Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാതടപ്പിക്കുന്ന ശബ്ദവും കണ്ടാൽ മനസിലാകാത്ത കോലവും; ഓപ്പറേഷൻ മിന്നലിൽ കുരുക്കിലായത് മുപ്പതിലേറെ ഫ്രീക്കൻ ബൈക്കുകൾ; കരുനാഗപ്പള്ളിയിൽ പിടികൂടിയതിൽ ഏറെയും ബുള്ളറ്റ് ബൈക്കുകൾ; നിരത്തുകളിലെ ബൈക്കുകളുടെ ഈ വെടിപൊട്ടിക്കൽ എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തി

കാതടപ്പിക്കുന്ന ശബ്ദവും കണ്ടാൽ മനസിലാകാത്ത കോലവും; ഓപ്പറേഷൻ മിന്നലിൽ കുരുക്കിലായത് മുപ്പതിലേറെ ഫ്രീക്കൻ ബൈക്കുകൾ; കരുനാഗപ്പള്ളിയിൽ പിടികൂടിയതിൽ ഏറെയും ബുള്ളറ്റ് ബൈക്കുകൾ; നിരത്തുകളിലെ ബൈക്കുകളുടെ ഈ വെടിപൊട്ടിക്കൽ എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തി

ആർ.കണ്ണൻ

കൊല്ലം: നിരത്തുകളിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ശബ്ദ മാറ്റം വരുത്തി രൂപകൽപ്പന ചെയ്ത ബുള്ളറ്റ് ബൈക്കുകൾക്കെതിരെ കരുനാഗപ്പള്ളിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കർശന നടപടി ആരംഭിച്ചു. 'ഓപ്പറേഷൻ മിന്നൽ' എന്ന പേരിൽ ഇന്നലെ മാത്രം നടത്തിയ പരിശോധനയിൽ മുപ്പതിലധികം ടൂ വീലറുകൾക്കെതിരെ നടപടിയെടുത്തു. പിടികൂടിയതിൽ ഏറെയും എൻഫീൽഡ് ബുള്ളറ്റ് ബൈക്കുകളാണ്. പിടികൂടിയ മുഴുവൻ ബൈക്കുകളുടേയും സൈലൻസറുകൾ ഉദ്യോഗസ്ഥർ അഴിച്ചെടുക്കുകയും അവിടെ വച്ച് തന്നെ നശിപ്പിക്കുകയും ചെയ്തു. കനത്ത പിഴയും ചുമത്തി.

നിരത്തുകളിൽ ശബ്ദമലിനീകരണം സൃഷ്ട്ടിക്കുന്ന വാഹനങ്ങൾക്കെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിൽ കോടതി ഉത്തരവ് പ്രകാരമായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന. കരുനാഗപ്പള്ളി ജോ: ആർ.ടി.ഓഫീസിലെ ഇൻസ്‌പെക്ടർമാരായ ജയചന്ദ്രൻ , ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

നഗരത്തിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ പരിശോധിക്കുകയും സൈലൻസറുകളിൽ മാറ്റം വരുത്തിയ വാഹനങ്ങളുടെ ചിത്രം പകർത്തുകയും വാഹന രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ച് ഉടമയുടെ നമ്പർ എടുക്കുകയും വിളിച്ചു വരുത്തുകയും ചെയ്തതിന് ശേഷമാണ് നടപടികൾ സ്വീകരിച്ചത്. ഉദ്യോഗസ്ഥർ തന്നെ സൈലൻസറുകൾ ഇളക്കി മാറ്റുകയും യന്ത്രസാമഗ്രികൾ ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്തു.

'ഒരു മോട്ടോർ ബൈക്ക് ഓടിക്കുന്ന ശബ്ദം 80 ഡെസിബെൽ ആണെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ. 70 ഡിബിയിൽ കൂടുതലുള്ള ശബ്ദം അപകടകരവും 80 ഡിബി കഴിഞ്ഞാൽ ഗുരുതരവുമാണ്. ശബ്ദതീവ്രത ഗർഭസ്ഥശിശുക്കളിൽ കേൾവിത്തകരാറുകളും ഹൃദയതകരാറുകളും ഉണ്ടാക്കും.

നവജാതശിശുക്കളിൽ 45 ഡെസിബലിൽ കൂടുതൽ ശബ്ദം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും' എന്ന് കരുനാഗപ്പള്ളി ജോ: ആർ.ടി.ഓഫീസിലെ എ.എം വിഐ ബേബി ജോൺ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇന്നലെ രാത്രി ഏറെ വൈകിയും പരിശോധന നടത്തിയിരുന്നു. ഇത് അറിഞ്ഞിട്ടാകണം ഇന്ന് നഗരത്തിൽ ഒരിടത്തും സൈലൻസറുകളിൽ മാറ്റം വരുത്തിയ ബൈക്കുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്നും അദ്ധേഹം പറഞ്ഞു.

അതേ സമയം രൂപ മാറ്റം വരുത്തി ഇടിമുഴങ്ങുന്ന തരത്തിലുള്ള ബൈക്കുകളുമായി കരുനാഗപ്പള്ളിയിലെ ഉന്നത പാർട്ടി നേതാക്കളുടെ മക്കളും പിടിയിലായിട്ടുണ്ട്. അതിനാൽ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് മുകളിൽ നിന്നും സമ്മർദ്ദം വരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. വാഹന പരിശോധനയ്ക്കിടെ ഒരാൾ ഭീഷണി മുഴക്കുകയും ചെയ്തു.ഇത്തരം പരിശോധനകളിൽ പൊലീസിന്റെ സേവനവും ഇവർക്ക് ആവശ്യമാണ്.

ഇന്ത്യൻ നിർമ്മിതമായ ബുള്ളറ്റിന്റെ സൈലൻസർ മാറ്റി വിപണിയിൽ ലഭ്യമായ അനധികൃത സൈലൻസറുകൾ ഘടിപ്പിച്ചാണ് തീവ്രശബ്ദം ഉണ്ടാക്കുന്നത്. മറ്റു സ്‌പോർട്സ് ബൈക്കുകളുടെ കമ്പനിരൂപകല്പനയിൽനിന്ന് വ്യത്യസ്തമായ സൈലൻസറുകളും വിപണിയിൽ ലഭ്യമാണ്. സാധാരണ സൈലൻസറിന്റെ മഫ്ളർ അടക്കമുള്ള ഭാഗം പൂർണമായി അഴിച്ചുമാറ്റിയും അത്യുഗ്രശബ്ദത്തിൽ വാഹനം ഉപയോഗിക്കുന്നവരുണ്ട്. ചിലർ സൈലൻസറിലെ ഷെല്ല് നീക്കംചെയ്ത് ശബ്ദം വർധിപ്പിക്കുന്നു.

ശബ്ദമാറ്റം വരുത്തി വെട്ടി പൊട്ടുന്ന തരത്തിലുള്ള ശബ്ദവുമായാണ് യുവതലമുറ ബുള്ളറ്റ് ഉൾപ്പെടെയുള്ള ടൂ വീലറുകളുമായി റോഡിലിറങ്ങുന്നത്. കുട്ടികളടക്കമുള്ളവരുടെ കേൾവി ശക്തി തകരാറിലാവുന്ന തരത്തിലുള്ള ശബ്ദമാറ്റമാണ് ഇത്തരം വാഹനങ്ങയിൽ വരുത്തിയിരിക്കുന്നത്. കമ്പനി നൽകുന്ന സൈലൻസർ ഇളക്കി മാറ്റി ഓഫ് റോഡിലുപയോഗിക്കുന്ന സൈലൻസറുകൾ ഘടിപ്പിക്കുന്നു. ബുള്ളറ്റ് ഉപഭോക്താവിന് നൽകുമ്പോൾ തന്നെ വിതരണക്കാരൻ ഇത് ഘടിപ്പിച്ചു നൽകും. ഇരുപതിനായിരം മുതലാണ് ഇവയുടെ വില തുടങ്ങുന്നത്.

നല്ല കമ്മീഷൻ ലഭിക്കും എന്നതിനാൽ വിതരണക്കാരൻ പ്രത്യേക താത്പര്യം കാണിച്ചു തന്നെ ഇത്തരം സൈലൻസറുകൾ ഘടിപ്പിച്ചു നൽകുന്നു. ലക്ഷങ്ങൾ മുടക്കി വിദേശബൈക്കുകൾ വാങ്ങാനും ഇവിടെ വാങ്ങുന്ന ബൈക്കുകളെ മോടികൂട്ടാൻ ലക്ഷങ്ങൾ മുടക്കാനും ബൈക്ക് പ്രേമകൾ തയ്യാറെന്നതിനാൽ വിപണി സജീവമാണ്. ഇവ ഘടിപ്പിക്കാൻ ആയിരംമുതൽ രണ്ടായിരം രൂപവരെ വർക്ക്ഷോപ്പുകൾക്കും നൽകണം. പണ്ട് ടൂ സ്ട്രോക്ക് ബൈക്കുകളിലും ബുള്ളറ്റിലും സൈലൻസറിൽ ഭേദഗതിവരുത്തി ശബ്ദം കൂട്ടാറുണ്ടെങ്കിലും ഇത്രയ്ക്കു തീവ്രമായശബ്ദം റോഡ് കൈയടക്കുന്നത് ഈയിടെയാണ്.

ഉഗ്രശബ്ദത്തിനുപുറമേ 'സ്‌ഫോടനശബ്ദം' ഉണ്ടാക്കുന്നതും ഈ ബൈക്കുയാത്രക്കാരുടെ ഹോബികളിലൊന്നാണ്. ഓടിക്കൊണ്ടിരിക്കേ ബൈക്കിന്റെ കീ ഓഫ് ചെയ്ത് പെട്ടെന്ന് ഓൺ ചെയ്താണ് ഈ സ്‌ഫോടനശബ്ദമുണ്ടാക്കുന്നത്. പെൺകുട്ടികളെ ആകർഷിക്കാനും ദേഷ്യം തീർക്കാനും മറ്റുവാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോഴും തടസ്സമുള്ള വഴിയാത്രക്കാരെയും വാഹനങ്ങളെയും മാറ്റാനും ഇവർ സ്‌ഫോടനശബ്ദമുണ്ടാക്കാറുണ്ട്.

സൈലൻസറിൽനിന്ന് വായു പുറന്തള്ളുന്നത്, പിന്നിൽവരുന്ന യാത്രക്കാർക്ക് ശല്യമില്ലാത്ത രീതിയിലാണ് കമ്പനി രൂപകല്പന ചെയ്തിട്ടുള്ളത്. എന്നാൽ സൈലൻസറിന്റെ പിൻഭാഗം ഉയർത്തിവെച്ച നിരവധിവാഹനങ്ങൾ കാണാം. വായു വളരെ ശക്തിയിലാണ് ബുള്ളറ്റുപോലുള്ള വാഹനങ്ങളിൽനിന്ന് പുറന്തള്ളുന്നത്. യാത്രക്കാരുടെ കണ്ണിലും മുഖത്തും വായുകൊണ്ടുള്ള ഈ 'വെടിയുണ്ട'യേറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നു.

ബൈക്കുകളുടെ രൂപ ഘടനയിൽ അപകടകരമായ രീതിയിൽ മാറ്റം വരുത്തുന്നവർക്കെതിരേ കർശനനടപടി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ചട്ടം ലംഘിച്ചാൽ നിയമപ്രകാരം രജിസ്ട്രേഷൻ റദ്ദാക്കണമെന്നും വിധിയിൽ പറയുന്നു. ഘടനയിൽ മാറ്റംവരുത്തിയ ബുള്ളറ്റിന്റെ ആർ.സി.ബുക്ക് പിടിച്ചെടുത്ത മോട്ടോർവാഹനവകുപ്പു നടപടി ചോദ്യംചെയ്ത ഹർജിയിൽ കഴിഞ്ഞവർഷമാണ് കോടതി ഈ നിർദ്ദേശം നൽകിയത്. വണ്ടികളുടെ ഇടിമുഴക്കംപോലുള്ള ശബ്ദം ചെവിപൊട്ടിക്കുമെന്നും പ്രായമായവർക്കും രോഗികൾക്കും ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. ശബ്ദം സംബന്ധിച്ച പരിസ്ഥിതിസംരക്ഷണചട്ടങ്ങൾ പാലിക്കണമെന്നതടക്കം കോടതി നിർദ്ദേശിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP