Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൊലീസിനു നൽകിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതായി തിരിച്ചറിഞ്ഞു പിണറായി; ഉന്നത തലത്തിലെ പോര് അവസാനിപ്പിക്കാൻ കടുപ്പക്കാരന്റെ വേഷം വീണ്ടും പുറത്തെടുത്തേക്കും; ലക്ഷ്യമിടുന്നത് അടിമുടി പരിഷ്‌കാരം; ഫോൺ ചോർത്തൽ വിവാദത്തോടെ ജേക്കബ് തോമസിനെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്

പൊലീസിനു നൽകിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതായി തിരിച്ചറിഞ്ഞു പിണറായി; ഉന്നത തലത്തിലെ പോര് അവസാനിപ്പിക്കാൻ കടുപ്പക്കാരന്റെ വേഷം വീണ്ടും പുറത്തെടുത്തേക്കും; ലക്ഷ്യമിടുന്നത് അടിമുടി പരിഷ്‌കാരം; ഫോൺ ചോർത്തൽ വിവാദത്തോടെ ജേക്കബ് തോമസിനെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസിന്റെ തലപ്പത്തെ തമ്മിലടിയിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത നിരാശ. ഡിജിപി ലോക്‌നാഥ് ബെഹ്‌റയൊഴികെയുള്ളവർ പരസ്പരം തമ്മിലടിക്കുന്നുവെന്നാണ് വിലയിരുത്തൽ. സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ടുള്ള നീക്കങ്ങളിൽ മുഖ്യമന്ത്രി കടുത്ത നിരാശനാണ്. അതുകൊണ്ട് ത്‌ന്നെ പൊലീസിന്റെ തലപ്പത്ത് വൻ അഴിച്ചു പണിയും വരും. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ നീക്കങ്ങളിൽ ഐഎഎസ് ലോബിക്കൊപ്പം ഐപിഎസുകാരും നിലയുറപ്പിച്ചു. ഇതിൽ പ്രകോപിതനായ ജേക്കബ് തോമസ് എടുത്ത നടപടികളിലും പിണറായി അതൃപ്തനാണ്. ഈ സാഹചര്യത്തിൽ അടിയന്തര നടപടികൾ മുഖ്യമന്ത്രിയെടുക്കും.

നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ ഇ മെയിലും മൊബൈൽ ഫോണും പൊലീസ് ചോർത്തിയെന്ന വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ആരോപണം സർക്കാരിനു പുതിയ തലവേദനയായി. ഐ.പി.എസ്.ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ സഹിക്കാനാവില്ലെന്നു കാട്ടി പദവി ഒഴിയുകയാണെന്നു പറഞ്ഞു കത്തു നൽകിയ ജേക്കബ് തോമസിനെ അനുനയിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ഫോൺ ചോർത്തുന്നുവെന്നു പറഞ്ഞ് അദ്ദേഹം ഡി.ജി.പി: ലോക്‌നാഥ് ബെഹ്‌റയ്ക്കു കത്തു നൽകിയത്. ഇത് വാർത്തയായതോടെ പ്രതിപക്ഷം സർക്കാരിനെതിരെ വിമർശനവുമായെത്തി. നിർണ്ണായക ഘട്ടത്തിൽ പിന്തുണച്ചിട്ടും ജേക്കബ് തോമസ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസിൽ സമ്പൂർണ അഴിച്ചുപണി ഉണ്ടായേക്കും. എന്നാൽ നിയമസഭ കഴിയുന്നതുവരെ കാത്തിരിക്കാനാണ് സർക്കാർ നീക്കം. വിജിലൻസ് ഡയറക്ടറായി പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സ് ഡി.ജി.പി: രാജേഷ് ദിവാനെ നിയമിക്കുമെന്നും സൂചനയുണ്ട്. ദക്ഷിണമേഖലാ എഡിജിപിയായ സന്ധ്യയ്ക്കും ഉത്തരമേഖലാ എഡിജിപി സുധേഷ് കുമാറിനും കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിയമനം ലഭിച്ചിട്ടുണ്ട്. ഈ രണ്ട് പദവികളിലും ആളെ കണ്ടെത്തണം. ഇതിനൊപ്പം ഐജി തലത്തിലും മാറ്റങ്ങളുണ്ടാകും. ടോമൻ തച്ചങ്കരിയെ പോലുള്ളവർക്കും നിയമനം ലഭിച്ചേക്കും. എസ് പി തലത്തിലും അഴിച്ചു പണി അനിവാര്യമാണെന്ന് പിണറായി വിലിയിരുത്തുന്നു. ലോക്‌നാഥ് ബെഹ്‌റയുടെ പ്രവർത്തനത്തിൽ മുഖ്യമന്ത്രിക്ക് പരാതിയില്ല.

എന്നാൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂർ റെഞ്ച് ഐജി നടത്തിയ പരാമർശവും ചർച്ചയായി. പൊലീസിനെ കൊണ്ട് മാത്രം ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു പ്രസ്താവന. ഇത് നിരുത്തരവാദപരമായെന്ന് മുഖ്യമന്ത്രി വിലയിരുത്തുന്നു. ബെഹ്‌റ എത്തിയ ശേഷം കൊലപാതകക്കേസുകളും മറ്റും ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നു. ക്രമസമാധാന പാലനത്തിലും ഈ മികവ് കാട്ടണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. ഇതിനിടെ വിവിധ ഗ്രൂപ്പുകളാണ് പൊലീസ് മാറി. ജേക്കബ് തോമസിനും ശ്രീലേഖയ്ക്കും സന്ധ്യയ്ക്കുമെല്ലാം പൊലീസിൽ ഗ്രൂപ്പുകളുണ്ട്. മനോജ് എബ്രഹാമും തന്റേതായ ഗ്രൂപ്പുകളെ വളർത്തുന്നു. സൈബർ ഡോമിനെതിരായി ഉയർന്ന അഴിമതി ആരോപണങ്ങളും ഗൗരവത്തോടെ കാണുന്നു. ഇതിനെല്ലാം തടയിടണമെന്നാണ് ബഹ്‌റയോട് പിണറായിയുടെ ആവശ്യം.

എക്‌സൈസിൽ ഋഷിരാജ് സിംഗിനെ നിയമിച്ചത് മാത്രമാണ് പിണറായിക്ക് ആശ്വസിക്കാനുള്ളത്. സിങ്കം പേരുദോഷമുണ്ടാക്കിയില്ലെന്നും വിലയിരുത്തുന്നു. ജയിലുമായി ബന്ധപ്പെട്ടുയർന്ന വിവാദവും ഗൗരവമുള്ളതാണ്. നിസാമിന്റെ ഫോൺ വിളി പുറത്തുവന്നത് സർക്കാരിന് കളങ്കമാണ്. കണ്ണൂർ സെൻട്രൽ ജയിലിൽ പാർട്ടി ഗ്രാമങ്ങളുണ്ടെന്ന വാർത്തയ്ക്ക് പുറമേയായിരുന്നു ഇത്. ഇതിനൊപ്പമാണ് ജേക്കബ് തോമസിന്റെ ഫോൺ ചോർത്തൽ പരാതി. ഇന്റലിജൻസ് മേധാവി ശ്രീലേഖയെ ലക്ഷ്യമിട്ടാണ് ജേക്കബ് തോമസിന്റെ പരാതി. സമാനമായ ആക്ഷേപം നേരത്തെ ടോമിൻ തച്ചങ്കരിയും ഉന്നയിച്ചിരുന്നു. പൊലീസിലെ ഭിന്നതയുടെ പുതിയ തെളിവായി ജേക്കബ് തോമസിന്റെ പരാതിയെ മുഖ്യമന്ത്രി കാണുന്നു.

ഐ.ജിമാർക്ക് ഫോൺ ചോർത്താനുള്ള അനുമതി നൽകിയത് പുനഃപരിശോധിക്കണമെന്നാണു ജേക്കബ് തോമസിന്റെ ആവശ്യം. വിജിലൻസിന്റെ രഹസ്യവിവരങ്ങളിൽ പലതും തന്റെ ഇമെയിലിൽനിന്നു മോഷ്ടിക്കപ്പെട്ടതായി സംശയമുണ്ടെന്ന് അദ്ദേഹം കത്തിൽ സൂചിപ്പിക്കുന്നു. ആഭ്യന്തര സുരക്ഷയുടെ ഭാഗമായി ഐ.ജിമാർക്ക് ഫോൺ, ഇമെയിൽ രേഖകൾ ചോർത്താൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും ഈ പഴുതുപയോഗിച്ച് ഇവർ തന്റെ വകുപ്പിലെ സുപ്രധാന രേഖകൾ ചോർത്തുന്നുവെന്നുമുള്ള ആശങ്കയാണ് ജേക്കബ് തോമസ് ഡി.ജി.പിയുമായി പങ്കുവച്ചിരിക്കുന്നത്. ജേക്കബ് തോമസിന്റെ ഈ സംശയത്തിനു കഴമ്പില്ലെന്ന നിലപാടാണ് ആഭ്യന്തരവകുപ്പിനുള്ളത്.

വിജിലൻസിന്റെയും ആഭ്യന്തരവകുപ്പിന്റെയും സെക്രട്ടറിയായ നളിനി നെറ്റോ അറിയാതെ ആരുടെ ഫോണും ചോർത്താനാകില്ല. പിന്നെ എങ്ങനെ ഈ സംശയം ജേക്കബ് തോമസിനുണ്ടായി എന്നാണു പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോയ്ക്കു പരാതി നൽകാതെ വിജിലൻസ് ഡയറക്ടർ പരാതിയുമായി ഡി.ജി.പിയെ സമീപിച്ചതും ഇക്കാര്യം പുറത്തായതിലും സർക്കാരിൽ കടുത്ത അമർഷമുണ്ട്. പ്രതിപക്ഷം ജേക്കബ് തോമസിന്റെ നടപടികൾ രാഷ്ട്രീയായുധമാക്കുന്നതും നിയമസഭയിൽ സർക്കാരിനെതിരെ തുടരെ ആരോപണങ്ങളുന്നയിക്കുന്നതുമെല്ലാം മുഖ്യമന്ത്രിയെ കുഴക്കുന്നുണ്ട്.

തങ്ങളെ വിജിലൻസ് ഡയറക്ടർ വേട്ടയാടുകയാണെന്ന പരാതിയുമായി ഐ.എ.എസ്‌ഐ.പി.എസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളുടെ അഴിമതിക്കേസുകളടക്കം കൈകാര്യം ചെയ്യുന്ന വിജിലൻസ് ഡയറക്ടർ ആ ജോലി പൂർത്തിയാക്കാതെ എല്ലാ മേഖലയിലും കൈവയ്ക്കുന്നത് ശരിയല്ലെന്ന് ഇടതുമുന്നണിയിൽതന്നെ ചിലർ അഭിപ്രായപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP