Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംജി സർവകലാശാലാ പിവിസി ഷീനാ ഷുക്കൂർ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ കണ്ണിയോ? വ്യാജ സർട്ടിഫിക്കറ്റിന് ഒറിജിനലാണെന്ന സാക്ഷ്യപത്രത്തിനായി പരീക്ഷ കൺട്രോളർക്ക് വാട്‌സ്ആപ് സന്ദേശമയച്ചു; യൂണി. രജിസ്ട്രാറുടെ പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതം

എംജി സർവകലാശാലാ പിവിസി ഷീനാ ഷുക്കൂർ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ കണ്ണിയോ? വ്യാജ സർട്ടിഫിക്കറ്റിന് ഒറിജിനലാണെന്ന സാക്ഷ്യപത്രത്തിനായി പരീക്ഷ കൺട്രോളർക്ക് വാട്‌സ്ആപ് സന്ദേശമയച്ചു; യൂണി. രജിസ്ട്രാറുടെ പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകുന്ന റാക്കറ്റുകളുമായി എംജി സർവകലാശാല പിവിസി ഷീനാ ഷുക്കൂറിനും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം. ഒരു വ്യാജ സർട്ടിഫിക്കറ്റിന് ജെന്വിൻനെസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് യഥാർത്ഥമാണെന്ന സർവകലാശാലാ സാക്ഷ്യപത്രം) നൽകാനാവശ്യപ്പെട്ട് പരീക്ഷാ കൺട്രോളർക്ക് ഷീനാ ഷുക്കൂർ വാട്‌സ്ആപ് സന്ദേശം നൽകിയതാണ് ഇവർക്ക് വ്യാജസർട്ടിഫിക്കറ്റ് റാക്കറ്റുമായി ബന്ധമുണ്ടോയെന്ന സംശയം ജനിപ്പിച്ചത്. ഇതോടെ പ്രോ വൈസ് ചാൻസലറുടെ നീക്കങ്ങളും മുമ്പ് നടത്തിയ ഇടപാടുകളും സംബന്ധിച്ച് പൊലീസ് വിശദ പരിശോധനകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.

കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ സ്റ്റഡീസിൽ നിന്ന് ജേസിൽ കരീം കെ പി എന്നയാളുടെ പേരിൽ നൽകിയ സർട്ടിഫിക്കറ്റിനു വേണ്ടിയായിരുന്നു സാക്ഷ്യപത്രം ആവശ്യപ്പെട്ടത്. യഥാർഥ ഫോർമാറ്റിൽ 1500 രൂപ അടച്ച ശേഷം ഈ സാക്ഷ്യപത്രത്തിനായി അപേക്ഷിക്കുന്നതിനു പകരം ഇതിനായി പ്രോ വിസി നേരിട്ട് പരീക്ഷാ കൺട്രോളറെ സമീപിക്കുകയായിരുന്നു. ഇതിനായി, ഡിഗ്രി സർട്ടിഫിക്കറ്റിന്റെ ചിത്രം ഇക്കഴിഞ്ഞ ഏപ്രിൽ 22ന് പിവിസി പരീക്ഷാ കൺട്രോളർക്ക് വാട്ട്‌സ് ആപ് വഴി അയച്ചുകൊടുത്തു. എന്നാൽ നിർദിഷ്ട ഫോർമാറ്റിലൂടെ അപേക്ഷിച്ചാൽ മാത്രമേ ഈ സർട്ടിഫിക്കറ്റ് നൽകാനാകൂ എന്ന് പരീക്ഷാ കൺട്രോളർ വ്യക്തമാക്കി. എങ്കിലും സർട്ടിഫിക്കറ്റ് നൽകണമെന്ന് പിവിസി നിർബന്ധിച്ചതോടെ സംശയമായി.

തുടർന്ന് അയച്ചുകിട്ടിയ സർട്ടിഫിക്കറ്റിന്മേൽ കൺട്രോളറുടെ ഓഫീസ് വെരിഫിക്കേഷൻ നടത്തിയതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഈ സർട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തിയതോടെ ഏപ്രിൽ 30ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഇക്കാര്യങ്ങൾ വ്യക്തമാക്കി തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെയാണ് പൊലീസ് പ്രോ വൈസ് ചാൻസലർക്കെതിരെ അന്വേഷണം ആരംഭിച്ചത്. സർട്ടിഫിക്കറ്റിൽ പറഞ്ഞ ജേസിൽ കരീം കോഴിക്കോട് നടുവണ്ണൂർ സ്വദേശിയാണെന്നും ഇപ്പോൾ അബുദാബിയിലാണ് ഉള്ളതെന്നും വ്യക്തമായി.

ജേസിൽ കരീമിനു വേണ്ടി തയ്യാറാക്കിയ വ്യാജ സർട്ടിഫിക്കറ്റ് അജ്മൽ സിഎം എന്നൊരാളുടെ സർട്ടിഫിക്കറ്റിൽ തിരുത്തലുകൾ വരുത്തിയാണ് തയ്യാറാക്കിയത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2014 മെയ് 25നാണ് ഈ യഥാർത്ഥ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത്. സികെഎജെബിപി0158 എന്ന രജിസ്‌ട്രേഷൻ നമ്പരിലുള്ള ഈ സർട്ടിഫിക്കറ്റിൽ വൈസ് ചാൻസലർ എം അബ്ദുൾ സലാമിന്റെ ഡിജിറ്റൽ സിഗ്നേച്ചർ ആണ് ഉള്ളത്. എന്നാൽ 2010 മെയ് 25 എന്ന തീയതി വച്ചുള്ള വ്യാജ സർട്ടിഫിക്കറ്റിലും അബ്ദുൾ സലാമിന്റെ ഡിജിറ്റൽ സിഗ്നേച്ചറുണ്ട്. 2012ലാണ് അബ്ദുൾസലാം വൈസ് ചാൻസലർ ആയതെന്നതിനാൽ 2010ലെ സർട്ടിഫിക്കറ്റിൽ അദ്ദേഹത്തിന്റെ ഒപ്പുവന്നതോടെയാണ് ഇത് വ്യാജമാണെന്ന് ഉറപ്പിച്ചത്. മാത്രമല്ല, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റുകളിൽ പതിപ്പിച്ചു തുടങ്ങുന്നത് 2012ലാണെന്നതിനാൽ ഈ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഉറപ്പിക്കുകയായിരുന്നു.

ഈ വ്യാജ സർട്ടിഫിക്കറ്റിന്റെ ചിത്രം വാട്ട്‌സ്ആപ്പ് വഴി അയച്ചുനൽകിയതും യഥാർത്ഥ സർട്ടിഫിക്കറ്റാണെന്ന സാക്ഷ്യപത്രം നേടാൻ വഴിവിട്ട് ശ്രമം നടത്തിയതുമാണ് പ്രോവിസിക്ക് വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെടുത്തിയത്. വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ പെരുകുന്നതിനാൽ മിക്ക കമ്പനികളും സർട്ടിഫിക്കറ്റ് യഥാർത്ഥമാണെന്നുള്ള സാക്ഷ്യപത്രം ഉദ്യോഗാർത്ഥികൾ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഹാജരാക്കാൻ ആവശ്യപ്പെടാറുണ്ട്. യൂണിവേഴ്‌സിറ്റി റെക്കോഡ് പ്രകാരം ഒരു സർട്ടിഫിക്കറ്റ് യഥാർഥമാണെന്ന് പരിശോധിച്ച് പരീക്ഷാ കൺട്രോളർ നൽകുന്ന സർട്ടിഫിക്കറ്റാണ് 'ജെന്വിൻനെസ്സ് സർട്ടിഫിക്കറ്റ്'.

വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റുകളെ ചെറുക്കാൻ യൂണിവേഴ്‌സിറ്റി ശക്തമായ നീക്കങ്ങളാണ് നടത്തുന്നതെന്നും ഇപ്പോഴുണ്ടായ സംഭവങ്ങൾ വിസിയേയും സിൻഡിക്കേറ്റിനേയും അറിയിച്ചിട്ടുണ്ടെന്നും പരീക്ഷാ കൺേട്രാളർ വിവി ജോർജ് കുട്ടി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് കേസ് ഫയൽചെയ്തിട്ടുണ്ടെന്നും ഉന്നത അധികാരികളുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും എസ്‌ഐ പി ചന്ദ്രനും അറിയിച്ചു. സംസ്ഥാനത്ത് വ്യാജസർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകുന്ന വൻ റാക്കറ്റ് പ്രവർത്തിക്കുന്നുവെന്ന പ്രചാരണം ശക്തമായി നിൽക്കുന്ന സാഹചര്യത്തിലാണ് ഒരു സർവകലാശാലയുടെ പ്രോ വൈസ് ചാൻസലർതന്നെ ഇതിന്റെ പ്രധാന കണ്ണിയാണെന്ന വാർത്തകൾ പുറത്തുവരുന്നത്.

ലീഗിന്റെ പച്ചക്കൊടി തനിക്ക് ഇഷ്ടമാണെന്നു പറയുകയും എംജി സർവകലാശാലയിലെ കുട്ടികൾ അത്‌ലറ്റിക്‌സിൽ വിജയംനേടിയത് ആഘോഷിക്കാൻ പച്ച ലഡ്ഡു വിതരണം ചെയ്യുകയും ചെയ്തതിലൂടെ വാർത്തകളിൽ നിറഞ്ഞ ഷീനാ ഷുക്കൂർ വിസിയാകാൻ നടത്തിയ നീക്കങ്ങളിലൂടെയും വിവാദങ്ങളിൽ നിറഞ്ഞു. തനിക്ക് വീടും കാറും ലഭിച്ചത് പച്ചപ്പതാകയുടെ നിഴലിലെന്ന പ്രഖ്യാപിച്ചതിലൂടെ ലീഗിനോടുള്ള കടപ്പാട് വെളിപ്പെടുത്തിയെങ്കിലും ഫറൂഖ് കോളേജിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ ലീഗിന് എതിരെ നിലകൊണ്ടതും വാർത്തയായി. നിർണായക സർവകലാശാല യോഗങ്ങൾ ഒഴിവാക്കി ഷീനാഷുക്കൂർ വിദേശയാത്ര നടത്തിയെന്ന ആരോപണത്തെ തുടർന്ന വിസിയോട് ഗവർണർ വിശദീകരണം തേടുകയും ചെയ്തിരുന്നു. ഗൾഫിൽ മുസ്‌ളീംലീഗിനു വേണ്ടി ഷീനാ ഷുക്കൂർ പ്രസംഗിച്ചത് പിവിസി പദവിയുടെ ഔന്നത്യവും മാന്യതയും കാറ്റിൽപ്പറത്തിയാണെന്നു പറഞ്ഞ് അവർക്കെതിരെ കഴിഞ്ഞവർഷം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തന്നെ ഗവർണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോൾ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന സാഹചര്യത്തിൽ സർട്ടിഫിക്കറ്റ് വിവാദത്തിന്മേൽ ഷീനാ ഷുക്കൂറിനെതിരെ ശക്തമായ അന്വേഷണം നടക്കാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP