Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണിയാശാനെ മന്ത്രിയാക്കിയത് അതിരപ്പിള്ളിക്ക് വേണ്ടിയാണെന്ന് വ്യക്തമായി; എല്ലാ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിയ പുതിയ മന്ത്രിക്ക് അതിരപ്പിള്ളിയെ കുറിച്ച് ചോദിച്ചപ്പോൾ നൂറു നാവ്; എല്ലാ അനുമതിയും ഉണ്ടായിട്ടും പ്രശ്‌നം ഉണ്ടാക്കുന്നവരെ മറികടക്കാൻ വഴി കണ്ടെത്തുമെന്ന് എംഎം മണി

മണിയാശാനെ മന്ത്രിയാക്കിയത് അതിരപ്പിള്ളിക്ക് വേണ്ടിയാണെന്ന് വ്യക്തമായി; എല്ലാ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിയ പുതിയ മന്ത്രിക്ക് അതിരപ്പിള്ളിയെ കുറിച്ച് ചോദിച്ചപ്പോൾ നൂറു നാവ്; എല്ലാ അനുമതിയും ഉണ്ടായിട്ടും പ്രശ്‌നം ഉണ്ടാക്കുന്നവരെ മറികടക്കാൻ വഴി കണ്ടെത്തുമെന്ന് എംഎം മണി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി വിജയൻ ഒന്നു തീരുമാനിച്ചാൽ അത് നടപ്പിലാക്കുമെന്ന് തീർച്ചയാണ്. അതെത്ര എതിർപ്പുണ്ടായാലും. അതിരപ്പിള്ളിയുടെ കാര്യത്തിൽ പിണറായിയുടെ പിടിവാശി വ്യക്തമാക്കുന്നത് ഇതുതന്നെയാണ്. എംഎം മണിയെ വൈദ്യുതി മന്ത്രിയാക്കിയത് പറഞ്ഞാൽ കേൾക്കുന്ന ഒരു മന്ത്രിയെത്തന്നെ വേണമെന്ന നിർബന്ധം മൂലം ആണെന്ന് വ്യക്തമാകുകയാണ് പുതുതായി അധികാരമേറ്റ വൈദ്യുതി മന്ത്രിയുടെ ആദ്യ പരാമർശം.

സംസ്ഥാനത്തെ വൈദ്യുതി മേഖല ഗുരുതരമായ പ്രതിസന്ധിയിലാണെന്നും ഇത് പരിഹരിക്കാൻ അടിയന്തിര നടപടികളും ദീർഘകാല പരിപാടികളും ആസൂത്രണം ചെയ്യുമെന്നും എംഎം മണി മന്ത്രിസ്ഥാനമേറ്റെടുത്ത ശേഷമുള്ള ആദ്യ പ്രതികരണത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് മഴ വളരെ കുറവാണ് കിട്ടിയത്. ഡാമിൽ വെള്ളമില്ല. പ്രസരണ നഷ്ടം കുറയ്ക്കാനുള്ള നടപടികൾക്ക് ആദ്യ പരിഗണന നൽകുമെന്നും വൈദ്യുതി മുടക്കംകൂടാതെ എത്തിക്കാൻ ശ്രമം നടത്തുമെന്നും വ്യക്തമാക്കിയ മണി അതിരപ്പള്ളിയെ പറ്റിയുള്ള ചോദ്യങ്ങൾക്ക് ഉറപ്പായും നടപ്പാക്കുമെന്ന സൂചനകളുമായാണ് ആദ്യ പ്രതികരണം നടത്തിയത്.

ഇതേപ്പറ്റി ഞാൻ എന്തെങ്കിലും ഇപ്പോൾ പറഞ്ഞാൽ അത് നാളെ വിവാദമാകും. ഇക്കാര്യത്തിൽ കൂടുതൽ ആലോചന നടത്തേണ്ടതുണ്ട്. പരിസ്ഥിതി സമിതിയുടെ അംഗീകാരം ലഭിച്ച പദ്ധതിയാണിത്. എന്നിട്ടും ചിലർ പരിസ്ഥിതി പ്രശ്‌നം ഉന്നയിക്കുന്നുണ്ട്. അവരെ എങ്ങനെ മറികടക്കാമെന്നാണ് ആലോചിക്കുന്നത്. പദ്ധതിയെപ്പറ്റി പറയുമ്പോൾതന്നെ വിവാദമുണ്ടാകും എന്നായിരുന്നു പുതിയ മന്ത്രിയുടെ പ്രതികരണം. പിണറായിയുടെ മനസ്സറിഞ്ഞുള്ള പ്രതികരണം തന്നെ മണിയിൽനിന്ന് വന്നതോടെ ഏതു പ്രതിബന്ധം മറികടന്നും അതിരപ്പിള്ളി പദ്ധതി എൽഡിഎഫ് സർക്കാർ നടപ്പാക്കുമെന്ന് ഉറപ്പാകുകയാണ്.

മുമ്പ് വൈദ്യുതിവകുപ്പ് കൈകാര്യംചെയ്യുകയും കേരളത്തിലെ വൈദ്യുതി മേഖലയ്ക്ക് പുത്തനുണർവ് നൽകുകയും ചെയ്ത മന്ത്രിയാണ് പിണറായി. മന്ത്രിയെന്ന നിലയിൽ കടുകട്ടിയായി താൻ ഉദ്ദേശിച്ച കാര്യങ്ങൾ നായനാർ സർക്കാരിൽ വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി നടപ്പാക്കുകയും ഇത് പിൽക്കാലത്ത് അഭിനന്ദനാർഹമെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിരുന്നു. അതിനാൽത്തന്നെ എംഎം മണിയെ വകുപ്പിന്റെ ചുമതല ഏൽപ്പിച്ചാലും വൈദ്യുതി മേഖലയിൽ എന്തുചെയ്യണമെന്ന് വ്യക്തമായി ധാരണയുള്ള പിണറായിയുടെ ഇടപെടലുകൾ ഉണ്ടാകുമെന്നും ഉറപ്പാണ്.

മണിയെ വകുപ്പ് ഏൽപ്പിച്ചതും മേഖലയിൽ താൻ ഉദ്ദേശിക്കുന്ന രീതിയിലുള്ള പരിഷ്‌കാരങ്ങൾ സ്വതന്ത്രമായി നടപ്പാക്കാൻ ഉദ്ദേശിച്ചുതന്നെയാണെന്ന് സംസാരം ഉയർന്നുകഴിഞ്ഞു. കൂടംകുളത്തുനിന്ന് വൈദ്യുതിയെത്തിക്കുന്ന പ്രസരണ ലൈൻ എത്രയും വേഗം സ്ഥാപിക്കുക, എറണാകുളത്തുനിന്ന് മംഗലാപുരം വരെ നീളുന്ന ഗെയ്ൽ പൈപ്പ്‌ലൈൻ സ്ഥാപനം പെട്ടെന്ന് പൂർത്തിയാക്കി ചീമേനി താപ വൈദ്യുതി നിലയം കൽക്കരിക്കു പകരം പരിസ്ഥിതി ദോഷമില്ലാതെ പ്രകൃതി വാതകം ഉപയോഗിച്ച് നടപ്പാക്കുക തുടങ്ങിയ അടിയന്തിര പദ്ധതികളിലൂടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കു മാത്രമല്ല, ഭാവിയിലെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാനും നടപടി സ്വീകരിക്കുകയാണ് സർക്കാരിന്റെ ഉദ്ദേശ്യം.

ഇതിനു പുറമെയാണ് സാധ്യമായ ജലവൈദ്യുതി പദ്ധതികളും കൊണ്ടുവരാനുള്ള നീക്കം. ഇതിൽ പ്രഥമ പരിഗണന പിണറായി നൽകുന്നത് അതിരപ്പിള്ളിക്കാണെന്നത് മുഖ്യമന്ത്രിയായതിന് തൊട്ടടുത്ത ദിവസങ്ങളിൽ അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ നിന്ന് വ്യക്തമായിരുന്നു. ഇതോടെ പല കോണിൽ നിന്നും വിമർശനമുയർന്നു. സിപിഐ ഉൾപ്പെടെ എതിർപ്പുമായി രംഗത്തെത്തുകയും ചെയ്തു. പക്ഷേ, ഈ വിവാദങ്ങൾ കെട്ടടങ്ങിയതിനു പിന്നാലെ സർക്കാർ പദ്ധതി നടപ്പാക്കാൻ സജീവമായി നീക്കം നടത്തുകയും ചെയ്തിരുന്നു. പദ്ധതിക്കായി കണ്ടെത്തിയ വനഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് വൈദ്യുതി ബോർഡിന് വനംവകുപ്പ് കത്തയച്ചിട്ടുണ്ട്. ഇതോടെ അതിവേഗം പദ്ധതി നടപ്പാക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നതെന്ന് തീർച്ചയാണ്.

അതിരപ്പള്ളി ജല വൈദ്യുത പദ്ധതിക്കായി നടപടികൾ സ്വീകരിച്ചു വരികയാണെന്ന് വകുപ്പ് കൈകാര്യം ചെയ്തിരുന്ന കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞമാസം നിയമസഭയിൽ പറഞ്ഞിരുന്നു. പദ്ധതി നടപ്പാക്കാൻ കേന്ദ്രം കൂടുതൽ സമയം അനുവദിച്ചിട്ടുണ്ടെന്നും സമവായത്തിലൂടെ പദ്ധതി നടപ്പാക്കുമെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. കൂടിയാലോചനകൾ നടത്തിയ ശേഷമേ പദ്ധതി നടപ്പാക്കൂ എന്നാണ് നിലപാടെങ്കിലും ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്ന എതിർപ്പ് എങ്ങനെ മറികടക്കാമെന്നാണ് സർക്കാർ ആലോചിക്കുന്നത്.

നേരത്തേ പിണറായി പദ്ധതി നടപ്പാക്കുന്നകാര്യത്തിൽ അഭിപ്രായം പറഞ്ഞതിനു പിന്നാലെ ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. പദ്ധതി നടപ്പാക്കിയാൽ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടപ്പെടും, നിരവധി സസ്യ ജീവജാലങ്ങൾ ഈ മേഖലയിൽ നിന്നും അപ്രത്യക്ഷമാകും, പദ്ധതികൊണ്ട് പ്രതീക്ഷിച്ച ലാഭമോ വൈദ്യുതിയോ കിട്ടില്ല, ചാലക്കുടി പുഴയോരങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകും,

മലമുഴക്കി, വേഴാമ്പൽ, സിംഹവാലൻ കുരങ്ങ് എന്നിങ്ങനെ വംശനാശം നേരിടുന്ന നിരവധി ജീവികൾ കാണപ്പെടുന്ന മേഖലയിലെ ജീവികളുടെ ആവാസ സ്ഥലം നശിക്കും തുടങ്ങിയ ആക്ഷേപങ്ങളാണ് അതിരപ്പിള്ളിയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ളത്. ഇതി്ൽ ഏറ്റവും പ്രധാനം പദ്ധതി നടപ്പിലാക്കാൻ പോകുന്ന പ്രദേശത്തെ രണ്ട് ആദിവാസി കോശനികളാണ്. ഇവരെ ഇവിടെനിന്നും പറിച്ച് മാറ്റേണ്ടി വരും. വാഴച്ചാൽ കോളനിയും പൊകലപ്പാറ കോളനിയും ഇല്ലാതാകും. വനാവകാശ രേഖ ലഭിച്ചിട്ടുള്ള ഈ ആദിവാസി കുടുംബങ്ങളുടെ അനുമതി ഇല്ലാതെ ഇവരെ കുടിയൊഴിപ്പിക്കാനോ പദ്ധതി നടപ്പിലാക്കാനോ സാധിക്കില്ലെന്ന വാദവും ഉയർന്നിട്ടുണ്ട്.

നിലവിൽ രണ്ട് ജില്ലകളിലെ 20,000 ഹെക്ടറോളം കൃഷിസ്ഥലത്ത് വെള്ളമെത്തിക്കുന്ന ജലസേചന പദ്ധതിയായ തുമ്പൂർമൂഴിക്ക് അതിരപ്പള്ളി പദ്ധതി വന്നാൽ വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാക്കുമെന്നും സ്ഥാപിത ശേഷിയുടെ 20 ശതമാനം പോലും വൈദ്യുതി ലഭിക്കാത്ത അണക്കെട്ടാണ് അതിരപ്പള്ളിയിൽ ഉയരുകയെന്നുമെല്ലാം വിമർശനം ഉയർന്നിട്ടുണ്ട്. അതേസമയം, പദ്ധതി നടപ്പാക്കാൻ ഉറച്ചുതന്നെ നീങ്ങുകയാണെന്ന സൂചനകളാണ് പുതിയ വൈദ്യുതി മന്ത്രിയിൽ നിന്നും പുറത്തുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP