Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കളക്ടർ കണ്ടെത്തിയിട്ടും കോടതി ഇറങ്ങി പോകാൻ പറഞ്ഞിട്ടും കടിച്ചു തൂങ്ങി കിടക്കുന്ന തോമസ് ചാണ്ടിമാർ കാണട്ടേ; മോദിയുടെ സുഹൃത്തായി ബ്രിട്ടീഷ് കാബിനറ്റിൽ എത്തിയ ഗുജറാത്ത് വംശജയ്ക്ക് രാജി വയ്ക്കേണ്ടി വന്നത് അവധി ആഘോഷിക്കാൻ ഇസ്രയേലിൽ എത്തി പ്രധാനമന്ത്രിയേയും മന്ത്രിമാരേയും കണ്ട് ചർച്ച നടത്തിയതിന്; ഉദ്യോഗസ്ഥരില്ലാതെ നടത്തിയ കൂടിക്കാഴ്ച പ്രീതി പട്ടേലിന്റെ പണി തെറിപ്പിച്ചു

കളക്ടർ കണ്ടെത്തിയിട്ടും കോടതി ഇറങ്ങി പോകാൻ പറഞ്ഞിട്ടും കടിച്ചു തൂങ്ങി കിടക്കുന്ന തോമസ് ചാണ്ടിമാർ കാണട്ടേ; മോദിയുടെ സുഹൃത്തായി ബ്രിട്ടീഷ് കാബിനറ്റിൽ എത്തിയ ഗുജറാത്ത് വംശജയ്ക്ക് രാജി വയ്ക്കേണ്ടി വന്നത് അവധി ആഘോഷിക്കാൻ ഇസ്രയേലിൽ എത്തി പ്രധാനമന്ത്രിയേയും മന്ത്രിമാരേയും കണ്ട് ചർച്ച നടത്തിയതിന്; ഉദ്യോഗസ്ഥരില്ലാതെ നടത്തിയ കൂടിക്കാഴ്ച പ്രീതി പട്ടേലിന്റെ പണി തെറിപ്പിച്ചു

മറുനാടൻ ഡെസ്‌ക്

ലണ്ടൻ: ആലപ്പുഴയിലെ കായർ തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് കൈയേറിയെന്ന് കണ്ടെത്തിയത് ജില്ലാ കളക്ടറാണ്. കൈയേറ്റങ്ങൾ അക്കമിട്ട് നിരത്തുന്നുണ്ട് കളക്ടർ ടിവി അനുപമ. എന്നാൽ മന്ത്രിക്ക് ഇതിനെല്ലാം പറയാൻ പലന്യായങ്ങളുണ്ട്. ആലപ്പുഴ കളക്ടറുടെ പരിശോധന അദ്ദേഹം തള്ളിക്കളയുന്നു. സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ഈ വിഷയത്തിൽ നിർണ്ണായക ചോദ്യങ്ങൾ ഹൈക്കോടതിയും ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പല ആവർത്തി രാജി ചോദിച്ചു. അപ്പോഴെല്ലാം പല കാരണങ്ങൾ പറയുകയാണ് തോമസ് ചാണ്ടിയെന്ന ഗതാഗതമന്ത്രി. ശതകോടികളുടെ ആസ്തിയുള്ള തോമസ് ചാണ്ടിയുടെ വാക്കുകളാണ് എന്നും സത്യമാകുന്നത്. ആർക്കും അദ്ദേഹത്തിന്റെ രാജിവേണ്ട. ധാർമികതയ്ക്ക് അപ്പുറം അധികാരത്തിന് ആയുള്ള തോമസ് ചാണ്ടിയുടെ നീക്കമാണ് ഫലിക്കുന്നത്.

ഉത്തരവാദിത്ത പദവിയിലിരുന്ന് എന്തും ചെയ്യാമെന്നതാണ് കേരളത്തിലെ അവസ്ഥ. ഇത് തന്നെയാണ് തോമസ് ചാണ്ടിമാരെ കേരളത്തിൽ വളർത്തുന്നത്. അവർ അറിയേണ്ടത് രാജ്യത്തിന് പുറത്ത് നടക്കുന്ന സംഭവങ്ങളാണ്. അവിടെ ചെറിയ വിവാദം പോലും രാഷ്ട്രീയക്കാരുടെ പണി തെറിപ്പിക്കും. ബ്രിട്ടനിലെ ഇന്റർനാഷനൽ ഡവലപ്‌മെന്റ് മന്ത്രിയും ഇന്ത്യൻ വംശജയുമായ പ്രീതി പട്ടേൽ രാജിയും ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ ഓഗസ്റ്റിൽ ഇസ്രയേലിൽ സ്വകാര്യ സന്ദർശനത്തിനിടെ ഇസ്രയേലിലെ രാഷ്ട്രീയ നേതൃത്വവുമായി ചർച്ച നടത്തിയതിനെത്തുടർന്നുള്ള വിവാദത്തിലാണ് പ്രീതിപട്ടേലിനു മന്ത്രിക്കസേര നഷ്ടമായത്. പ്രധാനമന്ത്രി തെരേസ മേ ഉൾപ്പെടെയുള്ള ഉന്നതർ അറിയാതെയായിരുന്നു കൂടിക്കാഴ്ച. സംഭവം വിവാദമായതോടെ മന്ത്രി രാജിവച്ചു. പല ന്യായങ്ങളുണ്ട് അവർക്ക് പറയാൻ. പക്ഷേ സംശയ നിഴലിലെത്തിയാൽ പൊതു പ്രവർത്തകർ സ്വീകരിക്കേണ്ട മാതൃകയാണ് പ്രീതി പട്ടേൽ സ്വീകരിച്ചത്.

സെപ്റ്റംബറിൽ ഇതിനു തുടർച്ചയായി ചർച്ചകൾ നടത്തിയതും വാർത്തയായതോടെ ചട്ടവിരുദ്ധമായി പ്രവർത്തിച്ച മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആഫ്രിക്കയിലെ യുഗാണ്ടയിലായിരുന്ന മന്ത്രിയോട് സന്ദർശനം വെട്ടിച്ചുരുക്കി ഉടൻ ലണ്ടനിലെത്താൻ പ്രധാനമന്ത്രി തെരേസ മേ ആവശ്യപ്പെട്ടു. പിന്നാലെ രാജിയും നൽകി. ഒരാഴ്ചയ്ക്കിടെ തെരേസ മേ സർക്കാരിൽനിന്നും രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് പ്രീതി പട്ടേൽ. ലൈംഗികാപവാദത്തിൽ കുടുങ്ങി ഏതാനും ദിവസം മുമ്പാണ് തെരേസ മന്ത്രിസഭയിലെ മൂന്നാമനായി അറിയപ്പെട്ടിരുന്ന പ്രതിരോധമന്ത്രി സർ മൈക്കിൾ ഫാലൻ രാജിവച്ചത്. കൺസർവേറ്റീവ് പാർട്ടിയിലെ തലമുതിർന്ന നേതാവിന്റെ രാജിക്കു തൊട്ടുപിന്നാലെ മന്ത്രിസഭയിലെ ഏഷ്യൻ മുഖമായ പ്രീതിയും പുറത്താകുന്നത് പാർട്ടിക്കും സർക്കാരിനും കനത്ത രാഷ്ട്രീയനഷ്ടം തന്നെയാണ്. അപ്പോഴും രാഷ്ട്രീയത്തിലെ ധാർമികതയ്ക്കാണ് ഇംഗ്ലണ്ടിൽ പ്രാധാന്യം. അവിടെ അധികാരത്തിൽ കടിച്ചു തൂങ്ങുന്ന സ്വഭാവം ആർക്കുമില്ല.

കൈയേറിയത് സാധാരണക്കാരനായിരുന്നെങ്കിൽ വേഗം നടപടിയെടുക്കുമായിരുന്നില്ലേ? ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തുമായിരുന്നില്ലേ? മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോ? സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങളാണിത്. ഇന്നലെ മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റക്കേസ് പരിഗണിക്കവെ കോടതിയുടെ വിമർശനത്തോടെയുള്ള ഈ കടുത്ത ചോദ്യങ്ങൾ. കളക്ടറുടെ റിപ്പോർട്ട് കിട്ടയിട്ടും ചാണ്ടിയെ സംരക്ഷിക്കുന്ന പിണറായി വിജയൻ സർക്കാരിനുള്ള കടുത്ത തിരിച്ചടിയായി കോടതി പരാമർശങ്ങൾ. സാധാരണക്കാരന്റെ കൈയേറ്റമായിരുന്നെങ്കിൽ വേഗം നടപടിയുണ്ടാകുമായിരുന്നില്ലേയെന്നാണ് ഡിവിഷൻ ബെഞ്ച് വാക്കാൽ വിമർശിച്ചത്. ഇത്തരം കാര്യങ്ങളിൽ മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോയെന്നും കോടതി ചോദിച്ചു. തോമസ് ചാണ്ടി ഡയറക്ടറായുള്ള വാട്ടർ വേൾഡ് ടൂറിസം കമ്പനി പൊതുസ്ഥലം കൈവശപ്പെടുത്തി റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തൃശൂർ വേലൂപ്പാടം സ്വദേശി ടി.എൻ. മുകുന്ദൻ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. പക്ഷേ ഇതൊന്നും കേരളത്തിൽ മന്ത്രിക്ക് പ്രശ്‌നമല്ല. എങ്ങനേയും അധികാരത്തിൽ കടിച്ചു തൂങ്ങും. എന്നാൽ ഇംഗ്ലണ്ടിലെ കാഴ്ച മറിച്ചാണ്. ഇതാണ് പ്രീതി പട്ടേലിന്റെ രാജി വ്യക്തമാക്കുന്നതും.

സർക്കാരിന്റെ അനുമതിയില്ലാതെ ഇസ്രയേൽ അധികൃതരുമായി ഓഗസ്റ്റിൽ അനധികൃത ചർച്ചകൾ നടത്തിയതിനെക്കുറിച്ചു വിമർശനങ്ങളുയർന്നപ്പോൾതന്നെ പ്രധാനമന്ത്രി പ്രീതിയെ താക്കീത് ചെയ്തിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞദിവസം പ്രാധാനമന്ത്രിയോടു പ്രീതി മാപ്പുപറഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെ വിഷയം തീർന്നു എന്നു കരുതവേയാണ് സെപ്റ്റംബറിലും പ്രീതി ഇത്തരം ചർച്ചകൾ തുടർന്നതായുള്ള വാർത്തകൾ പുറത്തുവന്നത്. ഇതോടെ പ്രീതി പ്രതിസന്ധിയിലായി. വ്യക്തമായ വിശദീകരണം നൽകാനായതുമില്ല. വിദേശകാര്യമന്ത്രാലയമോ പ്രധാനമന്ത്രിയുടെ ഓഫിസോ അറിയാതെ പ്രീതി ഇസ്രയേൽ അധികൃതരുമായി ഒരു ഡസനോളം കൂടിക്കാഴ്ചകൾ നടത്തിയെന്നാണ് വാർത്തകൾ. ഇസ്രയേൽ ഉദ്യോഗസ്ഥരുമായി ചർച്ചനടത്തിയ വിവരം പ്രീതിതന്നെ ട്വിറ്ററിലൂടെയും മറ്റും ചിത്രങ്ങൾ സഹിതം വെളിപ്പെടുത്തിയിട്ടുള്ളതിനാൽ ഇക്കാര്യം നിഷേധിക്കാനും ആകാത്ത സ്ഥിതിയായി.

സ്വകാര്യ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുടെയോ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ ഇസ്രയേൽ ഉദ്യോഗസ്ഥരുമായും രാഷ്ട്രീയക്കാരുമായും നയതന്ത്ര-ബിസിനസ് ചർച്ചകൾ നടത്തിയതിനെ തുടർന്നാണ് പ്രീതിക്ക് മേൽ വിമർശനം ഉയർന്നിരിക്കുന്നത്. ഉഗാണ്ടയിൽനിന്നും 1960ൽ ഇംഗ്ലണ്ടിലേക്കു കുടിയേറിയ ഇന്ത്യൻ ദമ്പതികളുടെ മകളാണ് പ്രീതി പട്ടേൽ. ബ്രക്സിറ്റ് ഹിതപരിശോധനയ്ക്കായി നടത്തിയ ക്യാമ്പയ്നിൽ ലീവ് പക്ഷത്തിന്റെ മുഖ്യ വക്താക്കളിൽ ഒരാളായിരുന്നു പ്രീതി. ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ഇതും മികച്ച മന്ത്രിപദം കിട്ടാൻ കാരണമായി. ഉഗാണ്ടയിൽനിന്നും 1960ൽ ഇംഗ്ലണ്ടിലേക്കു കുടിയേറിയ ഇന്ത്യൻ ദമ്പതികളുടെ മകളാണ് പ്രീതി പട്ടേൽ. 2010ലാണ് ആദ്യമായി എസെക്‌സിലെ വിത്തം പാർലമെന്റ് മണ്ഡലത്തിൽനിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2015ലും 2017ലും പാർലമെന്റംഗമായി.

ഡേവിഡ് കാമറൺ മന്ത്രിസഭയിൽ തൊഴിൽ മന്ത്രാലയത്തിന്റെയും പിന്നീട് ട്രഷറിയുടെയും ചുമതലയുള്ള സഹമന്ത്രിയായിരുന്നു. തെരേസ മേയുടെ മന്ത്രിസഭയിലും സ്ഥാനം ലഭിച്ച പ്രീതി പട്ടേൽ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരുടെ ഇന്ത്യൻ സന്ദർശനത്തിലും ഇന്ത്യൻ നേതാക്കളുമായുള്ള നയതന്ത്രചർച്ചകളിലുമെല്ലാം നിർണായക പങ്ക് വഹിക്കുന്നവരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP