു ലഭിച്ചത്. ഇടുക്കിയിലെ മുൻ സി.പി.എം ജില്ലാ സെക്രട്ടറിയും വൈദ്യുതി മന്ത്രിയുമായ എം.എം. മണിയും ശ്രീറാമിനെതിരേ അതിരൂക്ഷ വിമർശനം ഉന്നയിച്ചു.

ശ്രീറാം വെങ്കിട്ടരാമൻ ദേവികുളത്ത് സബ് കലക്ടറായി എത്തിയതോടെയാണ് മുടങ്ങിക്കിടന്ന മൂന്നാറിലെ കൈയേറ്റ മാഫിയയ്ക്കെതിരേ നടപടി തുടങ്ങിയത്. ഇത് ഏറെ വിവാദങ്ങൾക്കും രാഷ്ട്രീയ പോരാട്ടങ്ങൾക്കും ഇടനൽകിയെങ്കിലും മുട്ടുവിറയ്ക്കാതെ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു ഈ ഉദ്യോഗസ്ഥൻ. എന്നാൽ വ്യാഴാഴ്ച രാവിലെ പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചത് ആയുധമാക്കി ഈ മിടുക്കനായ ഉദ്യോഗസ്ഥനെ സർക്കാർ ഇപ്പോൾ കുരിശിൽ തറച്ചുകൊണ്ടിരിക്കുകയാണ്.

കുരിശു പൊളിച്ച വ്യാഴാഴ്ച തന്നെ ശ്രീറാമിന്റെ നടപടിക്കെതിരേ മുഖ്യമന്ത്രി പരസ്യമായി രോഷംകൊണ്ടിരുന്നു. പിറ്റേന്നു ചേർന്ന എൽഡിഎഫ് യോഗത്തിൽ സിപിഐ നേതാക്കളുമായി കയ്യേറ്റമൊഴിപ്പിക്കൽ വിഷയത്തിൽ പിണറായി വാഗ്വാദം നടത്തി. അതിനു പിന്നാലെ ചേർന്ന മൂന്നാർ ഉന്നതതല യോഗത്തിൽ രഘുറാം ശ്രീറാമിനെയും ജില്ലാ കളക്ടർ ജി.ആർ. ഗോകുലിനെയും പിണറായിയും എം.എം. മണിയും ഇരുത്തിപ്പൊരിക്കുകയായിരുന്നു.

ഇന്നലെ എന്തൊക്കെയാണ് അവിടെ കാട്ടിക്കൂട്ടിയതെന്നു ചോദിച്ച് ദേഷ്യപ്പെട്ടാണു മുഖ്യമന്ത്രി യോഗത്തിലേക്കു കടന്നുചെന്നതുതന്നെ. സർക്കാരിനെ അറിയിക്കാതെ കുരിശുപൊളിക്കൽപോലെയുള്ള നടപടികളുമായി മുന്നോട്ടു പോകുന്നവർ വേറെ പണി നോക്കേണ്ടിവരുമെന്നു മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. ശ്രീറാം വെങ്കിട്ടരാമൻ ബിജെപിക്കാരനാണോയെന്നായിരുന്നു മന്ത്രി എം.എം.മണിയുടെ ചോദ്യം.

കുരിശു പൊളിച്ച നടപടിയുടെ ഗുണഭോക്താക്കൾ ബിജെപിക്കാരല്ലേയെന്നും എം.എം. മണി ചോദിച്ചു. ഞാൻ മന്ത്രി അല്ലായിരുന്നുവെങ്കിൽ നീയൊക്കെ കുരിശ് അവിടെനിന്നു മാറ്റില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാർജോലിയിൽ തുടരാൻ കഴിയുമെന്ന് ഇത്തരക്കാർ കരുതേണ്ടതില്ലെന്നു മുഖ്യമന്ത്രിയും പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെ ഉന്നംവച്ചായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം മുഴുവൻ.

നിരോധനാജ്ഞ പ്രഖ്യാപിച്ച വിവരം പൊലീസോ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന താനോ അറിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനുവേണ്ടി പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ് ഉദ്യോഗസ്ഥർ. അവർ ആ ബാധ്യത നിറവേറ്റുന്നില്ലെങ്കിൽ സർക്കാരിന്റെ ഭാഗമായി നിൽക്കാൻ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.

പാർട്ടി ഏരിയാ സെക്രട്ടറിയുടെ ഭൂമി അളന്നത് എന്തിനാണെന്ന് എം.എം.മണി ചോദിച്ചു. ഇടുക്കി ജില്ലക്കാരനായ എന്നെ മണ്ടനാക്കാൻ നോക്കേണ്ട. തന്നിഷ്ടപ്രകാരമാണു റവന്യു ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. ഇടുക്കിയിൽനിന്നുള്ള മന്ത്രിയായ ഞാൻ വിവരങ്ങൾ അറിയേണ്ടതാണ്. എന്നാൽ ഒന്നും അറിയിക്കുന്നില്ലെന്നും മന്ത്രി പരാതിപ്പെട്ടു. പട്ടയം സംബന്ധിച്ച ചർച്ചകൾക്കിടെ പലവട്ടം മുഖ്യമന്ത്രിയുടെ ശാസന കളക്ടറും സബ്കളക്ടറും ഏറ്റുവാങ്ങി. പിണറായിയും എം.എം. മണിയും മാത്രമല്ല ചീഫ് സെക്രട്ടറി നളിനി നെറ്റോയും റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനും കലക്ടറെയും സബ് കലക്ടറെയും വിമർശിച്ചു.

അതേസമയം, ശ്രീറാമിനെ പൂർണമായും പിന്തുണയ്ക്കുന്ന സിപിഐയുടെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് യോഗത്തിൽ കാര്യമായൊന്നും പറയാൻ കഴിഞ്ഞില്ല. പ്രകടനങ്ങൾ മുഴുവൻ പിണറായിയുടെയും എം.എം. മണിയുടേതും ആയിരുന്നു. തന്നെ അറിയിച്ചശേഷമാണ് ഉദ്യോഗസ്ഥർ കുരിശ് പൊളിച്ചു മാറ്റാൻ പോയതെന്ന് ഇടതുമുന്നണി യോഗത്തിൽ ഇ. ചന്ദ്രശേഖരൻ പറഞ്ഞിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ഒരു വാദവും ഉന്നയിക്കാൻ റവന്യൂ മന്ത്രിക്ക് ഉന്നതതല യോഗത്തിൽ അവസരം ലഭിച്ചില്ല.

എം.എം.മണിയുടെ ശകാരം പതിവു ശൈലിയിലായതിനാൽ കലക്ടറും സബ് കലക്ടറും കാര്യമായി എടുത്തില്ല. പക്ഷേ, മുഖ്യമന്ത്രിയുടെ ശകാരം അവരെ വല്ലാതെ ഉലച്ചു. ഒഴിപ്പിക്കലിനു നേതൃത്വം നൽകിയ ഇരുവരും വിഷമിച്ചാണു മടങ്ങിയത്. മന്ത്രി ചന്ദ്രശേഖരനും ദുഃഖിതനാണ്. വിവാദമാകുമെന്നതിനാൽ രഘുറാം ശ്രീറാമിനും കളക്ടർ ഗോകുലിനും എതിരേ ഉടൻ നടപടി ഉണ്ടാവില്ല. പൊതുവായി ഉദ്യോഗസ്ഥതലത്തിൽ അഴിച്ചുപണി വരുമ്പോൾ ഇരുവർക്കും മാറ്റമുണ്ടാകുമെന്നും ഉറപ്പായിട്ടുണ്ട്.

ശ്രീറാമിനെ കടന്നാക്രമിച്ച് എം.എം. മണി ഇന്നലെയും രംഗത്തുവന്നിരുന്നു. സബ് കളക്ടറെ ഊളമ്പാറയ്ക്കു വിടണമെന്നാണ് പരസ്യമായി അദ്ദേഹം പറഞ്ഞത്. പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചതിനെ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കലുമായിട്ടാണ് മന്ത്രി ഉപമിച്ചത്. സബ് കലക്ടർ ജനവിരുദ്ധനും തന്നിഷ്ട പ്രകാരം പ്രവർത്തിക്കുന്നയാളുമാണെന്നും കുഞ്ചിത്തണ്ണിയിൽ സി.പി.എം പരിപാടിയിൽ പ്രസംഗിക്കവേ മണി പറഞ്ഞു.

ഇടുക്കിയിൽ മതചിഹ്നങ്ങൾ ഇരിക്കുന്നതെല്ലാം പട്ടയമില്ലാത്ത സ്ഥലത്താണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇവിടെ വിശ്വാസികൾ ആരും ഭൂമി കയ്യേറിയിട്ടില്ല. പാപ്പാത്തിച്ചോലയിൽ കുരിശു പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമാനമാണ്. ആർഎസ്എസ്സുകാർ ആവശ്യപ്പെട്ടിട്ടാണ് സബ് കലക്ടർ കുരിശു പൊളിച്ചത്. ആർഎസ്എസിനുവേണ്ടി കുഴലൂതുന്ന ഒരുത്തനും ഇങ്ങോണ്ട് വരേണ്ടയെന്നും മന്ത്രി പറഞ്ഞു.

സബ് കലക്ടർ ആർഎസ്എസിനു വേണ്ടി ഉപജാപം നടത്തുന്നയാളാണെന്നും മന്ത്രി ആരോപിച്ചു. നേരെചൊവ്വേ പോയാൽ എല്ലാവർക്കും നല്ലത്. ഞങ്ങൾ കലക്ടർക്കും സബ് കലക്ടർക്കും ഒപ്പമല്ല. ജനങ്ങൾക്കൊപ്പമാണ് മന്ത്രി പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും എസ്. രാജേന്ദ്രൻ എംഎൽഎയും സബ് കലക്ടറെ നിശിതമായി വിമർശിക്കുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP