Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അടികൊണ്ട ഒരു പൊലീസുകാരൻ എന്തും വരട്ടേയെന്ന് കരുതി സത്യം വിളിച്ചു പറഞ്ഞതുകൊണ്ട് ഖജനാവിന് ലാഭം പ്രതിമാസം എട്ട് കോടി രൂപ; 80ഓളം ഉന്നത ഐപിഎസുകാരുടെ വീട്ടിൽ അടുക്കളപ്പണി ചെയ്യുന്ന പൊലീസുകാർക്ക് ഒടുവിൽ മോചനം; എല്ലാവരേയും തിരിച്ചുവിളിച്ച് ഡിജിപി; പൊലീസിന്റെ വീഴ്ചകളെ കുറിച്ച് സംസാരിക്കാൻ എസ് പി മുതൽ ഡിജിപി വരെയുള്ള സർവ്വ ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് മുഖ്യമന്ത്രി

അടികൊണ്ട ഒരു പൊലീസുകാരൻ എന്തും വരട്ടേയെന്ന് കരുതി സത്യം വിളിച്ചു പറഞ്ഞതുകൊണ്ട് ഖജനാവിന് ലാഭം പ്രതിമാസം എട്ട് കോടി രൂപ; 80ഓളം ഉന്നത ഐപിഎസുകാരുടെ വീട്ടിൽ അടുക്കളപ്പണി ചെയ്യുന്ന പൊലീസുകാർക്ക് ഒടുവിൽ മോചനം; എല്ലാവരേയും തിരിച്ചുവിളിച്ച് ഡിജിപി; പൊലീസിന്റെ വീഴ്ചകളെ കുറിച്ച് സംസാരിക്കാൻ എസ് പി മുതൽ ഡിജിപി വരെയുള്ള സർവ്വ ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ക്യാംപ് ഫോളോവേഴ്്‌സ് എന്നാൽ ഐപിഎസുകാർക്ക് അടിമപ്പണിക്കാരായിരുന്നു ഇതുവരെ. ഇനി അത് നടക്കില്ല. ക്യാംപ് ഫോളോവർമാരെ വീട്ടുജോലിക്കു നിർത്തിയാൽ ആ കാലയളവിലെ ശമ്പളം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കുമെന്നും സർക്കാർ സ്ഥാപനമെന്ന രീതിയിൽ സ്വന്തം ക്വാർട്ടേഴ്‌സുകളിൽ ഇവരെ ജോലിക്കു നിർത്തുന്നത് അനുവദനീയമല്ലെന്നും കേരളാ പൊലീസിൽ ഉത്തരവ് തന്നെയുണ്ട്. ഇത് ലംഘിച്ചാണ് അടിമപ്പണി നടത്തുന്നത്.

എഡിജിപി സുദേഷ് കുമാറിന്റെ മകൾ പൊലീസുകാരനെ കയ്യേറ്റം ചെയ്തതിനു പിന്നാലെയാണു പൊലീസിലെ വീട്ടുഡ്യൂട്ടി ചർച്ചയായത്. എൺപതോളം ഐപിഎസുകാരുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും വീട്ടുജോലിക്കും സ്വകാര്യ ആവശ്യങ്ങൾക്കുമായി രണ്ടായിരത്തിലേറെ പൊലീസുകാരാണുള്ളത്. ഇവർക്കു പ്രതിമാസശമ്പളച്ചെലവ് എട്ടുകോടി രൂപയാണ്.

ഇവരെയെല്ലാം തിരിച്ചു വിളിക്കാനാണ് ഡിജിപിയുടെ തീരുമാനം. അതായത് ഗവാസ്‌കറുടെ തുറന്നു പറച്ചിൽ കാരണം ഖജനാവിന് ലാഭം എട്ട് കോടി. ഇനി കുറച്ചു കാലത്തേക്ക് എങ്കിലും ഐപിഎസുകാർ വീട്ടുജോലിക്കാർക്ക് സ്വന്തം പോക്കറ്റിൽ നിന്ന് കാശ് നൽകേണ്ടിവരും. ക്യാംപ് ഫോളോവർമാരെ നിയമാനുസൃത ജോലിക്കു മാത്രമേ നിയോഗിക്കാവൂ എന്നു കാണിച്ചു സർക്കാരും ഡിജിപിമാരും 15 വർഷത്തിനിടെ ഇറക്കിയത് അര ഡസൻ ഉത്തരവുകൾ.

ഇതുസംബന്ധിച്ചു 2002, 2007, 2008, 2009, 2010 വർഷങ്ങളിൽ ആഭ്യന്തര വകുപ്പ് ശക്തമായ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. അവസാന ഉത്തരവ് ഡിജിപി ടി.പി.സെൻകുമാർ സംസ്ഥാന പൊലീസ് മേധാവി ആയിരിക്കുമ്പോഴും. ഈ സാഹചര്യത്തിൽ വിഷയത്തിൽ സർക്കാരും ഇടപെടുകയാണ്. ഗവാസ്‌കറുടെ വിവാദം ഉണ്ടായതിന് പിന്നാലെ കൂടുതൽ പേർ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു. പണി പോയാലും കുഴപ്പമില്ലെന്ന നിലപാടാണ് ഇവർ വാക്കുകളിൽ ഒളിപ്പിച്ചത്.

വീടുകളിലെ ജോലിയെടുക്കൽ പീഡനം അതിരുവിടുന്നതിന്റെ സൂചനയായി ഇതിനെ സർക്കാരും കാണുന്നു. അതുകൊണ്ട് തന്നെ കർശനമായ നടപടികൾ ഉണ്ടാകും. ക്യാംപ് ഫോളോവർമാരെ വീട്ടുജോലിക്കു നിർത്തിയാൽ ആ കാലയളവിലെ ശമ്പളം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കുമെന്നും സർക്കാർ സ്ഥാപനമെന്ന രീതിയിൽ സ്വന്തം ക്വാർട്ടേഴ്‌സുകളിൽ ഇവരെ ജോലിക്കു നിർത്തുന്നത് അനുവദനീയമല്ലെന്നും 2015 ജൂലൈ മൂന്നിന് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവു പ്രകാരം, എഡിജിപി സുദേഷ് കുമാർ അടക്കം, പൊലീസുകാരെക്കൊണ്ടു ദാസ്യവേല ചെയ്യിക്കുന്ന എല്ലാ ഐപിഎസ് ഉദ്യോഗസ്ഥരുടെയും ശമ്പളത്തിൽനിന്നു പണം ഈടാക്കണം. ഇത്രയും കടുത്ത നടപടികളിലേക്ക് സർക്കാർ തൽകാലം കടക്കില്ല. എന്നാൽ മുന്നറിയിപ്പുകൾ നൽകും.

ഇതിനായി എസ്‌പി മുതൽ ഡിജിപി വരെ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 26നു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചിട്ടുണ്ട്. വർക്കിങ് അറേഞ്ച്‌മെന്റ് എന്ന പേരിലും അല്ലാതെയും ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലും ഓഫിസിലും അനധികൃതമായി ജോലിക്കു നിയോഗിച്ചിരിക്കുന്നവരെ അതിനു മുൻപായി അടിയന്തരമായി മാതൃയൂണിറ്റുകളിലേക്കു മടക്കിവിടാനാണു തീരുമാനം.

പഴ്‌സനൽ സെക്യൂരിറ്റി ഓഫിസർ എന്ന പേരിൽ ഔദ്യോഗിക ഉത്തരവിലൂടെ നിയോഗിച്ചിരിക്കുന്ന രണ്ടു പൊലീസുകാരെയും ഒരു ഡ്രൈവറെയും നിലനിർത്തും. അനധികൃതമായി ജോലിക്കു നിയോഗിക്കപ്പെട്ടവരുടെ പട്ടിക ഡിജിപി ശേഖരിച്ചു. ഒരേ ഉദ്യോഗസ്ഥനൊപ്പം മൂന്നു വർഷത്തിലേറെയായി ജോലിചെയ്യുന്നുവെന്ന കാരണം കാണിച്ചാകും ഭൂരിപക്ഷത്തെയും തിരിച്ചയയ്ക്കുക. ഉത്തരവില്ലാതെ നിർത്തിയവരെയും സമ്മതമില്ലാതെ നിർബന്ധിച്ചു നിർത്തിയവരെയും തിരികെ വിടും.

മുഖ്യമന്ത്രിയുടെ യോഗവും ഇപ്പോഴത്തെ വിവാദവും കഴിഞ്ഞാൽ ഇഷ്ടക്കാരെ വീണ്ടും ഒപ്പം അയയ്ക്കാമെന്ന വാക്കാലുള്ള ഉറപ്പും ഉന്നത ഐപിഎസുകാർ നേടിയിട്ടുണ്ട്. വാക്കു പാലിച്ചില്ലെങ്കിൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ വീട്ടിൽ പൂജാരിയായി പ്രവർത്തിക്കുന്ന പൊലീസുകാരന്റെയും മറ്റും വിവരങ്ങൾ പുറത്തുവിടുമെന്നാണ് ഐപിഎസുകാരുടെ ഭീഷണി. പൊലീസ് ഡ്രൈവർ ഗവാസ്‌കറെ എഡിജിപി സുദേഷ് കുമാറിന്റെ മകൾ ആക്രമിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ക്രൈംബ്രാഞ്ച് സംഘത്തെ ഇന്നു തീരുമാനിക്കും.

സുദേഷിനെ സ്ഥലംമാറ്റിയ സർക്കാർ, അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗവാസ്‌കറിനു കാഴ്ചയ്ക്കു ചെറിയ പ്രശ്‌നമുണ്ട്. കഴുത്തിൽ മർദനമേറ്റ ഭാഗത്തു നീരുമുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP