Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്റർനെറ്റിലെ വ്യാജനെയും തോൽപ്പിച്ച് ബ്രിട്ടനിലും 'പ്രേമ'പ്പനി പടരുന്നു; കലക്ഷൻ ഒരു കോടി രൂപ കവിഞ്ഞു; മലയാളി കുടുംബപ്രേക്ഷകർ കൂട്ടത്തോടെ തീയറ്ററുകളിലേക്ക് ഒഴുകുന്നു

ഇന്റർനെറ്റിലെ വ്യാജനെയും തോൽപ്പിച്ച് ബ്രിട്ടനിലും 'പ്രേമ'പ്പനി പടരുന്നു; കലക്ഷൻ ഒരു കോടി രൂപ കവിഞ്ഞു; മലയാളി കുടുംബപ്രേക്ഷകർ കൂട്ടത്തോടെ തീയറ്ററുകളിലേക്ക് ഒഴുകുന്നു

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: മലയാള സിനിമയിലെ എക്കാലത്തെയും വലിയ കലക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന നിവിൻ പോളി ചിത്രം പ്രേമം ബ്രിട്ടനിലും ചരിത്രം സൃഷ്ടിക്കുന്നു. ബ്രിട്ടനിൽ പ്രദർശിപ്പിച്ച് പണം വാരിയ മലയാള ചിത്രങ്ങളുടെ നിരയിൽ ഒന്നാം സ്ഥാനത്താണ് ചുരുങ്ങിയ ദിവസം കൊണ്ട് പ്രേമവും ഇടംപിടിച്ചത്. ഇന്റർനെറ്റിൽ പ്രചരിച്ച വ്യാജപ്രിന്റുകളെയും തോൽപ്പിച്ചാണ് പ്രേമം ബോക്‌സ് ഓഫീൽ മുന്നേറുന്നത്. കണ്ടിറങ്ങിയവർ വീണ്ടും തീയറ്ററിലേക്ക് എത്തുന്നതാണ് ഈ സിനിമയുടെ അസാധാരണ വിജയത്തിന് പിന്നിലും. ഇക്കഴിഞ്ഞ മെയ് 29 ന് ചിത്രം റിലീസ് ചെയ്തത് മുതൽ ഓരോ ദിവസവും അസാധാരണമായ ഒട്ടേറെ കഥകളാണ് പ്രേമത്തെ കുറിച്ച് കേൾക്കുന്നത്. മലയാള സിനിമയിലെ സർവകാല കളക്ഷൻ റെക്കോർഡ് തകർത്തിട്ടും ചിത്രം ഒരു മാസം പിന്നിട്ടിട്ടും പ്രേമത്തിന്റെ ലഹരി തലയ്ക്കു പിടിച്ച പ്രേക്ഷകർ അടങ്ങി ഇരിക്കുന്നില്ല.

ലോകമെങ്ങും പ്രേമത്തിന് പുതിയ കളക്ഷൻ റെക്കോർഡുകൾ പിറക്കുമ്പോൾ ബ്രിട്ടനിലെ മലയാളി പ്രേക്ഷക സമൂഹവും അതേ ഒഴുക്കിലാണ്. ഇപ്പോൾ ബ്രിട്ടനിൽ റിലീസ് ചെയ്യുന്ന ഏതൊരു ബോളിവുഡ് ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയോളം പോന്ന സ്വീകരണമാണ് പ്രേമത്തിനും ലഭിക്കുന്നത്. മുൻപ് ചില തിയേറ്ററുകൾ മലയാള സിനിമകൾക്ക് പ്രദർശന അനുമതി നല്കാൻ വിമുഖത കാട്ടിയിരുന്നെങ്കിലും അതൊക്കെ പഴംകഥ ആക്കുകയാണ് പ്രേമം. മുൻപ് 'ദൃശ്യം' ബ്രിട്ടനിലും വൻ സാമ്പത്തിക വിജയം നേടിയിരുന്നെങ്കിലും ഇപ്പോൾ അഞ്ചാം വാരത്തിലേക്ക് പ്രദർശനം എത്തിയതോടെ പ്രേമം അടുത്തെങ്ങും തകരാൻ ഇടയില്ലാത്ത നേട്ടം കൂടി സ്വന്തമാക്കുകയാണ്.

കേരളത്തിലെ ട്രെന്റ് പിന്തുടർന്ന് ബ്രിട്ടനിലും പ്രേമം പ്രേക്ഷകരെ സ്വന്തമാക്കിയെങ്കിലും കളക്ഷൻ തുക സംബന്ധിച്ച കൃത്യമായ വിവരം വിതരണത്തിന് എടുത്ത ബ്ലു പ്ലാനറ്റ് എന്റർറ്റൈന്മെന്റ് ലിമിറ്റഡ് പുറത്തു വിട്ടിരുന്നില്ല. യുകെയിലെ വിവിധ കമ്പനികളുടെ 75 ഓളം തീയേറ്ററുകളിൽ നിന്നും കളക്ഷൻ സംബന്ധിച്ച കണക്കുകൾ ലഭ്യമല്ലാതിരുന്നതിനാൽ ആണ് തുക സംബന്ധിച്ച കൃത്യത വെളിപ്പെടുത്താൻ കഴിയാത്തതെന്ന് യുകെ വിതരണം ഏറ്റെടുത്ത ബ്ലു പ്ലാനറ്റ് സാരഥിൾ തയ്യാറായിട്ടില്ല. എങ്കിലും ഒരു കോടി രൂപയ്ക്ക് മേൽ ബ്രിട്ടനിൽ നിന്നും സിനിമ കൊയ്തുവെന്ന കാര്യം ഉറപ്പാണെന്ന് ഇവർ പറയുന്നു.

പ്രേമം ഔദ്യോഗികമായി യുകെയിൽ റിലീസ് ചെയ്ത ജൂൺ 19നും തൊട്ടടുത്ത ആഴ്ചയായ ജൂൺ 26 ലെയും കണക്കുകൾ ലഭിക്കുമ്പോൾ ഈ ചിത്രത്തിനൊപ്പം ഓടിയ മുഴുവൻ ബോളിവുഡ് ചിത്രങ്ങളെയും പിന്തള്ളിയെന്ന വിധത്തിലാണ് വിലയിരുത്തലുകൾ. ആദ്യ ആഴ്ചയിൽ 21 ലക്ഷം രൂപയുടെ കളക്ഷൻ നേടിയ പ്രേമം രണ്ടാം വാരത്തിൽ നാൽപ്പത് ലക്ഷം സ്വന്തമാക്കിയാണ് ഇപ്പോൾ മൊത്തം കളക്ഷൻ ഒരു കോടി കവിഞ്ഞിട്ടുണ്ട്. ആദ്യ ആഴ്ച 21 ഓളം തിയേറ്ററുകളിലും രണ്ടാം ആഴ്ചയിൽ 42 ലേറെ തിയേറ്ററുകളിലും ആണ് പ്രേമം വിരുന്നെത്തിയത്. ലോക സിനിമകളുടെ ബോക്‌സ് ഓഫീസ് കളക്ഷൻ വെളിപ്പെടുത്തുന്ന ഔദ്യോഗിക കേന്ദ്രങ്ങൾ യുകെയിലെ പ്രധാന തിയേറ്ററുകളായ ഓടിയോൺ, ഷോക്കേസ്, സിനി വേൾഡ് എന്നിവയിലെ കണക്കെടുത്ത് വെളിയിൽ വിടുന്ന റിപ്പോർട്ട് അനുസരിച്ചുള്ള ലിസ്റ്റിങ്ങിൽ ആണ് പ്രേമം ഒന്നാം സ്ഥാനത്ത് ആയത്. ന്നാൽ സ്വകാര്യ തിയേറ്ററുകളായ ഈസ്റ്റ് ഹാം ബോളിയോൺ, ലസ്റ്റർ പികാഡ്‌ലി തുടങ്ങി അനേകം ചെറിയ തിയേറ്ററുകളുടെ കൂടി കണക്കെടുക്കുമ്പോൾ മൊത്തം കളക്ഷൻ ഇതിനകം തന്നെ ഒരു കോടി പിന്നിട്ടുണ്ടാകും.

കളക്ഷൻ കണക്കിൽ ഉൾപ്പെടുത്താത്ത ഈസ്റ്റ് ഹാം ബോളിയോൺ, ലെസ്റ്റർ പികാഡ്‌ലി എന്നീ തിയ്യേറ്ററുകളിൽ ജൂൺ 5 മുതൽ ഇന്നേവരെ 3 ഷോ വീതം ഒറ്റ ദിവസം പോലും മുടങ്ങാതെ കളിച്ച ആദ്യ മലയാള സിനിമ എന്ന പെരുമയും പ്രേമം സ്വന്തമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ ആഴ്ച അവസാന ദിനങ്ങളിൽ നാലു ഷോകൾ വീതമാണ് കളിച്ചിരുന്നത്. ഇപ്പോൾ ഫെൽതാം, ഈസ്റ്റ് ഹാം, വെംബ്ലി എന്നിവിടങ്ങളിൽ ദിവസവും പ്രദർശിപ്പിക്കുന്ന ചിത്രം മലയാളികൾ അല്ലാത്ത പ്രേക്ഷകരെയും സ്വന്തമാക്കി കഴിഞ്ഞു. ഇതിനാൽ ഇംഗ്ലീഷ് സബ് ടൈറ്റിലുകൾ അടക്കമുള്ള പ്രിന്റ് ആണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. അഞ്ചാം വാരം പൂർത്തിയാക്കുന്ന സിനിമ ഈ ആഴ്ചയോടെ യുകെയിലെ പ്രദർശനം അവസാനിപ്പിക്കുക ആണെന്നും വിതരണക്കാർ പറയുന്നു. യുകെയിലെ ഒട്ടുമിക്ക നഗരങ്ങളിലും എത്തിയ മലയാള സിനിമ എന്ന നേട്ടവും പ്രേമം പങ്കിടുന്നു. പ്രധാന കേന്ദ്രങ്ങളിൽ പോർട്‌സ്മൗത്ത്, ബ്രൈറ്റൻ, കേംബ്രിഡ്ജ് എന്നിവ മാത്രമാണ് തിയേറ്റർ ലഭ്യമല്ലാതെ പ്രേമം പ്രദർശിപ്പിക്കാൻ കഴിയാതെ പോയത്.

അതേസമയം വിദേശ രാജ്യങ്ങളിൽ പ്രേമത്തിന് കിട്ടിയ സ്വീകാര്യതയിൽ ഏറ്റവും മികച്ചതാണ് ബ്രിട്ടനിലെ മലയാളികൾ സമ്മാനിച്ചിരിക്കുന്നത്. ബ്രിട്ടനിലും അയർലന്റിലും ആയി ആദ്യ ആഴ്ച കൊണ്ട് തന്നെ ഹിന്ദി ചിത്രങ്ങളായ 'എബിസിഡി - എനിബഡി ക്യാൻ ഡാൻസ് 2, ഡിൽ ധട്ക്കനേ ദോ എന്നിവയ്ക്ക് ഒപ്പം എത്തിയ പ്രേമം ഏറ്റവും കൂടുതൽ തിയ്യേറ്ററുകളിൽ ഏറ്റവും അധികം ഷോകളിൽ ആയി ഏറ്റവും അധികം പ്രേക്ഷകരെ സ്വന്തമാക്കിയ ആദ്യ ചിത്രം എന്ന ഖ്യാതിയും സ്വന്തമാക്കി. ബ്രിട്ടനിലും അയർലന്റിലും ഹമാരി അധൂരി കഹാനി, തമിഴ് ചിത്രം എലി, റോമിയോ ജൂലിയറ്റ് എന്നീ ചിത്രങ്ങളെ പിന്നിലാക്കിയാണ് പ്രേമം പ്രേക്ഷക ലഹരി നുണയുന്നത്. ഈസ്റ്റ് ഹാം ബോളിയോൺ, ഫെൽതാം, ലെസ്റ്റർ പിക്കാഡ്‌ലി, ബെർമിങ്ഹാം വ്യു എന്നിവിടങ്ങളിലെല്ലാം ദിവസേനെ പ്രദർശിപ്പിച്ചു അഞ്ചാം വാരത്തിൽ എത്തുന്നു എന്ന പ്രത്യേകതയും പ്രേമം പങ്കിടുന്നു. 17 പുതുമുഖങ്ങൾക്ക് കൂടി അവസരം നല്കിയ പ്രേമം ഒട്ടേറെ അഭിനേതാക്കളുടെ കരിയർ ഗ്രാഫും ഉയർത്തിയാണ് മുന്നേറുന്നത്. അഞ്ചാം വാരത്തിൽ ഫെൽതാം, ഇൽഫോർഡ്, ബ്രാഡ്‌ഫോർഡ്്, ലൂട്ടൻ, വെംബ്ലി, കാർഡിഫ്, ലിവർപൂൾ, ബർമിങ്ഹാം എന്നിവിടങ്ങളിൽ ചിത്രം പ്രദർശനം തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP