Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഊരിപ്പിടിച്ച കത്തിയെയും വാളിനെയും ഭയക്കാത്ത പിണറായിക്കു പേടി പ്രേതങ്ങളെ; എല്ലാക്കാലത്തും വെള്ളഷർട്ടിട്ടുമാത്രം ജീവിച്ചു; എംവിആറിന്റെ പുറത്തു പോക്കിലൂടെ പാർട്ടിയിലെ വന്മരമായി വളർച്ച; സ്വന്തം പിറന്നാളിനു പിന്നാലെ സർക്കാരിന്റെ പിറന്നാളും ആഘോഷിക്കുന്ന സഖാവിന്റെ ഇക്കാര്യങ്ങൾ അറിയാമോ?

ഊരിപ്പിടിച്ച കത്തിയെയും വാളിനെയും ഭയക്കാത്ത പിണറായിക്കു പേടി പ്രേതങ്ങളെ; എല്ലാക്കാലത്തും വെള്ളഷർട്ടിട്ടുമാത്രം ജീവിച്ചു; എംവിആറിന്റെ പുറത്തു പോക്കിലൂടെ പാർട്ടിയിലെ വന്മരമായി വളർച്ച; സ്വന്തം പിറന്നാളിനു പിന്നാലെ സർക്കാരിന്റെ പിറന്നാളും ആഘോഷിക്കുന്ന സഖാവിന്റെ ഇക്കാര്യങ്ങൾ അറിയാമോ?

മറുനാടൻ ഡെസ്‌ക്‌

ലശേരി ധർമടത്തെ ബ്രണ്ണൻ കോളജിനു പുറത്തെ വഴിയിൽ ഊരിപ്പിടിച്ച കത്തിയും വാളുമായി നിന്ന ആർഎസ്എസുകാരെ ഭയക്കാതെ അവർക്കു നടുവിലൂടെ നടന്നു പോയ് മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടിക്കാലത്ത് ആകെ പേടിച്ചിരുന്നത് പ്രേതങ്ങളെ. ചങ്കുറപ്പിനും കരളുറപ്പിനും പേരുകേട്ട പിണറായി കുട്ടിക്കാലം പിന്നിട്ടത് ദുരിതത്തിന്റെയും പോരാട്ടങ്ങളുടെയും നാളുകളിലൂടെ. കുട്ടിക്കാലത്ത് കടുത്ത വിശ്വാസിയും ക്ഷേത്രങ്ങളും കാവുകളും സന്ദർശിക്കാൻ ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന പിണറായിക്ക് കമ്യൂണിസ്റ്റ് ആശയങ്ങളിൽ ജീവിക്കാൻ ആരംഭിച്ചതോടെയാണ് മാറ്റം സംഭവിച്ചത്.

കുട്ടിക്കാലത്ത് പ്രേതഭൂതങ്ങളെ പിണറായിക്കു കടുത്തപേടിയായിരുന്നു. 2015-ൽ തെഹൽകയ്ക്കുവേണ്ടി മാത്യു സാമുവൽ നടത്തിയ അഭിമുഖത്തിലാണ് പിണറായി തന്റെ കുട്ടിക്കാലത്തെ പേടിയെക്കുറിച്ചു പറഞ്ഞത്. പ്രേതപ്പേടിക്കാരണം അമ്മ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ അടുക്കളയിൽ അടുത്തിരുന്നായിരുന്നു പഠനമൊക്കെ. ഒറ്റയ്ക്കിരിക്കാൻ പേടിയുമായിരുന്നു. ഇക്കാലത്ത് കാവുകളിലൊക്കെ പതിവായി സന്ദർശനം നടത്തിയിരുന്നു. തെയ്യക്കാലത്തായിരുന്നു കൂടുതൽ. ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്താണ് കമ്യൂണിസ്റ്റ് ആശയങ്ങളിലേക്കു ജീവിതം മാറുന്നതും അതോടെ വിശ്വാസിയല്ലാതായിത്തീർന്നെന്നുമാണ് പിണറായി പറഞ്ഞത്.

പിണറായിയുടെ ജന്മദിനം ജനങ്ങൾ അറിഞ്ഞത് കഴിഞ്ഞവർഷം മാത്രമായിരുന്നുവെന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. കഴിഞ്ഞവർഷം തെരഞ്ഞെടുപ്പിൽ അധികാരം കിട്ടിയ സമയത്ത് മാധ്യമങ്ങളെ കാണുമ്പോഴാണ് ആ ദിവസം തന്റെ ജന്മദിനമാണെന്നു പിണറായി വെളിപ്പെടുത്തിയത്. മാധ്യമപ്രവർത്തകർക്കു മധുരം നൽകിക്കൊണ്ടായിരുന്നു ഇത്.സ്‌കൂൾ രേഖകളിൽ 1944 മാർച്ച് 21 ആണ് പിണറായിയുടെ ജന്മദിനമായി രേഖപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമർപ്പിച്ച സത്യവാങ്മൂലത്തിലും ഇതേ ദിവസമാണ് കൊടുത്തിരുന്നത്. ഇതു സ്‌കൂളിൽ ചേർത്തപ്പോൾ അദ്ധ്യാപകർ വയ്ച്ചതായിരുന്നു. 1944 മെയ്‌ 24 ആണ് പിണറായി ജനിച്ചദിവസം.

ചെത്തുതൊഴിലാളി കുടുംബത്തിലായിരുന്നു പിണറായിയുടെ ജനനം. സാധാരണ സ്‌കൂളിൽ വിദ്യാഭ്യാസം. പഠനശേഷം കുറച്ചുകാലം കർണാടകത്തിൽ ബേക്കറിയിലും പിന്നീട് കുറച്ചുനാൾ നാട്ടിൽ നെയ്ത്തുശാലയിലും ജോലി ചെയ്തു. സ്‌കൂളിൽ പഠിക്കുന്ന കാലത്തേ തുടങ്ങിയതാണ് പിണറായിയുടെ വെള്ളഷർട്ടിടുന്ന ശീലം. ഇതിനും കാരണമുണ്ട്. അക്കാലത്ത് ഒരു ഷർട്ടു മാത്രമാണു പിണറായിക്കുണ്ടായിരുന്നത്. നിറമുള്ള ഷർട്ടുകളിടുകയാണെങ്കിൽ ഇതു പുറത്തറിയും. അതിനാൽ എന്നും വെള്ള ഷർട്ടു തന്ന ധരിച്ചു. പിന്നീട് രാഷ്ട്രീയത്തിലെത്തിയപ്പോഴും ഉയരങ്ങളിലേക്കു കുതിച്ചപ്പോഴും അതേ ശീലം തുടർന്നു.

കുട്ടിക്കാലത്തേ കമ്യൂണിസ്റ്റ് ജീവിതചര്യയും ആശയങ്ങളും പിണറായി വിജയന്റെ ഭാഗമായിരുന്നു. കടുത്ത പാർട്ടി കുടുംബമായിരുന്നു പിണറായിയുടേത്. പാർട്ടി നേതാക്കളുടെ കഥകൾ അമ്മ പറഞ്ഞുകൊടുത്തിരുന്നു. സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റ് പാർട്ടിക്കു നിരോധനമായിരുന്നതിനാൽ പാർട്ടി പ്രവർത്തകനായിരുന്ന ജ്യേഷ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനും സാക്ഷിയായി കുഞ്ഞു പിണറായി. ഇതൊക്കെയാണ് അദ്ദേഹത്തിന്റെ മനസിൽ കമ്യൂണിസത്തിന്റെ വിത്തുപാകിയത്.

1986-ൽ ബദൽരേഖാ വിവാദത്തെത്തുടർന്നു എം വി രാഘവനെ സിപിഐഎം പുറത്താക്കിയ സമയത്താണു പിണറായി വിജയൻ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്. കണ്ണൂരിന്റെ പ്രിയപ്പെട്ടവനായിരുന്ന രാഘവൻ പുതിയതായി രൂപീകരിച്ച സിഎംപിയിലേക്കു സിപിഐഎമ്മിൽനിന്നുള്ളവർ പോകുന്നതു തടയുക എന്നതായിരുന്നു പിണറായിയുടെ അക്കാലത്തെ പ്രധാന ഉത്തരവാദിത്തം. അതു ഭംഗിയായി നിർവഹിക്കുകയും ചെയ്തു. ഇരുപത്താറാം വയസിൽ കൂത്തുപറമ്പിൽനിന്നാണു പിണറായി ആദ്യമായി നിയമസഭയിൽ എത്തിയത്.

  • പിണറായിവിജയൻ കോളജിലെ സഹപാഠികൾക്കൊപ്പം. പിന്നിലെ വരിയിൽ ഇടത്തുനിന്ന് മൂന്നാമത് നിൽക്കുന്നതാണ് പിണറായി

പിണറായിയുടെ വ്യക്തിജീവിതം നോക്കിയാൽ അതിൽ കൗതുകകരമായ ഒരു കാര്യം രജനീകാന്തിനോടുള്ള ആരാധനയാണ്. എത്ര തിരക്കുണ്ടെങ്കിലും സ്റ്റൈൽ മന്നന്റെ സിനിമകൾ കാണുന്നതു പിണറായി മുടക്കാറില്ല. പലപ്പോഴും രജനിയുടെ ചിത്രങ്ങൾ കാണാൻ തിയേറ്ററിലെത്തുന്ന പിണറായി വാർത്തയായിട്ടുമുണ്ട്. മൊത്തത്തിൽ സിനിമയോട് ഇഷ്ടമുണ്ട്.

രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയുമൊക്കെ തിരക്കുകളുണ്ടെങ്കിലും വീട്ടുകാര്യങ്ങൾ ശ്രദ്ധാലുവായിരിക്കുന്ന ഗൃഹനാഥനുമാണു പിണറായി. ഇതു ഭാര്യ കമലതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. വീട്ടിലെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും. വീട്ടിലേക്ക് എന്തെങ്കിലും ചെയ്യണമെന്നു പറയേണ്ടിപോലും വന്നിട്ടില്ലാത്ത വിധം എല്ലാക്കാര്യങ്ങളും ശ്രദ്ധിച്ചു യഥാസമയം ചെയ്യുമെന്നാണു പിണറായിയെക്കുറിച്ചു കമലയ്ക്കു പറയാനുള്ളത്. വീട്ടിലേക്ക് ആദ്യം പിണറായി വാങ്ങിക്കൊണ്ടുവന്നത് ഒരു പ്രഷർ കുക്കറാണെന്നും അതു താൻ ഇപ്പോഴു സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും കമല ഓർക്കുന്നു. പിണറായി വീട്ടിൽ രാഷ്ട്രീയം പറയാറില്ലെന്നതാണ് പ്രത്യേകത. രാഷ്ട്രീയ കാര്യങ്ങളൊക്കെ വീടിന്റെ വാതിലിനു പുറത്തുവച്ചാണ് പിണറായി വീട്ടിലേക്കു പ്രവേശിക്കുക. പിന്നെ പുറത്തേക്കു പോകുന്നതുവരെ ഗൃഹനാഥൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP