Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തിൽ ജനജീവിതം സാധാരണ നിലയിലെത്തില്ല; വെള്ളം കയറിയ റോഡുകൾ പലതും ഇപ്പോഴും അപകടാവസ്ഥയിൽ തന്നെ; രണ്ട് ദിവസം മരണത്തിന് കീഴടങ്ങിയത് 18പേർ; വീട്ടിൽ വെള്ളം കയറിയതു കൊണ്ട് വഴിയാധാരമായത് അനേകർ; ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത് അരലക്ഷത്തോളം പേരെ; കുതിച്ചൊഴുകുന്ന വെള്ളത്തിൽ മീൻപിടിച്ചും മദ്യപാർട്ടി നടത്തിയും അടിച്ചു പൊളിച്ച് കോട്ടയത്തുകാർ

മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തിൽ ജനജീവിതം സാധാരണ നിലയിലെത്തില്ല; വെള്ളം കയറിയ റോഡുകൾ പലതും ഇപ്പോഴും അപകടാവസ്ഥയിൽ തന്നെ; രണ്ട് ദിവസം മരണത്തിന് കീഴടങ്ങിയത് 18പേർ; വീട്ടിൽ വെള്ളം കയറിയതു കൊണ്ട് വഴിയാധാരമായത് അനേകർ; ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത് അരലക്ഷത്തോളം പേരെ; കുതിച്ചൊഴുകുന്ന വെള്ളത്തിൽ മീൻപിടിച്ചും മദ്യപാർട്ടി നടത്തിയും അടിച്ചു പൊളിച്ച് കോട്ടയത്തുകാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിമർത്തുപെയ്യുന്ന കാലവർഷത്തിൽ സംസ്ഥാനത്തിന്റെ തെക്കൻ-മധ്യ ജില്ലകളിൽ ദുരിതജീവിതം. ചൊവ്വാഴ്ച മാത്രം മഴക്കെടുതിയെത്തുടർന്നു സംഭവിച്ചത് ഏഴു മരണം. തിങ്കളാഴ്ച 11 പേർ മരിച്ചിരുന്നു. ഇതോടെ മരണം 18ആയി ഉയർന്നു. 21 വരെ മഴ തുടരുമെന്നാണുകാലാവസ്ഥാ പ്രവചനം. തീരപ്രദേശങ്ങളിൽ കടൽക്ഷോഭവും ശക്തമാണ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്. അങ്ങനെ കേരളം മുഴുവൻ ദുരിത്തിലാണ്. കോട്ടയം ജില്ലയെയാണ് മഴക്കെടുതി കൂടുതൽ ദുരിതത്തിലാക്കിയത്. സംസ്ഥാനത്ത് ഇതുവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത് 41,207 പേരെ. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം 200 ക്യാമ്പുകൾ തുറന്നു.

കോട്ടയം, പത്തനംതിട്ട ജില്ലകളിലായി കാണാതായ നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്. കോന്നി അട്ടച്ചാക്കലിലും പമ്പയിലും ഒഴുക്കിൽപ്പെട്ട് രണ്ടുപേരെ കാണാതായി. നാവികസേനയുടെ സഹായത്തോടെയാണ് തിരച്ചിൽ. മണിമലയാറ്റിൽ കാണാതായ അടൂർ കടമ്പനാട് തുവയ്ക്കൽ മേലോട്ട് തെക്കേതിൽ പ്രവീൺ (27), വട്ടമല തെക്കേതിൽ ഷാഹുൽ (21) എന്നിവർക്കായുള്ള തിരച്ചിലും തുടരുന്നു. കോട്ടയത്തെ റോഡുകളിൽ വെള്ളക്കെട്ടായതോടെ പലയിടത്തും ബസ് സർവീസ് നിർത്തിവയ്‌ക്കേണ്ടി വന്നു. റെയിൽവേ പാലങ്ങൾക്കു താഴെ അപകടകരമായ രേഖയ്ക്കു മുകളിലേക്ക് മീനച്ചിലാറ്റിലെ വെള്ളം കയറിയതോടെ കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവയ്‌ക്കേണ്ടി വന്നു.

പലയിടത്തും റോഡിലേക്കും റെയിൽ പാളത്തിലേക്കും മരങ്ങൾ കടപുഴകി വീണതും ഗതാഗതത്തെ തടസ്സപ്പെടുത്തി. കോട്ടയത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 18ന് അവധിയാണ്.

കോട്ടയം ദുരിതത്തിൽ

മഴ കോട്ടയം ജില്ലയിൽ വലിയ ദുരിതമാണ് ഉണ്ടാക്കിയത്. മുന്നുപേർ വെള്ളത്തിൽവീണു മരിച്ചു. മൂന്നുപേരെ കാണാതായി. മലയോരമേഖലയിൽ മൂന്നിടത്ത് ഉരുൾപൊട്ടി. പടിഞ്ഞാറന്മേഖല ഒറ്റപ്പെട്ടു. പല സ്ഥലത്തും റോഡു ഗതാഗതം തടസ്സപ്പെട്ടു. പാലാ, ഈരാറ്റുപേട്ട നഗരങ്ങൾ ഒറ്റപ്പെട്ടു. വെള്ളം കയറിയതിനെത്തുടർന്ന് ചങ്ങനാശ്ശേരി-ആലപ്പുഴ, പാലാ-പൊൻകുന്നം, ഏറ്റുമാനൂർ-പാലാ, പാലാ-ഈരാറ്റുപേട്ട, പാലാ-തൊടുപുഴ, കോട്ടയം- കുമരകം-വൈക്കം റൂട്ടുകളിൽ ഗതാഗതം സ്തംഭിച്ചു. നൂറുകണക്കിന് ഏക്കറിലെ കൃഷി വെള്ളംകയറി നശിച്ചു. മീനച്ചിലാറും മണിമലയാറും കരകവിഞ്ഞൊഴുകയാണ്. കുത്തിയൊലിക്കുന്ന വെള്ളത്തെ ഭയന്ന് വീട്ടിനുള്ളിൽ കഴിയുകയാണ് കോട്ടയത്തുകാർ.

വെള്ളപ്പൊക്കത്തിന്റെ ഏറ്റവും കൂടുതൽ ദുരിതം കോട്ടയം താലൂക്കിലാണ്. അയർക്കുന്നം, മണർകാട്, വിജയപുരം, കോട്ടയം നഗരസഭ, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, കുമരകം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. പൂഞ്ഞാർ, തീക്കോയി, വാഗമൺ, പാതാമ്പുഴ, ചേന്നാട് മേഖലകളിൽ വ്യാപക മണ്ണിടിച്ചിലുമുണ്ടായിട്ടുണ്ട്. ജില്ലയിലാകെ 83 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്കിൽ 30, ചങ്ങനാശ്ശേരിയിൽ 17, വൈക്കത്ത് 27 ക്യാമ്പുകളും മീനച്ചിൽ താലൂക്കിൽ ഒൻപത് ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്. 1832 കുടുംബങ്ങളെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. 7444 പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. കെ.എസ്.ഇ.ബിക്ക് മൊത്തം 33.55 ലക്ഷം രൂപയുടെ നഷ്ടവും പൊതുമരാമത്ത് വകുപ്പിന് 2.5 കോടി രൂപയുടെ നഷ്ടം ഉണ്ടായി. 1000 ഹെക്ടർ നെൽകൃഷി നശിച്ചു.

ഇതിനിടെ മഴക്കാലം ആഘോഷമാക്കുന്നുമുണ്ട് കോട്ടയത്തുകാർ. നിറഞ്ഞു കവിയുന്ന ജലാശയങ്ങളിൽ മീൻ പിടിച്ചും മദ്യസൽകാരങ്ങൾ സംഘടിപ്പിച്ചും മഴ നൽകുന്ന അവധിക്കാലം അടിച്ചു പൊളിക്കുന്നവരുമുണ്ട്. മഴ തുടർന്നാൽ സ്ഥിതി കൂടുതൽ പരിതാപരകമാകുമെന്നും അവർ തിരിച്ചറിയുന്നു.

കോട്ടയം മുളക്കുളം കാരിക്കോട് ഐക്കരക്കുഴിയിൽ അലൻ ജിനു (14), കോരുത്തോട് അമ്പലവീട്ടിൽ ദീപു (34), ആലപ്പുഴ ചെന്നിത്തല ഇരമത്തൂർ തൂവൻതറയിൽ ബാബു (62), മാവേലിക്കര കുറത്തികാട് പള്ളിയാവട്ടം തെങ്ങുംവിളയിൽ രാമകൃഷ്ണൻ (62), കൊല്ലം തേവലക്കര കോയിവിള തെക്ക് തുപ്പാശേരി പടിഞ്ഞാറ്റതിൽ (തെക്കേവിള) തോമസ് പത്രോസ് (46), മലപ്പുറം വലിയ പറമ്പ് വെള്ളോടി നഗറിലെ എരുത്തൊടി നാരായണൻ (മാനു73) എന്നിവരാണു ചൊവ്വാഴ്ച മരിച്ചത്. ആലപ്പുഴയിൽ കാലവർഷക്കെടുതിയിൽ രണ്ടുപേർകൂടി മുങ്ങിമരിച്ചു. മാവേലിക്കര കുറത്തികാട് പള്ളിയാവട്ടം തെങ്ങുംവിളയിൽ രാമകൃഷ്ണൻ (69), ചെന്നിത്തല ഇരമത്തൂർ തൂവൻതറ ബാബു (60) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച കോട്ടയം അഴുതയാറ്റിൽ കാണാതായ കോരുത്തോട് ബംഗ്ലാവ്പറമ്പിൽ ദീപു(28)വിന്റെ മൃതദേഹം കണ്ടെത്തി.

കോട്ടയം വഴിയുള്ള ട്രെയിൻ യാത്ര ദുരിതം

റെയിൽവേ തുരങ്കത്തിനു സമീപം മരച്ചില്ല വീണു വൈദ്യുതി ബന്ധം തകരാറിലായതോടെ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം മൂന്നു മണിക്കൂർ നിർത്തി വച്ചു. കോട്ടയം റൂട്ടിലെ പാസഞ്ചർ ട്രെയിനുകളെല്ലാം റദ്ദാക്കി. മറ്റ് ട്രെയിനുകൾ വേഗത കുറച്ച് ഓടിക്കും.

കോട്ടയത്തിനു സമീപം നീലിമംഗലം റെയിൽവേ പാലത്തിനു താഴെ അപകടകരമായ നിലയിൽ ജലനിരപ്പ് ഉയർന്നതും ഗതാഗതം മുടങ്ങാൻ കാരണമായി. ഇന്നലെ ഉച്ച കഴിഞ്ഞു മൂന്നോടെ നിർത്തിവച്ച ട്രെയിൻ ഗതാഗതം വൈകിട്ട് ആറോടെയാണു പുനഃസ്ഥാപിച്ചത്. ട്രെയിനുകൾ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. മീനച്ചിലാറിൽ ഒരടി കൂടി വെള്ളം ഉയർന്നാൽ നീലിമംഗലം റെയിൽവേ പാലത്തിൽ വെള്ളം കയറുന്ന സ്ഥിതിയാണ്.

ജലനിരപ്പ് ഉയർന്നതായി കൺട്രോളിങ് ഇൻസ്‌പെക്ടർ അറിയിച്ചതോടെ എറണാകുളംകായംകുളം പാസഞ്ചർ ഏറ്റുമാനൂർ സ്റ്റേഷനിൽ നിർത്തി. ഈ ട്രെയിനിന്റെ എൻജിൻ വേർപെടുത്തി നീലിമംഗലം പാലത്തിലൂടെ കോട്ടയം വരെ ഓടിച്ചു റെയിൽപാതയുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമാണു മറ്റു ട്രെയിനുകൾ കടത്തിവിട്ടത്.

കൃഷി നാശവും ദുരിതവും സർവ്വകാല റിക്കോർഡിൽ

മഴ ശക്തമാകാൻ തുടങ്ങിയ മെയ്‌ 29-നുശേഷം 87 പേർ മരിച്ചതായാണ് റവന്യൂവകുപ്പിന്റെ പ്രാഥമിക കണക്ക്. 8863.9 ഹെക്ടറിൽ കൃഷിനശിച്ചു. കനത്തമഴപെയ്ത തിങ്കളാഴ്ചമാത്രം 686.2 ഹെക്ടറിലെ കൃഷിനശിച്ചു. 310 വീടുകൾ പൂർണമായി നശിച്ചു. 8333 വീടുകൾ ഭാഗികമായും തകർന്നു. അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് കിട്ടുന്ന ശക്തമായ കാലവർഷമാണ് ഇത്തവണത്തേത്. ചൊവ്വാഴ്ചയും സംസ്ഥാനത്ത് പലയിടത്തും കനത്തമഴപെയ്തു. മൂന്നാറാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഒന്പത് സെന്റീമീറ്റർ. തിങ്കാളാഴ്ച കൊച്ചിയിലെ നാവികസേനാ വിമാനത്താവളത്തിൽ 23 സെന്റീമീറ്റർ മഴ കിട്ടി.

കേരളത്തിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ 18-7-2018 വരെ അതിശക്തമായ മഴയും 19-7-2018 മുതൽ 21-7-2018 വരെ ശക്തമായ മഴയും അണ്ടാകും എന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പൊതു ജനങ്ങൾക്ക് ജാ?ഗ്രതാ നിർദ്ദേശങ്ങൾ നൽകി . തുടർച്ചയായി മഴ ലഭിച്ചതിനാൽ പെട്ടെന്നുള്ള ശക്തമായ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് കാരണമാകാമെന്നും മുന്നറിപ്പുണ്ട്.

കേരളത്തിൽ ശനിയാഴ്ചവരെ കനത്തമഴയ്ക്ക് സാധ്യത. ബുധനാഴ്ച 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റടിക്കാനിടയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനൽകി. തുടർച്ചയായി മഴപെയ്യുന്നതിനാൽ വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകി. മലയോരമേഖലയിലെ രാത്രിയാത്ര ഒഴിവാക്കണമെന്നും നിർദ്ദേശിച്ചു കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്ന മുന്നറിയിപ്പ് നീട്ടി. വിഴിഞ്ഞംമുതൽ കാസർകോടുവരെ കേരളതീരത്തും ലക്ഷദ്വീപ് തീരത്തും 3.5 മീറ്റർമുതൽ 4.9 മീറ്റർവരെ തിരമാലകൾ ഉയരാമെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയിസ്) അറിയിച്ചു.

എം.ജി. സർവകലാശാല ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. ഇടുക്കി, കോട്ടയം ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP