Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോഷ്ടിച്ചിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും ക്രൂരമായി തല്ലി.. കണ്ണിൽ മുളകുതേച്ചു.. പുറംലോകം കാണില്ലെന്ന് ഭീഷണിപ്പെടുത്തി; മാലമോഷണം ആരോപിച്ച് പൊലീസ് തല്ലിച്ചതച്ച ലീബ പൊട്ടിക്കരഞ്ഞ് മറുനാടൻ മലയാളിയോട് പറഞ്ഞ കാര്യങ്ങൾ

മോഷ്ടിച്ചിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും ക്രൂരമായി തല്ലി.. കണ്ണിൽ മുളകുതേച്ചു.. പുറംലോകം കാണില്ലെന്ന് ഭീഷണിപ്പെടുത്തി; മാലമോഷണം ആരോപിച്ച് പൊലീസ് തല്ലിച്ചതച്ച ലീബ പൊട്ടിക്കരഞ്ഞ് മറുനാടൻ മലയാളിയോട് പറഞ്ഞ കാര്യങ്ങൾ

കൊച്ചി: താൻ മോഷ്ടിച്ചിട്ടില്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞിട്ടും അവരെന്നെ ക്രൂരമായി തല്ലി. ആദ്യം കരണത്തടിച്ചു. പിന്നെ കാലിൽ ചവിട്ടി, കണ്ണിൽ മുളക് തേച്ചു. കൈവിരലുകൾക്കിടയിൽ പേന കൊണ്ട് ഞെരിച്ചു. ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽ തനിക്കുണ്ടായ പീഡനാനുഭവം വിശദീകരിച്ച ലീബ ഇടക്ക് പൊട്ടിക്കരഞ്ഞു. ഇടക്ക് വാക്കുകൾ മുറിയും, ചേരാനെല്ലൂർ സ്വദേശിനിയായ ഈ 29കാരി ഏഴ് വർഷത്തോളമായി പ്രദേശത്തെ വിവിധ വീടുകളിൽ ജോലിയെടുത്താണ് കുടുംബം പുലർത്തിയിരുന്നത്. ഇതുവരെ മോഷ്ടാവെന്നോ കള്ളിയെന്നോ തന്നെ ആരും വിളിച്ചിട്ടില്ലെന്ന് ലീബ പറയുന്നു. നാലുമാസം മാത്രമേ ആയിട്ടുള്ളൂ ചേരാനെല്ലൂരിലെ ഡോക്ടർ ഹരീഷ്‌കുമാറിന്റെ വീട്ടിൽ ലീബ ജോലി ചെയ്യാൻ തുടങ്ങിയിട്ട്.

ഇടപ്പള്ളി അമൃതാ ആശുപത്രിയിലെ ഹൃദ്‌രോഗ വിദഗ്ദനായ ഹരീഷിന്റെ വീട്ടിലെ സ്വർണം മോഷ്ടിച്ചെന്ന കുറ്റം ചുമത്തിയാണ് ലീബയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 23ന് പതിവുപോലെ ഡോക്ടറുടെ വീട്ടിൽ ജോലിക്കെത്തിയതായിരുന്നു ലീബ. തന്നെ കാണാൻ ആരോ വന്നിട്ടുണ്ടെന്ന് പറഞ്ഞ് പറഞ്ഞ് സ്വീകരണമുറിയിലേക്ക് വിളിപ്പിച്ചു. പിന്നെ മഫ്ടിയിലെത്തിയ ചേരാനെല്ലൂർ എസ്.ഐയും, വനിതാ പൊലീസുകാരും ചേർന്ന് അവിടെവച്ചാരംഭിച്ചു ചോദ്യം ചെയ്യൽ. പരാതിക്കാരുടെ മുൻപിൽ വച്ചുതന്നെ കൊടിയ മർദ്ദനം. അതിന് ശേഷം ഡോക്ടറുടെ മകന്റെ കാറിൽ പൊലീസ് സ്റ്റേഷനിലേക്ക്.

വഴിയിൽ നിൽക്കുകയായിരുന്ന ഭർത്താവിനെയും പൊലീസ് കാറിൽ കയറ്റി. സ്റ്റേഷനിലെത്തിയ തന്റെ കൺമുൻപിൽ വച്ചാണ് ലീബയെ തല്ലിയതെന്ന് ഭർത്താവ് രതീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. പിന്നെ നേരം പുലരുവോളം എസ്.ഐയും, വനിതാ പൊലീസുകാരും ചേർന്ന് ക്രൂരമായി തല്ലി. ബൂട്ട്‌സിട്ട് ചവിട്ടി. കുറ്റം സമ്മതിച്ചില്ലെങ്കിൽ പുറംലോകം കാണില്ലെന്ന് ഭീഷണിപ്പെടുത്തി. മോഷണക്കുറ്റം താൻ എറ്റെടുക്കാൻ തയ്യാറാവതിരുന്നതിനാൽ ക്രൂരമായ പീഡനം തുടർന്നു. മൊബൈൽ ഫോൺ ദൃശ്യം തെളിവായി ഉണ്ടെന്നാണ് പൊലീസ് പറഞ്ഞതെന്ന് ലീബയുടെ ഭർത്താവ് രതീഷ് പറഞ്ഞു. എന്നാൽ അത് കാണിക്കാൻ പൊലീസ് തയ്യാറായില്ല. 24ന് കോടതിയിൽ ഹാജരാക്കിയ ലീബയെ റിമാന്റ് ചെയ്തു.

കാക്കനാട് വനിതാ ജയിലിലെ വാർഡന്മാരോടും, ആശുപത്രിയിലെ ഡോക്ടർമാരോടും മർദ്ദനകഥ ലീബ പറഞ്ഞിരുന്നു. എന്നിട്ടും ഫലമൊന്നുമുണ്ടായില്ല. പിന്നീട് കസ്റ്റഡിയിൽ വാങ്ങി കച്ചേരിപ്പടി വനിതാ സ്റ്റേഷനിൽ എത്തിച്ചും ലീബയെ മർദ്ദിച്ച് ചോദ്യം ചെയ്തു. എന്നാൽ തൊണ്ടിമുതൽ കണ്ടെടുക്കുന്നതിനോ, മതിയായ തെളിവുകൾ ഹാജരാക്കാനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ജാമ്യം കിട്ടിയതിനുശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് ക്രൂരമായ മർദ്ദനകഥ പുറംലോകമറിയുന്നത്.

ലീബയുടെ നട്ടെല്ലിന് കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ഒന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണിവരിപ്പോൾ. ഡോക്ടർ ഹരീഷ്‌കുമാറിന്റെ മകളുടെ വിവാഹമായതിനാൽ പെയ്ന്റിങ് തൊഴിലാളികൾ ഉൾപ്പെടെ പുറത്തുള്ളവർ വീട്ടിൽ ഉണ്ടായിരുന്നു. അതൊന്നും പരിശോധിക്കാതെ 8 മണിക്കെത്തി 11 മണിക്ക് മടങ്ങുന്ന തന്നെ കുറ്റക്കാരിയാക്കിയത് എന്തിനെന്നും ലീബ ചോദിക്കുന്നു.

ലീബയുടെ ഭർത്താവ് രതീഷ് കൂലിപ്പണിക്കാരനാണ്. ഇവരുടെ രണ്ട് പേരുടെയും ശമ്പളം കൊണ്ടാണ് കുടുംബം അല്ലലില്ലാതെ കഴിയുന്നത്. ലീബ കിടപ്പിലായതോടെ രതീഷിന്റെ പണിയും മുടങ്ങി. ഏതാണ്ട് ഒരുമാസത്തോളം ലീബ ആശുപത്രിയിൽ തുടരേണ്ടിവരും. അടിയന്തിരാവസ്ഥയെ വെല്ലുന്ന പൊലീസ് മർദ്ദനത്തിനെതിരെ ചേരാനെല്ലൂരിലെ നാട്ടുകാർ ഒന്നടങ്കം പ്രക്ഷോഭത്തിലാണ്.

ഇവരുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ആരോപണ വിധേയരായ എസ്.ഐയെയും മറ്റു പൊലീസുകാരെയും സ്ഥലംമാറ്റി മുഖം രക്ഷിക്കാനാണ് അധികൃതർ ശ്രമിച്ചത്. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും സസ്‌പെന്റ് ചെയ്യണെമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദൻ കഴിഞ്ഞദിവസം ആശുപത്രിയിലെത്തി ലീബയെ സന്ദർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP