Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓഖിയിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകും; ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ച് ലക്ഷത്തിന്റെ സഹായം; കാണാതായ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് പഠനസഹായം; ഒരു മാസത്തേക്ക് സൗജന്യ റേഷൻ; സമഗ്ര നഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം; സംസ്ഥാനം നേരിട്ടത് അപ്രതീക്ഷിത ദുരന്തമെന്ന് മുഖ്യമന്ത്രി; ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പൊന്നും ലഭിച്ചില്ല; ഇനിയും കണ്ടെത്താനുള്ളത് 92 പേരെയെന്നും വാർത്താസമ്മേളനത്തിൽ പിണറായി

ഓഖിയിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകും; ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ച് ലക്ഷത്തിന്റെ സഹായം;  കാണാതായ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് പഠനസഹായം;  ഒരു മാസത്തേക്ക് സൗജന്യ റേഷൻ; സമഗ്ര നഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം; സംസ്ഥാനം നേരിട്ടത് അപ്രതീക്ഷിത ദുരന്തമെന്ന് മുഖ്യമന്ത്രി; ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പൊന്നും ലഭിച്ചില്ല; ഇനിയും കണ്ടെത്താനുള്ളത് 92 പേരെയെന്നും വാർത്താസമ്മേളനത്തിൽ പിണറായി

അരുൺ ജയകുമാർ

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റിലെ ദുരിതബാധിതർക്കുള്ള സമഗ്രപാക്കേജിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനിച്ചു. കടലിൽ പോകാൻ കഴിയാത്ത വിധത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകാനും തീരുമാനിച്ചു. ബോട്ടും വലയും നഷ്ടപ്പെട്ടവർക്ക് തതുല്യമായ നഷ്ടപരിഹാരം നൽകും. കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് പഠന സഹായം നൽകാനും സമഗ്ര നഷ്ടപരിഹാര പാക്കേജിൽ നിർദ്ദേശിക്കുന്നു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാരിന്റെ പത്ത് ലക്ഷം രൂപയും മൽസ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 5 ലക്ഷം രൂപയും ബദൽ ജീവനോപാധിക്കായി ഫിഷറീസ് വകുപ്പിൽ നിന്ന് 5 ലക്ഷം രൂപയും ചേർത്ത് 20 ലക്ഷം രൂപയാണ് നൽകുകയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനതതിൽ വിശദീകരിച്ചു. സഹായങ്ങൾ കാലതാമസം കൂടാതെ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ് തുടർന്ന് ജോലിയെടുക്കാൻ കഴിയാത്തവിധം അവശരായവർക്ക് ബദൽ ജീവനോപാധിയായാണ് 5 ലക്ഷം രൂപ നൽകക. നിലവിൽ ഒരാഴ്ച നൽകിയ സൗജന്യ റേഷൻ ഒരുമാസത്തേക്ക് നീട്ടി. മുതിർന്നവർക്ക് ഒരു ദിവസത്തേക്ക് 60രൂപയും കുട്ടികൾക്ക് 45 രൂപയും വീതം ഒരാഴ്ചത്തേക്ക് നൽകും.

ബോട്ടും വലയും നഷ്ടമായവർക്ക് തത്തുല്യമായ നഷ്ടപരിഹാരം നൽകും. മരണമടയുകയും കാണാതാവുകയും ചെയ്തവരുടെ മക്കൾക്ക് സൗജന്യവിദ്യാഭ്യാസവും തൊഴിൽപരിശീലനവും നൽകും. നിലവിൽ നൽകുന്ന ആനുകൂല്യങ്ങൾ പരിഷ്‌ക്കരിക്കുന്നതിന് റവന്യൂ, ഫിഷറീസ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. തുടർതെരച്ചിലിലും കണ്ടെത്താനാകാതെ പോകുന്ന മൽസ്യത്തൊഴിലാളികളുടെ കുടുംബത്തിനും സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയിൽ വിദഗ്ദ്ധരെ ഉൾപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. അഥോറിറ്റി ചെയർമാൻ മുഖ്യമന്ത്രിയും വൈസ് ചെയർമാൻ റവന്യൂ മന്ത്രിയുമാണ്. ഓഖി ചുഴലിക്കാറ്റിലൂടെ കേരളത്തിൽ ഉണ്ടായത് അപ്രതീക്ഷിത ദുരന്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് കിട്ടിയത് നവംബർ 30ന് ആണ്. രക്ഷാപ്രവർത്തനത്തിൽ സർക്കാരിന് വീഴ്ച വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നവംബർ 28ന് മുന്നറിയിപ്പ് കിട്ടിയിരുന്നില്ല. 29ന് പകൽ 2.30ന് മൽസ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ് കിട്ടി. 30ന് ഉച്ചയ്ക്ക് 12 മണിക്കാണ് ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് വന്നത്. ഇതു ലഭിച്ചയുടൻ എല്ലാ വിഭാഗങ്ങളെയും അറിയിച്ചു. കേന്ദ്ര ദുരന്ത നിവാരണ അഥോറിറ്റിയുടെ മാനദണ്ഡപ്രകാരമാണ് പ്രവർത്തിച്ചത്. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് ഇമെയിൽ വഴിയോ ഫോൺ വഴിയോ മുന്നറിയിപ്പ് ലഭിച്ചില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്‌സൈറ്റിൽ കടലിൽ പോകുന്നതിനെക്കുറിച്ച് മുന്നറിയിപ്പുണ്ടായിരുന്നു. 30നും ചുഴലിക്കാറ്റിനെക്കുറിച്ച് അറിയിപ്പുണ്ടായിരുന്നില്ല. ന്യൂനമർദത്തെക്കുറിച്ചായിരുന്നു വിവരം. മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാരിനു വീഴ്ച പറ്റിയിട്ടില്ല.

മൂന്നു ദിവസം മുൻപെങ്കിലും മുന്നറിയിപ്പ് ലഭിക്കേണ്ടിയിരുന്നു. കേന്ദ്രവും സംസ്ഥാനവും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. അറിയിപ്പ് ലഭിക്കുംമുൻപേ മൽസ്യത്തൊഴിലാളികൾ കടലിൽ പോയിരുന്നു. നേവിയും കോസ്റ്റ് ഗാഡും വിവരമറിഞ്ഞയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. മുന്നറിയിപ്പ് കിട്ടിയശേഷം ഒരു നിമിഷം പോലും പാഴാക്കിയില്ല. ദുരന്തം നേരിടുന്നതിൽ സംസ്ഥാന സർക്കാരിനു വീഴ്ചയില്ല. ഇക്കാര്യം കേന്ദ്രമന്ത്രിമാർ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തോടു ചേർന്നു കിടക്കുന്ന ലക്ഷദ്വീപിലേക്ക് മെഡിക്കൽ സംഘത്തെ അയയ്ക്കും. മറ്റു സംസ്ഥാനങ്ങളിലെത്തിയവരെ തിരിച്ചെത്തിക്കാൻ സഹായം ലഭ്യമാക്കും. ആഴക്കടലിൽ ഇത്ര സാഹസികമായ രക്ഷാദൗത്യം ഇതാദ്യമാണ്. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പുനഃസംഘടിപ്പിക്കും. 92 പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രതിരോധ സേനകൾ നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് സർക്കാർ നന്ദി അറിയിക്കുന്നതായും പിണറായി പറഞ്ഞു.

മത്സ്യത്തൊഴിലാളികൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കി

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൽസ്യത്തൊഴിലാളികൾ ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. ഭാവിയിൽ കടലിൽ പോകുന്നവർ ബോട്ടിൽ ജിപിഎസ് സംവിധാനം ഘടിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എമർജൻസി ഓപ്പറേഷൻ സംവിധാനം എല്ലാ ജില്ലകളിലും ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP