Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിത്രയ്ക്ക് വേണ്ടി ഇന്ത്യക്കാരെല്ലാം പ്രാർത്ഥിക്കണം... ഹൈക്കോടതി വിധി വന്നതോടെ കണ്ണു നിറഞ്ഞ് ചിത്രയുടെ പിതാവ്; പാവപ്പെട്ടവർക്ക് ഇങ്ങനെ സംഭവിച്ചാൽ എന്തുചെയ്യുമെന്നും പറഞ്ഞ് കണ്ഠമിടറി; വിധി അനുകൂലമായത് സന്തോഷം പകർന്നെങ്കിലും മകളെ അവഗണിച്ചതിൽ കുടുംബത്തിന് വേദന

ചിത്രയ്ക്ക് വേണ്ടി ഇന്ത്യക്കാരെല്ലാം പ്രാർത്ഥിക്കണം... ഹൈക്കോടതി വിധി വന്നതോടെ കണ്ണു നിറഞ്ഞ് ചിത്രയുടെ പിതാവ്; പാവപ്പെട്ടവർക്ക് ഇങ്ങനെ സംഭവിച്ചാൽ എന്തുചെയ്യുമെന്നും പറഞ്ഞ് കണ്ഠമിടറി; വിധി അനുകൂലമായത് സന്തോഷം പകർന്നെങ്കിലും മകളെ അവഗണിച്ചതിൽ കുടുംബത്തിന് വേദന

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ദാരിദ്ര്യത്തോട് പടവെട്ടിയാണ് പി യു ചിത്ര എന്ന കായികതാരം രാജ്യത്തിന് വേണ്ടി മെഡൽ നേടിയ അത്‌ലറ്റായി മാറിയത്. എന്നിട്ടും ലോക അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യൻ സംഘത്തിൽ നിന്നും ചിത്രയെ തഴഞ്ഞതിനെതിരെ കേരളം ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്. എന്നാൽ, പി ടി ഉഷയെ പോലൊരു താരം ചിത്രയുടെ ദാരിദ്ര്യത്തെ പോലും പരിഹസിച്ചു കൊണ്ടാണ് രംഗത്തെത്തിയത്. കേരള മുഖ്യമന്ത്രിയും മറ്റുള്ളവരും ചിത്രയ്ക്ക് വേണ്ടി ശബ്ദിച്ചപ്പോൾ കോടതിയും അതിന് അനുകൂലമായാണ് ഇന്ന് പ്രതികരിച്ചത്.

ചിത്രയെയും അതല്റ്റിക് മീറ്റിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും മലയാളി താരത്തിന്് പങ്കെടുക്കാൻ ഇനി സാധിക്കുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്. എങ്കിലും മകൾക്ക് അനുകൂലമായ വിധി വന്നതോടെ ചിത്രയുടെ വീട്ടുകാർ സന്തോഷത്തിലാണ്. മുണ്ടൂരിലെ വീട്ടിൽ ചാനലുകൾ എത്തിയപ്പോൾ കണ്ഠമിടറിയും കണ്ണു നിറഞ്ഞുമാണ് ചിത്രയുടെ അച്ഛൻ പ്രതികരിച്ചത്.

ചിത്രയുടെ മത്സര വിജയത്തിനായി എല്ലാ ഇന്ത്യക്കാരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും തൊണ്ടയിടറിക്കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. തട്ടിയകറ്റപ്പെട്ട അർഹിച്ച നേട്ടം സംസ്ഥാനത്തെ പരമോന്നത കോടതി അനുവദിച്ചുതന്നതിലുള്ള സന്തോഷം ഉൾക്കൊള്ളാൻ പോലും അദ്ദേഹം പാടുപെട്ടു. എന്നാൽ ചിത്ര തള്ളപ്പെടാനുണ്ടായ സാഹചര്യം എങ്ങനെയുണ്ടായി എന്ന് അദ്ദേഹം ഒന്നുംതന്നെ സൂചിപ്പിച്ചില്ല. എന്നാൽ അതിനുപിന്നിൽ ആരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാവപ്പെട്ടവർക്ക് ഇങ്ങനെ സംഭവിച്ചാൽ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

പിയു ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കണമെന്നാണ് വൈകുന്നേരം ഹൈക്കോടതി ഉത്തരവിട്ടത്. അത്റ്റിക് ചാമ്പ്യൻഷിപ്പിനായുള്ള ഇന്ത്യൻ ടീം ലണ്ടനിലേക്ക് പുറപ്പെട്ട സാഹചര്യത്തിൽ പിയു ചിത്ര പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും വിധിയിൽ കോടതി പറയുന്നു. ചിത്രയുടെ കോച്ച് ശ്രീജിത്ത് മുണ്ടൂരിന്റെ ഹർജിയിന്മേലാണ് കോടതിയുടെ വിധി. കേരളം ഒറ്റക്കെട്ടായിട്ടായിരുന്നു ചിത്രയ്ക്കായി അണിനിരന്നതും അഭിപ്രായം പ്രകടിപ്പിച്ചതും. ചിത്രയെ ഉൾപ്പെടുത്താതിരുന്നതിലെ ഗൂഢാലോചനകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് കോടതി ചിത്രയ്ക്കനുകൂലമായി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

അത്ലറ്റിക് ഫെഡറേഷനോട് യോഗ്യത സംബംന്ധിച്ച മാനദണ്ഡങ്ങൾ അറിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിലും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ കോടതി കാര്യക്ഷമമായി ഇടപെടും. കേന്ദ്രത്തിന് ഇതിൽ എങ്ങനെയാണ് ഇതിൽ ഇടപെടാനാവുക എന്ന് കോടതി ആരാഞ്ഞിരുന്നു. എന്നാൽ ഇടപെടാൻ അധികാരം ഇല്ലെന്നാണ് കേന്ദ്രം അറിയിച്ചത്.

അതേസമയം, ചിത്രയെ ലണ്ടനിലേക്കുള്ള ഇന്ത്യൻ അത്ലറ്റിക് സംഘത്തിൽ ഉൾപ്പെടുത്തണമെന്ന കേരളാ ഹൈക്കോടതി വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കേണ്ടത് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനാണന്നും അവർക്ക് ഇതിനായി നിർദ്ദേശം നൽകുമെന്നും കേന്ദ്രകായിക മന്ത്രി വിജയ് ഗോയൽ പ്രതികരിച്ചിരുന്നു. നിഷേധിക്കപ്പെട്ട നീതിയാണ് ഹൈക്കോടതി വിധിയിലൂടെ പി യു ചിത്രക്ക് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കുകയുണ്ടായി.

ആർക്കും ബോധ്യപ്പെടാത്ത വിചിത്ര കാരണങ്ങൾ ഉന്നയിച്ചാണ് ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പൽ പങ്കെടുക്കാൻ പി.യു.ചിത്രക്ക് അത് ലറ്റിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യ അവസരം നിഷേധിച്ചതത്. ഇതിൽ സ്‌പോർട്‌സിനെ സ്‌നേഹിക്കുന്ന മുഴുവൻ ആളുകളും പ്രതിഷേധത്തിലായിരുന്നു. ചിത്രയെ ലോകമീറ്റിൽ പങ്കെടുപ്പിക്കണമെന്ന് ഇപ്പോൾ ഹൈക്കോടതി ഉത്തരവിട്ടിരിക്കയാണ്. വിധി എന്തുകൊണ്ടും സ്വാഗതാർഹമാണ് പിണറായി വിജയൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP