Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യോഗ്യതകൾ എല്ലാം കാറ്റിൽ പറത്തി വിവരാവകാശ കമ്മീഷണർമാരുടെ സ്ഥാനങ്ങൾ രാഷ്ട്രീയപാർട്ടികൾ വീതം വച്ചു; കുപ്പായം തയ്ച്ച് കാത്തിരുന്ന മാദ്ധ്യമ പ്രവർത്തകർക്കും നിരാശ; ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാരമായി രണ്ട് മാസം മുമ്പേ വിൻസൻ എം പോളിന് നിയമനം; തീരുമാനത്തെ കോടതി കയറ്റാൻ ഉറച്ച് അപേക്ഷകനായ വിവരാവകാശ പ്രവർത്തകൻ

യോഗ്യതകൾ എല്ലാം കാറ്റിൽ പറത്തി വിവരാവകാശ കമ്മീഷണർമാരുടെ സ്ഥാനങ്ങൾ രാഷ്ട്രീയപാർട്ടികൾ വീതം വച്ചു; കുപ്പായം തയ്ച്ച് കാത്തിരുന്ന മാദ്ധ്യമ പ്രവർത്തകർക്കും നിരാശ; ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാരമായി രണ്ട് മാസം മുമ്പേ വിൻസൻ എം പോളിന് നിയമനം; തീരുമാനത്തെ കോടതി കയറ്റാൻ ഉറച്ച് അപേക്ഷകനായ വിവരാവകാശ പ്രവർത്തകൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് അടക്കമുള്ളവരുടെ അതിശക്തമായ എതിർപ്പ് വകവയ്ക്കാതെ വിവരാവകാശ കമ്മിഷൻ അംഗങ്ങളെ രാഷ്ട്രീയ വീതംവയ്പിലൂടെതന്നെ നിശ്ചയിച്ചു. ബാർ കോഴക്കേസ് അന്വേഷണത്തിൽ ആരോപണവിധേയനായ മുൻ ഡി.ജി.പി: വിൻസൻ എം. പോളിനെതന്നെ മുഖ്യവിവരാവകാശ കമ്മിഷണറായി നിയമിക്കാനാണ് തീരുമാനം. നിലവിൽ മുഖ്യ വിവരാവകാശ കമ്മീഷണറായ സിബി മാത്യൂസിന് ഈ വർഷം ഏപ്രിൽ വരെ കാലവധിയുണ്ട്. എന്നിട്ടും മുഖ്യ വിവരാവകാശ കമ്മീഷറായി വിൻസൺ എം പോളിനെ നിയമിച്ചു. എന്നാൽ ഈ സമയമാകുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് എത്തും. അതുകൊണ്ട് തന്നെ സർക്കാരിന് തീരുമാനം എടുക്കാൻ കഴിയുകയുമില്ല. ഈ സാഹചര്യത്തിലാണ് വിൻസൺ എം പോളിന്റെ നിയമനം.

കമ്മീഷണർമാരുടെ ഒഴിവുകളും രാഷ്ട്രീയമായി വീതിച്ചു. വിൻസൻ എം. പോളിനു പുറമെ അഞ്ചു കമ്മിഷണർമാരെയും തെരഞ്ഞെടുത്തു. ഇവരുടെ പട്ടിക അംഗീകാരത്തിനായി രാജ്ഭവനിലേക്ക് അയച്ചു. അഞ്ചംഗങ്ങളെ ഭരണമുന്നണിയിലെ ഘടകകക്ഷികൾ  തംവച്ചെടുത്തു. കമ്മിഷനംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവർ: അങ്കത്തിൽ ജയകുമാർ (ജനതാദൾ), എബി കുര്യാക്കോസ് (ഡി.സി.സി. ജനറൽ സെക്രട്ടറി, ആലപ്പുഴ), പി.ആർ. ദേവദാസ് (പി.എസ്.സി. മുൻ അംഗം), അബ്ദുൾ മജീദ് , റോയ്‌സ് ചിറയിൽ (പബ്ലിക് പ്രോസിക്യൂട്ടർ, കോട്ടയം). കമ്മിഷണർമാരായി നിയമിക്കപ്പെടുമെന്നു കരുതിയിരുന്ന പ്രമുഖ മാദ്ധ്യമപ്രവർത്തകരെ അവസാനനിമിഷം ഒഴിവാക്കി. സർക്കാരിനെ നിരന്തരം വിമർശിക്കുന്നവർക്ക് എന്തിന് ഔദാര്യം അനുവദിക്കണമെന്നു ഘടകകക്ഷി മന്ത്രി ചോദിക്കുകയായിരുന്നു. മാദ്ധ്യമ പ്രവർത്തകരെ ഒഴിവാക്കിയതോടെ വിമർശനവുമായി മാദ്ധ്യമങ്ങളുമെത്തി. പലപ്പോഴും കമ്മീഷണർമാരിൽ ഒരാളായി മാദ്ധ്യമ പ്രവർത്തകരെ നിയമിക്കാറുണ്ട്. ഈ കീഴ് വഴക്കമാണ് തെറ്റിച്ചത്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ എന്നിവർ ഇന്നലെ രാവിലെ പ്രത്യേകമായി യോഗം ചേർന്നു. വിവരാവകാശ കമ്മിഷണർമാരുടെ കസേരകൾ വിറ്റെന്നു പ്രതിപക്ഷനേതാവ് ആരോപിച്ചു. യോഗത്തിൽ, തുടക്കംമുതൽതന്നെ നിയമനരീതികളെ വി എസ്. എതിർത്തിരുന്നു. ബുധനാഴ്ച ചേർന്ന യോഗത്തിൽ പരിഗണിക്കേണ്ടവരുടെ ചുരുക്കപ്പട്ടികയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് 269 പേരിൽനിന്ന് 16 പേരുടെ പട്ടികയുമായാണു മുഖ്യമന്ത്രി എത്തിയത്.
സുപ്രധാന ഭരണഘടനാ സ്ഥാപനമായ വിവരാവകാശ കമ്മിഷനിൽ രാഷ്ട്രീയവീതംവയ്പ് ശരിയല്ലെന്നു കാട്ടി വി എസ്. വിയോജനക്കുറിപ്പ് നൽകി. എന്നാൽ ഭൂരിപക്ഷ മികവിൽ തീരുമാനം വന്നു. ഏതായാലും ഈ തീരുമാനം കോടതി കയറുമെന്ന് ഉറപ്പാണ്. വിവരാവകാശ പ്രവർത്തകനായ ബിനുവും കമ്മീഷണറാകാൻ അപേക്ഷിച്ചിരുന്നു. രാഷ്ട്രീയ വീതം വയ്ക്കലിനെ ചോദ്യം ചെയ്യാൻ അതുകൊണ്ട് തന്നെ ബിനുവിന് കഴിയും. പ്രതിപക്ഷ നേതാവിന്റെ വിയോജനക്കുറിപ്പും നിർണ്ണായകമാകും.

അതിനിടെ മുഖ്യ വിവരാവകാശ കമ്മിഷണറെയും വിവരാവകാശ കമ്മിഷണർമാരെയും തെരഞ്ഞെടുക്കുന്നതിനുള്ള മൂന്നംഗ സമിതിയിൽ വിയോജിപ്പു രേഖപ്പെടുത്തിയ പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാന്ദൻ, ശുപാർശ അംഗീകരിക്കരുതെന്ന് അഭ്യർത്ഥിച്ചു പിന്നീടു ഗവർണർ പി. സദാശിവത്തിനു കത്ത് നൽകി. അപേക്ഷകൾ സുതാര്യമായും സത്യസന്ധമായുമല്ല സൂക്ഷ്മപരിശോധന നടത്തിയതെന്നു വിയോജനക്കുറിപ്പിൽ വി എസ്. കുറ്റപ്പെടുത്തി. ആദ്യത്തെ സർക്കാർ ഉത്തരവു പ്രകാരം നാല് ഒഴിവുകളിലേക്കുള്ള നിയമനം നടത്താൻ മാത്രമാണു നിർദ്ദേശിച്ചിരുന്നത്. അതിനു പുറമെയാണു മുഖ്യ വിവരാവകാശ കമ്മിഷണറുടെയും മറ്റൊരു കമ്മിഷണറുടെയും നിയമനത്തിനു കൂടി സർക്കാർ തീരുമാനിച്ചത്. ഇതു നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും വി എസ്. കുറ്റപ്പെടുത്തി. ഇതും കേസ് കോടതിയിലെത്തിയാൽ നിർണ്ണായകമാകും. വിവരാവകാശ കമ്മിഷണർമാരുടെ നാല് ഒഴിവുകളാണു നിലവിൽ ഉള്ളത്. പുറമെ മുഖ്യ വിവരാവകാശ കമ്മിഷണർ സിബി മാത്യൂസും സസ്‌പെൻഷനിൽ കഴിയുന്ന കമ്മിഷണർ കെ. നടരാജനും ഏപ്രിൽ 23നു വിരമിക്കും. ഈ ഒഴിവുകൾ കൂടി ചേർത്ത് ഒരുമിച്ചു നിയമനത്തിനാണ് ഉന്നതതല സമിതി തീരുമാനിച്ചത്.

വിവരാവകാശ കമ്മിഷണർമാരുടെ നാല് ഒഴിവുകളിലേക്ക് 210 പേരും വരാൻപോകുന്ന മുഖ്യ വിവരാവകാശ കമ്മിഷണറുടെയും ഒരു കമ്മിഷണറുടെയും ഒഴിവുകളിലേക്ക് 59 പേരും അപേക്ഷിച്ചിരുന്നു. ബാർ കോഴക്കേസിൽ സഹായിച്ചതിനുള്ള പ്രത്യുപകാരമായാണു വിൻസൻ എം. പോളിനു സർക്കാർ മുഖ്യ വിവരാവകാശ കമ്മിഷണർ സ്ഥാനം നൽകിയതെന്നു വി എസ്. ആരോപിക്കുന്നു. കാലാവധി തീരുന്നതിന് മുമ്പ് തന്നെ സിബി മാത്യൂസിനെ മാറ്റുന്നത് നിയമ ലംഘനവുമാണ്. ഇതെല്ലാം ഹൈക്കോടതിയിൽ പരിശോധനയ്ക്ക് എത്തിയാൽ വലിയ നിയമപോരാട്ടങ്ങൾക്ക് ഇടനൽകും. . ഹൈക്കോടതി ഇടപെടലിനെ തുർന്നാണ് വിവരാവകാശ കമ്മീഷണർമാരുടെ നാല് ഒഴിവുകളിലേക്ക് നിയമനം നടത്താൻ സർക്കാർ പൊതുവിജ്ഞാപനം പുറത്തിറക്കിയത്. നിയമം, മാദ്ധ്യമപ്രവർത്തനം, മാനേജ്‌മെന്റ് ഉൾപ്പെടെയുള്ള ഏഴ് മേഖലകളിൽ അറിവും അനുഭവജ്ഞാനവും ആയിരുന്നു യോഗ്യതകൾ.

സംസ്ഥാന വിവരാവകാശ കമ്മീഷനിൽ പതിനായിരക്കണക്കിന് പരാതികൾ തീർപ്പാകാതെ കിടക്കുന്ന സാഹചര്യത്തിലാണ് ഒഴിവുള്ള നാലുസ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷണർ തസ്തികയിലേക്ക് നിയമനം നടത്താൻ സർക്കാർ ശ്രമിച്ചത്. കെപിസിസി സെക്രട്ടറി, ഡിസിസി ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാരെ കുത്തി നിറച്ച് നിയമനം നടത്താനായിരുന്നു നീക്കം. കമ്മീഷണർമാരുടെ നിയമനം പൊതുവിജ്ഞാപനത്തിലൂടെ സുതാര്യമായി നടത്തണമെന്നാണ് സുപ്രീംകോടതിയുടെ മാർഗനിർദ്ദേശം. ഈ സാഹചര്യത്തിൽ സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് ആറാഴ്ചയ്ക്കകം വിജ്ഞാപനം പുറത്തിറക്കി നിയമനം നടത്താൻ ഹൈക്കോടതി ചീഫ് ജസ്‌ററീസ് അശോക് ഭൂഷൻ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ഉത്തരവിറക്കി. ഇതോടെയാണ് കമ്മീഷണർമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ സർക്കാർ അപേക്ഷ ക്ഷണിച്ചത്. എന്നിട്ടും കോടതി മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി. വിവരാവകാശ പ്രവർത്തൻ ഡിബി ബിനുവും അടക്കമുള്ളവർ കമ്മീഷണർമാരാകാൻ അപേക്ഷ നൽകിയത്് ഇതിലെ കള്ളത്തരം പുറത്തുകൊണ്ടുവരാനാണ്.\

അഭിമുഖ പരീക്ഷ നടത്തിയ അംഗത്തെ തെരഞ്ഞെടുക്കാനാണ് കോടതി നൽകിയ നിർദ്ദേശം. 300ലേറെ പേരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് അഭിമുഖം നടത്തുക അപ്രായോഗികമാണ്. ഈ സാഹചര്യത്തിലാണ് നാല് ഒഴിവുകൾക്കായി ഷോർട്ട് ലിസ്റ്റ് തയ്യാറാക്കിയത്. ഭരണ നേതൃത്വത്തിന് വേണ്ടപ്പെട്ടവർമാത്രമാണ് ഇതിൽ ഉൾപ്പെട്ടത്്. ഈ ഷോർട്ട് ലിസ്റ്റ് എങ്ങനെ ഉണ്ടാക്കിയെന്നത് വിവാദങ്ങളിലേക്ക് പോകും. ഇതിലെ മാനദണ്ഡം കോടതിയിൽ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെ എങ്കിൽ വലിയ നിയമപ്രശ്‌നങ്ങളിലേക്ക് കാര്യങ്ങൾ കടക്കും. മാദ്ധ്യമപ്രവർത്തകരായ എൻപി രാജേന്ദ്രനും സണ്ണിക്കുട്ടി എബ്രഹാമും വച്ചൂച്ചിറ മധുവും അജിത് കുമാറും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഇവരിൽ ഒരാളെ പോലും അംഗമാക്കാത്തത് മാദ്ധ്യമങ്ങളുടെ എതിർപ്പിനും വഴിവയ്ക്കും. വി എസ് അച്യുതാനന്ദൻ നൽകിയ കുറിപ്പിനോട് ഗവർണ്ണർ എങ്ങനെ പ്രതികരിക്കുമെന്നതും നിർണ്ണായകമാണ്. സമാനമായ പരാതി പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലും നൽകിയിട്ടുണ്ട്. പുതിയ അംഗങ്ങളുടെ യോഗ്യതയേയും ജോമോൻ ചോദ്യം ചെയ്യുന്നു. ഈ പരാതിയും നിർണ്ണായകമാകും.

മുഖ്യ വിവരാവകാശ കമ്മീഷണർ സിബി മാത്യൂസിനെ കൂടാതെ മറ്റ് അഞ്ച് അംഗ കമ്മീഷൻ അംഗങ്ങൾ കൂടി അടങ്ങുന്നതാണ് കമ്മീഷൻ. എന്നാൽ സിബി മാത്യൂസിന് പരുറമെ ഒരംഗം മാത്രമാണ് ഇപ്പോഴുള്ളത്. സോണി തെങ്ങമം, കെ.നടരാജൻ, സിഎസ് ശശികുമാർ, ഡോ.കുര്യാസ് കുമ്പളക്കുഴി, എ.എൻ.ഗുണവർദ്ധനൻ എന്നിവരായിരുന്നു മറ്റ് കമ്മീഷൻ അംഗങ്ങൾ. ഇതിൽ ഡോ.കുര്യാസ് കുമ്പളക്കുഴി മാർച്ചിലും, എം.എൻ. ഗുണവർദ്ധനൻ ഏപ്രിലിലും സോണി തെങ്ങമം ഓഗസ്റ്റിലും വിരമിച്ചിരുന്നു. കെ.നടരാജൻ രണ്ടുവർഷമായി സസ്‌പെൻഷനിലാണ്. ഇദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിലുമാണ്. നിലവിൽ മുഖ്യ വിവരാവകാശ കമ്മീഷണറും കമ്മീഷൻ അംഗം സി.എസ്.ശശികുമാറുമാണ് കമ്മീഷന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. മുഖ്യ വിവരാവകാശ കമ്മീഷണറായ സിബി മാത്യൂസിന് ഈ വർഷം ഏപ്രിൽ വരെയേ കാലവധിയുണ്ട്. സർക്കാരിന്റെ തീരുമാനത്തോടെ സിബി മാത്യൂസിന് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് സ്ഥാനം ഒഴിയേണ്ടി വരും.

ഇതോടെ ബാർ കോഴ കേസ് സംബന്ധിച്ചുള്ള ആദ്യ വിജിലൻസ് റിപ്പോർട്ട് തള്ളാനുള്ള കാരണം വിജിലൻസ് ഡയറക്ടർ വിൻസൻ എം. പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കാമെന്ന വാഗ്ദാനത്തെ തുടർന്നാണെന്ന് മൂന്നുമാസം മുമ്പ് ബിജു രമേശ് ഉന്നയിച്ച ആരോപണം ഇതോടെ സത്യമായി. വിവരാവകാശ കമ്മീഷൻ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരും നമിത്ശർമയും തമ്മിൽ നടന്ന കേസിൽ കമ്മീഷൻ സ്ഥാനത്തേക്ക് രാഷ്ട്രീയ പാർട്ടി അംഗങ്ങൾക്ക് വിലക്കുകൽപ്പിച്ച് സുപ്രീംകോടതി ഇത്തരവിറക്കിയിരുന്നു. ഇത് അവഗണിച്ചാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളെ തെരഞ്ഞെടുത്തിട്ടുള്ളത്. മുഖ്യമന്ത്രി, മന്ത്രിസഭയിലെ മറ്റൊരംഗം, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന പാനലാണ് അഭിമുഖത്തിനുശേഷം അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്. കൂടാതെ തെരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങളുടെ മൂന്നിരട്ടി പേരുടെ പട്ടികയാണ് തയ്യാറാക്കേണ്ടത്. പട്ടികയിലെ അംഗങ്ങളുടെ യോഗ്യത, പ്രവർത്തനപരിചയം എന്നിവ സംബന്ധിച്ച് വിശദമായ റിപ്പോർട്ടും മുഖ്യമന്ത്രി അടങ്ങുന്ന പാനൽ തയ്യാറാക്കിയിരിക്കണം. ഇതൊന്നും ചെയ്തിട്ടുമില്ല.

പത്രപ്രവർത്തകർ, ശാസ്ത്ര സാങ്കേതിക രംഗത്തെ വിദഗ്ദ്ധർ, ഭരണരംഗത്ത് കഴിവുതെളിയിച്ച ഐ.എ.എസ്, ഐ.പി.എസ് ഉദ്യേഗസ്ഥർ, പ്രഗൽഭരായ അഭിഭാഷകർ, മാനേജ്‌മെന്റ് വിദഗ്ദ്ധർ എന്നിവരെയാണ് വിവരാവകാശ കമ്മീഷൻ അംഗങ്ങളായി പരിഗണിക്കേണ്ടത്. യോഗ്യരായവരെ മാറ്റി നിർത്തി അദ്ധ്യാപകൻ, എൽ.ഐ.സി. ഡവലപ്പ്‌മെന്റ് ഓഫീസർ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ തെരഞ്ഞെടുത്തതിലൂടെ കോടതി നിലപാട് തന്നെയാകും നിർണ്ണായകം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP