Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കായിക ഇന്ത്യയുടെ പുതിയ ദൂരവും ഉയരവും അടയാളപ്പെടുത്താൻ കോഴിക്കോട് ഉഷ സ്‌കൂൾ സജ്ജം; ചിരകാലാഭിലാഷമായ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം 15ന് പ്രധാനമന്ത്രി നിർവഹിക്കും; കായികരംഗത്ത് പിടിച്ചുനിൽക്കാൻ കുറുക്കു വഴികളില്ലെന്ന് ഒളിമ്പ്യൻ പി ടി ഉഷ; ഇന്ത്യൻ ഗ്രാന്റ്പ്രീക്ക് വേദിയൊരുക്കാൻ സന്നദ്ധം

കായിക ഇന്ത്യയുടെ പുതിയ ദൂരവും ഉയരവും അടയാളപ്പെടുത്താൻ കോഴിക്കോട് ഉഷ സ്‌കൂൾ സജ്ജം; ചിരകാലാഭിലാഷമായ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം 15ന് പ്രധാനമന്ത്രി നിർവഹിക്കും; കായികരംഗത്ത് പിടിച്ചുനിൽക്കാൻ കുറുക്കു വഴികളില്ലെന്ന് ഒളിമ്പ്യൻ പി ടി ഉഷ; ഇന്ത്യൻ ഗ്രാന്റ്പ്രീക്ക് വേദിയൊരുക്കാൻ സന്നദ്ധം

കെ സി റിയാസ്

കോഴിക്കോട്: വളരെ ചുരുങ്ങിയ കാലത്തിനകം രാഷ്ട്രത്തിന് രണ്ട് ഒളിമ്പ്യന്മാരെ സമ്മാനിച്ച കോഴിക്കോട് കിനാലൂരിലെ ഉഷ സ്‌കൂൾ ഓഫ് അത്ലറ്റിക്സിന് സ്വപ്നസാഫല്യം. സ്‌കൂളിന്റെ ചിരികാലാഭിലാഷമായ സിന്തറ്റിക് ട്രാക്കെന്ന സ്വപ്നം യാഥാർത്ഥ്യമാവുന്നു. സ്റ്റേഡിയം ഉദ്ഘാടനം 15ന് വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുമെന്ന് ഒളിമ്പ്യൻ പി ടി ഉഷ അറിയിച്ചു.

സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സെൻട്രൽ പിഡബ്ല്യു ഡി ആണ് പ്രവൃത്തി പൂർത്തീകരിച്ചത്. കേന്ദ്ര കായിക യുവജന ക്ഷേമകാര്യാലയത്തിന്റെ കീഴിൽ നാഷണൽ സ്പോർട്സ് ഡെവലപ്മെന്റ് ഫണ്ടിൽ നിന്നും ലഭിച്ച 8.5 കോടി മുതൽ മുടക്കിയാണ് സിന്തറ്റിക് സ്റ്റേഡിയം പണിതത്. കേന്ദ്ര കായിക മന്ത്രിയായിരുന്ന അജയ്മാക്കാൻ 2011 ഫെബ്രുവരിയിൽ ഉഷ സ്‌കൂൾ സന്ദർശിച്ചപ്പോഴാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.

പിന്നീട് പല തവണ കേന്ദ്രത്തെ സമീപിച്ചെങ്കിലും ഫണ്ട് ലഭിച്ചില്ല. ഏറ്റവും ഒടുവിൽ ഇപ്പോഴാണ് അനുകൂല നടപടിയുണ്ടായത്. കേന്ദ്ര സർക്കാരിൽ നിന്നും ഉഷ സ്‌കൂളിന് ലഭിച്ച ആദ്യത്തെ ധനസഹായമാണിതെന്നും ഉഷ പറഞ്ഞു. എട്ട് ലൈനോട് കൂടിയ സിന്തറ്റിക് ട്രാക്കും ജമ്പിങ് ത്രോയിങ് പിറ്റുകൾ അടക്കമുള്ള എല്ലാ സംവിധാനങ്ങളോടും കൂടിയാണ് സിന്തറ്റിക് ട്രാക്ക് പൂർത്തിയായത്. ജർമനിയിലെ പോളടാൻ എന്ന കമ്പനി ടി ആൻഡ് എഫ് സ്പോർട്സ് ഇൻഫ്രാടെക്കുമായി സഹകരിച്ചാണ് സിന്തറ്റിക് ട്രാക്ക് പൂർത്തിയാക്കിയത്.

കായികരംഗത്ത് ഉയർച്ചയുടെ പടവുകൾ ചവിട്ടാൻ ചിട്ടയായ പരിശീലനത്തിനപ്പുറം മറ്റു കുറുക്കു വഴിയകളൊന്നുമില്ലെന്നും അല്ലാത്തവയ്ക്ക് ആയുസ്സുണ്ടാവില്ലെന്നും ചോദ്യങ്ങളോടായി ഉഷ പ്രതികരിച്ചു. ഉഷ സ്‌കൂൾ എന്റേതോ ഭർത്താവ് ശ്രീനിവാസന്റേതോ ഒന്നുമല്ല. അത് ഇന്ത്യയുടേതാണെന്നും അവർ പറഞ്ഞു.

വിദ്യാർത്ഥികളിൽ കൃത്യമായ കായിക അവബോധമുണ്ടാക്കാൻ വിദ്യാഭ്യാസ കരിക്കുലത്തിൽ സ്പോർട്സ് പാഠ്യവിഷയമാക്കേണ്ടതുണ്ട്. ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് ചിട്ടയായ പരിശീലനം നൽകണം. അങ്ങനെ പരിശീലനം നേടിയെങ്കിൽ മാത്രമെ വിജയമുണ്ടാകൂ എന്ന തിരിച്ചറിവ് കുട്ടികൾക്കുണ്ടാവണം. തന്റെ 16-ാം വയസ്സിൽ മോസ്‌കോയിൽ നടന്ന ഒളിംപിക്സിലാണ് താൻ ആദ്യമായി സിന്തറ്റിക് ട്രാക്ക് കണ്ടത്. പിന്നീട് ഏഷ്യാഡിനോട് അനുബന്ധിച്ച് ഡൽഹിയിലും പാട്യലയിലും സിന്തറ്റിക്ക് വന്നു. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമായിരുന്നു ട്രാക്കുണ്ടായിരുന്നത്.

കോഴിക്കോട് ഉഷാ സ്‌കൂളിന്റെ തുടക്കത്തിൽ തന്നെ സിന്തറ്റിക്ക് ട്രാക്ക് എന്ന ആവശ്യം കേന്ദ്രസർക്കാരിനെ ബോധിപ്പിച്ചിരുന്നു. ഉമാ ഭാരതി കായിക മന്ത്രിയായിരുന്നപ്പോൾ അത് വാഗ്ദാനം ചെയ്തിരുന്നു. ദേശീയ ഗെയിംസിന്റെ ഭാഗമായി സുരേഷ് കൽമാഡിയും തുക അനുവദിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാന തലത്തിൽ സമ്മർദ്ദം ഉയർന്നു വരാതിരുന്നതിനാൽ ലഭിച്ചില്ല. പയ്യോളിയിലെ കടപ്പുറത്തും മറ്റും പരിശീലിച്ചാണ് ടിന്റു ലൂക്ക പോളണ്ടിലെ വേൾഡ് ജൂനിയർ മീറ്റിൽ മെഡൽ നേടിയത്. ഒളിമ്പ്യൻ ജിസ്ന മാത്യുവും ഏറെ പരിമിതികളോട് മല്ലടിച്ചാണ് നേട്ടങ്ങൾ കൊയ്തത്. മീറ്റുകളുണ്ടാകുമ്പോൾ കൊച്ചിയിലും മംഗലാപുരത്തും ബാംഗ്ലൂരിലും പോയി പരിശീലിച്ചിട്ടുണ്ട്. സ്വന്തം മൺട്രാക്കിൽ ദീർഘകാലം പരിശീലനം നടത്തിയ സ്‌കൂളിലെ താരങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി കോഴിക്കോട് മെഡിക്കൽ കോളെജിലെ ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലാണ് പരിശീലനം നടത്തുന്നത്. രാവിലെയും വൈകിട്ടും 30 കിലോമീറ്ററിലധികം താണ്ടിയാണ് ഇവർ കോഴിക്കോട്ടു വരുന്നത്. ഇത് ഏറെ പ്രയാസങ്ങളുണ്ടാക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കുട്ടികളുടെ പ്രകടനത്തെ സാരമായി ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

കിനാലൂരിലെ ഉഷാ സ്‌കൂൾ ഓഫ് സിന്തറ്റിക്ക് ട്രാക്കിൽ അനുബന്ധ സൗകര്യങ്ങൾ ഒരുക്കിയാൽ ഇന്ത്യൻ ഗ്രാന്റ് പ്രീ ഉൾപ്പടെയുള്ള മത്സരങ്ങൾ നടത്താൻ ഒരുക്കമാണ്. ഗ്യാലറിയും ഡ്രസ്സിങ് റൂമും ഹോസ്റ്റലും ഇതിനായി ആവശ്യമാണ്. എന്തായാലും കിനാലൂരിൽ ലോകോത്തര നിലവാരമുള്ള ഒരു അക്കാദമി കെട്ടിപ്പടുക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഒരു കൊച്ചു വാടക കെട്ടിടത്തിൽ നിന്നും ആധുനിക രീതിയിലുള്ള ഹോസ്റ്റൽ ബ്ലോക്ക് ഉൾപ്പടെ അത്യാവശ്യ സൗകര്യങ്ങളുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറാനായി. ഇതോടൊപ്പം നമ്മുടെ അത്ലറ്റുകൾ ഒട്ടനവധി മെഡലുകൾ ദേശീയ-രാജ്യാന്തര തലത്തിൽ വാരിക്കൂട്ടി.

സ്പോർട്സിനേയും ഉഷാ സ്‌കൂളിനേയും സ്നേഹിക്കുന്ന ഒട്ടനവധി ആളുകളുടെ സ്നേഹവും സഹായവും പ്രാർത്ഥനയുമാണ് ഈ നേട്ടങ്ങൾക്കു പിന്നിൽ. ഇനിയും ഏറെ കടമ്പകളുണ്ട്. അതിനുള്ള വിശ്രമമില്ലാത്ത നാളുകളാണ് തുടർന്നും ഉണ്ടാവുകയെന്നും അവർ വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ അധ്യക്ഷത വഹിക്കും. സംസ്ഥാന കായിക മന്ത്രി എ സി മൊയ്തീൻ മുഖ്യപ്രഭാഷണം നടത്തും. സുരേഷ് ഗോപി എം പി, എം കെ രാഘവൻ എം പി, പുരുഷൻ കടലുണ്ടി എം എൽ എ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി പി ദാസൻ, കെ എസ് ഐ ഡി സി എംഡി ഡോ. എം ബീന, ജില്ലാ കലക്ടർ യു വി ജോസ്, അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി പി ഐ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സായ് റീജ്യണൽ ഡയരക്ടർ ഡോ. ജി കിഷോർ തുടങ്ങിയവർ പങ്കെടുക്കും.

2002-ലാണ് ഒളിമ്പ്യൻ പി ടി ഉഷ പ്രസിഡന്റും പി എ അജനചന്ദ്രൻ ജനറൽ സെക്രട്ടറിയും വി ശ്രീനിവാസൻ ട്രഷററുമായി ഉഷ സ്‌കൂൾ സ്ഥാപിതമായത്. കൊയിലാണ്ടിയിലെ പരിമിതമായ സൗകര്യങ്ങളിൽ തുടക്കം കുറിച്ച ഉഷ സ്‌കൂൾ ഒന്നര പതിറ്റാണ്ടു പിന്നിടുമ്പോൾ ദേശീയ-അന്തർ ദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന ടിന്റു ലൂക്ക, ജിസ്‌ന മാത്യൂ, അബിത മാരി ഇമാനുവൽ തുടങ്ങി ഒത്തിരി താരങ്ങളെ സംഭാവന ചെയ്തു കഴിഞ്ഞു. 2008ൽ എപ്രിലിൽ കിനാലൂരിലേക്ക് മാറ്റി സ്ഥാപിച്ച സ്‌കൂളിൽ വ്യാഴാഴ്‌ച്ച സിന്തറ്റിക് ട്രാക്ക് കൂടി യാഥാർത്ഥ്യമാവുമ്പോൾ കായിക ഇന്ത്യയുടെ പുതിയ ദൂരവും ഉയരവും അടയാളപ്പെടുത്തുന്ന ഒത്തിരി താരങ്ങളുടെ പുത്തൻ സൂര്യോദയമാകുമെന്നു തീർച്ച.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP