Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഞാൻ ചുരിദാർ ധരിച്ച് നിയമസഭയിൽ പോയതാണ് ചിലർക്ക് പ്രശ്‌നം; യത്ര നാര്യസ്തു പൂജ്യന്തേ എന്നൊക്കെ പുരാണം പറയുന്നു; പക്ഷേ, സ്ത്രീ പൂജിക്കപ്പെടുന്നുണ്ടോ? സൂരിനമ്പൂതിരി പ്രയോഗത്തിന് തുടർച്ചയെന്നോണം ശക്തമായി പ്രതികരിച്ച് വീണ്ടും പ്രതിഭാഹരി

ഞാൻ ചുരിദാർ ധരിച്ച് നിയമസഭയിൽ പോയതാണ് ചിലർക്ക് പ്രശ്‌നം; യത്ര നാര്യസ്തു പൂജ്യന്തേ എന്നൊക്കെ പുരാണം പറയുന്നു; പക്ഷേ, സ്ത്രീ പൂജിക്കപ്പെടുന്നുണ്ടോ? സൂരിനമ്പൂതിരി പ്രയോഗത്തിന് തുടർച്ചയെന്നോണം ശക്തമായി പ്രതികരിച്ച് വീണ്ടും പ്രതിഭാഹരി

തിരുവനന്തപുരം: സിപിഎമ്മില്‍ മന്ത്രി ജി സുധാകരനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായുള്ള കടുത്ത അഭിപ്രായവ്യത്യാസം തീര്‍ന്നില്ലെന്ന് വ്യക്തമാക്കി വീണ്ടും പ്രതിഭാ ഹരി എംഎല്‍എ. ഏറെ മാസങ്ങളായി പാര്‍ട്ടിയിലെ ആലപ്പുഴ ഘടകത്തില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം ഇടപെട്ട് ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും അവസാനിച്ചില്ലെന്ന് വ്യക്തമാക്കിയാണ് പ്രതിഭാഹരി ഒരു വേദിയില്‍ വീണ്ടും പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രതികരണവുമായി എത്തിയിട്ടുള്ളത്.

വിശുദ്ധ പാപങ്ങളുടെ ഇന്ത്യയെന്ന പുസ്തകത്തെ അവലംബിച്ചു തെങ്ങമത്ത് യുവരശ്മി വായനശാല നടത്തിയ ചര്‍ച്ചയിലാണു പ്രതിഭാഹരി വീണ്ടും പാര്‍ട്ടി നേതൃത്വത്തിനുനേരെ ഒളിയമ്പുകളെയ്തത്. വനിതകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതല്ല, അവര്‍ എന്തു വേഷം ധരിക്കുന്നു എന്നാണ് ചര്‍ച്ചയാകുന്നത് എന്ന് അവര്‍ പറഞ്ഞു. താന്‍ ചുരീദാര്‍ ധരിച്ച് നിയമസഭയില്‍ പോയതാണ് ചിലര്‍ക്ക് വാര്‍ത്തയായത്. യത്ര നാര്യസ്തു പൂജ്യന്തേ എന്നൊക്കെ പുരാണം പറയുന്നു. പക്ഷേ, സ്ത്രീ പൂജിക്കപ്പെടുന്നുണ്ടോ? കേരളത്തിനു പുറത്ത് ദലിതുകള്‍ നേരിടുന്ന അവസ്ഥ ദയനീയമാണ്. കേരളത്തിലെ ദലിത് സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും അവിടുത്തെ കാര്യങ്ങളിലാണ് അതീവശ്രദ്ധ പുലര്‍ത്തേണ്ടതെന്നും പ്രതിഭാ ഹരി പറഞ്ഞു.

ലെഗ്ഗിന്‍സ് ധരിച്ച് പൊതുവേദികളിലെത്തുന്നുവെന്നും പുരുഷ സുഹൃത്തുമായി ചുറ്റിത്തിരിയുന്നുവെന്നും ഇതെല്ലാം പാര്‍ട്ടിയ്ക്ക് തലവേദനയാകുന്നുവെന്നും ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെയാണ് പ്രതിഭാഹരിയും പാര്‍ട്ടിയിലെ ഉന്നതരും തമ്മിലുള്ള പടലപ്പിണക്കം ചര്‍ച്ചയായത്. ഇത്തരത്തില്‍ കരുതിക്കൂട്ടി വാര്‍ത്തകള്‍ നല്‍കുകയായിരുന്നു എന്ന അഭിപ്രായവും ഉയര്‍ന്നു. ഇതോടെ പ്രതിഭാഹരി തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായി പ്രതികരിച്ചതോടെ സംഭവം വലിയ ചര്‍ച്ചയായി.

ഏതു പെണ്ണും തന്റെ വേളിക്കു വേണ്ടിയെന്നു കരുതിയ ഇന്ദുലേഖയിലെ സൂരിനമ്പൂതിരിയുടെ പുത്തന്‍ തലമുറ ശുംഭന്മാര്‍ നമുക്ക് ചുറ്റുമുണ്ട്.. കാല ക്രമത്തില്‍ അവര്‍ക്ക് നീളം കുറഞ്ഞെന്നു മാത്രം.. തനിക്കു വഴങ്ങാത്തവരെപ്പറ്റി സൂരി നമ്പൂതിരി പലവിധ മനോരാജ്യങ്ങള്‍ കാണും;പ്രചരിപ്പിക്കും. ഒടുവില്‍ സ്വഭാവഹത്യ എന്ന ആയുധം പ്രയോഗിക്കും. ഉടുപ്പും നടപ്പും ചര്‍ച്ചയാകുന്നതിന്റെ പൊരുള്‍ ഇത്ര മാത്രമെന്ന് ഓര്‍ക്കുക വല്ലപ്പോഴും..തന്റേടമുള്ള പെണ്ണിന്റെ കൈ മുതല്‍ സംസ്‌ക്കാരവും പ്രതികരണ ശേഷിയുമാണ്.

ചുരിദാറും സുഹൃത്തുക്കളുമാകില്ല. ദുരിതക്കയങ്ങള്‍ നീന്തി തളര്‍ന്ന വ രാ ണ് എന്റെ സ്‌നേഹിതര്‍.കരയുന്ന അമ്മമാരും ചിരിക്കുന്ന കുഞ്ഞുങ്ങളുമാണ് എന്റെ കൂട്ടുകാര്‍......സൂരി നമ്പൂതിരിയുടെ കണ്ണുകള്‍ സ് ത്രീ യുടെ വസ്ത്രത്തില്‍ ഉടക്കി നില്‍ക്കും. അയയില്‍ കഴുകി വിരിക്കാന്‍ പോലും അവര്‍ സമ്മതിക്കില്ല.,. പിന്നെ, ഇട്ടു നടക്കുന്നവരെ വെറുതെ വിടുമോ? ?....ധീരന്‍ ഒരിക്കലേ മരിക്കൂ., ഭീരു അനുനിമിഷം മരിക്കുന്നു... അനുനിമിഷം മരിക്കേണ്ടവര്‍ നമ്മള്‍ അല്ല .. കണ്ണുനീരിന് രക്തത്തിന്റെ നിറം.... രക്തത്തിന്റെ രുചി.... ഓര്‍ക്കുക വല്ലപ്പോഴും എ്ന്നാണ് അതി രൂക്ഷമായിതന്നെ പ്രതിഭ തനിക്കെതിരെ പാര്‍ട്ടിയിലെ ഉന്നതന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. ഇതോടെ പാര്‍ട്ടിക്കു പുറത്തും സംഭവം വലിയ ചര്‍ച്ചയായി. മന്ത്രി ജി സുധാകരനും എംഎല്‍എയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഇതിന് പിന്നാലെ മറനീക്കി പുറത്തുവരികയും ചെയ്തു.

സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയില്‍ പ്രതിഭയ്ക്കു വിലക്കേര്‍പ്പെടുത്തിയതും വലിയ വാര്‍ത്തയായി. പണക്കൊതിയില്ലാത്ത തന്നെ പണം വാങ്ങണമെന്ന് ഉപേദേശിക്കാന്‍ പലരും ശ്രമിച്ചെന്നും ഇതിനായി ആര്‍ക്കും പ്രശ്‌നമില്ലാത്ത ചിലതു കണ്ടില്ലെന്നു നടിച്ചാല്‍ മതിയെന്നുമാണ് അന്നു പ്രതിഭ പറഞ്ഞത്. ഇപ്പോഴത്തെ റൂട്ട് ഒന്നു മാറ്റി പിടിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നും ഉപദേശം ലഭിച്ചു.

ചിലര്‍ക്ക് മുന്തിയ കാറുകളോടാണ് പ്രിയം. യാതൊരു വരുമാനവും ഇല്ലാത്ത ഇവര്‍ക്കൊക്കെ ഇത്തരം കാറുകള്‍ വാങ്ങാന്‍ പണം ലഭിക്കുന്നത് എങ്ങനെയെന്നും ഇവര്‍ മറ്റൊരവസരത്തില്‍ ചോദിച്ചു. മുന്തിയ ഇനം കാറില്‍ വന്നാല്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ കൂടുമെന്ന് തന്നോട് ജില്ലയിലെ ഒരു എം.എല്‍.എ. പറഞ്ഞു. അധികാരസ്ഥാനങ്ങള്‍ ലഭിച്ചാല്‍ അത് പണ സമ്പാദനത്തിനായുള്ള മാര്‍ഗമായി ഉപയോഗിക്കുന്നവരുടെ എണ്ണം പെരുകുന്നു എന്ന് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പാതിരപ്പള്ളിയില്‍ നടത്തിവരുന്ന പാലിയേറ്റീവ് സംഘടനയായ സ്‌നേഹജാലകത്തിന്റെ വാര്‍ഡുതല വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് പ്രതിഭ പറഞ്ഞത്. മുന്തിയ കാറുകളുടെ ജ്വരം അയല്‍ജില്ലകളിലെ നേതാക്കളിലേക്കും പടര്‍ന്നു പിടിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.

ഇത്തരത്തില്‍ പാര്‍ട്ടിയില്‍ ആലപ്പുഴയിലെ ഈ പോര് വലിയ വിഷയമായി മാറുന്നതിനിടെ കഴിഞ്ഞമാസം അനുരഞ്ജനത്തിന് പാര്‍ട്ടി നേതൃത്വം ഇടപെടുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ യോഗത്തില്‍ എംഎല്‍എയുടെ നിലപാടിനൊപ്പം തോമസ് ഐസക് നിന്നതും ശ്രദ്ധേയമായിരുന്നു. ഒപ്പം നിന്നില്ലെങ്കില്‍ ആരെയും ചീത്തവിളിക്കുന്ന സുധാകരന്റെ ശൈലിയാണ് പ്രശ്‌നമെന്ന രീതിയിലും വിലയിരുത്തലുകള്‍ കഴിഞ്ഞമാസം നടന്ന യോഗത്തില്‍ ഉണ്ടായി.

ഒപ്പം നിന്നില്ലെങ്കില്‍ ആരെയും തെറിവിളിക്കുന്ന സുധാകരന്റെ പതിവുശൈലിയാണ് ഇക്കുറിയും വിനയായത്. നേരത്തെ തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന വനിതാ നേതാവ് ഉഷ സാലിയെ പരസ്യമായി പൊതുവേദിയില്‍ അപമാനിച്ചിരുന്നു. ഇതിനെതിരെ ഉഷ വനിതാ കമ്മീഷനെ സമീപിച്ച് പരാതിയും അമ്പലപ്പുഴ പൊലീസിനെ കൊണ്ട് കേസും എടുപ്പിച്ചിട്ടുണ്. സുധാകരന്റെ കോപത്തിനിരയായ ഉഷ ഇപ്പോള്‍ പാര്‍ട്ടിവിട്ട് സിപിഐയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. സമാനമായ സാഹചര്യമാണ് പ്രതിഭയുടെ കാര്യത്തിലും ഉണ്ടായതെന്ന് ഐസക് പക്ഷം വാദിച്ചതോടെ ഇത്തരം വിഷയങ്ങള്‍ മേലില്‍ ഉണ്ടാകരുതെന്നും പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കുന്ന രീതിയില്‍ വളരുംമുമ്പ് പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നുമാണ് നിലപാടെടുത്തത്. പക്ഷേ, പ്രശ്‌നങ്ങള്‍ തീര്‍ന്നില്ലെന്ന് വ്യക്തമാക്കി പ്രതിഭ ഇപ്പോള്‍ വീണ്ടും സമാനമായ രീതിയില്‍ പ്രതികരിച്ചതോടെ വിഷയം വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റായ പ്രതിഭാ ഹരി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ായിരുന്നു. നിയമപഠനം കഴിഞ്ഞ് അമ്പലപ്പുഴ കോടതിയില്‍ അഭിഭാഷകവൃത്തി നടത്തി. രാഷ്ട്രീയത്തില്‍ മുന്‍ പരിചയമില്ലാത്ത പ്രതിഭ പിതാവിന്റെ നിര്‍ബന്ധത്തിനാണു മത്സരിച്ചത്. 2005ല്‍ തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. 2010 ജില്ലാ പഞ്ചായത്തിലേക്കുള്ള കന്നി അങ്കം ജയിച്ചു. വനിതാ സംവരണമായപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. കഴിഞ്ഞ അഞ്ച് വര്‍ഷം ജില്ലയില്‍ നിറഞ്ഞു നിന്ന പ്രവര്‍ത്തനം. ഇത് തിരിച്ചറിഞ്ഞാണ് കായംകുളത്തേക്ക് പ്രതിഭയെ നിയോഗിച്ചത്. അങ്ങനെയാണ് അവര്‍ എംഎല്‍എ ആകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP