Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഷം കലക്കിയും തോട്ട പൊട്ടിച്ചും വൈദ്യുതി വെള്ളത്തിൽ കടത്തിവിട്ടും മീൻപിടുത്തം; ചങ്ങാതിക്കൂട്ടങ്ങളുടെ ഒഴിവുദിന ഹോബി അപകടത്തിലാക്കുന്നത് നിത്യാശ്രയമായ ജലാശയങ്ങളെ; വടകരയിൽ മീനുകൾ ചത്തുപൊങ്ങുന്നത് തുടർക്കഥയായതോടെ പ്രതിഷേധവുമായി നാട്ടുകാർ

വിഷം കലക്കിയും തോട്ട പൊട്ടിച്ചും വൈദ്യുതി വെള്ളത്തിൽ കടത്തിവിട്ടും മീൻപിടുത്തം; ചങ്ങാതിക്കൂട്ടങ്ങളുടെ ഒഴിവുദിന ഹോബി അപകടത്തിലാക്കുന്നത് നിത്യാശ്രയമായ ജലാശയങ്ങളെ; വടകരയിൽ മീനുകൾ ചത്തുപൊങ്ങുന്നത് തുടർക്കഥയായതോടെ പ്രതിഷേധവുമായി നാട്ടുകാർ

ജാസിം മൊയ്തീൻ

വടകര: വേനൽ കടുത്തതോടെ ജലാശയങ്ങളിൽ വെള്ളം കുറവായത് മുതലെടുത്ത് വിഷം കലക്കി മീൻ പിടിക്കുന്ന സംഘങ്ങൾ സജീവം. ചെറിയ കനാലുകൾ കെട്ടിനിർത്തിയും, കുളങ്ങളിലും വിഷം കലക്കിയും തോട്ടപൊട്ടിച്ചും, വൈദ്യുതി വെള്ളത്തിലേക്ക് പ്രവഹിപ്പിച്ചുമാണ് ഇത്തരക്കാരുടെ മീൻപിടിത്തം. ഇത്തരം പ്രവർത്തികളിലൂടെ മീനുകൾ ചത്തുപൊങ്ങുന്നത് വളരെ എളുപ്പത്തിൽ മീനുകളെ കുട്ടയിലാക്കാൻ കഴിയുന്നു എന്നതാണ് ഇത്തരം സംഘങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നത്.

വേനലായതോടെ ജലാശയങ്ങളിൽ വെള്ള കുറവായതും ഇവർക്ക് ജോലി എളുപ്പമാക്കും. കഴിഞ്ഞ ദിവസം ഇത്തരത്തിൽ മീൻ പിടിച്ച നാലുപേരെ വടകര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളത്തിൽ വിഷദ്രാവകം കലക്കിയാണ് ഇവർ മീൻ പിടിച്ചിരുന്നത്. വല്യാപ്പിള്ളി പൊന്മേരിപ്പറമ്പ് സ്വദേശികളായ കണ്ടിയിൽ നൗഷാദ്, മലയിൽ ഇസ്മായിൽ, കാരക്കുനി അബ്ദുൽ മനാഫ്, മംഗലോട് കണ്ണോത്ത് താഴെകുനി ഹാരിസ് എന്നിവരെയാണ് മറ്റുജീവികൾക്ക് ഭീഷണിയാകും വിധം ജലാശയങ്ങളിൽ വിഷംകലർത്തി മീൻപിടിച്ചതിന് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

ഈമാസം എട്ടാം തിയ്യതി ഉച്ചക്കാണ് ഇവർ വടകര നടക്കുതാഴ ചേറോട് കനാലിലെ കുട്ടൂലിൽ പാലത്ത് വെച്ച് വിഷദ്രാവകം കലക്കി മീൻപടിച്ചത്. എന്നാൽ ഇവരുടെ മീൻപടിത്തം കഴിഞ്ഞു ഇത്രയും ദിവസമായിട്ടും കനാലിലെ ചെറുതും വലുതുമായ മീനുകൾ ചത്തുപൊങ്ങുന്നത് തുടർന്നതോടെയാണ് നാട്ടുകാർക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിക്കുകയായിരുന്നു.

മീൻപിടിച്ചവർക്കെതിരെ നാട്ടുകാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മീൻപിടിക്കാനെത്തിയ രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. വളർത്തു ജീവികൾക്കകം ഭീഷണിയാകുന്ന രീതിയിൽ ജലാശയങ്ങളിൽ വിഷം കലർത്തിയതിന് ഐപിസി സെക്ഷൻ 269,277,120(ഇ) വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. മീൻപിടിക്കാൻ ഉപയോഗിക്കുന്ന മറ്റുമാർഗങ്ങളേക്കാൾ അപകടരമാണ് വിഷംകലർത്തിയുള്ള പ്രയോഗം. ഇതിന്റെ പ്രതിഫലം ദിവസങ്ങളോളം തുടരുമെന്നതിനാൽ വിഷം കലർത്തിയ ജലാശയത്തിലെ വെള്ളം ദിവസങ്ങളോളം മറ്റാർക്കും ഉപയോഗിക്കാനാവില്ല.

ഇത്തരക്കാർ പലരും ചെയ്യുന്നത് ഒഴുകുന്ന കനാലുകൾ കെട്ടിനിർത്തിയാണ് വിഷം കലക്കുന്നത്. ഇവരുടെ മീൻപിടിത്തം കഴിഞ്ഞ് കെട്ടിനിർത്തിയ വെള്ളം തുടർന്ന് വിടുന്നതോടെ ഈ വെള്ളം മറ്റിടങ്ങളിലേക്കും പ്രവേശിക്കുകയും അത് അവിടങ്ങളിലെ മത്സ്യങ്ങളെയും മറ്റുജീവികളെയും ഇത് ബാധിക്കുന്നു. കോഴിക്കോട് ജില്ലയിലെ വടകര മേഖലയിൽ മാത്രം ഇത്തരത്തിൽ നിരവധി സംഘങ്ങളാണ് ഇതുപോലെ മീൻപിടിക്കുന്നത്. ഇവരാരും കച്ചവടത്തിനോ വിൽപനക്കോ വേണ്ടിയല്ല മീൻപിടിക്കുന്നത്. പലരും ഒഴിവ് ദിവസങ്ങളിൽ ഒരു ഹോബിയെന്ന നിലയ്ക്കാണ് ഇവരുടെ മീൻപിടിത്തം നടത്തുന്നത്. എന്നാൽ ഇവരുടെ ഹോബി നിരവധിയാളുകൾ ആശ്രയിക്കുന്ന ജലാശയങ്ങളെയാണ് മലിനമാക്കി ഉപയോഗശൂന്യമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP