Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സോഷ്യൽ മീഡിയാ ഹർത്താലിൽ അകത്തായവർ ഏറെയും എസ്ഡിപിഐക്കാർ; ലീഗിന്റേയും സിപിഎമ്മിന്റേയും വെൽഫയർ പാർട്ടിയുടേയും കോൺഗ്രസിന്റേയും പ്രവർത്തകരും പൊലീസ് പിടിയിൽ; തിരൂരും താനൂരുമെല്ലാം പ്രശ്നക്കാരെ ഇറക്കാനെത്തിയത് രാഷ്ട്രീയ നേതാക്കളും; മലബാറിനെ ഞെട്ടിച്ച ഹർത്താലിൽ ശക്തമായ നടപടിയുമായി പൊലീസും

സോഷ്യൽ മീഡിയാ ഹർത്താലിൽ അകത്തായവർ ഏറെയും എസ്ഡിപിഐക്കാർ; ലീഗിന്റേയും സിപിഎമ്മിന്റേയും വെൽഫയർ പാർട്ടിയുടേയും കോൺഗ്രസിന്റേയും പ്രവർത്തകരും പൊലീസ് പിടിയിൽ; തിരൂരും താനൂരുമെല്ലാം പ്രശ്നക്കാരെ ഇറക്കാനെത്തിയത് രാഷ്ട്രീയ നേതാക്കളും; മലബാറിനെ ഞെട്ടിച്ച ഹർത്താലിൽ ശക്തമായ നടപടിയുമായി പൊലീസും

എം പി റാഫി

മലപ്പുറം: ഹർത്താലിന്റെ മറവിൽ തിരൂരിലും താനൂരിലും അടക്കം അക്രമം അഴിച്ചുവിട്ട് അഴിഞ്ഞാടിയ സംഭവത്തിൽ അറസ്റ്റിലായവരിൽ ഏറെയും എസ്.ഡി.പി.ഐ പ്രവർത്തകരാണ്. മുസ്ലിം ലീഗ്, സിപിഎം, വെൽഫെയർ പാർട്ടി, കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. 200 ഓളം പേരാണ് അറസ്റ്റിൽ. തിരൂർ പൊലീസ് സ്റേറേഷൻ അക്രമിച്ച കേസിൽ 10 പേരെയും അറസ്റ്റ് ചെയ്തു. മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, തേഞ്ഞിപ്പലം, പെരിന്തൽമണ്ണ, മങ്കട, കൊളത്തൂർ, നിലമ്പൂർ, പാണ്ടിക്കാട്, പൊന്നാനി, വളാഞ്ചേരി, കോട്ടക്കൽ, കൽപകഞ്ചേരി എന്നീ സ്റ്റേഷനുകളിലായി 110 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കത്വയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ടായിരുന്നു സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്തതു പ്രകാരം ഇന്നലെ ഹർത്താൽ നടത്തിയിരുന്നത്. 15നും 30 നും ഇടയിൽ പ്രായമുള്ളവരാണ് ഹർത്താലിന്റെ മറവിൽ നിരത്തിലിറങ്ങി അക്രമം അഴിച്ചുവിട്ടത്. ഹർത്താൽ കാരണം നാടും നഗരവും സ്തംഭിച്ചിരുന്നു. ഇതു കണ്ട് രാഷ്ട്രീയ പാർട്ടികൾ വരെ മൂക്കത്ത് കൈവെച്ചു പോയി. എന്നാൽ വൈകീട്ടോടെ 'സോഷ്യൽ മീഡിയാ ഹർത്താൽ പോരാളി'കളെല്ലാം പൊലീസിന്റെ പിടിയിലായതോടെ പാർട്ടികൾ തന്നെ സ്റ്റേഷനിൽ റെക്കമെന്റുമായി വരേണ്ടി വന്നു. ഇന്നലെ രാത്രി 11 മണി വരെയും തിരൂർ അടക്കമുള്ള പൊലീസ് സ്റ്റേഷനുകളിൽ ലീഗ്, സിപിഎം, കോൺഗ്രസ് നേതാക്കളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു.

എന്നാൽ പൊലീസ് ഒരു സമ്മർദത്തിനും വഴങ്ങാതെ കർശന വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിരൂർ സ്റ്റേഷനിലേക്ക് അതിക്രമം നടത്തുകയും താനൂരിൽ പൊതുമുതൽ നശിപ്പിച്ച് പൊലീസിനെ അക്രമിക്കുകയും ചെയ്തവർക്കാണ് ഗൗരവമേറിയ വകുപ്പുകൾ ചുമത്തിയിട്ടുള്ളത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സ്റ്റേഷനുനേരെ അക്രമം നടന്നത്. മുദ്രാവാക്യം വിളികളോടെ ഒരു സംഘം പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് കസ്റ്റഡിയിലെടുത്ത ആറ് പേരെയും മറ്റ് നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. നടുവിലങ്ങാടി, മുത്തൂർ, പയ്യനങ്ങാടി, കോലു പാലം സ്വദേശികളായ ബഷീർ, മുഹമ്മദ്, ശിഹാബുദ്ധീൻ, നൗഫൽ, സാബിഹുദ്ധീൻ, ഉമൈർ തുടങ്ങിയവരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 150 ഓളം പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഹർത്താലെന്ന പേരിൽ യുവാക്കൾ അഴിഞ്ഞാടിയതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നിരവധി വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളുമാണ് ഇവർ യാതൊരു ദാക്ഷിണ്യവുമില്ലാതെ തകർത്തത്. ഞായറാഴ്ച അർദ്ധരാത്രിയോടെ സമരാനുകൂലികൾ ജില്ലയിലെ നഗരങ്ങളിൽ വാഹനങ്ങൾ തടഞ്ഞായിരുന്നു ആദ്യം എത്തിയത്. ഇത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. സംഭവസ്ഥലത്ത് നിന്ന് ഞായറാഴ്ച രാത്രിയിൽ എട്ട് പേരെ തിരൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്നലെ രാവിലെ ആറരയോടെ ഹർത്താൽ അനുകൂലികൾ സംഘടിച്ചെത്തി തിരൂരിലും താനൂരിലും കടകമ്പോളങ്ങൾ അടപ്പിച്ചു. റോഡിൽ ടയറുകൾ കത്തിച്ചും കല്ലുകളിട്ടും ഗതാഗതം പൂർണമായും തടസപ്പെടുത്തി. തീരദേശ മേഖലകളിലും ഗ്രാമപ്രദേശങ്ങളിലും സോഷ്യൽ മീഡിയാ സന്ദേശ പ്രകാരം യുവാക്കളും കൗമാരക്കാരും റോഡിലിറങ്ങി ഗതാഗതം തടസപ്പെടുത്തി. പോസ്റ്റ് ഓഫീസ് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളും സമരക്കാർ അടപ്പിച്ചു.

വിവിധ പ്രദേശങ്ങളിൽ പൊലീസുമായി സമരക്കാർ ഏറ്റുമുട്ടി. രാവിലെ പത്ത് മണിയോടെ സമരാനുകൂലികൾ സംഘടിച്ചെത്തി
തിരൂർ പൊലീസ് സ്റ്റേഷൻ അക്രമിച്ചു. പൊലീസ് ടിയർഗ്യാസ് പ്രയോഗിച്ചതോടെ സമരക്കാർ ചിതറിയോടി. മാധ്യമ പ്രവർത്തകർക്കു നേരെയും അക്രമമുണ്ടായി. തിരൂരിൽ കെ.എസ്.ആർ ടി സി ബസുകൾക്കു നേരെ കല്ലേറുണ്ടായി. ഉച്ചയ്ക്ക് 12.30 ഓടെ ഹർത്താൽ അനുകൂലികൾ പൊലീസ് ലൈൻ ഭാഗത്ത് നിന്നും പ്രകടനമായെത്തി. തുറന്നു കിടന്ന കടകൾ അടപ്പിച്ചു. പ്രകടനം ആർഎസ്എസ് ആസ്ഥാനമായ സംഘ് മന്ദിരത്തിലേക്ക് എത്തും മുമ്പ് പൊലീസ് തടഞ്ഞു. പൊലീസിന്റെ സമയബന്ധിതമായ ഇടപെടൽ വലിയ കലാപം ഒഴിവാക്കുകയായിരുന്നു.

സമരക്കാർ അക്രമാസക്തരായതോടെ പൊലീസ് ലാത്തിവീശി നിരവധി പേരെ പിടികൂടി. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 80 ഓളം പേരെ കസ്റ്റഡിയിലെടുത്തു. ഈ സമയം താനൂർ ജംഗ്ഷനിൽ ഹർത്താൽ അനുകൂലികൾ കടകളും ബസുകളും തകർത്തു. താനൂർ പരപ്പനങ്ങാടി റോഡിലെ കെ.ആർ ബേക്കറി പൂർണമായും തകർത്തു. രണ്ട് കെ എസ് ആർ ടി സി ബസുകൾ അടിച്ചു തകർത്തു. യാത്രക്കാർ പരിഭ്രാന്തരായി ഓടി. സംഭവസ്ഥലത്തുണ്ടായിരുന്ന ഇരുപതോളം പൊലീസുകാർക്ക് കല്ലേറിൽ പരിക്കേറ്റു. തലക്കും കൈകാലുകൾക്കും പരിക്കേറ്റ ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആർ ആർ ആർ എഫ് തൃശൂർ ബെറ്റാലിയനിലെ ഉദ്യോഗസ്ഥരായ അഖിൽ തോമസ് (29),മനു പി ജോസ് (28),സ്റ്റാലിൻ മാത്യു (29),സാൽജോമോൻ (27),വി.വിജേഷ് (31), അശ്വദീഷ് കെ (26),വിപിൻ (26), ബിനീഷ് (27),ജിജേഷ് (28) തുടങ്ങിയവർക്കാണ് പരിക്കേറ്റത്. വിപിന് വലത് കണ്ണിനും വിജേഷിന് തലക്കും ഗുരുതരമായി പരിക്കേറ്റു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കെ.എൽ.പി, ക്യു.ആർ.ടി, ആർ.ആർ.ആർ.എഫ് വിഭാഗങ്ങളിൽ നിന്നായാണ് പ്രത്യേക സ്‌ക്വാഡുകളെ വിന്യസിച്ചിട്ടുള്ളത്. തിരൂർ, താനൂർ, പരപ്പനങ്ങാടി സ്റ്റേഷൻ പരിതിയിൽ ഒരാഴ്ചത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP