Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീരമൃത്യു വരിച്ച ജവാൻ ജയചന്ദ്രൻ നായർക്ക് അന്തിമോപചാരം അർപ്പിക്കാൻ തിരുവനന്തപുരത്ത് ഉണ്ടായിട്ടും മുഖ്യമന്ത്രി എത്തിയില്ല; സർക്കാരിന്റെ പ്രതിനിധിയായി പങ്കെടുത്തത് വനം വകുപ്പു മന്ത്രി കെ രാജു; പിണറായി വിജയന്റെ അസാന്നിധ്യം മോശമായെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച

വീരമൃത്യു വരിച്ച ജവാൻ ജയചന്ദ്രൻ നായർക്ക് അന്തിമോപചാരം അർപ്പിക്കാൻ തിരുവനന്തപുരത്ത് ഉണ്ടായിട്ടും മുഖ്യമന്ത്രി എത്തിയില്ല; സർക്കാരിന്റെ പ്രതിനിധിയായി പങ്കെടുത്തത് വനം വകുപ്പു മന്ത്രി കെ രാജു; പിണറായി വിജയന്റെ അസാന്നിധ്യം മോശമായെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ കുടുംബത്തെ വേണ്ടവിധത്തിൽ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം കുറച്ചുകാലമായി നിലനിൽക്കുന്നതാണ്. ആലപ്പുഴയിൽ ജവാന്റെ മൃതദേഹം വീട്ടിലെത്തിച്ചത് ജീർണിച്ച അവസ്ഥയിലായിരുന്നു എന്നത് ഏറെ വിവാദങ്ങൽക്ക് വഴി വച്ചിരുന്നു. ശനിയാഴ്‌ച്ച ദക്ഷിണ ജമ്മുകശ്മീർ പുൽവാമ ജില്ലയിലെ പാമ്പോറിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ സിആർപിഎഫ് ബറ്റാലിയൻ 161ലെ സബ്ഇൻസ്‌പെക്ടർ, പാലോട് നന്ദിയോട് ചടച്ചിക്കരിക്കകം സ്‌നേഹശ്രീയിൽ ജി.ജയചന്ദ്രൻനായർ(52)ക്ക് ഇന്നലെയാണ് നാട് അന്ത്യയാത്ര നൽകിയത്. എന്നാൽ, ചടങ്ങിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യം ചർച്ചയായി.

പൂർണ്ണ സർക്കാർ, സൈനിക ബഹുമതികളോടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാണ് ധീരസൈനികന് നൽകിയത്. സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിച്ച് വനം മന്ത്രി കെ രാജുവാണ് സംസ്‌ക്കാര ചടങ്ങിൽ സംബന്ധിച്ചത്. ജയചന്ദ്രൻ നായർക്ക് അന്തിമോപചാരം അർപ്പിക്കാൻ നിരവധി പ്രമുഖർ വീട്ടിൽ എത്തുകയും ചെയ്തു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യമാണ് സോഷ്യൽ മീഡിയയിലെ ചർച്ചയ്ക്ക് ഇടയാക്കിയത്. ഇന്നലെ മുഖ്യമന്ത്രി തലസ്ഥാനത്ത് ഉണ്ടായിട്ടും പാലോടുള്ള ജയചന്ദ്രൻ നായരുടെ വീട് സന്ദർശിച്ച് അന്തിമോപചാരം അർപ്പിക്കാൻ എത്തിയില്ലെന്നതാണ് ആക്ഷേപത്തിന് ഇടയാക്കിയത്. ഇതേക്കുറിച്ച് ചിലർ സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്.

ഡിജിപി ലോകനാഥ് ബെഹ്‌റ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, രാജ്യസഭാ അംഗവും നടനുമായ സുരേഷ് ഗോപി, ഡി.കെ.മുരളി എംഎൽഎ, ഐജി മനോജ് ഏബ്രഹാം, എസ്‌പി ഷെഹിൻ അഹമ്മദ്, സിആർപിഎഫ് പള്ളിപ്പുറം ഡിഐജിപി എ.ശ്രീനിവാസ്, കമൻഡാന്റുമാരായ സഞ്ജീവ് ശർമ, ഗീതമ്മ തുടങ്ങി പ്രമുഖർ വസതിയിലെത്തി ജയചന്ദ്രൻ നായർക്ക് അന്തിമോപചാരം അർപ്പിച്ചു.

ഇന്നലെ മുഖ്യമന്ത്രി തലസ്ഥാനത്ത് തന്നെയുണ്ടായിരുന്നു. രാവിലെ സഭാ സമ്മേളനം വേഗം തന്നെ പിരിഞ്ഞിരുന്നു. ഇതിന് ശേഷം അദ്ദേഹം ഓഫീസിലാണ് സമയം ചിലവഴിച്ചത്. വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട ചില ചർച്ചകളും യോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുത്തു. എന്നാൽ, വീരമൃത്യുവരിച്ച ജവാന്റെ സംസ്‌ക്കാര ചടങ്ങിലേക്ക് മന്ത്രി പുനലൂർ രാജുവിനെ നിയോഗിക്കുയാണ് മുഖ്യമന്ത്രി ചെയ്തത്. അതേസമയം തന്നെ അദ്ദേഹം കാവാലം നാരായണപ്പണിക്കരുടെ വീട്ടിൽ എത്തുകയും ചെയ്തു.

ഒരു മണിക്കൂർ യാത്ര ചെയ്താൽ എത്താവുന്ന ദൂരമേ പാലോടേയ്ക്ക് ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി പോകാതിരുന്നത് എന്ന വിമർശനമാണ് ഉയരുന്നത്. നേരത്തെ വിമാനത്താവളത്തിൽ മൃതദേഹം എത്തിയപ്പോഴും ഏറ്റുവാങ്ങാൻ മുഖ്യമന്ത്രി എത്തിയില്ല. സർക്കാറിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഭൗതികദേഹം ഏറ്റുവാങ്ങിയത്. ജവാന്റെ സംസ്‌ക്കാര ചടങ്ങിൽ മുഖ്യമന്ത്രി നേരിട്ടെത്തണമെന്ന ഔദ്യോഗിക കീഴ്‌വഴക്കമൊന്നും നിലനിൽക്കുന്നില്ല. എന്നാൽ, സാമാന്യ മര്യാദയ്ക്ക് മുഖ്യമന്ത്രി എത്തേണ്ടതായിരുന്നു എന്നാണ് പാലോട്ടുള്ള നാട്ടുകാരും അഭിപ്രായപ്പെടുന്നത്.

എന്നാൽ, ഇത്തരമൊരു ചോദ്യം തന്നെ അനാവശ്യമാണെന്നു മന്ത്രിയും മറ്റ് നേതാക്കളും സംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്തു എന്നുമാണ് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരുടെ പക്ഷം. തിരക്കുകൾ ഒഴിഞ്ഞ് മുഖ്യമന്ത്രി തന്നെ വീട്ടുകാരെ നേരിൽ കാണാൻ എത്താനും സൂചനയുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരിപാടിക്ക് അനുസരിച്ച് പ്രവർത്തിക്കുന്നാണ് മുഖ്യമന്ത്രി പിണറായിയുടെ ശീലം. സമയകൃത്യത തെറ്റാതിരിക്കാൻ വേണ്ടിയാണ് അദ്ദേഹം പാലോട് എത്താത്തെന്നും സൂചനയുണ്ട്. അതേസമയം മുഖ്യമന്ത്രി ജയചന്ദ്രൻ നായരുടെ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചോ എന്ന കാര്യത്തിൽ വ്യക്തതയൊന്നുമില്ല. കാവാലത്തിന് ആദാരാജ്ഞലി അർപ്പിച്ച് മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നെങ്കിലും മുഖ്യമന്ത്രി ജയചന്ദ്രൻ നായരുടെ കാര്യത്തിൽ അതും ഉണ്ടായില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയരുന്നത്.

ശനിയാഴ്ച 4.50 മണിയോടെ ശ്രീനഗർ ജമ്മു ഹൈവേയിലെ കൊടുംവളവിൽ വച്ചാണു പരിശീലനം കഴിഞ്ഞു മടങ്ങിയ സൈനികവാഹന വ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ ജയചന്ദ്രൻനായർ അടക്കമുള്ള എട്ടുപേർ കൊല്ലപ്പെട്ടത്. ഇതിലെ ഏക മലയാളിയായിരുന്നു ജയചന്ദ്രൻ. 18-ാം വയസ്സിൽ സി.ആർ.പി.എഫിൽ ചേർന്ന ജയചന്ദ്രൻ നായർ 33 വർഷത്തെ സേവനം പൂർത്തിയാക്കി മടങ്ങാനിരിക്കേയാണ് ദുരന്തം. നാലുവർഷമായി ജമ്മു കശ്മീരിലാണ് ജോലി. വർക്കല ചെറുന്നിയൂർ വെള്ളിയാഴ്ചക്കാവ് മുടിയക്കോട് കളിയിക്കവിള വീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെയും രാജമ്മയുടെയും ഏഴുമക്കളിൽ മൂന്നാമനാണ് ജയചന്ദ്രൻ നായർ. ഹൈസ്‌കൂൾ വിദ്യാഭ്യാസം ഇളവട്ടം ബി.ആർ.എം. ഹൈസ്‌കൂളിലായിരുന്നു.

വിവാഹശേഷം ഭാര്യയുടെ സ്ഥലമായ പാലോട് കള്ളിപ്പാറയിൽ വീടുവച്ച് താമസമാക്കുകയായിരുന്നു. രണ്ടുമാസത്തെ അവധികഴിഞ്ഞ് മെയ് 31-നാണ് തിരികെപ്പോയത്. പാലോട് ക്രസന്റ് സ്‌കൂൾ മുൻ അദ്ധ്യാപിക ആർ.സിന്ധുകുമാരിയാണ് ഭ്യാര്യ. മക്കൾ സ്‌നേഹ എസ്.നായർ, ശ്രുതി എസ്.നായർ. (ഇരുവരും ചായം ഓൾ സെയിന്റ്‌സ് സ്‌കൂൾ വിദ്യാർത്ഥികൾ) സഹോദരങ്ങൾ: രാജീവ്, ശാന്തകുമാരി, മിനി, മായ, ദിലീപ്, പ്രദീപ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP