Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ധർമശാസ്താവ് കുടുംബസ്ഥൻ, അയ്യപ്പൻ നിത്യബ്രഹ്മചാരിയും; ശബരിമല ക്ഷേത്രത്തിന്റെ പേരിൽനിന്ന് ധർമശാസ്താവിനെ ഒഴിവാക്കി പകരം ശ്രീ അയ്യപ്പ ക്ഷേത്രമെന്നാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത് സുപ്രീംകോടതിയിലുള്ള കേസിന്റെ ബലം കൂട്ടാൻ: കൊക്കോകോളയെ കൊണ്ടുവന്നത് മനഃപൂർവമല്ലെന്ന് പ്രയാർ ഗോപാലകൃഷ്ണൻ

ധർമശാസ്താവ് കുടുംബസ്ഥൻ, അയ്യപ്പൻ നിത്യബ്രഹ്മചാരിയും; ശബരിമല ക്ഷേത്രത്തിന്റെ പേരിൽനിന്ന് ധർമശാസ്താവിനെ ഒഴിവാക്കി പകരം  ശ്രീ അയ്യപ്പ ക്ഷേത്രമെന്നാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത് സുപ്രീംകോടതിയിലുള്ള കേസിന്റെ ബലം കൂട്ടാൻ: കൊക്കോകോളയെ കൊണ്ടുവന്നത് മനഃപൂർവമല്ലെന്ന് പ്രയാർ ഗോപാലകൃഷ്ണൻ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിന് ബലമേകാൻ ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രം എന്ന് നിലവിലുള്ള പേര് ശബരിമല ശ്രീ അയ്യപ്പക്ഷേത്രം എന്നാക്കിയാണ് മാറ്റുന്നത്.

പേരുമാറ്റം നിയമപരമാക്കാൻ ഗസറ്റ് വിജ്ഞാപനം നടത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. കേസ് സംബന്ധമായി സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന രേഖകളിൽ ശബരിമല ശ്രീധർമശാസ്താക്ഷേത്രമെന്നാണ് ഉള്ളത്. ഐതിഹ്യമനുസരിച്ച് ധർമശാസ്താവ് കുടുംബസ്ഥനാണ്. അയ്യപ്പൻ നിത്യബ്രഹ്മചാരിയും. കുടുംബസ്ഥനായ ധർമശാസ്താവിന്റെ ക്ഷേത്രത്തിൽ യൗവനയുക്തകൾക്ക് പ്രവേശനം നിഷേധിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചാൽ മറുപടി പറയാൻ ആചാരം മുറുകെപ്പിടിക്കുന്ന ദേവസ്വം ബോർഡിന് കഴിയാതെ വരും. ഈ സാഹചര്യം മുൻകൂട്ടിക്കണ്ട് ഒരു മുഴം മുമ്പേ എറിയുകയാണ് ബോർഡ് ചെയ്തിരിക്കുന്നത്.

എന്നാൽ, ഇക്കാര്യം മാദ്ധ്യമങ്ങളോട് സമ്മതിക്കാൻ അധികൃതർ തയാറാകുന്നുമില്ല. ഇനി ഫെബ്രുവരി ഏഴിനാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. അപ്പോഴേക്കും പേരുമാറ്റം നിലവിൽ വന്നിരിക്കും. സർക്കാരിനോട് ഇതേപ്പറ്റി ആലോചിട്ടില്ലെന്നും തന്ത്രിമാർ അനുമതി നൽകിയിട്ടുണ്ടെന്നും പ്രയാർ ഗോപാലകൃഷ്ണൻ പത്തനംതിട്ട പ്രസ് ക്ലബിൽ പറഞ്ഞു.

വാർത്താ വിതരണത്തിന് പിആർഡിയെ ഒഴിവാക്കിയിട്ടില്ല. പകരം, സ്വകാര്യ ഏജൻസിയെ നിയോഗിച്ചിട്ടുമില്ല. സർക്കാർ പത്രക്കുറിപ്പല്ല ശബരിമലയ്ക്ക് ആവശ്യം. ഭക്തർക്ക് ഉതകുന്ന വാർത്തകൾ കണ്ടെത്തി നൽകണം. പിആർഡിയുടെ മുൻകാലപ്രവർത്തനം പരിതാപകരമായിരുന്നു. നിലവിൽ അവരാണ് വാർത്ത നൽകുന്നത്. തൃപ്തികരമല്ലെന്ന് തോന്നിയാൽ വേറെ ഏജൻസിയെ പരിഗണിക്കും. ഇതിനായി നൽകിയ ടെൻഡർ നിലനിൽക്കുകയാണെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.

കുപ്പിവെള്ളം ശബരിമലയിൽ നിരോധിക്കുകയും പകരം കൊക്കകോള കമ്പനിക്ക് വൈൻഡിങ് മെഷീൻ സ്ഥാപിക്കാൻ അനുവാദം നൽകുകയും ചെയ്തതിനെ പ്രയാർ ന്യായീകരിച്ചു. ശബരിമലയിൽ കുപ്പിവെള്ളം നിരോധിച്ചത് കോടതിയാണെന്നായിരുന്നു കരുതിയിരുന്നത്. അങ്ങനെ ചില സ്ഥലങ്ങളിൽ താൻ പരാമർശം നടത്തുകയും ചെയ്തിരുന്നു. പിന്നീടാണ് മനസിലായത് വിലക്ക് ഏർപ്പെടുത്തിയത് ബന്ധപ്പെട്ട വകുപ്പാണെന്ന്. തന്റെ പ്രസ്താവനയിൽ ഖേദം അറിയിക്കുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. മറ്റു കുപ്പിവെള്ളം നിരോധിച്ച ശേഷം കൊക്കകോള വൈൻഡിങ് മെഷീൻ സ്ഥാപിച്ചത് മനഃപൂർവമല്ല.

ശബരിമലയിലെ കുടിവെള്ളത്തിന്റെ മൊത്തം നിയന്ത്രണം ദേവസ്വം ബോർഡ് ഏറ്റെടുത്തിരുന്നു. എന്നാൽ, തീർത്ഥാടനം തുടങ്ങിയിട്ടും അത് കാര്യക്ഷമമായി നടപ്പാക്കാൻ കഴിഞ്ഞില്ല. നിലവിൽ തീർത്ഥാടകരുടെ എണ്ണം കുറവാണ്. അത് നോട്ടുപ്രശ്‌നത്തിന്റെ പേരിലാണ്. ഈ വിഷയം മാറുന്നതോടെ തീർത്ഥാടകർ കൂട്ടമായി എത്തും. അപ്പോൾ നിലവിലുള്ള കുടിവെള്ള സംവിധാനം തികയാതെ വരുമെന്ന് ബോർഡ് ഭയക്കുന്നു. അതിന് വേണ്ടി സോഫ്ട് ഡ്രിങ്ക് വൈൻഡിങ് മെഷിൻ സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ചിരുന്നു. ഏറ്റവും കൂടുതൽ ക്വോട്ട് ചെയ്തതുകൊക്കകോളയാണ്. 18.60 ലക്ഷം രൂപ. അതു കൊണ്ട് അവർക്ക് കൊടുത്തു. വൈൻഡിങ് മെഷിൻ മാത്രമാണ് കൊടുത്തിട്ടുള്ളതും.

കുടിവെള്ളത്തിന്റെ കാര്യത്തിൽ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന ആത്മവിശ്വാസം എപ്പോൾ ബോർഡിന് വരുന്നുവോ അപ്പോൾ ഈ തീരുമാനം പുനഃപരിശോധിക്കുകയും ചെയ്യും. രാജമാണിക്യത്തിന്റെ റിപ്പോർട്ടനുസരിച്ച് എരുമേലി ക്ഷേത്രത്തിന്റെ 100 ഏക്കർ കൈയേറിയിട്ടുണ്ട്. 150 ഏക്കറാണ് ക്ഷേത്രത്തിനുണ്ടായിരുന്നത്. ഇപ്പോഴത് 14 ഏക്കറായി ചുരുങ്ങി. കൈയേറിയ സ്ഥലം വിട്ടുകിട്ടിയാൽ അവിടെ ദേവസ്വം ബോർഡ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി പണിയും. ഇതിനായി 100 ഏക്കർ വിട്ടുതരാൻ ബിലിവേഴ്‌സ് ചർച്ചിനോട് അഭ്യർത്ഥിക്കും. അത് ലഭിച്ചാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊണ്ട് തറക്കല്ലിടീക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. ഭൂമി വിട്ടു കിട്ടുന്നതിന് വേണ്ടി കേസിന് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രയാർ പറഞ്ഞു. മണ്ഡലകാലം കഴിയുന്നതു വരെ താൻ വിവാദ പ്രസ്താവനകളിൽ നിന്നൊഴിഞ്ഞു നിൽക്കുകയാണെന്നും കൂടുതൽ ചോദിച്ച് ബുദ്ധിമുട്ടിക്കരുതെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP