Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത്തവണയും ഒന്നിനും ഒരുമാറ്റവുമില്ല; ഭക്തരെ കാത്തിരിക്കുന്നത് മാലിന്യം കുന്നുകൂടിയ ബലിക്കടവ്; മാലിന്യം നീക്കാൻ ദേവസ്വം ബോർഡ് നടപടി എടുക്കാത്തതിൽ വ്യാപക പ്രതിഷേധം; ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ ദേവസ്വം മന്ത്രി എല്ലാം ശരിയാക്കാമെന്ന് ഉറപ്പ് നൽകി; തിരുവല്ലം പരശുരാമ ക്ഷേത്രം വാവുബലിക്കൊരുങ്ങുമ്പോഴും അറ്റകുറ്റപ്പണികൾ ബാക്കി

ഇത്തവണയും ഒന്നിനും ഒരുമാറ്റവുമില്ല; ഭക്തരെ കാത്തിരിക്കുന്നത് മാലിന്യം കുന്നുകൂടിയ ബലിക്കടവ്; മാലിന്യം നീക്കാൻ ദേവസ്വം ബോർഡ് നടപടി എടുക്കാത്തതിൽ വ്യാപക പ്രതിഷേധം; ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ ദേവസ്വം മന്ത്രി എല്ലാം ശരിയാക്കാമെന്ന് ഉറപ്പ് നൽകി;  തിരുവല്ലം പരശുരാമ ക്ഷേത്രം വാവുബലിക്കൊരുങ്ങുമ്പോഴും അറ്റകുറ്റപ്പണികൾ ബാക്കി

ആർ പീയൂഷ്

തിരുവനന്തപുരം: തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ഇത്തവണയും മാലിന്യം അടിഞ്ഞു കൂടിയ ബലിക്കടവിൽതന്നെ ഭക്തർ ബലിതർപ്പണം ചെയ്യേണ്ടി വരും. കരമനയാറിലെ മാലിന്യങ്ങളും ബലിതർപ്പണം നടത്തിയ അവശിഷ്ടങ്ങളും കുന്നു കൂടി ക്കിടക്കുകയാണ് ഇവിടം. മാലിന്യങ്ങൾ നീക്കാൻ യാതൊരു നടപടികളും ദേവസ്വം ബോർഡ് അധികൃതർ ചെയ്തിട്ടില്ല. ഇതിനെതിരെ ഭക്തരുടെ പ്രതിഷേധം ശക്തമാണ്. തിരുവല്ലം ആറിൽ ഒഴുക്ക് ഇല്ലാത്തതിനാൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ്. കരമനയാറിൽ നിന്നും കയറിവരുന്ന മാലിന്യങ്ങൾ തടയാനായി ബലിക്കടവിൽ ചീപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഈ ചീപ്പ് ഉള്ളതു കൊണ്ടാണ് വെള്ളം കരമനയാറിലേക്ക് ഒഴുകാത്തത്. അത് കൂടാതെ ആറിന്റെ മുകൾ ഭാഗത്ത് ഒരു വലിയ പാറ നിലനിൽക്കുന്നതും ഒഴുക്കിന് തടസ്സമാകുന്നുണ്ട്.

മാലിന്യനിർമ്മാർജനത്തിനു നിലവിൽ ഫലപ്രദമായ സംവിധാനങ്ങളൊന്നും ഇല്ലാത്ത അവസ്ഥയിലാണു ബലിക്കടവ്. കർക്കടക വാവിനോട് അനുബന്ധിച്ച് കോർപറേഷൻ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ മാത്രമാണ് ബലിക്കടവിലും ആറിലും നടക്കുന്നത്. എന്നാൽ എല്ലാ ദിവസവും ബലിതർപ്പണം നടക്കുന്ന ഇവിടെ കൃത്യമായ ശുചീകരണ സംവിധാനമില്ല. അതിനാൽ ബലിക്കടവും പരിസരവും മാലിന്യം നിറഞ്ഞ അവസ്ഥയിലാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മാലിന്യം ഒഴുക്കുന്നത് തടയാൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെയെത്തുന്ന തീർത്ഥാടകർ ഇതു ശ്രദ്ധിക്കാറില്ല. കരമനയാറിൽ നിന്നു ശുദ്ധജലം തിരുവല്ലത്തേക്ക് ഒഴുക്കാൻ ഇറിഗേഷൻ ഡിപാർട്ട്‌മെന്റ് പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതു പൊട്ടിക്കിടക്കുകയാണ്. മലിനജലം ഒഴുക്കാൻ മൂന്ന് ഷട്ടറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വർഷത്തിൽ ഒരിക്കൽ മാത്രമേ അവ തുറക്കാറുള്ളൂ. സർക്കാരിന്റെ ഭാഗത്തു നിന്നും ഉചിതമായ തീരുമാനങ്ങൾ എടുക്കാതെ തിരുവല്ലം ആറിന്റെ മാലിന്യപ്രശ്‌നം പരിഹരിക്കാൻ സാധിക്കില്ലെന്ന് ഇറിഗേഷൻ ഡിപാർട്ട്‌മെന്റും പറയുന്നു.

തടയണകൾ പുഴയിൽ സ്ഥാപിച്ചതിനാൽ അവ പുഴയുടെ സ്വാഭാവികമായ നീരൊഴുക്ക് ഇല്ലാതാക്കുകയും, പുഴയിൽ മാലിന്യങ്ങൾ കൂടുന്നതിനു കാരണമാവുകയും ചെയ്യുന്നു. എംഎൽഎ ഫണ്ടിൽ നിന്ന് തുക അനുവദിച്ചിട്ടുണ്ടെങ്കിലും ദിവസവും മാലിന്യം നീക്കുന്നതിനുള്ള യാതൊരു നടപടിയും ദേവസ്വം ബോർഡ് സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരും ആരോപിക്കുന്നു. കർക്കിടക വാവ് ബലിദിനത്തിൽ മാത്രം നടക്കന്ന ശുചീകരണ പ്രവർത്തനങ്ങൾ തിരുവല്ലം ആറിന്റെ ദയനീയാവസ്ഥ മാറ്റാൻ ഉതകുന്നതല്ല. റോഡിൽ നിന്നു മാലിന്യം പുഴയിലേക്ക് ഒഴുക്കാതിരിക്കാൻ പത്തടി ഉയരത്തിൽ വയർഫെൻസസ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പ്രയോജനം ചെയ്തിട്ടില്ല. കർക്കടകവാവു ദിനത്തിൽ ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് ഭക്തർ ബലിതർപ്പണം നടത്തുന്ന തിരുവല്ലം ബലിക്കടവിന്റെ ദയനീയാവസ്ഥയിൽ ദേവസ്വം ബോർഡ് ഇടപെടുന്നില്ലെന്ന് ആക്ഷേപം ശക്തമാവുകയാണ്.

തിരുവല്ലം തോടും ബലിക്കടവും കർക്കിടക വാവുബലിക്കു മുൻപായി മാലിന്യമുക്തമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. നിയമസഭയിൽ ഒ.രാജഗോപാലിന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇത് പറഞ്ഞിരുന്നത്. അവിടെയുള്ള ബണ്ട് പൊളിച്ചുമാറ്റിയാൽ മാത്രമേ നീരൊഴുക്കു കുറയുകയുള്ളു. മാലിന്യം നീക്കാൻ തിരുവല്ലം തോടിലെ വെള്ളം എല്ലാ ദിവസവും കരമനയാറിലേക്ക് പമ്പിങ് നടത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി അന്ന് പറഞ്ഞു. എന്നാൽ ഇതൊന്നും പ്രാവർത്തികമാക്കിയില്ല.

അതോ സമയം ക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. ക്ഷേത്ര വളപ്പിലും കടവുകൾക്ക് സമീപത്തുമായി ഒമ്പത് താത്കാലിക ബലിതർപ്പണ മണ്ഡപങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. പുലർച്ചെ 2.30ന് ബലിതർപ്പണം ആരംഭിക്കും. ബലിതർപ്പണം നടത്തിയ ശേഷം ക്ഷേത്രദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. 4000 പേർക്ക് ഒരേസമയം ബലിതർപ്പണം നടത്താൻ ക്ഷേത്രത്തിന് മുന്നിൽ രണ്ടും ക്ഷേത്രത്തിനകത്ത് നാലും തീർത്ഥക്കടവിൽ ഒന്നും ലങ്കാപുരയിടത്തിൽ രണ്ടും ബലിപ്പുരകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഭക്തർക്ക് ബാരിക്കേഡുവഴി ക്ഷേത്രത്തിന് മുമ്പിലുള്ള താത്കാലിക പാലത്തിലും ലങ്കാപുരയിടത്തിലെ ബലിതർപ്പണ മണ്ഡപത്തിലുമെത്താം. ഇവിടെ സ്ത്രീകൾക്ക് ബലിയിടാനും കുളിക്കാനുമുള്ള സൗകര്യങ്ങളും തയ്യാറാക്കുമെന്ന് അധികൃതർ പറഞ്ഞു.

ഒമ്പത് മണ്ഡപങ്ങളിലും ഒരേസമയം 50 പോറ്റിമാർ, 180 താത്കാലിക ജീവനക്കാർ എന്നിവർ ബലിതർപ്പണ ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കും. ബലിതർപ്പണ മണ്ഡപങ്ങളിലെത്തുന്ന ഭക്തർക്ക് തർപ്പണം നടത്തുന്നതിനാവശ്യമായ സാധനങ്ങൾ സജ്ജമാക്കും. ഓരോ മണ്ഡപത്തിലും 20 ജീവനക്കാർ വീതമുണ്ടാവും. തിരുവല്ലം, ശ്രീകണ്ഠേശ്വരം ക്ഷേത്രം, പുത്തൻചന്ത സുബ്രഹ്മണ്യക്ഷേത്രം, ചെന്തിട്ട ദേവീക്ഷേത്രം, തളിയൽ മഹാദേവ ക്ഷേത്രം, മണക്കാട് ശാസ്താ ക്ഷേത്രം, പി.എം.ജി ഹനുമാൻ ക്ഷേത്രം തുടങ്ങി 12ഓളം ക്ഷേത്രങ്ങളിൽ ബലിതർപ്പണ ടിക്കറ്റുകൾ ലഭിക്കും. ബലിതർപ്പണത്തിന് 75 രൂപയും തിലഹോമത്തിന് 50 രൂപയുമാണ് നിരക്ക്. ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പരശുരാമക്ഷേത്രം സന്ദർശിച്ചു.

ഇവിടെ എത്തുന്ന ഭക്തജനങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളില്ല എന്ന് ക്ഷേത്ര വികസന കമ്മറ്റി ആരോപിച്ചു. അസ്ഥി കൊണ്ടു വരുന്ന കലങ്ങളും മറ്റ് അവശിഷ്ടങ്ങളും ഉൾപ്പെടെയുള്ളവ ഇവിടെ അടിഞ്ഞു കൂടി കിടക്കുകയാണ്. ഇവ നീക്കാനുള്ള നടപടികൾ അധികൃതർ സ്വീകിക്കുന്നില്ല എന്നും അവർ പറഞ്ഞു. അതു പോലെ തന്നെ പുരാ വസ്തു വകുപ്പ് ഏറ്റെടുത്തതിന് ശേഷം ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികളും നടത്തുന്നില്ല എന്നും അവർ മന്ത്രിയോട് പരാതി പറഞ്ഞു.

ക്ഷേത്രത്തിലെ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം ക്ഷേത്ര ഉപദേശക സമിതി ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം ഉണ്ടാക്കും എന്ന് പറഞ്ഞു. ശംഖുമുഖം കടപ്പുറം കടൽ ക്ഷോഭത്തിൽ തകർന്നതിനാൽ ഈ വർഷം കഴിഞ്ഞ വർഷത്തേക്കാളും ഭക്തജനങ്ങൾ എത്താൻ സാധ്യതയുണ്ട്. അതിനാൽ ൂടുതൽ സുരക്ഷാ സജ്ജീകരണങ്ങളും മറ്റും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, വകുപ്പ് പ്രതിനിധികൾ, ക്ഷേത്ര വികസന സമിതി ഭാരവാഹികളായ എസ്. ശിവകുമാരൻ നായർ, തിരുവല്ലം ഉദയൻ എന്നിവരുമായി മന്ത്രി ചർച്ച നടത്തി.

മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരവും മഴു എറിഞ്ഞ് കേരളത്തെ സൃഷ്ടിക്കുകയും ചെയ്ത പരശുരാമനെ ഐറാധിക്കുന്ന ക്ഷേത്രമാണ് തിരുവല്ലം പരശുരാമ ക്ഷേത്രം. നൂറുകണക്കിന് ശൈവ-വൈഷ്ണവ ക്ഷേത്രങ്ങളും ദുർഗാലയങ്ങളും ഒക്കെ സ്ഥാപിച്ച പരശുരാമന്റെ പേരിൽ കേരളത്തിൽ ഒരേയൊരു ക്ഷേത്രം മാത്രമേയുള്ളു. തിരുവനന്തപുരം തിരുവല്ലത്ത് സ്ഥിതി ചെയ്യുന്ന തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം ഒട്ടേറെ പ്രത്യേകതകൾ കൊണ്ടും അപൂർവ്വതകൾ കൊണ്ടും പ്രശസ്തമാണ്. ശങ്കരാചാര്യർ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണിത്. തിരുവനന്തപുരം ജില്ലയിൽ മൂന്നു നദികളുടെ സംഗമ സ്ഥാനത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കരമനയാറും പാർവ്വതി പുത്തനാറും കിള്ളിയാറും സംഗമിക്കുന്ന ത്രിവേണി സംഗമത്തിനടുത്താണ് തിരുവല്ലം ക്ഷേത്രമുള്ളത്. കഴക്കൂട്ടം -കോവളം ബൈപ്പാസ് റോഡിലാണ് ക്ഷേത്രമുള്ളത്. കോവളം ബീച്ചിൽ നിന്നും ആറു കിലോമീറ്ററും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 3 കിലോമീറ്ററും മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്്.

പിതൃതർപ്പണം നടത്തുന്ന ക്ഷേത്രങ്ങളിൽ ഏറെ പേരുകേട്ടതാണ് തിരുവല്ലം പരശുരാമ ക്ഷേത്രം. സംസ്ഥാനത്തെ ഏക പരശുരാമ പ്രതിഷ്ഠയുള്ള ക്ഷേത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയിൽ തന്നെ ക്ഷേത്രത്തിനകത്ത് ബലിതർപ്പണം നടത്തുന്നത് തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ മാത്രമാണ്. 1400 വർഷത്തിലധികം പഴക്കമുള്ളതാണ് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം.
ആയ് രാജാക്കന്മാരുടെ കാലത്താണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് കരുതുന്നത്. ഇവരുടെ വടക്കേ അതിർത്തി തിരുവല്ലവും തെക്കേ അതിർത്തി കന്യാകുമാരിയുമായിരുന്നുവെന്ന് സംഘസാഹിത്യ കൃതിയായ പുറനാനൂറിൽ പറയുന്നുണ്ട്. ആയ് രാജാക്കന്മാരുടെ തലസ്ഥാനം വിഴിഞ്ഞമാണെന്നും ചരിത്രരേഖകൾ പറയുന്നു. ആയ് രാജാക്കന്മാരിൽ പ്രമുഖനായിരുന്ന ആയിഅണ്ടിരൻ ശൈവ വിശ്വാസിയായിരുന്നു. അദ്ദേഹത്തിന്റെ ആരാധനാകേന്ദ്രം തിരുവല്ലത്തെ ശിവക്ഷേത്രമായിരുന്നുവെന്നും പറയുന്നു.

ക്രിസ്തുവർഷം ഒൻപതാം നൂറ്റാണ്ടിൽ ശ്രീ ശങ്കരാചാര്യരാണ് ഇവിടത്തെ പ്രതിഷ്ഠ നടത്തിയെന്നാണ് ചരിത്രം പറയുന്നത്. ക്ഷേത്രത്തിനടുത്തുള്ള നദിയിൽനിന്ന് ചെളിയെടുത്ത് ശർക്കരയുമായി ചേർത്തുണ്ടാക്കിയ കൂട്ടുപയോഗിച്ച് വിഗ്രഹം നിർമ്മിച്ചുവെന്നാണ് ഐതിഹ്യം. ശങ്കരാചാര്യർ തന്റെ മാതാവിന്റെ പിണ്ഡം വെച്ചത് തിരുവല്ലത്ത് ആയിരുന്നുവെന്നും പിണ്ഡവുമായി പുഴക്കരയിലെത്തിയപ്പോൾ മഹാവിഷ്ണു മത്സ്യമൂർത്തിയായി വന്ന് വാ പിളർന്ന് അത് ഏറ്റുവാങ്ങിയെന്നുമാണ് ഐതിഹ്യം. ഇവിടെ പരശുരാമ പ്രതിഷ്ഠയോടൊപ്പം ശിവന്റെ പ്രതിഷ്ഠയും ഉള്ളതുകൊണ്ട് തൃക്കണപ്പൻ ക്ഷേത്രം എന്നും പരശുരാമ ക്ഷേത്രം അറിയപ്പെട്ടിരുന്നു.

ഹൈന്ദവ ആചാരമനുസരിച്ച് പിതൃക്കൾക്ക് തിരുവല്ലത്ത് ബലിതർപ്പണം നടത്തിയാൽ പൂർവികർക്ക് ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഈ വിശ്വാസത്തിലാണ് സംസ്ഥാനത്തിന് പുറത്തുനിന്നും പിതൃതർപ്പണത്തിന് ആയിരങ്ങൾ ഇവിടെയെത്തുന്നത്. കർക്കടകത്തിലെ വാവുബലിക്കും അമാവാസി നാളിലും ബലിതർപ്പണത്തിനും ഇവിടെ വൻതിരക്കാണ്. വാലായ്മ (പുല) ഉള്ളവർക്ക് ക്ഷേത്രത്തിന് പുറത്താണ് ബലിതർപ്പണം നടത്തേണ്ടത്. കടവ് ബലി എന്നാണ് ഇതിനെ പറയുന്നത്. കരമനയാറിന്റെ കൈവഴിയിൽ മൂന്ന് തീർത്ഥഘട്ടങ്ങളുണ്ട്. തെക്കുപടിഞ്ഞാറുള്ള അസ്ഥി നിമജ്ജന കടവ്, മധ്യഭാഗത്തുള്ള കടവ്, വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള തീർത്ഥക്കടവ് എന്നിവയാണ് ഇവിടെയുള്ളത്. എല്ലാ ദിവസവും രാവിലെ 6.30 മുതൽ 10 വരെയാണ് ഇവിടെ ബലിതർപ്പണം നടത്തുന്നത്. അമാവാസി ദിനത്തിൽ രാവിലെ അഞ്ചുമുതൽ 11.30 വരെയാണ് ബലിതർപ്പണം നടത്തുന്നത്. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ് ഈ ക്ഷേത്രം. വാസ്തുശാസ്ത്ര പരമായ പ്രത്യേകതയുള്ളതാണ് ഈ ക്ഷേത്രം. ക്ഷേത്ര മതിലിൽ രണ്ട് ശിലാലിഖിതങ്ങളുണ്ട്. വേണാട് ഭരിച്ചിരുന്ന വീരകേരള വർമയുടെ കാലത്തുള്ള ലിഖിതവും മറ്റൊന്ന് കൊല്ലവർഷം 412-ലേതുമാണ്. ക്ഷേത്രത്തിലെ ആചാരങ്ങളുടെയും നിത്യപൂജയുടെയും വിവരങ്ങളാണ് ഇവ. തമിഴ്ഭാഷയിലാണ് ഇവ കൊത്തിവെച്ചിരിക്കുന്നത്.

ദ്രാവിഡ ശൈലിയിലാണ് ക്ഷേത്രത്തിന്റെ മുഖമണ്ഡപം നിർമ്മിച്ചിരിക്കുന്നത്. രണ്ടു കൊടിമരമുള്ള അപൂർവം ക്ഷേത്രങ്ങളിലൊന്നാണിത്. വടക്കുദർശനമായി പരശുരാമന്റെ മുന്നിൽ ഒരു കൊടിമരവും കിഴക്കുദർശനമായി പ്രതിഷ്ഠിച്ചിട്ടുള്ള ശിവന്റെ മുന്നിലുള്ള മറ്റൊരു കൊടിമരവുമാണ് ഇവിടെയുള്ളത്. മഹാഗണപതി, മഹാദേവൻ, ബ്രഹ്മാവ്, പരശുരാമൻ, ശാസ്താവ്, ശ്രീകൃഷ്ണൻ കന്നിമൂല ഭഗവതി, സുബ്രഹ്മണ്യൻ, വേദവ്യാസൻ, മത്സ്യമൂർത്തി, മഹിഷാസുര മർധിനി, നാഗരാജാവ്, ഉടയവർ, ഉടയവരമ്മ എന്നീ പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. ഓരോ പ്രതിഷ്ഠകൾക്കും പ്രത്യേക പൂജാ വിധികളാണുള്ളത്. തുലാം മാസത്തിലെ അത്തം നക്ഷത്രത്തിലാണ് ഇവിടെ ഉത്സവത്തിന് കൊടിയേറുക. തിരുവല്ലം ഇടയാറിലെ നാരകത്തറ തറവാട്ടിൽ നിന്നാണ് കൊടിയേറ്റ് ചടങ്ങിനുള്ള കൊടിക്കൂറയും കയറും കൊണ്ടുവരിക. തിരുവോണം നാളിൽ ഇവിടെനിന്ന് പുറപ്പെടുന്ന ആനപ്പുറത്തെഴുന്നള്ളിപ്പ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കൂടിയാറാട്ടിനൊപ്പമെത്തും. തുടർന്ന് കൊടിയിറക്കോടെ ഉത്സവം അവസാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP