Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

മകന്റെ വാക്ക് കേട്ട് ഒന്നും ആലോചിക്കാതെ വ്യവസായമന്ത്രി എടുത്തുചാടി; കമ്പനിയുടെ പ്രൊഫൈൽ പോലും പരിശോധിക്കാതെ കെഎസ്‌ഐഡിസി നിക്ഷേപിച്ചത് മൂന്ന് കോടി; ചേമ്പർ ഓഫ് കോമേഴ്‌സിന്റെ ടിവി നൗവിൽ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ അഴിമതിയോ?

മകന്റെ വാക്ക് കേട്ട് ഒന്നും ആലോചിക്കാതെ വ്യവസായമന്ത്രി എടുത്തുചാടി; കമ്പനിയുടെ പ്രൊഫൈൽ പോലും പരിശോധിക്കാതെ കെഎസ്‌ഐഡിസി നിക്ഷേപിച്ചത് മൂന്ന് കോടി; ചേമ്പർ ഓഫ് കോമേഴ്‌സിന്റെ ടിവി നൗവിൽ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ അഴിമതിയോ?

കൊച്ചി : സ്വകാര്യ ചാനലായ ടി.വി നൗവിൽ കെ.എസ്.ഐ.ഡി.സിയുടെ ഓഹരി നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ മുൻ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രതിക്കൂട്ടിലാക്കുമെന്ന് സൂചന. കുഞ്ഞാലിക്കുട്ടിക്കും മകൻ ഹാഷിക് പാണ്ടിക്കടവത്തിന്റേയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എടുക്കുന്ന നിലപാട് നിർണ്ണായകമാകും.

പൊതുപ്രവർത്തകനായ ഗിരീഷ് ബാബുവാണ് പരാതി നൽകിയത്. ജഡ്ജി പി മാധവൻ ഫയലിൽ സ്വീകരിച്ച കേസ് ഇപ്പോൾ ലീഗ് നേതൃത്വത്തിനു തന്നെ തലവേദനയാകുകയാണ്. കേരള സർക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി), മുൻ വ്യവസായ വകുപ്പ് മന്ത്രിയുടെ മകൻ ഡയറക്ടർ ബോർഡ് അംഗമായ ഇന്ത്യ മിഡിൽ ഈസ്റ്റ് ബ്രോഡ്കാസ്റ്റിങ് നെറ്റ്‌വർക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനം ആരംഭിക്കുന്ന സ്വകാര്യ ചാനലിൽ മൂന്ന് കോടി 63 ലക്ഷം രൂപയുടെ ഓഹരി നിക്ഷേപം നടത്തിയതാണു പരാതിക്കിടയാക്കിയത്.

ചാനലിന്റെ പ്രൊഫൈലുകൾ പോലും പരിശോധിക്കാതെ മകന്റെ നിർദേശ പ്രകാരം കുഞ്ഞാലിക്കുട്ടി നടത്തിയ നീക്കങ്ങളാണ് പുലിവാലായത്. നിലവിൽ എല്ലാവിധ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് മന്ത്രിയുടെ മകനും അനുചരന്മാർക്കും അവിഹിതമായി സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനു വേണ്ടിയാണ് വഴിവിട്ട് കെ.എസ്.ഐ.ഡി.സിയിൽനിന്ന് ഓഹരി നിക്ഷേപം നടത്തിയതെന്ന് ഹർജിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു. മന്ത്രി പുത്രനും മറ്റും ചേർന്ന് ആരംഭിക്കുമെന്ന് പറഞ്ഞ ചാനൽ നിലവിൽ പ്രവർത്തനരഹിതമാണ്. ചാനൽ അടച്ചുപൂട്ടി യന്ത്രോപകരണങ്ങൾ വരെ അഴിച്ചു വിറ്റകഴിഞ്ഞു. യന്ത്രങ്ങൾ മറിച്ചു വിറ്റതിന്റെ കസ്റ്റംസ് തല അന്വേഷണം നടക്കുന്നുണ്ട്.

ചാനലിനാകട്ടെ നിലവിൽ സംപ്രേഷണാനുമതി ഇല്ലെന്നും ഹർജിക്കാരൻ പറയുന്നു. ചാനലിന്റെ അംഗങ്ങളേയും പ്രവർത്തനത്തേയും ആധികാരികതയേയും അംഗീകാരത്തേയും പറ്റി യാതൊരുവിധ അന്വേഷണവും നടത്താതെയാണ് കെ.എസ്.ഐ.ഡി.സി ഓഹരി നിക്ഷേപം നടത്തിയിട്ടുള്ളത്. ചാനൽ ഡയറക്ടർ ബോർഡ് അംഗങ്ങളായവരിൽ ചിലർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്. മന്ത്രി പുത്രനും മറ്റും ചേർന്ന് രൂപീകരിച്ച കടലാസു കമ്പനിയായ സ്വകാര്യ ചാനലിൽ സർക്കാരിന്റെ ഓഹരി നിക്ഷേപത്തെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും മുൻ ആഭ്യന്തര മന്ത്രി അന്വേഷണ ഉത്തരവിട്ടപ്പോൾ മുൻ വ്യവസായ വകുപ്പ് മന്ത്രിയുടെ മകൻ ഈ ചാനലിന്റെ ഡയറക്ടർ ബോർഡ് സ്ഥാനത്തു നിന്ന് രാജിവച്ചു.

ചേമ്പർ ഓഫ് കൊമേഴ്സിന്റെ കീഴിൽ തുടങ്ങിയ ചാനലിന്റെ പൊടിപോലും ഇപ്പോൾ കാണാനില്ല. കെ.എസ്.ഐ.ഡി.സി മുൻ ചെയർമാൻ ടി.കെ.എ നായർ, മുൻ മാനേജിങ് ഡയറക്ടർമാരായ അരുണാ സുന്ദർ രാജ്, എം ബീന, കമ്പനി സെക്രട്ടറി കെ സുരേഷ് കുമാർ, സ്വകാര്യ ചാനൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ എ.എൻ മർസൂക്, ബിജു ചെറിയാൻ, മാത്യു ജോർജ് കുരുവിത്തടം, അക്ഷിത് തോമസ്, തോമസ് പൗലോസ്, ഇ.പി ജോർജ്, ഓറിയന്റൽ മുഹമ്മദ് അഹമ്മദ്, കുറുന്തോടത്ത് മമ്മി അബ്ദുള്ള, ഉസ്മാൻ കടവിൽ, ആന്റണി തോമസ്, സിയാദ് വെട്ടിക്കൽ, ഷിബു പ്രഭാകരൻ, ദീപക് കുമാർ ഷെട്ടി എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിട്ടുള്ളത്. കേസിന്റെ തുടർവാദം കേൾക്കുന്നതിനായി ഒക്ടബോർ 19ലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP