Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യാജ റിപ്പോർട്ടിന്റെ പേരിൽ സുരക്ഷാകാരണം പറഞ്ഞ് ചിലർ പൊലീസുകാരെ വേലക്കാരാക്കും; മറ്റ് ചിലർ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ പദവിയിൽ നിയമിച്ച് അടുക്കളപ്പണിക്കാരാക്കുന്നു; റിട്ടയർ ചെയ്ത മന്ത്രിമാരുടെ വീടുകളിൽ പോലും പൊലീസ് വേലക്കാർ; സർക്കാർ പോലും അറിയാതെ അടിമപ്പണി ചെയ്ത് യജമാനനെ പോറ്റുന്നത് 2000ത്തോളം പൊലീസുകാർ

വ്യാജ റിപ്പോർട്ടിന്റെ പേരിൽ സുരക്ഷാകാരണം പറഞ്ഞ് ചിലർ പൊലീസുകാരെ വേലക്കാരാക്കും; മറ്റ് ചിലർ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ പദവിയിൽ നിയമിച്ച് അടുക്കളപ്പണിക്കാരാക്കുന്നു; റിട്ടയർ ചെയ്ത മന്ത്രിമാരുടെ വീടുകളിൽ പോലും പൊലീസ് വേലക്കാർ; സർക്കാർ പോലും അറിയാതെ അടിമപ്പണി ചെയ്ത് യജമാനനെ പോറ്റുന്നത് 2000ത്തോളം പൊലീസുകാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാരിൽ അൽപം സ്വാധീനമുള്ളവർക്ക് വീട്ടിൽ ജോലിക്കാരായി പൊലീസുകാരെ കിട്ടും. കാശും സ്വാധീവുമുണ്ടെങ്കിൽ പൊലീസുകാരെ കൊണ്ട് വീട്ടുജോലി എന്നല്ല എന്തും ചെയ്യിക്കാം. അതാണ് അവസ്ഥ. പല മുൻ മന്ത്രിമാർക്കും എംഎൽഎമാർക്കും വീട്ടുജോലിക്ക് പൊലീസുകാരെ സർക്കാർ വിട്ടു നൽകിയിട്ടുണ്ട്.

പേഴ്‌സനൽ സെക്യൂരിറ്റി ഓഫിസർ എന്നാണ് വീട്ടുജോലിക്കു നിയോഗിക്കപ്പെടുന്നവരുടെ ഔദ്യോഗിക പേര്. നിരവധി രാഷ്ട്രീയക്കാർ ഇതിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. പൊലീസുകാരും. ഐപിഎസുകാർക്കെല്ലാം ഇഷ്ടപോലെ പേഴ്‌സനൽ സെക്യൂരിറ്റി ഓഫീസർമാരുണ്ട്. അങ്ങനെ സംസ്ഥാനത്തെ എൺപതിലേറെ ഐപിഎസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും വീട്ടുജോലിക്കും മറ്റു സ്വകാര്യ ആവശ്യങ്ങൾക്കുമായി രണ്ടായിരത്തിലേറെ പൊലീസുകാരെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്.. ഖജനാവിൽനിന്ന് ഇവർക്കുള്ള ശമ്പളച്ചെലവ് മാസം എട്ടു കോടിയിലേറെ രൂപ. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരടക്കം വീട്ടുജോലിക്കാർക്ക് പൊലീസുകാരെ ഉപയോഗിക്കുന്നു. ഒരു സുരക്ഷാ പ്രശ്‌നവുമില്ലാത്ത മുൻ ഡിജിപിമാർ പോലും പൊലീസ് സംരക്ഷണയിലാണ് നടക്കുന്നത്.

ബറ്റാലിയൻ എഡിജിപിയായിരുന്ന സുധേഷ് കുമാറിന്റെ മകൾ പൊലീസുകാരനെ തല്ലിയ സംഭവം വിവാദത്തിലായതോടെയാണ് മുൻ മന്ത്രിമാരുടെ ഉൾപ്പെടെ സുരക്ഷാ ജീവനക്കാരുടെ കണക്കുകൾ ചർച്ചയാകുന്നത്. സുരക്ഷാ പ്രശ്‌നമുണ്ടെന്ന് ഏതെങ്കിലും നേതാവിനെതിരെ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുണ്ടെങ്കിൽ പൊലീസുകാരനെ സുരക്ഷയ്ക്ക് കിട്ടും. കാശുള്ളവർക്ക് പോലും ഇത്തരത്തിൽ സ്‌പെഷ്യൽ ബ്രാഞ്ചിനെ സ്വാധീനിച്ച് റിപ്പോർട്ടുണ്ടാക്കാം. എങ്കിൽ അവർക്കും കിട്ടും സുരക്ഷ. ഒരു സുരക്ഷാ ഭീഷണിയുമില്ലാത്തവർക്ക് പോലും പൊലീസുകാരുടെ സേവനം ഈ തരത്തിൽ സർക്കാർ വിട്ടു നിൽകുന്നു. രാഷ്ട്രീയ ഭേദം പോലും ഇതിൽ നോക്കാറില്ല.

പൊലീസുകാരിൽ ക്രമസമാധാന ചുമതലയിൽ സുരക്ഷാ ഭീഷണിയുള്ളവർക്കു മാത്രമേ രണ്ടു സായുധ പൊലീസുകാരെ ഇത്തരത്തിൽ നൽകാൻ വ്യവസ്ഥയുള്ളൂ. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്കിൽ കേരളത്തിൽ സുരക്ഷാ ഭീഷണിയുള്ള ഏക ഐപിഎസ് ഉദ്യോഗസ്ഥൻ പാലക്കാട് എസ്‌പി ദേബേഷ് കുമാർ ബെഹ്‌റയാണ്. ഇദ്ദേഹത്തിനു മാവോയിസ്റ്റ് ഭീഷണിയുണ്ട്. എന്നാൽ, വ്യാജ ഇന്റലിജൻസ് റിപ്പോർട്ടിന്റെ പിൻബലത്തിൽ രാഷ്ട്രീയക്കാരുൾപ്പെടെ ഇഷ്ടക്കാരിൽ പലർക്കും സർക്കാർ ചെലവിൽ രണ്ടുപേരെവീതം നൽകിയിട്ടുണ്ട്. ഐജി ഓഫിസ് അറ്റാച്ച്‌മെന്റ്, ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ അറ്റാച്ച്‌മെന്റ് എന്നൊക്കെ രേഖകളിൽ കാണിച്ചാണ് ഇവരെ പുറംപണിക്കു പറഞ്ഞുവിടുന്നത്. ഇത്തരം വീട്ടുജോലിക്കാരെ തിരിച്ചുവിളിക്കാൻ ഡിജിപിയായിരിക്കെ കെ.ജെ.ജോസഫ് നിർദ്ദേശം കൊടുത്തിരുന്നു. എന്നാൽ പിന്നീട് വന്നവരൊക്കെ ഇത് മറന്നു. അങ്ങനെ വീണ്ടും കേരളാ പൊലീസ് വീട്ടുജോലിക്കാരായി.

സുദേഷ്‌കുമാറിന്റെ ഡ്രൈവർ ഗവാസ്‌കർ തനിക്കു മർദനമേറ്റതിനെതിരെ പരാതി നൽകിയതോടെ മാത്രമാണു പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെ ഇതിനെതിരെ രംഗത്തെത്തിയത്. ഐപിഎസ് പദവിയുള്ളവരെല്ലാം 'സ്വന്തം സേവനത്തിനു' നാലു മുതൽ പത്തു വരെ പൊലീസുകാരെ ഒപ്പം നിർത്തിയിട്ടുണ്ട്. സുരക്ഷയുടെ പേരിൽ ആദ്യം ഭരണനേതൃത്വത്തിനു വേണ്ടതിലേറെ പൊലീസുകാരെ നൽകും. അതിന് ശേഷം ഐപിഎസുകാരും വീതിച്ചെടുക്കും. ആസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥനു വീട്ടിൽ സ്ഥിരമായി ആറു പൊലീസുകാരുണ്ട്. 'പറയുന്നതെല്ലാം ചെയ്യുക'യാണു ഡ്യൂട്ടി. ഓഫിസിൽ, കാറിൽ എന്നിങ്ങനെ വിവിധ ജോലികൾക്കായി 20 പൊലീസുകാർ വേറെ.

പട്ടിയെ കുളിപ്പിക്കാൻ മുതൽ മീൻ വാങ്ങാൻ വരെ പൊലീസുകാരുടെ സേവനമാണ് സുരക്ഷയുള്ള രാഷ്ട്രീയക്കാരും പൊലീസുകാരും ഉപയോഗിക്കുന്നത്, എഡിജിപി, ഐജി, കമൻഡാന്റ്, ഡപ്യൂട്ടി കമൻഡാന്റ് എന്നിവരെല്ലാം ഇതിന്റെ ഉപഭോക്താക്കളാണ്. ബറ്റാലിയനുകളിൽ ജോലി ചെയ്യേണ്ട ക്യാംപ് ഫോളോവർമാരെയും വീട്ടുജോലിക്ക് ഉപയോഗിക്കുന്നു. നായ പരിചരണം, പാചകം, അലക്ക് തുടങ്ങി മുടിവെട്ടിനു വരെ സ്വന്തമായി ആളില്ലാത്ത ഇതരസംസ്ഥാന ഐപിഎസ് ഉദ്യോഗസ്ഥർ കുറവാണ്. എന്നാൽ മുൻ മന്ത്രിമാരുൾപ്പെടെയുള്ള രാഷ്ട്രീയക്കാർക്ക് രണ്ട് പൊലീസിനെ മാത്രമേ നൽകാറുള്ളൂ. അവർ ഇവരെ കൊണ്ട് എല്ലാം ചെയ്യിപ്പിക്കും.

ഭൂരിപക്ഷം പൊലീസുകാർക്കും പക്ഷേ, പരാതിയില്ല. ഒരു ദിവസത്തെ ഡ്യൂട്ടിക്കു രണ്ടു ദിവസം വിശ്രമം എന്നതാണു രീതി. ഇടയ്ക്കിടെ സൽസേവന രേഖയും. അഴിമതി കാട്ടാൻ താൽപ്പര്യമില്ലാത്ത പൊലീസുകാരാണ് രാഷ്ട്രീയക്കാരുടേയും മറ്റും സേവനത്തിന് സ്വയം സന്നദ്ധരാകുന്നത്. ഇതിലൂടെ മറ്റ് സമ്മർദ്ദങ്ങളില്ലാതെ ജോലി ചെയ്യാനുമാകും. ഒരു യജമാനനെ മാത്രം അനുസരിച്ചാൽ മതിയെന്നാണ് ഇത്തരം ജോലിക്ക് താൽപ്പര്യം കാട്ടുന്നവരുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP