Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്ഥിരം ലാവണത്തിൽ നിന്നുള്ള സ്ഥലം മാറ്റത്തിന് തടയിടാൻ സിവിൽ പൊലീസ് ഓഫീസറുടെ നാടകം; അപകടത്തിൽ പരുക്കേറ്റെന്ന് കാണിക്കാൻ കാലിൽ വച്ചു കെട്ടുമായി മെഡിക്കൽ ബോർഡിന് മുന്നിൽ; അഴിച്ചു കാണിച്ചപ്പോൾ കാലിന് കുഴപ്പമില്ല; കള്ളത്തരം കാട്ടിയ പൊലീസുകാരന് സസ്പെൻഷൻ; നടപടി നേരിടുന്നത് മേലുദ്യോഗസ്ഥരെ വരെ വിവരാവകാശത്തിലൂടെ നേരിടുന്ന റാഫി മീര

സ്ഥിരം ലാവണത്തിൽ നിന്നുള്ള സ്ഥലം മാറ്റത്തിന് തടയിടാൻ സിവിൽ പൊലീസ് ഓഫീസറുടെ നാടകം; അപകടത്തിൽ പരുക്കേറ്റെന്ന് കാണിക്കാൻ കാലിൽ വച്ചു കെട്ടുമായി മെഡിക്കൽ ബോർഡിന് മുന്നിൽ; അഴിച്ചു കാണിച്ചപ്പോൾ കാലിന് കുഴപ്പമില്ല; കള്ളത്തരം കാട്ടിയ പൊലീസുകാരന് സസ്പെൻഷൻ; നടപടി നേരിടുന്നത് മേലുദ്യോഗസ്ഥരെ വരെ വിവരാവകാശത്തിലൂടെ നേരിടുന്ന റാഫി മീര

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സ്ഥിരം ലാവണത്തിൽ നിന്നുള്ള സ്ഥലം മാറ്റത്തിന് തടയിടാനും മെഡിക്കൽ ലീവ് എടുക്കാനും സിവിൽ പൊലീസ് ഓഫീസർ കാട്ടിക്കൂട്ടിയത് സിനിമയെ വെല്ലുന്ന അഭിനയം. അഭിനയത്തിന് മോടി കൂട്ടാൻ മേക്കപ്പുമായി പരിശോധനയ്ക്ക് ഹാജരായ പൊലീസുകാരനെ മെഡിക്കൽ ബോർഡ് പൊളിച്ചടുക്കി. കള്ളത്തരത്തിലൂടെ ആനുകൂല്യം നേടാൻ ശ്രമിച്ചതിന് ജില്ലാ പൊലീസ് മേധാവി പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. തീർന്നില്ല, ഇയാൾക്കെതിരേ തുടരന്വേഷണത്തിനും ഉത്തരവിട്ടു. കീഴ്‌വായ്പൂര് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ റാഫി മീരായെയാണ് ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

നേരത്തേ റാന്നി സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ സഹപ്രവർത്തകയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചതിന് റാഫിക്കും ഭാര്യയ്ക്കുമെതിരേ പൊലീസ് കേസ് എടുത്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്ന് തിരുവല്ല ഡിവൈഎസ്‌പിയായിരുന്ന കെ ജയകുമാറാണ് റാഫിക്കെതിരേ കേസ് എടുത്തത്. ഇതിന്റെ വിരോധം തീർക്കാൻ ഭാര്യയുടെ പേരിൽ സൃഷ്ടിച്ച മനുഷ്യാവകാശ സംഘടനയുടെ പേരിൽ ജയകുമാറിനെതിരേ നിയമപോരാട്ടം നടത്തി വരികയാണ് റാഫി. വിവരാവകാശ നിയമം കൊണ്ട് മേലുദ്യോഗസ്ഥരെ പൊറുതി മുട്ടിക്കുന്ന റാഫിക്കെതിരേ ഒരു അവസരം നോക്കിയിരിക്കുമ്പോഴാണ് ഇങ്ങനൊന്ന് വീണു കിട്ടിയിരിക്കുന്നത്.

വ്യാജരേഖയുമായി അവധിക്ക് അപേക്ഷിച്ചതുമായി ബന്ധപ്പെടുള്ള തുടരന്വേഷണത്തിനായി അടൂർ ഡിവൈഎസ്‌പി ആർ ജോസിനെ എസ്‌പി ചുമതലപ്പെടുത്തി. നേരത്തേ പത്തനംതിട്ടയിലെ ഫിംഗർ പ്രിന്റ് വിഭാഗത്തിലായിരുന്നു റാഫി ജോലി ചെയ്തിരുന്നത്. ഇതിനിടെയാണ് ഇദ്ദേഹത്തെ കീഴ്‌വായ്പൂര് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ അപകടത്തെ തുടർന്ന് തനിക്ക് ശാരീരിക വൈകല്യമുണ്ടെന്നും കഠിനമായ ജോലികൾ നൽകരുതെന്നും കാട്ടി റാഫി ജില്ലാ പൊലീസ് മേധാവിക്ക് അപേക്ഷ നൽകുകയായിരുന്നു.

ജനറൽ ആശുപത്രിയിലെ ഓർത്തോപീഡിക് സർജന്റെ സാക്ഷ്യപത്രവും തെളിവിനായി ഹാജരാക്കി. ഇയാളുടെ ശാരീരിക അവസ്ഥയെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി പി.കെ. ജഗദീശിനോട് ആവശ്യപ്പെട്ടു. വൈകല്യമുള്ളയാൾ വാഹനമോടിച്ചാൽ അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ഇയാളുടെ ശാരീരിക ക്ഷമത മെഡിക്കൽ ബോർഡ് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ടെന്നുമാണ് ഡിവൈഎസ്‌പി റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നാലംഗ മെഡിക്കൽ ബോർഡിന് മുൻപാകെ ഹാജരായി പരിശോധന നടത്താൻ എസ്‌പി റാഫിയോട് ആവശ്യപ്പെട്ടു.

പൊലീസ് വാഹനത്തിന്റെ ടയർ മാറിക്കൊണ്ടിരിക്കുമ്പോൾ മറ്റൊരു വാഹനം വന്നിടിച്ച് ഗുരുതരമായി പരുക്കേറ്റുവെന്നും കാലിന് സ്വാധീനക്കുറവുണ്ടെന്നും അതിനാൽ മൃദുവായ ജോലികൾ മാത്ര േനൽകാവു എന്നുമായിരുന്നു റാഫി ആവശ്യപ്പെട്ടിരുന്നത്. മെഡിക്കൽ ബോർഡ് തെളിവെടുപ്പിന് വിളിച്ചപ്പോൾ കാലിൽ പ്ലാസ്റ്ററുമിട്ടാണ് ഇയാൾ ചെന്നത്. സംശയം തോന്നിയ ഡോക്ടർമാർ അഴിച്ചു പരിശോധിച്ചപ്പോഴാണ് ഇയാൾക്ക് കുഴപ്പമൊന്നുമില്ലെന്ന് കണ്ടെത്തിയത്.

പരിശോധനയ്ക്ക് ശേഷം റാഫിക്ക് കുഴപ്പമൊന്നും കാണുന്നില്ലെന്ന റിപ്പോർട്ടാണ് മെഡിക്കൽ ബോർഡ് നൽകിയത്. തെറ്റായ രേഖകൾ നിരത്തി അവധിയെടുക്കാൻ ശ്രമിച്ചതിനും സ്ഥലം മാറ്റം റദ്ദാക്കാനും ശ്രമിച്ചതിനാണ് എസ്‌പി ഇയാളെ സസ്പെൻഡ് ചെയ്തത്. തുടരന്വേഷണത്തിന് ശേഷം കൂടുതൽ നടപടി വേണമോ എന്ന കാര്യം തീരുമാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP