Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീർത്തും ഒറ്റപ്പെട്ട വയനാടിന് വിശക്കുന്നു..! ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 19,000ത്തോളം ആളുകൾ; ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടത് 30 ക്വിന്റലോളം അരി; അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും അത്യാവശ്യം; ചുരങ്ങൾ ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതോടെ അവശ്യസാധനങ്ങളുടെ ലഭ്യതയുമില്ല; കലക്ട്രേറ്റിലെ റിലീഫ് സ്റ്റോറിൽ സാധനങ്ങൾ എത്തിക്കണമെന്ന അഭ്യർത്ഥനയുമായി ജില്ലാ ഭരണകൂടം

തീർത്തും ഒറ്റപ്പെട്ട വയനാടിന് വിശക്കുന്നു..! ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 19,000ത്തോളം ആളുകൾ; ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടത് 30 ക്വിന്റലോളം അരി; അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും അത്യാവശ്യം; ചുരങ്ങൾ ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതോടെ അവശ്യസാധനങ്ങളുടെ ലഭ്യതയുമില്ല; കലക്ട്രേറ്റിലെ റിലീഫ് സ്റ്റോറിൽ സാധനങ്ങൾ എത്തിക്കണമെന്ന അഭ്യർത്ഥനയുമായി ജില്ലാ ഭരണകൂടം

മറുനാടൻ ഡെസ്‌ക്‌

മഴക്കെടുതിയിൽ കേരളം ഭീതിയൊഴിയാതെ നിൽക്കുകയാണ്. കർക്കിടകം അവസാനിക്കാറായിട്ടും മഴയ്ക്ക് യാതൊരു കുറവുമില്ല.സംസ്ഥാനത്ത് മഴ കനത്ത നാശം വിതച്ച ജില്ലകളിലൊന്നാണ് വയനാട്. ദുരിതാശ്വാസമെന്ന പേരിൽ നിരവധി സഹായങ്ങൾ ആളുകൾ നൽകുന്നുണ്ടെന്ന് പറയുമ്പോഴും വയനാട്ടിലേക്ക് ഇത് എങ്ങനെ എത്തുക്കുമെന്നതിൽ സംശയമുയരുകയാണ്. അതിനിടെയാണ് സഹായ അഭ്യാർത്ഥനയുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി 19,000ത്തോളം ആളുകളാണ് കഴിയുന്നത്.

ഇവർക്ക് ഒരു നേരത്തെ ഭക്ഷണത്തിന് തന്നെ 30 ക്വിന്റൽ അരി വേണ്ടി വരും. അരിയും പയർ വർഗങ്ങളും പലവ്യഞ്ജനങ്ങളും വരെ ഇവർക്ക് ഇപ്പോൾ അത്യാവശ്യമാണ്. കനത്ത മഴ വയനാട്ടിലെ ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. താമരശ്ശേരി ചുരം ഇടിയുകയും വിവിധയിടങ്ങളിൽ വെള്ളം ഉയരുകയും ചെയ്തതോടെ കോഴിക്കോടിന്റെ കിഴക്കൻ മേഖലയിലേക്കും വയനാട്ടിലേക്കുമുള്ള യാത്രക്കാർ ദുരിതത്തിലായിക്കഴിഞ്ഞു. ഗതാഗത സംവിധാനം താാറുമാറായതിനാൽ ദുരിതം അനുഭവിക്കുന്ന സ്ഥലങ്ങളിൽ എങ്ങനെ സാധനങ്ങൾ എത്തിക്കുമെന്ന പ്രശ്‌നവും ഉണ്ടായിട്ടുണ്ട്.

വയനാടിനെ തകർത്തെറിഞ്ഞാണു ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമുണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച തുടങ്ങിയ മഹാമാരി ഇതുവരെ തോർന്നിട്ടില്ല. പെരുമഴയിലും ഉരുൾപൊട്ടലിലും ജില്ലയിൽ ആകെ തകർന്നത് 763 വീടുകൾ. ദുരിതാശ്വാസ ക്യാംപുകളിലുള്ള 3500 പേർക്കെങ്കിലും മഴക്കാലമൊഴിയുമ്പോൾ തിരിച്ചുപോകാൻ ഇനി വീടില്ല. വയനാട് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണിത്. വെള്ളപ്പൊക്കത്തിൽ ആകെ കുതിർന്നിട്ടും വീഴാതെ പിടിച്ചുനിൽക്കുന്ന നനഞ്ഞൊലിച്ച വീടുകൾ ഏറെ.

ഇത്തരം വീടുകൾ ഉപേക്ഷിച്ചുപോകാനേ ഇനി കഴിയൂ.വെള്ളം കയറിയ പാടങ്ങളിൽനിന്നും കുറ്റിക്കാടുകളിൽനിന്നും വിഷപ്പാമ്പുകൾ ജനവാസകേന്ദ്രങ്ങളിലേക്ക് ഇഴഞ്ഞെത്തുന്നു.വാസയോഗ്യമല്ലാതായിത്തീർന്ന വീടുകളുടെ കണക്കെടുത്താൽ ദുരന്തമുഖം കൂടുതൽ ഭയാനകമാകും. സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാംപുകൾ ഏറെക്കാലം തുടരാനാകില്ല.

കഴിഞ്ഞ ഏഴു മുതൽ ഇന്നലെ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. മഴ കഴിയുമ്പോൾ താമസിക്കാൻ എങ്ങോട്ടു പോകുമെന്നറിയാതെ ആയിരങ്ങളാണ് ക്യാംപുകളിൽ കഴിയുന്നത്. ഇവർക്കു താൽക്കാലിക താമസസൗകര്യങ്ങളൊരുക്കാൻ പഞ്ചായത്തുകൾ തോറും താൽക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കേണ്ടിവരും. നിലവിൽ 132 ക്യാംപുകളിലായി 16333 പേർ കഴിയുന്നു. മിക്കവരും വീടും സ്ഥലവും നഷ്ടപ്പെട്ടവരാണ്. നിലയ്ക്കാത്ത പെരുമഴയും അണക്കെട്ടുകളിൽനിന്ന് മുന്നറിയിപ്പില്ലാതെയുണ്ടായ ജലപ്രവാഹവുമാണ് വയനാട്ടിൽ വെള്ളപ്പൊക്കം രൂക്ഷമാക്കിയത്.

കെഎസ്ഇബിയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് ബാണാസുര സാഗറിലെ ജലനിരപ്പ് കുത്തനെ ഉയർന്നു. ഷട്ടറുകൾ ഉയർത്തിയപ്പോൾ വേണ്ടത്ര മുന്നറിയിപ്പു നൽകാതിരുന്നത് പ്രളയക്കെടുതിയുടെ വ്യാപ്തി വർധിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച ഷട്ടറുകൾ 290 സെന്റീമീറ്റർ ഉയർത്തിയപ്പോൾ നൂറുകണക്കിനാളുകൾ ഭവനരഹിതരായി.ചുരങ്ങളിൽ മണ്ണിടിച്ചിൽ കൂടിയുണ്ടായതോടെ ഈ മഴക്കാലത്ത് മൂന്നാംതവണയാണു വയനാട് മറ്റു ജില്ലകളിൽനിന്ന് പൂർണമായി ഒറ്റപ്പെടുന്നത്. വഴികളടയുന്നതോടെ ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള സഹായവിതരണവും പ്രതിസന്ധിയിലാകും.

കൃഷിമേഖലയും വിനോദസഞ്ചാരമേഖലയുമെല്ലാം പ്രതിസന്ധിയിലായി. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 36.90 കോടി രൂപയുടെ കൃഷിനാശമാണ് വയനാട്ടിൽ ഉണ്ടായിരിക്കുന്നത്. ഇതിൽ 32 കോടി രൂപയും വാഴക്കർഷകർക്കുണ്ടായ നഷ്ടമാണ്. 2.4 കോടി രൂപയുടെ നെൽകൃഷിയും 69 ലക്ഷം രൂപയുടെ കാപ്പിക്കൃഷിയും ഇല്ലാതായി. ലക്ഷക്കണക്കിനു രൂപയുടെ കുരുമുളകും കാപ്പിയും ഇഞ്ചിയും വെള്ളം കയറി നശിച്ചു. ആകെ 1840 ഹെക്ടർ കൃഷിസ്ഥലം ഒലിച്ചുപോയി. ഒട്ടേറെ കന്നുകാലികൾ വെള്ളപ്പൊക്കത്തിൽ മുങ്ങിച്ചത്തു.

പ്രളയത്തിനിരയായ വളർത്തുമൃഗങ്ങളിൽ 60 പശുക്കളും 120 ആടുകളും 80 പന്നികളും 3000 കോഴികളും ഉൾപ്പെടുന്നു. സംസ്ഥാനത്ത് പാൽ ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ജില്ലയാണ് വയനാട്. തുടർച്ചയായി മണ്ണിച്ചിലാണ് വയനാട് നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. ചൊവ്വാഴ്ച ഉച്ചയോടെ താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.

മണ്ണുനീക്കിയ ശേഷമാണ് ഇവിടെ ഗതാഗതം പുനഃസ്ഥാപിച്ചത്. എന്നാൽ വൈകീട്ടോടെ രണ്ടാം വളവിലെ ചിപ്പിലിത്തോട് ഭാഗത്ത് മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് ഗതാഗതം താത്കാലികമായി നിരോധിച്ചു. ചുരത്തിനുതാഴെയുള്ള പ്രദേശങ്ങളിലെ റോഡിൽ വെള്ളമുയരുന്നതും ഭീഷണിയായിട്ടുണ്ട്.താമരശ്ശേരി ചുരം റോഡിലൂടെയുള്ള യാത്ര കർശനമായി പരിമിതപ്പെടുത്തണമെന്ന് കോഴിക്കോട് കളക്ടർ യു.വി. ജോസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുറ്റ്യാടി ചുരത്തിൽ നിലവിൽ പ്രശ്‌നങ്ങളൊന്നുമില്ല.

അതേസമയം ഇവിടേയ്ക്കുള്ള റോഡിൽ നിരവിൽപ്പുഴ മരച്ചുവട് ഭാഗത്തും മറ്റും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. റോഡിൽ ജലനിരപ്പുയർന്നാൽ കുറ്റ്യാടി ചുരംവഴിയുള്ള യാത്രയും തടസ്സപ്പെടും.പനമരത്തും മാനന്തവാടി വള്ളിയൂർക്കാവ് കൊയിലേരി റോഡുകളിലും പുഴയിൽനിന്നും വെള്ളംകയറിയതിനെത്തുടർന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു. ഗ്രാമീണ മേഖലകളിലെ ഒട്ടുമിക്കറോഡുകളും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP