Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലുവയിൽ ഉസ്മാനെ തല്ലിച്ചതച്ച സംഭവത്തിൽ കൈപൊള്ളിയപ്പോൾ മാധ്യമപ്രവർത്തകരെ കണ്ടാൽ കലിയായി; വായിക്കുന്നതെല്ലാം എരിവും പുളിയും ചേർത്ത മസാലയായി; 'കനലൂതിപ്പെരുപ്പിച്ച് തീയാക്കി മാറ്റി'യവരോട് വിദ്വേഷമായി; പക ഏറിയപ്പോൾ മാധ്യമവേശ്യകൾ എന്ന് അധിക്ഷേപം; കോതമംഗലത്ത് പൊലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ മാധ്യമപ്രവർത്തകരെ താറടിച്ച അഡ്‌മിന്റെ പോസ്റ്റ് വിവാദമാകുന്നു

ആലുവയിൽ ഉസ്മാനെ തല്ലിച്ചതച്ച സംഭവത്തിൽ കൈപൊള്ളിയപ്പോൾ മാധ്യമപ്രവർത്തകരെ കണ്ടാൽ കലിയായി; വായിക്കുന്നതെല്ലാം എരിവും പുളിയും ചേർത്ത മസാലയായി; 'കനലൂതിപ്പെരുപ്പിച്ച് തീയാക്കി മാറ്റി'യവരോട് വിദ്വേഷമായി; പക ഏറിയപ്പോൾ മാധ്യമവേശ്യകൾ എന്ന് അധിക്ഷേപം; കോതമംഗലത്ത് പൊലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ മാധ്യമപ്രവർത്തകരെ താറടിച്ച അഡ്‌മിന്റെ പോസ്റ്റ് വിവാദമാകുന്നു

പ്രകാശ് ചന്ദ്രശേഖർ

കാതമംഗലം: ആലുവയിൽ ഉസ്മാനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ തങ്ങൾ പ്രതിക്കൂട്ടിലായതോടെ മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ഏമാന്മാർ. കോതമംഗലത്ത് പൊലീസും മാധ്യമ പ്രവർത്തകരും അംഗങ്ങളായുള്ള പൊലീസ് -പ്രസ്
വാട്‌സാപ്പ് ഗ്രൂപ്പിലാണ് മാധ്യമപ്രവർത്തകരെ അവഹേളിക്കുന്ന പോസ്റ്റ് ഗ്രൂപ്പിന്റെ അഡ്‌മിനായ പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ഇട്ടത്. മാധ്യമ വേശ്യകൾ എന്ന പദപ്രയോഗത്തിൽ വലിയ തെറ്റൊന്നുമില്ലെന്നാണ് ഈ ഉദ്യോഗസ്ഥന്റെ കണ്ടുപിടുത്തം. ശ്രീജിത്തിന്റെ കസ്റ്റഡി മരണം, ആലുവക്കേസ് എന്നിവ പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.

 പോസ്റ്റിന്റെ പൂർണരൂപം:

മാധ്യമ വേശ്യകൾ' എന്നു പലരും പറയുമ്പോഴും പലപ്പോഴും ആലോചിച്ചിട്ടുണ്ട്, എത്ര മോശം ഭാഷയാണ് ഇത്ര പബ്ലിക്കായി ആളുകൾ ഉപയോഗിക്കുന്നതെന്ന്. ഇപ്പോൾ ചില 'മാധ്യമ'ങ്ങളിൽ വന്ന വാർത്തകൾ വായിച്ചപ്പോൾ മനസ്സിലായി ആ പദപ്രയോഗത്തിൽ വലിയ തെറ്റൊന്നുമില്ല എന്നു. യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത വാർത്തകളെ മസാലകൾ ചേർത്ത മസ്അലകൾ പറയാൻ ഒരുളിപ്പും, തരിമ്പും ഇല്ലെന്നു ഈ വാർത്തകൾ വായിച്ചപ്പോൾ മനസ്സിലായി. മുന്നിലുള്ള ഭൂരിപക്ഷം പറയുന്നതാണ് ശരി എന്ന ആഗോള ചിന്താഗതിയുടെ പിന്നാലെ പോകുന്ക എന്നതല്ലാതെ ഇവിടെ എന്ത് സംഭവിച്ചു എന്നതിന്റെ നിജസ്ഥിതി ഒരാളും അറിയാൻ ശ്രമിച്ചിട്ടില്ലെന്നുള്ളതാണ് വാസ്തവം.

പലരും മൂടിവെക്കാൻ ശ്രമിക്കുന്ന യാഥാർഥ്യത്തെ മറച്ചുവെക്കാൻ മനപ്പൂർവം ശ്രമിക്കുകയാണ് എല്ലാ മാധ്യമങ്ങളും എന്നു ഈ റിപ്പോർട്ട് വായിച്ചാൽ മനസ്സിലാകും. കാരണം അവർക്കിന്നാവശ്യം ശ്രീജിത്ത് കേസ് പോലെ കനലൂതി പെരുപ്പിച്ചു തീയാക്കാൻ വേണ്ട ന്യൂസ് വാല്യൂവുള്ള കൊച്ചു കൊച്ചു സംഭവങ്ങളാണ്. ഇവിടെ ഇപ്പോൾ നടന്നിരിക്കുന്നതും അതുപോലൊരു ചെറിയ സംഭവം മാത്രമാണ്. ഒരാൾ പൊലീസുകാരനെ തല്ലി- സ്വാഭാവിക പ്രതികരണമെന്നോണം ആ പൊലീസുകാരനും തിരിച്ചു തല്ലി. രണ്ടു പേരുടെയും ഭാഗത്തു തെറ്റുള്ളതുകൊണ്ട് രണ്ടുപേർക്കെതിരെയും കേസെടുത്തു. Sreejith എന്ന യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും, നിയമസഭാ സമ്മേളനവും ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഇതിത്ര ഭീകര സംഭവമാക്കി മാറ്റാൻ കഴിയില്ലായിരുന്നു.
എക്കാലത്തെയും പോലെ ഒരു ഏകപക്ഷീയ നിലപാടിൽ നിന്നുകൊണ്ട് എല്ലാ മാധ്യമങ്ങളും അവർക്കു തോന്നിയപോലെ മസാലകളും മസ്അലകളും എഴുതിത്ത്ത്ത്തേച്ചു പിടിപ്പിച്ചു.

പ്രതി പൊലീസിനെ കൈവച്ചതാണ് അടിതുടങ്ങാൻ കാരണമെന്ന് എല്ലാവരും അംഗീകരിച്ച ഒരു കാര്യം ഒരു മാധ്യമത്തിനും കിട്ടിയില്ല. അത് പൊലീസാണെന്ന് മനസ്സിലാകാതെയാണ് പ്രതികരിച്ചതെന്നും പൊലീസുകാർ മദ്യലഹരിയിലായിരുന്നുവെന്നും നോമ്പുതുറ വിഭവങ്ങൾ വാങ്ങി വന്ന പ്രതിയുടെ വണ്ടിയിൽ പൊലീസ് വണ്ടി ഇടിച്ചത് ചോദ്യം ചെയ്തു തുടങ്ങിയതാണ് ഈ പ്രശ്‌നം എന്നുമൊക്കെ എഴുതുമ്പോൾ പലരുടെയും മതവൃകാരം മുതലെടുക്കാമെന്നും ശ്രീജിത്ത് കേസുമായി ബന്ധപ്പെടുത്തിയാൽ വാർത്തക്ക് ഉദ്ദേശിക്കുന്നതിനേക്കാൾ കൂടുതൽ mileage കിട്ടുമെന്നും, അതിന്റെ പേരിൽ രണ്ടു പത്രമെങ്കിൽ രണ്ടെണ്ണം, കൂടുതൽ ചെലവാകുമെന്നൊക്കെയുള്ള കണക്കുകൂട്ടലുകൾക് വില നൽകേണ്ടി വരുന്നത് രണ്ടു വിഭാഗങ്ങൾക് മാത്രമാണ്. അവരാരൊക്കെയാണെന്നല്ലേ പറയാം.

നിങ്ങൾ ഇതിന്റെ മറുവശമറിയാൻ ശ്രമിച്ചിട്ടുണ്ടോ എന്നു നെഞ്ചിൽ കൈവച്ചു് ആലോചിച്ചുനോക്കണം. പൊലീസ് വണ്ടി ഉരസിയത് റോഡിനു കുറുകെ നിറുത്തി സംസാരിച്ചുകൊണ്ടിരുന്ന അനസ് എന്ന യുവാവിന്റെ for registration വണ്ടിയിലാണ് എന്നത് ഒന്നാമത്തെ കാര്യം. അക്കാര്യം പറഞ്ഞുപോയാൽ പിന്നെ ഈ ഉസ്മാൻ എവിടുന്നു വന്നു എന്ന ചോദ്യം വരുമെന്നതിനാൽ ആദ്യം അക്കാര്യമങ് വിഴുങ്ങി. അനസിന്റെ സ്ഥാനത്തു ഉസ്മാനെ തിരുകിക്കയറ്റി കഥയുടെ ആദ്യഭാഗം safe ആക്കി. റോഡിനു കുറുകെ മാർഗതടസമുണ്ടാക്കി കിടന്ന വണ്ടി ഹോൺ മുഴക്കിയിട്ടും മാറാതെവന്നപ്പോഴാണ് പൊലീസ് വണ്ടി മുന്നിലേക്കു കയറ്റി ഒതുക്കിയിടുന്നതിനിടയിൽ ബൈക്കിൽ ഉരസുന്നത്. വണ്ടിയൊതുക്കിയിട്ട് പുറത്തേക്കിറങ്ങിയ പൊലീസ് ഡ്രൈവർ മഫ്തിയിലായിരുന്നു എന്നതും അതു പൊലീസ് വാൻ ആയിരുന്നില്ല എന്നതും ശരി തന്നെ. എന്നാൽ ബൈക്കിലിരുന്ന അനസിനു ഈ പൊലീസ് ഡ്രൈവറെ നേരത്തെ അറിയാമായിരുന്നതിനാൽ സാരമില്ല സാറേ ടയർ ഒന്നുരസിയിട്ടേയുള്ളൂ.. കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞ അനസിനോട് ബൈക്ക് വഴിയിൽ നിന്നു മാറ്റിയിടാൻ നിര്‌ദേശിച്ഛ് തിരിച്ചു നടക്കുന്ന സമയത്താണ് ഉസ്മാന്റെ രംഗപ്രവേശനം.

വണ്ടിക്കിട്ട് തട്ടിയിട്ട് വർത്താനം പറയുന്നോടാ എന്ന് പറഞ്ഞുള്ള വരവും ചെകിടടച്ചുള്ള അടിയും ഒരുമിച്ചായിരുന്നു. അപ്പോൾ തന്നെ അവിടെയുണ്ടായിരുന്ന അനസ് അതു പൊലീസാണെന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. അതൊന്നും കേൾക്കാൻ കാതില്ലാതിരുന്ന ഉസ്മാന്റെ പ്രതികരണത്തിന് മുൻപിൽ പ്രതിരോധം തീർക്കുക എന്നതേ ആ പൊലീസുകാരന്റെ മുന്പിലുണ്ടായിരുന്നുളൂ. മൂന്നു ദിവസത്തെ ഉറക്കമൊഴിച്ചതും ഡ്യൂട്ടിയും എല്ലാം ബാക്കിനിൽക്കെ നാട്ടുകാരുടെ മുന്നിലിട്ട് ഒരു കാര്യവുമില്ലാത്തന്റെ അടിയും കൊണ്ട് നിന്ന ആ പൊലീസുകാരൻ ഒരു ദൈവ ദൂദനോളം ക്ഷമിച് അയാളെ തിരിച്ചു തല്ലാതിരിക്കാമായിരുന്നു. എന്ത് ചെയ്യാം. ആ ചെറുപ്പക്കാരൻ തല്ലിപ്പോയി. പൊലീസുകാർ അവനെയും കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കും പോയി. ഇവനൊക്കെ വല്ല കാര്യോമുണ്ടോ ഈ പൊലീസുകാരുടെ മെക്കിട്ട് കേറാൻ എന്നു അവിടെ കൂടിയിരുന്നവർ വരെ ഉസ്മാനെക്കുറിച്ഛ് സംസാരിച്ഛ് തീർന്ന ഒരു സംഭവം പിന്നീട് ചിലർ പുറത്തേയ്ക്കു വിട്ടത് മാത്രമേ നമ്മളറിഞ്ഞുള്ളൂ. ഹോസ്പിറ്റലിൽ കൊണ്ട്‌ചെന്നപ്പോൾ govt ഡോക്ടർ പരിശോധിച്ചിട്ട് പറഞ്ഞത്, കവിളെല്ലിലെ സോഫ്റ്റ് born നാണ് ചെറിയ പൊട്ടലുള്ളത്. അഡ്‌മിറ്റ് ചെയ്യേണ്ട ആവശ്യമില്ല, 3ദിവസത്തെ rest കൊണ്ട് മാറാവുന്നതേയുള്ളൂ ആ scrach എന്നാണ്. എന്നാൽ നാട്ടുകാരെന്ന പേരിൽ അവിടെയെത്തിയത് മണ്ണുമാഫിയ എന്ന ഓമനപ്പേരിൽ നമ്മൾ വിളിക്കുന്ന എന്തിനും പോന്ന ഒരു വിഭാഗമാണ്. അവരുടെ നിർബന്ധത്തിനു വഴങ്ങി പൊലീസ് ഉസ്മാനെ ലക്ഷ്മി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

അവിടെ നിന്നും അതേ പ്രതികരണം തന്നെ ലഭിച്ചപ്പോൾ വീണ്ടും പ്രശ്‌നമുണ്ടാക്കി രാജഗിരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പിന്നീട് വരുന്ന കഥകൾ വേറെയായിരുന്നു. ഹോസ്പിറ്റലിന്റെ പരസ്യവും പ്രതിപക്ഷത്തിന്റെ വിശപ്പും മാധ്യമങ്ങൾക്കുള്ള ചൊറിച്ചിലും മാറ്റുവാൻ പോന്ന ഒരായുധമാക്കി അവരതിനെ തന്ത്രപൂർവം മാറ്റി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപയ്ക്കെതിരെ തീർത്ത സന്നാഹങ്ങളേക്കാൾ ഭീകരത, കാലേകൂട്ടി തീരുമാനിച്ചു വെച്ച പോലെ ഹോസ്പിറ്റലുകാർ ഈ സംഭവത്തിന് നൽകി. ഓക്‌സിജൻ, ICU, സർജറി എല്ലാം പെട്ടെന്നായിരുന്നു. അവരെല്ലാവരും ഉദ്ദേശിച്ചതിനേക്കാൾ കൂടുതൽ mileage നിയമസഭാ സമ്മേളനം നടക്കുന്ന കാരണത്താൽ ഈ വിഷയത്തിൽ ലഭിച്ചു-ഒരു ലോട്ടറി അടിച്ച പ്രതീതി.

ഇതുവരെയുള്ള സംഭവത്തിൽ പരിശോധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പൊലീസുകാരുടെ ഭാഗത്തു തെറ്റുണ്ടോ? തീർച്ചയായും ഉണ്ട്. എത്ര വലിയ ജനക്കൂട്ടത്തിന്റെ മുന്നിലായാൽ പോലും തന്റെ മുഖത്തു അകാരണമായി അടിക്കുന്ന ഒരാളെ തിരികെ മർദ്ദിക്കൽ പൊലീസായിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് സമൂഹം അംഗീകരിക്കില്ല. രണ്ട്: പൊലീസാണെന്ന് അറിയാതെ തല്ലിപ്പോകുകയും പൊലീസാണെന്ന് തിരിച്ചറിഞ്ഞപ്പോൾ പിന്മാറിനിൽക്കുകയും ചെയ്തയാളാണോ ഈ ഉസ്മാൻ ? ആണെന്ന് അതു കണ്ടു നിന്നവരും അയാളുടെ മുൻകാല ചരിത്രവും പറയില്ല. അത് കണ്ട് നിന്നവരുടെ കൂട്ടത്തിലെ പോക്‌സോ കേസിലെ പ്രതിയോട് പോലും ചോദിച്ചാൽ സത്യം മനസ്സിലാകും. സമാനമായ കേസിലെ .......... എന്ന പൊലീസുകാരനെ തല്ലിയ കേസിലെ പ്രതിയാണ് ഉസ്മാൻ. ഇനി അതും പൊലീസാണെന്നറിയാതെ തല്ലിപ്പോയതാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ ലേശം ബുദ്ധിമുട്ടുണ്ട്. ഉസ്മാനെക്കുറിച്ചുള്ള, പൊലീസിനെ തല്ലിയ രണ്ടു കേസുകൾ മാത്രമേ ഞാനിവിടെ പറഞ്ഞിട്ടുള്ളൂ. ഉസ്മാന്റെ മറ്റുള്ള കേസുകളെ ചികഞ്ഞന്വേഷിക്കാൻ ഞാൻ ആളല്ല. അതന്വേഷിക്കുന്നത് ഇപ്പോൾ NIA ആണ്. അപ്പോൾ തന്നെ അതിന്റെ ഗൗരവം എല്ലാവര്ക്കും മനസ്സിലാകും.

പറഞ്ഞുവന്നത് 'നോമ്പുതുറ വിഭവങ്ങളും വാങ്ങി റോഡിലൂടെ പോയ ഒരു പാവം ബൈക്ക് യാത്രികനെ വണ്ടിയിടിച്ചു തെറുപ്പിച്, അതും പോരാത്തതിന് ആ പാവപ്പെട്ടവനെ അവിടെയിട്ടുതല്ലിചതച്, കവിളെല്ലും നട്ടെല്ലും വാരിയെല്ലും വരെ തല്ലിയൊടിച്ച ക്രൂരരായ പൊലീസ്' എന്ന കഥയാണോ അതോ പൊലീസിനെ തല്ലി തല്ലു പഠിച്ച ക്രിമിനൽ സ്വഭാവമുള്ള യുവാവ് എന്ന യാഥാർത്യമാണോ ശരി എന്ന് ഇനിയെങ്കിലും നിങ്ങളോരോരുത്തരും അന്വഷിക്കണം. ഈ സത്യങ്ങൾ പലർക്കുമറിയാം പുറത്തുപറയാൻ പേടിയാണ്. കാരണം ഇക്കാര്യത്തിൽ ഇടപെട്ടിരിക്കുന്നത് നേരത്തെപറഞ്ഞ മണ്ണുമാഫിയ എന്ന വിഭാഗമാണ്. കൂടാതെ ശ്രീജിത്തെന്ന ഒരു യുവാവിന്റെ മരണം പോലും രാഷ്ട്രീയ ആയുധമാക്കി ഒരിലക്ഷനെ നേരിട്ടിട്ടുപോലും കരകാണാൻ കഴിയാത്ത കുറെ പാവങ്ങളും.

ഇനിയും നിങ്ങൾക്കോരോരുത്തർക്കും സമയമുണ്ട്, സത്യമന്വേഷിക്കാൻ, കള്ളങ്ങളുടെ നിജസ്ഥിതിയറിഞ്ഞു പ്രതികരിക്കാൻ, ശരിയും തെറ്റും മനസ്സിലാക്കാൻ. ആ സമയം ഒരുപാടൊന്നുമുണ്ടാകില്ലെന്നോർക്കുക. പത്രങ്ങൾക് ആഘോഷിക്കാൻ പുതിയൊരു വാർത്ത കിട്ടുന്നത് വരെ നിങ്ങൾക്ക് സമയമുണ്ട്. അത് കഴിഞ്ഞാൽ നിങ്ങളും ആ പുതിയ വാർത്തക്ക് പിന്നാലെ പോകും. അപ്പോഴേക്കും ഈ കഥയിലെ പാവപ്പെട്ടവന്റെ ജീവിതം NIA യുടെ തുലാസിലാടുന്നുണ്ടാകും. പാവപ്പെട്ട പൊലീസുകാർ ജീവിതകാലം മുഴുവൻ ഇതിന്റെ പേരിൽ നാട്ടുകാരുടെയടക്കം വെറുപ്പിനിരയായിട്ടുണ്ടാകും. ഇനിയും നിങ്ങൾക് സമയമുണ്ട് സത്യമന്വേഷിക്കാൻ. നിങ്ങളറിയുന്ന ആ സത്യം പുറത്തുപറയാൻ നിങ്ങൾക്ക് പേടിയാണെങ്കിൽ ആരോടും നിങ്ങൾ പറയേണ്ട. കുറഞ്ഞത് നിങ്ങളുടെ മനസ്സാക്ഷിയോടെങ്കിലും നിങ്ങൾ പറയണം. നിങ്ങൾ ഷെയർ ചെയ്ത അസത്യങ്ങൾകൊണ്ട് നിങ്ങൾ തകർക്കുവാൻ ശ്രമിച്ചത് ഈ വിഷയത്തിലെ 'ഇരു വിഭാഗ'ങ്ങളുടെയും കുടുംബവും സ്വപ്നവും ജീവിതവുമായിരുന്നു എന്നു അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP