Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാതൃകയാക്കാനിതാ ആശുപത്രിമണമില്ലാത്ത ഒരാതുരാലയം; ലോകനിലവാരത്തിലേക്ക് നമുക്കും മുന്നേറാം: പുനലൂർ താലൂക്ക് ആശുപത്രിയുടെ വിശേഷങ്ങൾ ഇങ്ങനെ

മാതൃകയാക്കാനിതാ ആശുപത്രിമണമില്ലാത്ത ഒരാതുരാലയം; ലോകനിലവാരത്തിലേക്ക് നമുക്കും മുന്നേറാം: പുനലൂർ താലൂക്ക് ആശുപത്രിയുടെ വിശേഷങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സർക്കാർ ആശുപത്രി എന്നു കേൾക്കുമ്പോൾ തന്നെ വൃത്തിഹീനമായ അന്തരീക്ഷവും പകർച്ചവ്യാധികളുടെ കേന്ദ്രവും ഓർമ വരുന്ന കാലമുണ്ടായിരുന്നു. അവിടവിടെ മാലിന്യങ്ങളും അലഞ്ഞുതിരിഞ്ഞുനടക്കുന്ന പട്ടികളുമൊക്കെയായി എന്നും ദുസ്സൂചനകൾമാത്രം നൽകുന്ന ഒരിടം. എന്നാൽ, ആ സാഹചര്യങ്ങളൊക്കെ പഴങ്കഥയാക്കി മാറ്റിയിരിക്കുകയാണ് ഒരു സർക്കാർ ആശുപത്രി.

കൊല്ലം ജില്ലയിലെ പുനലൂരിലെ താലൂക്ക് ആശുപത്രിയാണ് അത്യാധുനിക സൗകര്യങ്ങളും അതിലുപരി മികച്ച അന്തരീക്ഷവും പ്രദാനംചെയ്ത് സർക്കാർ ആശുപത്രിയുടെ ദുഷ്‌പേരുകൾ കഴുകിക്കളയാൻ മുന്നിൽ നിൽക്കുന്നത്. ആശുപത്രി മണം അനുഭവപ്പെടാത്ത ഈ ആശുപത്രിയിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ കൊണ്ടു ശ്രദ്ധേയമാണ്.

മാത്രമല്ല, ചെറിയ ചെറിയ കാര്യങ്ങളിൽ പോലും വേണ്ടത്ര ശ്രദ്ധകൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളും ഈ സർക്കാർ ആശുപത്രിയെ സ്വകാര്യ ആശുപത്രികളേക്കാൾ മികച്ചതാക്കുന്നു. ഇവിടം സന്ദർശിച്ചാൽ ഇതു സർക്കാർ ആശുപത്രി തന്നെയാണോ എന്നു സംശയിക്കേണ്ടിവരുമെന്നതുറപ്പ്.

ആരോഗ്യവകുപ്പിന്റെ കീഴിൽ സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച വേദനരഹിത സാധാരണ പ്രസവത്തിലൂടെ കഴിഞ്ഞവർഷം ആയിരത്തിലധികം പ്രസവം നടന്ന സർക്കാർ താലൂക്ക് ആശുപത്രി എന്ന ബഹുമതി പുനലൂർ താലൂക്ക് ആശുപത്രി നേടിയെടുത്തിരുന്നു. 1400 പ്രസവങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. അതിൽ വെറും ഏഴുശതമാനത്തിനാണ് സിസേറിയൻ വേണ്ടിവന്നത്. ഏറ്റവും ആധുനികമായ ലേബർ റൂമാണ് ഇവിടെയുള്ളത്. ഒരു കിന്റർഗാർട്ടനെ ഓർമിപ്പിക്കുംവിധത്തിൽ കളിപ്പാട്ടങ്ങൾ നിറഞ്ഞിരിക്കുന്ന കുട്ടികളുടെ വാർഡ് ഈ ആശുപത്രിയെ പ്രത്യേകത നിറഞ്ഞതാക്കുന്നു.

എട്ടു ഡയാലിസിസ് മെഷിനുകൾ ഇവിടെയുണ്ട്. മൂന്നു ഷിഫ്റ്റിലായി നിരന്തരം പ്രവർത്തിക്കുന്ന ഡയാലിസിസ് വാർഡും. എല്ലാ വാർഡുകളിലും സാന്ത്വന സംഗീതം ഒഴുകിയെത്താറുമുണ്ട്. ചില മുറികളിൽ ടിവിയുമുണ്ട്.

മനോഹരമായ പൂന്തോട്ടവും ആശുപത്രിയുടെ നടുക്ക് സജ്ജീകരിച്ചിട്ടുണ്ട്. വലിച്ചെറിയപ്പെട്ട കടലാസോ പ്ലാസ്റ്റിക് മാലിന്യങ്ങളോ ഒന്നും ആശുപത്രി പരിസരത്തു കാണാനാകില്ല. കക്കൂസും കുളിമുറിയുമെല്ലാം വൃത്തിയായാണ് സൂക്ഷിച്ചിരിക്കുന്നത്.

അഞ്ചു കിടക്കയ്ക്ക് ഒരു നഴ്‌സ് എന്ന ക്രമം പരിപാലിക്കാൻ താൽക്കാലിക നഴ്‌സുമാരും സന്നദ്ധ നഴ്‌സുമാരും എപ്പോഴും സജ്ജം. ഒപി ടിക്കറ്റ് കൗണ്ടറിലും റിസപ്ഷൻ കൗണ്ടറിലും ഫാർമസിയിലും മോർച്ചറിയിലുമെല്ലാം പ്രത്യേകം വെയിറ്റിങ് സീറ്റുകൾ. എല്ലാ വാർഡിലുമുണ്ട് ഡൈനിങ് ഹാൾ.

റിസപ്ഷനും ഫർമസിയും ലാബുമെല്ലാം 24 മണിക്കൂറും പ്രവർത്തിക്കുന്നവ. നിലാവെന്ന പേരിൽ പ്രത്യേക പാലിയേറ്റീവ് കാൻസർ കെയർ. മോർച്ചറിക്കൊപ്പം മൊബൈൽ മോർച്ചറി സംവിധാനവും കേന്ദ്രീകരിച്ച ഓക്‌സിജൻ സപ്ലൈ സൗകര്യവും. ഇങ്ങനെയും ഒരു സർക്കാർ ആശുപത്രി നമ്മുടെ നാട്ടിലുണ്ടോ എന്നു അത്ഭുതം തോന്നുക സ്വാഭാവികം.

പുനലൂർ താലുക്ക് ആശുപത്രിയിലെ ഈ സൗകര്യങ്ങൾ ഒരുക്കുവാനുള്ള പണം സമാഹരിക്കുന്നതും മറ്റ് ആശുപത്രികൾ മാതൃകയാക്കേണ്ടതുണ്ട്. എല്ലാ താലൂക്ക് ആശുപത്രികൾക്കും ലഭിക്കുന്ന ഗ്രാന്റുകൾക്ക് പുറമേ എൻആർഎച്ച്എം പോലുള്ള പദ്ധതികളിൽ നിന്ന് പരമാവധി പണം സമാഹരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പരിപാടിയിൽ നിന്ന് കഴിഞ്ഞ വർഷം ഏതാണ്ട് 75 ലക്ഷം രൂപയാണ് ലഭിച്ചത്. മൂന്ന് ശതമാനം കേസുകൾ മാത്രമേ കമ്പനി തള്ളിക്കളഞ്ഞുള്ളൂ. അത്രയ്ക്ക് ചിട്ടയായാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ റെക്കോർഡുകളും കണക്കുകളും സൂക്ഷിക്കുന്നത്. ഒപി കൗണ്ടർ, റിസപ്ഷൻ, ലബോറട്ടറി തുടങ്ങിയവയെല്ലാം ബന്ധിപ്പിച്ചുള്ള കമ്പ്യൂട്ടർ നെറ്റ്‌വർക്ക് ഇവിടെയുണ്ട്.

സംഭാവനയായി ഉപകരണങ്ങളോ പണമോ ആശുപത്രിക്കു ലഭിക്കാറുണ്ട് . കഴിഞ്ഞ വർഷം ഭക്ഷണ പരിപാടിക്ക് ചെലവഴിച്ച പതിനെട്ട് ലക്ഷം രൂപയും സംഭാവന ആയി ലഭിച്ചതാണ്. ഡയാലിസിസ് യുണിറ്റിനുള്ള പണം മുഴുവൻ യുഎഇയിലെ ഫ്രണ്ട്‌സ് ഓഫ് പുനലൂർ സംഭാവന ചെയ്തതാണ്. ഗേറ്റ് പാസ് കളക്ഷന് വെൻഡിങ് മെഷീൻ വച്ചിട്ടുണ്ട്. രാത്രി പത്തുവരെ പ്രവർത്തിക്കുന്ന എക്‌സ് റേ ഡിപ്പാർട്ട്‌മെന്റും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസിയും ലാബും ആശുപത്രിയുടെ വരുമാനത്തിൽ പ്രധാന പങ്കുവഹിക്കുന്നു.

ഇതിനെല്ലാം പുറമെ ആശുപത്രിയിലെ ജീവനക്കാരുടെ ആത്മാർത്ഥ സേവനവും കൂടിയാകുമ്പോൾ എല്ലായിടവും സ്വീകരിക്കാവുന്ന ഒരു മാതൃക ആയി മാറുകയാണ് പുനലൂർ താലൂക്ക് ആശുപത്രി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP