Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

17ന് മോദി തുറന്നു കൊടുക്കുക ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റർ; തൃപ്പുണ്ണിത്തുറ വരെയുള്ള 26.5 കിലോമീറ്ററിൽ ട്രെയിൻ ഓടാൻ ഇനിയും ഒരു വർഷം കൂടി വേണ്ടി വരും; കല്ലൂരു നിന്നും ഇൻഫോ പാർക്കിലേക്കുള്ള നിർമ്മാണം ഒപ്പം നടക്കും; കൗതുക കാഴ്ച ആസ്വദിക്കാൻ എത്തുന്ന ആൾക്കൂട്ടം തീർന്നാൽ പിന്നെ യാത്രക്കാർ ഉണ്ടാകുമോ എന്ന ആശങ്ക ശക്തം

17ന് മോദി തുറന്നു കൊടുക്കുക ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റർ; തൃപ്പുണ്ണിത്തുറ വരെയുള്ള 26.5 കിലോമീറ്ററിൽ ട്രെയിൻ ഓടാൻ ഇനിയും ഒരു വർഷം കൂടി വേണ്ടി വരും; കല്ലൂരു നിന്നും ഇൻഫോ പാർക്കിലേക്കുള്ള നിർമ്മാണം ഒപ്പം നടക്കും; കൗതുക കാഴ്ച ആസ്വദിക്കാൻ എത്തുന്ന ആൾക്കൂട്ടം തീർന്നാൽ പിന്നെ യാത്രക്കാർ ഉണ്ടാകുമോ എന്ന ആശങ്ക ശക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏറെ പ്രതീക്ഷകളോടെ കൊച്ചി മൊട്രോയുടെ ഉദ്ഘാടനം ജൂൺ 17ന് നടക്കുമ്പോൾ അത് കേരളത്തിലെ വികസന ചരിത്രത്തിലെ പുതു അധ്യായമാകും. എന്നാൽ ഈ വികസന രൂപത്തെ കേരളം എങ്ങനെ സ്വീകരിക്കുമെന്നതാണ് പ്രധാനം. കൊച്ചി മെട്രോയുടെ വിജയം സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണ്ണായകമാണ്. മലയാളിയുടെ കാഴ്ചപാടുകളിലൂടെയൂള്ള യാത്രയാകും മെട്രോ നടത്തുക. 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോയ്ക്ക് തുടക്കം കുറിക്കും. ഇതിന് ശേഷം വലിയ തരിക്ക് തന്നെ മെട്രോയിൽ കയറാനുണ്ടാകും. എന്നാൽ മെട്രോയോടുള്ള കൗതുകം തീർന്നാൽ പിന്നെ യാത്രക്കാരുണ്ടാകുമോ എന്നതാണ് പ്രധാനം. കൊച്ചി മെട്രോയുടെ വിജയത്തിൽ നിർണ്ണായകമാവുകയും ഈ ചോദ്യത്തിനുള്ള ഉത്തരം തന്നെയാണ്. പരമാവധി ആവേശമുയർത്തി ആളുകളെ മെട്രോയിലെത്തിക്കാനുള്ള തന്ത്രങ്ങൾ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കുന്നുണ്ട്.

മെട്രോ ആരംഭിക്കുന്ന ആലുവയിലാകും ഉദ്ഘാടന പരിപാടികൾ നടക്കുക. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ് ആദ്യഘട്ടത്തിൽ മെട്രോ ഓടുന്നത്. ഇതിനിടെ 11 സ്റ്റേഷനുകളുണ്ട്. റൂട്ടിൽ ഇപ്പോൾ ട്രയൽ റൺ നടക്കുന്നുണ്ട്. നേരത്തേ മെട്രോ ഉദ്ഘാടനം സംബന്ധിച്ച് ആശക്കുഴപ്പം നിലനിന്നിരുന്നു. മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാൽ പിന്നീട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മെട്രോ ഉദ്ഘടാനം ജൂൺ ആദ്യവാരം നടക്കുമെന്ന് അറിയിച്ച് രംഗത്തെത്തിയത് വിവാദമായി. വിദേശ സന്ദർശനത്തിന് പോകുന്നതിനാൽ പ്രധാനമന്ത്രിക്ക് ജൂൺ ആദ്യവാരം എത്താൻ സാധിക്കില്ലായിരുന്നു. പ്രധാനമന്ത്രിയെ കാക്കാതെ ഉദ്ഘാടനം നടത്താൻ സർക്കാർ തീരുമാനിച്ചെന്ന ആരോപണം ഉയർന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയുടെ സമയം കൂടി പരിഗണിച്ചേ ഉദ്ഘാടന തീയതി നിശ്ചയിക്കൂ എന്ന് വ്യക്തമാക്കുകയായിരുന്നു. അങ്ങനെയാണ് മോദി ഉദ്ഘാടനത്തിന് എത്തുന്നത്. മെട്രോയുടെ മാഹാത്മ്യം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ കൂടിയാണ് ഇത്.

കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായിയും അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി കേരളത്തിൽ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക പരിപാടിയാണ് ഇത്. ഇതിലൂടെ രാഷ്ട്രീയം മറന്ന് വികസനത്തിന് വേണ്ടി കേരളം ഒന്നിക്കണമെന്ന സന്ദേശം നൽകാനാണ് പിണറായി സർക്കാർ ആഗ്രഹിക്കുന്നത്. മോദി തന്നെ ഉദ്ഘാടകനാകണമെന്ന മെട്രോ മാൻ ഇ ശ്രീധരന്റെ ഉറച്ച തീരുമാനവും ഇതിലേക്ക് കാര്യങ്ങളെത്തിച്ചു. ഈ മാസമാദ്യം കേന്ദ്ര മെട്രോ റെയിൽ സുരക്ഷാ സംഘം പരിശോധന നടത്തി അനുമതി നൽകിയതോടെയാണ് കൊച്ചി മെട്രോ പൊതുജനങ്ങൾക്കായി പ്രവർത്തിച്ചു തുടങ്ങുന്നതിനുള്ള അവസാന കടമ്പയും കടന്നത്. അനുമതി ലഭിച്ച് ഒരു മാസത്തിന് ശേഷമാണ് മെട്രോ ഉദ്ഘാടനം നടക്കുന്നത്. ഇത് പ്രധാനമന്ത്രിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് വേണ്ടിയായിരുന്നു. സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി മെട്രോ ഉദ്ഘാടനം നടത്താൻ മന്ത്രിസഭ നിശ്ചയിച്ചതാണ് വിവാദങ്ങൾക്കു വഴിമരുന്നിട്ടത്.

ആലുവയിൽനിന്നു പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് മെട്രോ ആദ്യം ഓടുന്നത്. രണ്ടോമൂന്നോ മാസത്തിനുശേഷം എംജി റോഡിൽ മഹാരാജാസ് കോളജ് ഗ്രൗണ്ടു വരെ. ഒരുവർഷത്തിനുള്ളിൽ തൃപ്പൂണിത്തുറ വരെ 26.5 കിലോമീറ്ററിലേക്കു മെട്രോ ഓടിയെത്തും. ഇതിനൊപ്പം തന്നെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്നു കാക്കനാട് ഇൻഫോ പാർക്കിലേക്കുള്ള മെട്രോ നിർമ്മാണവും ആരംഭിക്കും. തൃപ്പൂണിത്തുറ വരെ മെട്രോ നീണ്ടാൽ മാത്രമേ മെട്രോയുടെ യഥാർത്ഥ ലക്ഷ്യം പൂർത്തിയാകൂ. കൊച്ചിയിലെ ഗതാഗത കുരുക്കിന് പരിഹാരമാവുകയാണ് മെട്രോയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മെട്രോയുടെ ഗ്ലാമറിൽ കൊച്ചി ഒന്നടക്കം ഇതിനെ നെഞ്ചിലേറ്റിയാൽ മാത്രമേ ഇതിന് കഴിയൂ. രാജ്യത്ത് ഇതുവരെ നിർമ്മിച്ചിട്ടുള്ള ഏതു മെട്രോയെക്കാളും മികച്ചതാണ് കൊച്ചി മെട്രോ. ഈ ബോധ്യത്തോടെ കൊച്ചി മെട്രോയെ വിജയമാക്കുമെന്നാണ് കെ എം ആർ എല്ലിന്റെ പ്രതീക്ഷ.

മെട്രോ റെയിൽ പരീക്ഷണ ഓട്ടം പൂർണമായും വിജയമാണ്. യാത്രാ സർവീസിന്റെ മാതൃകയിലാണ് ഇപ്പോൾ പരീക്ഷണഓട്ടം. ആറു ട്രെയിനുകൾ അണിനിരത്തിയാണു പരീക്ഷണ ഓട്ടം. ഇരുന്നൂറിലധികം സർവീസാണ് ഒരു ദിവസം നടത്തുന്നത്. പരീക്ഷണം പൂർണ തോതിലായതോടെ സർവീസുകൾക്കിടയിലെ ഇടവേള കുറഞ്ഞു. 8.33 മിനിട്ടിന്റെ ഇടവേളയിലാണ് ഇപ്പോൾ സർവീസ്. ആലുവ മുതൽ പാലാരിവട്ടം വരെ 25 മിനിട്ട് കൊണ്ടാണു ട്രെയിൻ ഓടിയെത്തുന്നത്. സർവീസുകൾക്കും ആറു ട്രെയിനുകളാണ് ഉപയോഗിക്കുക. ആകെ ഒൻപതു ട്രെയിനുകളാണ് എത്തിയിട്ടുള്ളത്. മൂന്നെണ്ണം കരുതലായി മെട്രോ യാർഡിൽ സൂക്ഷിക്കും. കൊച്ചിയുടെ പഴമയും വാണിജ്യ സംസ്‌കാരവും സമുദ്ര സഞ്ചാരപ്പെരുമയും പൂക്കളും പക്ഷികളും മൽസ്യങ്ങളുമെല്ലാം പുനർജനിക്കുന്ന സ്റ്റേഷനുകളും ആളുകളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തയ്യാറാക്കിയിരിക്കുന്നത്.

ടിക്കറ്റു കൗണ്ടറിൽ നിന്നും സിംഗിൾ ടിക്കറ്റും സ്മാർട്കാർഡ് രൂപത്തിലുള്ള ടിക്കറ്റും ലഭിക്കും. ടിക്കറ്റെടുത്തു തൊട്ടുമുകളിലേക്ക് കയറിയാൽ പ്ലാറ്റ്‌ഫോം. അങ്ങോട്ടു കടക്കാൻ ചെറിയ വിക്കറ്റു ഗേറ്റ്. കാർഡ് 'സ്വൈപ്' ചെയ്യുമ്പോൾ ഗേറ്റ് തുറക്കും. പ്ലാറ്റ്‌ഫോമിൽ കയറി ട്രെയിൻ എത്തുമ്പോൾ അകത്തുകയറാം. ട്രെയിന്റെ വാതിൽ തുറക്കുമ്പോൾ ചെണ്ടകൊട്ടും മേളവും കേൾക്കാം. ട്രെയിൻ സ്റ്റേഷനിലെത്തുമ്പോൾ, ആ സ്റ്റേഷന്റെയും സമീപപ്രദേശങ്ങളുടെയും പ്രത്യേകതകൾ എൽഇഡി സ്‌ക്രീനിൽ കാണിക്കും. മറ്റൊരു മെട്രോയിലും ഇത്തരമൊരു സൗകര്യമില്ല. തൊട്ടടുത്ത സ്റ്റേഷന്റെ അറിയിപ്പും ട്രെയിനിലുണ്ടാകും.

ഏറ്റവും ആധുനികമായ സ്റ്റെയിൻലെസ് സ്റ്റീൽ കോച്ചുകളാണ്. സീറ്റ് 136 മാത്രമേ ഉള്ളൂവെങ്കിലും നിൽപ്പുയാത്രപോലും തൃപ്തികരമായിരിക്കും. ഇരുന്നും നിന്നുമായി 975 പേർക്ക് യാത്രചെയ്യാം. പരിസ്ഥിതിസൗഹൃദ നിർമ്മാണത്തിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ സ്റ്റേഷനുകളിലും മുട്ടം യാർഡിലും മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സോളാർ പാനലുകളെല്ലാം കൂടെ എകദേശം 2.3 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കും.

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് മെട്രോ രണ്ടാം ഘട്ടം. 2577 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് വരെ നീട്ടുന്ന മെട്രൊയ്ക്ക് മൊത്തം പതിനൊന്ന് സ്റ്റോപ്പുകളായിരിക്കും ഉണ്ടാകുക. സ്റ്റേഡിയം, പാലാരിവട്ടം ജങ്ഷൻ, പാലാരിവട്ടം ബൈപ്പാസ്. ചെമ്പുമുക്ക്, വാഴക്കാല, കുന്നുംപുറം, കാക്കനാട് ജങ്ഷൻ, സെസ്, ചിറ്റേത്തുകര, രാജഗിരി, ഇൻഫോപാർക്ക് ആദ്യ ക്യാംപസ്, ഇൻഫോപാർക്ക് രണ്ടാംഘട്ട ക്യാംപസ് എന്നീ സ്റ്റോപ്പുകളാണ് കണക്കാക്കിയിരിക്കുന്നത്. പാലാരിവട്ടം, പടമുഗൽ പിന്നിട്ട് സീപോർട്ട് എയർപോർട്ട് റോഡിലെത്തി അവിടെ നിന്നുമായിരിക്കും ഇൻഫോപാർക്കിലേക്ക് പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്തു തന്നെ കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി ലഭിച്ചിരുന്നു. പിന്നീട് കേന്ദ്രനുമതിക്കായ് സമർപ്പിച്ചപ്പോൾ മെട്രോയുടെ സാമ്പത്തിക ഘടനയിൽ മാറ്റം വരികയുണ്ടായി. അതോടെ പുതുക്കിയ ചെലവ് 300 കോടിയോളം വർധിച്ച് ആകെ ചെലവ് 2577 കോടിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP