Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭരണത്തിലേറി ഒരാഴ്ച തികയുംമുമ്പ് ഇടതുമുന്നണി മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാടു മാറ്റിയോ? അണക്കെട്ടിനു ബലക്ഷയം ഇല്ലെന്ന റിപ്പോർട്ട് തള്ളുന്നില്ലെന്നു മുഖ്യമന്ത്രി; പ്രകടനപത്രികയിൽ പുതിയ അണക്കെട്ടു വാഗ്ദാനം ചെയ്ത സർക്കാരിനെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷം

ഭരണത്തിലേറി ഒരാഴ്ച തികയുംമുമ്പ് ഇടതുമുന്നണി മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാടു മാറ്റിയോ? അണക്കെട്ടിനു ബലക്ഷയം ഇല്ലെന്ന റിപ്പോർട്ട് തള്ളുന്നില്ലെന്നു മുഖ്യമന്ത്രി; പ്രകടനപത്രികയിൽ പുതിയ അണക്കെട്ടു വാഗ്ദാനം ചെയ്ത സർക്കാരിനെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭരണത്തിലേറി ഒരാഴ്ച തികയുംമുമ്പ് ഇടതുമുന്നണി മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാടു മാറ്റിയോ? പ്രകടന പത്രികയിൽ പുതിയ അണക്കെട്ടു വാഗ്ദാനം ചെയ്തിട്ട് ഇപ്പോൾ നിലപാടു മാറ്റുകയാണെന്ന് ആരോപിച്ചു പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ടിനു ബലക്ഷയമില്ലെന്ന വിദഗ്ധ സമിതി റിപ്പോർട്ടു പരിഗണിച്ചു കാര്യങ്ങളെ സമീപിക്കണമെന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്. ഇക്കാര്യം പരാമർശിച്ചാണു എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തിയത്.

പ്രതിപക്ഷത്തായിരുന്നപ്പോൾ വിദഗ്ധസമിതി റിപ്പോർട്ട് അംഗീകരിക്കില്ല എന്നും പുതിയ അണക്കെട്ടു വേണമെന്നുമുള്ള നിലപാടായിരുന്നു ഇടതുപക്ഷത്തിന്. ഈ നിലപാടിൽ നിന്നുള്ള പിന്നോട്ടു പോക്കാണ് ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുന്നത്. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പരിശോധിക്കാൻ നടപടിയുണ്ടാകും. തമിഴ്‌നാടുമായി ചർച്ചയ്ക്കു മുൻകൈയെടുക്കും. എന്നാൽ ജലനിരപ്പുയർത്താൻ അനുവദിക്കില്ല. പുതിയ അണക്കെട്ട് വേണ്ടെന്നല്ല നിലപാടെന്നും അണക്കെട്ടു സുരക്ഷിതമെന്ന വിദഗ്ധ സമിതി റിപ്പോർട്ട് നിലവിലുണ്ടെന്ന വസ്തുത കണക്കിലെടുത്താണു മുന്നോട്ടു പോകേണ്ടതെന്നും പിണറായി വിശദീകരിച്ചു.

പുതിയ അണക്കെട്ടില്ല എന്ന പരാമർശം പിണറായി നടത്തിയിരുന്നില്ല. കേരളകൗമുദി, തേജസ് മുതലായ പത്രങ്ങൾ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതായാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, മലയാള മനോരമയുൾപ്പെടെയുള്ള പത്രങ്ങൾ വിദഗ്ധ സമിതി റിപ്പോർട്ടിനോട് പിണറായി അനുകൂലമായി പ്രതികരിച്ചുവെന്ന തരത്തിൽ വാർത്ത നൽകി. വിവിധ മാദ്ധ്യമങ്ങളിൽ പിണറായിയുടെ പ്രസ്താവനകൾ വിവിധ തരത്തിലാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്നതിനാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സാധിച്ചിട്ടില്ല.

ഇടതുമുന്നണിയുടെ മുൻ നിലപാടിൽ നിന്നു മാറിയ പിണറായിയുടെ നയം വഞ്ചനാപരമാണെന്നാരോപിച്ചു കോൺഗ്രസ് നേതാവ് വി ഡി സതീശൻ രംഗത്തെത്തി. മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ സമരസമിതിയും പ്രതികരിച്ചു. പിണറായിയുടെ പ്രസ്താവന പുതിയ അണക്കെട്ടെന്ന എൽഡിഎഫ് വാഗ്ദാനത്തിന് വിരുദ്ധമാണെന്നും വി ഡി സതീശൻ പറഞ്ഞു. നിലപാടുമാറ്റം സുപ്രീംകോടതിയിൽ കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ സതീശൻ പറഞ്ഞു.

ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച പ്രകടനപത്രികയിൽ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലേറി 3 ദിവസങ്ങൾക്കുള്ളിൽ ഇത്തരമൊരു നിലപാടു മാറ്റം തിരഞ്ഞെടുപ്പിൽ ജനങ്ങളോട് നടത്തിയ പ്രഖ്യാപനത്തിന്റെ കാപട്യമാണ് തെളിയിക്കുന്നത്. ഇത് സംബന്ധിച്ച ഉദ്യോഗസ്ഥ തലത്തിലോ സർക്കാർ അഭിഭാഷകരായോ ചർച്ച നടത്തിയതായി ജനങ്ങൾക്ക് അറിവില്ല. മാത്രവുമല്ല കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച് കേരളം ഭരണപരമായും, നിയമപരമായും സ്വീകരിച്ചിട്ടുള്ള എല്ലാ നടപടികളിലും ഇടതുപക്ഷത്തിന്റെ അഭിപ്രായം പുതിയ അണക്കെട്ട് എന്നു തന്നെയായിരുന്നു. കഴിഞ്ഞ വർഷം കേരളത്തിൽ നിന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും സംയുക്തമായി സമർപ്പിച്ച നിവേദനത്തിലും പുതിയ അണക്കെട്ട് എന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. ഈ നിവേദനസംഘത്തിൽ അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ്.അച്ചുതാനന്ദനും അംഗമായിരുന്നുവെന്നും സതീശൻ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഇന്നത്തെ നിലപാടു മാറ്റം ഇതു സംബന്ധിച്ച സുപ്രീം കോടതി കേസുകളെയും പ്രതികൂലമായി ബാധിക്കുന്നതാണ്. ഇത് കേരളത്തിന്റെ താൽപ്പര്യങ്ങളെ ബലി കഴിക്കുന്നതാണ്. ഏകപക്ഷീയമായ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന തമിഴ്‌നാടിന് സുപ്രീം കോടതിയിൽ ആയുധമാകുമെന്നും സതീശൻ പറഞ്ഞു.

അതിനിടെയാണു മുല്ലപ്പെരിയാർ സമരസമിതിയും രംഗത്തെത്തിയത്. പുതിയ അണക്കെട്ട് വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുമെന്ന് സമരസമിതി രക്ഷാധികാരി ഫാ.ജോയി നിരപ്പേൽ വ്യക്തമാക്കി. പുതിയ അണക്കെട്ടിന്റെ ആവശ്യകത മുഖ്യമന്ത്രിയെ നേരിൽ കണ്ട് ധരിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന നിലപാടിലുറച്ചാണ് കേരളത്തിന്റെ നിയമയുദ്ധങ്ങളെല്ലാം നടന്നത്. എന്നാൽ നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ഇതിനെതിരെയാണ് സമരസമിതി പരസ്യമായി രംഗത്തെത്തിയത്. പുതിയ അണക്കെട്ട് എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സമരസമിതി മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പെരിയാർ തീരവാസികളുടെ ആശങ്ക അതേ തീവ്രതയോടെ വീണ്ടും അവതരിപ്പിക്കും. തമിഴ്‌നാടുമായി ചർച്ച നടത്തുമെന്ന മുഖ്യമന്ത്രിയുടെ നിലപാടിന്റെ സ്വാഗതം ചെയ്യുന്നുവെന്നും സമരസമിതി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP