Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി ടി തോമസിനെ അപായപ്പെടുത്താൻ ശ്രമിച്ചതിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധമുണ്ടോ? സംശയം തീർക്കാൻ അന്വേഷണവുമായി പൊലീസ്; സംഭവം പൊലീസിൽ റിപ്പോർട്ടു ചെയ്യപ്പെടാൻ വരെ കാരണക്കാരനായ എംഎൽഎയെ പലരും ഭയക്കുന്നു; സ്ഥാനമാനങ്ങൾ ത്യജിച്ചും അന്ത്യംവരെ പൊരുതുമെന്ന് പ്രഖ്യാപിച്ച ജനപ്രതിനിധിയുടെ ശത്രുക്കൾ ആര്?

പി ടി തോമസിനെ അപായപ്പെടുത്താൻ ശ്രമിച്ചതിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധമുണ്ടോ? സംശയം തീർക്കാൻ അന്വേഷണവുമായി പൊലീസ്; സംഭവം പൊലീസിൽ റിപ്പോർട്ടു ചെയ്യപ്പെടാൻ വരെ കാരണക്കാരനായ എംഎൽഎയെ പലരും ഭയക്കുന്നു; സ്ഥാനമാനങ്ങൾ ത്യജിച്ചും അന്ത്യംവരെ പൊരുതുമെന്ന് പ്രഖ്യാപിച്ച ജനപ്രതിനിധിയുടെ ശത്രുക്കൾ ആര്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസ് പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെടാൻ തന്നെ കാരണക്കാരനായ തൃക്കാക്കര എംഎൽഎയുടെ കാറിന്റെ വീലുകളിലെ നട്ടുകൾ അഴിച്ച് അദ്ദേഹത്തെ അപായപ്പെടുത്താൻ വരെ നീക്കമുണ്ടായി എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതുമുതൽ ഇപ്പോൾ കേസിലെ ഗൂഢാലോചനക്കേസിൽ നടൻ ദിലീപ് ജയിലിൽ ആകുന്നതുവരെ ഇക്കാര്യത്തിൽ ഉറച്ചുനിന്ന പി ടി തോമസിന്റെ നിശ്ചയദാർഢ്യമാണ് ഈ സംഭവം ഇത്രയും ശക്തമായി സമൂഹമധ്യത്തിൽ എത്തുന്നതിന് കാരണമായത്. അതിനാൽ തന്നെ പിടി തോമസ് എംഎൽഎയുടെ ജീവൻ അപകടപ്പെടുത്താൻ ഉണ്ടായ നീക്കം തന്നെയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. ഇതിന് ശേഷം നടിയെ കാക്കനാട് സംവിധായകൻ ലാലിന്റെ വസതിക്ക് സമീപം ഉപേക്ഷിച്ച് അക്രമികൾ കടന്നു കളയുകയായിരുന്നു. ലാലിന്റെ വീട്ടിലേക്ക് എത്തിയ നടി ഇക്കാര്യം അറിയിച്ചതിന് പിന്നാലെയാണ് ലാൽ ഇക്കാര്യം പ്രൊഡ്യൂസർ ആന്റോ ജോസഫിനെ അറിയിക്കുന്നത്. ലാലിന്റെ വീട്ടിലേക്ക് തിരിക്കുന്നതിനിടെ കൂടെ വരാൻ ആന്റോ ജോസഫ് പിടി തോമസ് എംഎൽഎയേയും വിളിക്കുകയായിരുന്നു.

എംഎൽഎ എത്തിയതോടെയാണ് കേസ് പൊലീസിൽ അറിയിക്കുന്ന നിലയിലേക്ക് എത്തുന്നത്. ഇതിനിടെ നടിയെ തൃശൂരിൽ നിന്ന് കൊണ്ടുവന്ന ഡ്രൈവർ മാർട്ടിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പി ടി തോമസ് ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ഇതോടെ നടിയെ ആക്രമിച്ചത് വലിയൊരു ഗൂഢാലോചനയാണെന്ന നിലയിലേക്ക് പൊലീസ് തിരിച്ചറിയുകയുമായിരുന്നു.

അങ്ങനെയാണ് പൊലീസ് ഗൗരവത്തോടെ തന്നെ ഈ കേസ് കൈകാര്യം ചെയ്യുന്നത്. നടിയെ രാത്രിതന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാനും മറ്റും പൊലീസ് ശക്തമായ നടപടികളുമായി മുന്നോട്ടു പോയതോടെയാണ് നടി ആക്രമിക്കപ്പെട്ട കേസ് വലിയൊരു കേസായി വളരുന്നത്. തുടക്കത്തിൽ ലാഘവത്തോടെ കൈകാര്യംചെയ്‌തേക്കുമായിരുന്ന കേസാണ് പിന്നീട് കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കേസായി മാറുന്നതും.

കേസിൽ തുടക്കത്തിൽ മുഖ്യപ്രതി പൾസർ സുനിയെന്ന നിലയിൽ അന്വേഷണം പുരോഗമിച്ചപ്പോഴും ഇതിൽ ഗൂഢാലോചനയില്ലെന്ന മട്ടിലായിരുന്നു പ്രചരണം. മുഖ്യമന്ത്രി പിണറായി തന്നെ ഇക്കാര്യത്തിൽ കുടൂതൽ ഗൂഢാലോചനയില്ലെന്ന മട്ടിൽ പ്രതികരിച്ചതും ഇതിന് ആക്കംകൂട്ടി. എന്നാൽ ഗൂഢാലോചനയുണ്ടെന്ന നിലയിൽ തന്നെ ആരോപണം ശക്തമായി. ഈ ഘട്ടങ്ങളിലെല്ലാം ശക്തമായി പി ടി തോമസ് കേസിന്റെ ഓരോ ഘട്ടത്തിലും ഇടപെടലുകളും നടത്തിയിരുന്നു.

ഒടുവിൽ നടൻ ദിലീപിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന നിലയിലേക്ക് കേസ് വളരുകയും ചെയ്തു. ഈ ഘട്ടങ്ങളിലെല്ലാം നിർണായക ഇടപെടലുകളാണ് പി ടി തോമസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഏറ്റവുമൊടുവിൽ ഈ കേസുമായി ബന്ധപ്പെട്ട് പി ടി തോമസിന്റെ മൊഴിയെടുക്കലിൽ വരെ കാര്യങ്ങൾ എത്തി.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസന്വേഷണം വഴിതിരിഞ്ഞു പോകുന്നുവെന്ന് കണ്ടാൽ വേണ്ടിവന്നാൽ സ്ഥാനമാനങ്ങൾ ത്യജിച്ചും പോരാടുമെന്ന് രണ്ടു ദിവസം മുമ്പ് പി ടി തോമസ് പ്രസ്താവിച്ചിരുന്നു. പൊലീസിൽ മൊഴിനൽകുന്ന ഘട്ടത്തിലായിരുന്നു ഈ പ്രസ്താവം. ഇതിന് പിന്നാലെയാണ് പി ടിയുടെ ഇന്നോവ കാറിന്റെ വീലിലെ നട്ടുകളഴിച്ച് അദ്ദേഹത്തെ അപായപ്പെടുത്താൻ ശ്രമം ഉണ്ടായിരിക്കുന്നത്.

സംഭവവുമായി എംഎൽഎ പരാതി നൽകിയ സാഹചര്യത്തിൽ പാലാരിവട്ടം പൊലീസ് ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എംഎൽഎയെ അപായപ്പെടുത്താൻ ശ്രമം നടന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കും.

നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കംമുതലേ ശക്തമായി നിലകൊണ്ട പി ടി തോമസ് പൾസർ സുനി മുൻപു രണ്ടു നടിമാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നും ഇയാൾ മനുഷ്യക്കടത്ത് നടത്തിയിട്ടുണ്ടെന്നും ഒന്നിലധികം പാസ്‌പോർട്ടുണ്ടെന്നും കാണിച്ചു മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഇക്കാര്യത്തിൽ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം എംഎൽഎ തുറന്നുപറഞ്ഞത്. ഇതോടെ മുഖ്യമന്ത്രിക്കെതിരെ വരെ മൊഴി നൽകിയേക്കുമെന്ന സാധ്യത പരിഗണിച്ച് പൊലീസ് പി ടിയുടെ മൊഴിയെടുക്കൽ വൈകിപ്പിച്ചുവെന്ന ആക്ഷേപവും ഉയർന്നിരുന്നു. അടുത്ത മാസം ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഇതടക്കമുള്ള കാര്യങ്ങൾ ഉന്നയിക്കുമെന്നും പി ടി വ്യക്തമാക്കിയിരുന്നു.

അന്വേഷണത്തിൽ ചില ബാഹ്യ ഇടപെടലുകൾ ഒരു ഘട്ടത്തിൽ സംശയിച്ചിരുന്നുവെന്നും ഇതേത്തുടർന്നു കഴിഞ്ഞമാസം 23നു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സ്ഥലം എംഎൽഎ എന്ന നിലയിൽ മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നുവെന്നും പി ടി പറഞ്ഞിരുന്നു. സിബിഐ അന്വേഷണം ഉണ്ടായാൽ സംഭവത്തിൽ ഗൂഢാലോചനയില്ലെന്നു മുഖ്യമന്ത്രി ആദ്യം പറഞ്ഞതും സംഭവം നടന്നശേഷം എറണാകുളത്തുനിന്നു മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു പോയ മുഴുവൻ കോളുകളും പരിശോധിക്കേണ്ടി വരുമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് പി ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയത്.

നടി ആക്രമിക്കപ്പെട്ട കേസിൽ വഴിത്തിരിവായതു പാലക്കാട് സ്വദേശിയായ ഒരാൾ നൽകിയ വിവരമാണെന്നും വെളിപ്പെടുത്തിയ പി ടി കേസുമായി ബന്ധപ്പെട്ട് മൊഴിയിൽ നൽകിയ കാര്യങ്ങൾ പുറത്തു പറഞ്ഞതുമില്ല. തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ എറണാകുളത്തെ ഒരു അഭിഭാഷക കേസുമായി ബന്ധപ്പെട്ടു ഫോണിൽ സംസാരിക്കുന്നതിനെക്കുറിച്ച് പാലക്കാട് സ്വദേശി ആലുവ പൊലീസിൽ വിവരം നൽകുകയായിരുന്നുവെന്നും ആ വഴിക്ക് അന്വേഷണം പോകുന്നുണ്ടോ എന്നറിയേണ്ടതുണ്ടെന്നും എംഎൽഎ വ്യക്തമാക്കിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് എംഎൽഎയെ അപായപ്പെടുത്താൻ ശ്രമമുണ്ടായതെന്ന സംശയമാണ് ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP