Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമരക്കാരിൽ ആവേശം നിറയ്ക്കാൻ വി എസ് പുതുവൈപ്പിനിലെത്തും; ഡിസിപിയെ പുറത്താക്കണമെന്ന് കത്തുനൽകിയത് സമരം ഏറ്റെടുക്കുന്നതിന്റെ തുടക്കം; എല്ലാം കൈവിട്ടുപോകുമോയെന്ന ഭീതിയിൽ സർക്കാരും സിപിഎമ്മും; യതീഷ് ചന്ദ്രയെ മാറ്റി പ്രശ്‌നപരിഹാരത്തിന് ശ്രമം; മുതലെടുക്കാൻ ഉറച്ച് പ്രതിപക്ഷവും

സമരക്കാരിൽ ആവേശം നിറയ്ക്കാൻ വി എസ് പുതുവൈപ്പിനിലെത്തും; ഡിസിപിയെ പുറത്താക്കണമെന്ന് കത്തുനൽകിയത് സമരം ഏറ്റെടുക്കുന്നതിന്റെ തുടക്കം; എല്ലാം കൈവിട്ടുപോകുമോയെന്ന ഭീതിയിൽ സർക്കാരും സിപിഎമ്മും; യതീഷ് ചന്ദ്രയെ മാറ്റി പ്രശ്‌നപരിഹാരത്തിന് ശ്രമം; മുതലെടുക്കാൻ ഉറച്ച് പ്രതിപക്ഷവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പുതുവൈപ്പിനിൽ ഐഒസി പ്ലാന്റിനെതിരായി സമരം നടത്തുന്നവർക്ക് പിന്തുണയുമായി വി എസ് അച്യൂതാനന്ദൻ രംഗത്തെത്തി. ജനവാസ കേന്ദ്രത്തിൽ ഐഒസി പ്ലാന്റ് പ്രവർത്തിക്കുന്നതിനെതിരായ സമരത്തിന്റെ നേതൃത്വം വിഎസിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. തന്റെ വിശ്വസ്തരുമായി ഇതു സംബന്ധിച്ച കൂടിയാലോചനകൾ വി എസ് തുടങ്ങിയിട്ടുണ്ട്. സമരത്തിൽ ഇടപെടുന്നതിന്റെ ഭാഗമായാണ് സമരക്കാരെ ആക്രമിച്ച ഡി.സി.പി യതീഷ് ചന്ദ്രയെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.എലസ് മുഖ്യമന്ത്രിക്ക് കത്തു നൽകിയത്. മൂന്നാറിൽ നേരത്തെ പെമ്പിളൈ ഒരുമൈ സമരത്തിൽ നടത്തിയതിന് സമാനമായ ഇടപെടലാണ് ഭരണപരിഷ്‌കരണ കമ്മീഷൻ ചെയർമാൻ കൂടിയായ വി എസ് പുതുവൈപ്പിനിൽ ലക്ഷ്യമിടുന്നത്.

കൊച്ചി മെട്രോ വേദിയിൽ വികസനവുമായി ബന്ധപ്പെട്ട സമരങ്ങളെ അവഗണിക്കേണ്ടി വരുമെന്ന് പിണറായി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങൾക്കൊപ്പം നിന്ന് വിഷയം ഏറ്റെടുക്കാനുള്ള വിഎസിന്റെ നീക്കം. നിയമസഭയിൽ ഉൾപ്പെടെ വേണ്ടി വന്നാൽ പ്രതിഷേധം ഉയർത്താനാണ് നീക്കം. സമരക്കാരെ പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് വിഎസിന് അഭിപ്രായമുണ്ട്. പുനരാരംഭിച്ച പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനം നിർത്തണമെന്നും കഴിഞ്ഞ ദിവസം സമരക്കാരെ നേരിട്ട ഡിസിപി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിവേണമെന്നും ആവശ്യപ്പെട്ടമായിരുന്നു സമരം തുടരുന്നത്. ഇത് രണ്ടും ന്യായമാണെന്നാണ് വിഎസിന്റെ നിലപാട്. ഇത് മനസ്സിലാക്കിയാണ് ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിഷയത്തിൽ യോഗം വിളിച്ചിരിക്കുന്നത്. ഇതിനിടെ നിർമ്മാണ പ്രവർത്തനങ്ങൾ ബുധനാഴ്ചത്തെ യോഗതീരുമാനം പുറത്തുവരുന്നതു വരെ നിർത്തിവയ്ക്കുമെന്ന് എസ് ശർമ്മയും അറിയിച്ചിട്ടുണ്ട്.

അതിനിടെ വിഷയം പ്രതിപക്ഷം ഏറ്റെടുക്കുകയാണ്. ഐഒസി പ്ലാന്റിന് എതിരെ സമരം നടത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ തല്ലിച്ചതച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈപ്പിനിൽ യു.ഡി.എഫ് ഹർത്താൽ നടത്തും. ഇടതു സർക്കാരിന്റെ പൊലീസിൽ നിന്നും ഇത്തരത്തിലൊരു നടപടി പ്രതീക്ഷിക്കുന്നില്ലെന്ന് സമരാനുകൂലികൾ പറയുന്നു. റേഞ്ച് ഐജി ഓഫീസിലേയ്ക്ക് ജൂൺ 20 ന് മാർച്ച് നടത്താൻ എഐവൈഎഫ് തീരുമാനമെടുത്തിട്ടുണ്ട്. ഇതോടെ വിഷയത്തിൽ സിപിഐയും എതിരാവുകയാണ്. ഈ സാഹചര്യത്തിൽ വി എസ് കൂടി സമര സ്ഥലത്ത് എത്തിയാൽ സർക്കാർ തീർത്തും ഒറ്റപ്പെടും.

സമരം ഏറ്റെടുക്കാനുള്ള വിഎസിന്റെ നീക്കം സർക്കാരും സിപിഎമ്മും തിരിച്ചറിയുന്നു. എങ്ങനേയും പ്രശ്നം പരിഹരിക്കണമെന്ന അഭിപ്രായം അതുകൊണ്ട് തന്നെ എറണാകുളത്തെ സിപിഎമ്മിൽ ഉയർന്നു കഴിഞ്ഞു. ജില്ലയിൽ പാർട്ടിക്ക് വലിയ തിരിച്ചടിയായി ഈ സമരം മാറുമെന്ന വിലയിരുത്തലാണ് ഉള്ളത്. പുതുവൈപ്പിനിലെ പൊലീസ് നടപടിയിൽ നിരവധി പേർക്ക് ലാത്തികൊണ്ടുള്ള അടിയേറ്റു. യതീഷ് ചന്ദ്രയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. അങ്കമാലിയിൽ നടന്ന എൽഡിഎഫ് ഉപരോധം അടക്കമുള്ള സമരങ്ങളെ ക്രൂരമായി നേരിട്ടതിന് ഡി സി പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നേരത്തെയും പ്രതിഷേധമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ സർക്കാരിന്റെ പ്രതിച്ഛായയെ തകർക്കുന്ന തരത്തിൽ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് സിപിഎമ്മിലെ ജില്ലാ നേതാക്കൾക്കും അഭിപ്രായമുണ്ട്.

ഹരിത ട്രിബ്യൂണലിന്റെ വിധി വന്നതിനു ശേഷം മാത്രമെ ഇനി പ്രവർത്തിക്കൂ എന്ന് മന്ത്രി ഉറപ്പുതന്നിരുന്നതാണെന്നും എന്നാൽ അതിനു മുൻപേ കമ്പനി പ്രവർത്തനം ആരംഭിച്ചതിനാലാണ് സമരം പുനരാരംഭിച്ചതെന്നും നാട്ടുകാർ വ്യക്തമാക്കി. സമരം നടത്തിയവർക്കുനേരെ കമ്പനിക്കുള്ളിൽനിന്നും പ്രകോപനമുണ്ടായതായും സമരക്കാർ ആരോപിച്ചു. കഴിഞ്ഞ ദിവസം നടത്തിയ സമരത്തെ അടിച്ചമർത്തിയ കൊച്ചി ഡി സി പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുണ്ടായ പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി എത്തുന്നതിനാൽ യാതൊരു സമരവും നഗരത്തിൽ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസിന്റെ നടപടി. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇരുനൂറോളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

പുതുവൈപ്പിനിൽ ഐഒസിയുടെ പാചകവാതക സംഭരണ ശാലയ്‌ക്കെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വാക്കുപാലിച്ചില്ലെന്ന ആരോപണവും സമരസമിതി ഉന്നയിക്കുന്നു. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ അതിക്രൂരമായ ലാത്തിച്ചാർജിന് ശേഷം സമരക്കാരുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് സമരക്കാർക്ക് അവസരം ഉണ്ടാക്കാമെന്നും അതുവരെ എൽപിജി പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ജൂലൈ നാലുവരെ നിർത്തിവെക്കാമെന്നുമാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ നൽകിയ ഉറപ്പ്. കൊച്ചി മെട്രൊയുടെ ഉദ്ഘാടന ചടങ്ങുകൾക്കായി മുഖ്യമന്ത്രി എത്തുന്നേരം ചർച്ച നടത്താമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്.സമരസമിതിയും വരാപ്പുഴ അതിരൂപത ആക്ഷൻ കൗൺസിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

 

എന്നാൽ ഇന്നലെ മുഖ്യമന്ത്രിയുമായി ചർച്ച നടന്നില്ല. ഇത് കൂടാതെ ഇന്നുരാവിലെ മുതൽ കനത്ത പൊലീസ് സംരക്ഷണത്തിൽ പുതുവൈപ്പിനിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഐഒസി അധികൃതർ ആരംഭിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് സമരസമിതിയും നാട്ടുകാരും പ്രതിഷേധവുമായി എത്തി. മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പൊലീസിനോടും സമരക്കാർ വിശദീകരിച്ചു. പക്ഷേ ഹൈക്കോടതി ഉത്തരവുള്ളതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സംരക്ഷണം നൽകണമെന്ന നിലപാടായിരുന്നു പൊലീസിന്.തുടർന്നാണ് സമരസമിതിയിലെ പ്രവർത്തകർ മന്ത്രി മേഴ്സിക്കുട്ടിയമ്മയെ ഫോണിൽ വിളിക്കുന്നത്.

തങ്ങളോട് പറഞ്ഞ ഉറപ്പുകൾ ലംഘിക്കപ്പെട്ടെന്നും പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങിയെന്നും മന്ത്രിയോട് പറഞ്ഞു. എന്നാൽ താൻ നിസ്സഹായയാണെന്ന മറുപടിയാണ് മന്ത്രിയിൽ നിന്നും ലഭിച്ചതെന്ന് സമരസമിതി പ്രവർത്തകർ കിട്ടിയത്. ഇതോടെയാണ് ഇന്നും പ്രതിഷേധം തുടങ്ങിയത്. അതിനിടെ പുതുവൈപ്പിനിൽ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയ നാട്ടുകാർക്കെതിരെ നടത്തിയ ക്രൂരമായ ലാത്തിച്ചാർജ് പ്രാകൃതവും നീതീകരിക്കാൻ കഴിയാത്തതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർക്കെതിരെ നിഷ്ഠൂരമായ ബലപ്രയോഗമാണ് നടന്നത്. ജനകീയ സമരങ്ങളെ തോക്കും ലാത്തിയുമുപയോഗിച്ച് അടിച്ചമർത്താനാവില്ലെന്ന് സർക്കാർ ഓർക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

വർദ്ധിച്ചു വരുന്ന പനി മരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് രാവിലെ മുഖ്യമന്ത്രിയെ താൻ കണ്ടപ്പോൾ പുതുവൈപ്പിൻ പ്രശ്‌നവും ചർച്ച ചെയ്തിരുന്നു. അവിടത്തെ ജനങ്ങളുടെ ആശങ്ക അകറ്റാൻ അവരുമായി ചർച്ച നടത്തണമെന്നും സർവ്വ കക്ഷി യോഗം വിളിക്കണമെന്നും ബലപ്രയോഗം നടത്തരുതെന്നും താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതാണ്. കഴിഞ്ഞ ദിവസം നടന്ന ലാത്തിച്ചാർജ് അനാവശ്യമായിരുന്നെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിരുന്നു. അത് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ വീണ്ടും ലാത്തിച്ചാർജുണ്ടായി. ഇത് ഒരു തരത്തിലും നീതീകരിക്കാൻ കഴിയുന്നതല്ല. ഇതിന് ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടി വേണം. സമാധാനപരമായ ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP