Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെമ്പുപാളി മോഷ്ടിച്ച കേസിലെ പ്രതിയായ ബിജെപി നേതാവിന് സിപിഎമ്മിന്റെ കൈയയച്ച സഹായം; ടിആർ അജിത്ത്കുമാറിനെ രക്ഷിക്കാൻ പ്രതികൾ ഒളിവിലെന്ന് കാട്ടി കോടതിയിൽ കുറ്റപത്രം കൊടുത്തത് മുൻ അടൂർ ഡി വൈ എസ് പി; പാർട്ടിക്കുള്ളിൽ പുതിയ വിവാദം

ചെമ്പുപാളി മോഷ്ടിച്ച കേസിലെ പ്രതിയായ ബിജെപി നേതാവിന് സിപിഎമ്മിന്റെ കൈയയച്ച സഹായം; ടിആർ അജിത്ത്കുമാറിനെ രക്ഷിക്കാൻ പ്രതികൾ ഒളിവിലെന്ന് കാട്ടി കോടതിയിൽ കുറ്റപത്രം കൊടുത്തത് മുൻ അടൂർ ഡി വൈ എസ് പി; പാർട്ടിക്കുള്ളിൽ പുതിയ വിവാദം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ക്ഷേത്രത്തിലെ ചെമ്പുപാളി മോഷണക്കേസിൽ പ്രതിയായ ബിജെപി സംസ്ഥാന സമിതിയംഗത്തിന് സിപിഎമ്മിന്റെ കൈ അയച്ച സഹായം. കേസിലെ നാലു പ്രതികളും ഒളിവിലാണെന്ന് കാട്ടി അടൂർ മുൻഡിവൈഎസ്‌പി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതോടെ തൊണ്ടിമുതൽ കണ്ടെത്താനും സാധിച്ചില്ല.

അടൂർ പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസിൽ പ്രതികളായ ബിജെപി നേതാവ് ഉൾപ്പെടെയുള്ള പ്രതികളെ ഭരണകക്ഷി നേതാക്കളുടെ ഒത്താശയോടെ പൊലീസ് സഹായിക്കുന്നുവെന്നാണ് ആക്ഷേപം. ഭരണസമിതി മുൻ പ്രസിഡന്റ് ടിആർ അജിത് കുമാറാണ് ഒന്നാം പ്രതി. ബിജെ പി മുൻ ജില്ലാ പ്രസിഡന്റു കൂടിയായ ഇദ്ദേഹം സംസ്ഥാന സമിതിയംഗമാണ്. ഇപ്പോഴത്തെ ഭരണസമിതി അജിത് കുമാറിനെതിരെ ലക്ഷങ്ങളുടെ ആരോപണവുമായി കഴിഞ്ഞ ദിവസം വീണ്ടും രംഗത്തെത്തി.

നമസ്‌ക്കാര മണ്ഡപത്തിന് തടിവാങ്ങിയതിൽ പന്ത്രണ്ട് ലക്ഷത്തിൽപ്പരം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഭരണസമിതി ഭാരവാഹികൾ പറയുന്നത്. ഊട്ടുപുര നിർമ്മാണത്തിൽ ചെലവഴിച്ച തുകയിൽ ക്രമക്കേടുള്ളതായും ബില്ലിൽ തിരുത്തലുകൾ വരുത്തിയിട്ടുള്ളതായും ഇവർ ആരോപിക്കുന്നു. നാലമ്പല നിർമ്മാണവുമായി ബന്ധപ്പെട്ട് ചെമ്പ് പാകിയതിൽ നടന്ന വൻ ക്രമക്കേടിനെ സംബന്ധിച്ചുള്ള കേസിലാണ് പ്രതികളെ ഒളിവിൽ ഇട്ട് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതികളിൽ ഒരാൾ മാത്രമാണ് കോടതിയിൽ നിന്നും ജാമ്യമെടുത്തത് ക്ഷേത്രത്തിൽ നടന്ന അഴിമതിയെ സംബന്ധിച്ച് ഭക്തജന സംഘത്തിന്റെ പരാതിയെ തുടർന്നാണ് 2014 ൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ആരോപണം ഉയർന്നപ്പോൾ ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന ഭരണസമിതി പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപഐഎം അടൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് അന്ന് മാർച്ച് ഉദ്ഘാടനം ചെയ്തത്. എൽ ഡി എഫ് ഗവൺമെന്റ് അധികാരത്തിൽ വന്നതോടെ ബിജെപി നേതാവിനെ സംരക്ഷിക്കുന്ന നിലപാട് സി പി എം നേതൃത്വം സ്വീകരിക്കുകയായിരുന്നു വെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന േേആക്ഷപം. കേസിന്റെ റിപ്പോർട്ട് നല്കിയ ഉദ്യോഗസ്ഥൻ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും പറയപ്പെടുുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാതെ കുറ്റപത്രം നൽ്കിയതിലൂടെ നഷ്ടമായ ചെമ്പ് കണ്ടെടുക്കാനും കഴിഞ്ഞില്ല.

1797 കിലോ ചെമ്പിന്റെ കുറവാണ് കണ്ടെത്തിയത്.ഇതിന് ഒമ്പത് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. നഷ്ടമായ ചെമ്പ് കണ്ടെത്താനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാറാകാതെ ഇത്രയും ഗുരുതരമായ കേസിൽ പ്രതിചേർക്കപ്പെട്ടവരെ സഹായിക്കുന്ന സമീപനം സ്വീകരിച്ചെന്നാണ് ആക്ഷേപം.ഇതിന് പിന്നിൽ ചില ഭരണകക്ഷി നേതാക്കളുടെ ഇടപെടലുണ്ടെന്നാണ് ഭരണകക്ഷിയിൽ നിന്നു തന്നെ ഇപ്പോൾ ആരോപണംഉയർന്ന് വന്നിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥൻ സ്വന്തം ഇഷ്ടപ്രകാരം ബിജെപി നേതാവിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നാണ് ഭരണകക്ഷി നേതാക്കളുടെ ഭാഷ്യം.

എന്നാൽ സി പി എം ഭരണ നേതൃത്വത്തിൽ നിന്നുള്ള ശക്തമായ ഇടപെടൽ ഇല്ലാതെ ബിജെപി നേതാവിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ ഡി വൈ എസ് പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ തയ്യാറാകുമോയെന്ന മറുചോദ്യവും ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP