Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹാമാരിയും പ്രളയവും നിലയ്ക്കാതെ തുടരുന്നു; അഞ്ച് ജില്ലകളിലെ സ്ഥിതി അതിഭീതിതം; രണ്ട് ദിവസം കൊണ്ട് ജീവൻ നഷ്ടമായത് 104 പേർക്ക്; അനേകരെ കാണാൻ ഇല്ല; പതിനായിരങ്ങൾ ഇപ്പോഴും രക്ഷകരെ കാത്ത് പുരപ്പുറത്തും പാറക്കൂട്ടങ്ങൾക്കും മുകളിൽ കാത്തിരിക്കുന്നു; രക്ഷാപ്രവർത്തകർക്ക് എല്ലായിടത്തും എത്താനാവുന്നില്ല; പ്രാണഭയത്തോടെ സർവ്വ ദൈവങ്ങളേയും വിളിച്ച് മലയാളികൾ

മഹാമാരിയും പ്രളയവും നിലയ്ക്കാതെ തുടരുന്നു; അഞ്ച് ജില്ലകളിലെ സ്ഥിതി അതിഭീതിതം; രണ്ട് ദിവസം കൊണ്ട് ജീവൻ നഷ്ടമായത് 104 പേർക്ക്; അനേകരെ കാണാൻ ഇല്ല; പതിനായിരങ്ങൾ ഇപ്പോഴും രക്ഷകരെ കാത്ത് പുരപ്പുറത്തും പാറക്കൂട്ടങ്ങൾക്കും മുകളിൽ കാത്തിരിക്കുന്നു; രക്ഷാപ്രവർത്തകർക്ക് എല്ലായിടത്തും എത്താനാവുന്നില്ല; പ്രാണഭയത്തോടെ സർവ്വ ദൈവങ്ങളേയും വിളിച്ച് മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം. തൃശൂർ, ഇടുക്കി,പത്തനംതിട്ട, വയനാട്-ഈ അഞ്ച്‌ ജില്ലകളും കോരിച്ചൊരിയുന്ന പേമാരിയിൽ വിറയ്ക്കുകയാണ്. മഴക്കെടുതിയിൽ ഇതുവരെ 104 പേർ മരിച്ചതായാണ് കണക്ക്. സംസ്ഥാനത്ത് ആകെ 1155 ക്യാംപുകളിലായി 1,66,538 പേരാണുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിലുപരി ചാലക്കുടി പുഴയും പെരിയാറും നിറഞ്ഞ് കവിയുന്നത് ആലുവയേയും ചാലക്കുടിയേയും ഭീതിയിലാക്കുന്നു. ഇതിനൊപ്പം ഇടുക്കിയും മുല്ലപ്പെരിയാറും നിറഞ്ഞു തുളുമ്പുകയാണ്. ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് നിന്ന് മഴ വിട്ടുമാറുന്നുമില്ല. ഇതോടെ ദുരിതം കൂടുമെന്ന് മലയാളികൾ തിരിച്ചറിയുന്നു. സൈന്യം രക്ഷാപ്രവർത്തനം നടത്തിയിട്ടും പലിയടത്തും ആളുകൾ രക്ഷകരെ തേടി കാത്തിരിക്കുകയാണ്.

കള്ളക്കർക്കിടകത്തിലെ ചതിയാണ് പേമാരിയെന്ന് കരുതുന്നവരുണ്ട്. അവർക്ക് പൊന്നിൻ ചിങ്ങം എത്തിയിട്ടും മഴ തോരുന്നില്ലെന്നത് ആശങ്ക കൂട്ടുന്നു. കേരളത്തിലെ മഴക്കെടുതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിലെത്തും. വെള്ളിയാഴ്ച വൈകിട്ടോടെ ഇവിടെയെത്തുന്ന പ്രധാനമന്ത്രി, ശനിയാഴ്ച പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. കേരളം ചോദിക്കുന്നതെല്ലാം തരുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. മുൻ പ്രധാനമന്ത്രി എബി വാജ്‌പേയിയുടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞാലുടൻ മോദി കേരളത്തിലേക്ക് എത്തും. മഴയുടെ രൂക്ഷതയും കേരളം അനുഭവിക്കുന്ന ദുരന്തങ്ങളുടെ വ്യാപ്തിയും പ്രധാനമന്ത്രിക്കും ബോധ്യമായി കഴിഞ്ഞു. ഇതോടെയാണ് ബാക്കി തിരക്കെല്ലാം മാറ്റി വച്ച് കേരളത്തിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനുള്ള മോദിയുടെ വരവ്.

വിവിധ സ്ഥലങ്ങൾ വെള്ളത്തിലായതോടെ ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും അഗ്‌നിശമനസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു. കൂടുതൽ ഹെലികോപ്റ്ററുകൾ എത്തിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കാനാണ് ശ്രമം. രണ്ടു ദിവസങ്ങളിലായി 104 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. 10 ദിവസത്തിനിടെ 94 പേർ മരിച്ചെന്നും 11 പേരെ കാണാതായെന്നുമാണു സർക്കാരിന്റെ അറിയിപ്പ്. വടക്കാഞ്ചേരി കുറാഞ്ചേരിയിൽ ഉരുൾപൊട്ടി നാലു വീടുകളിലെ 12 പേരടക്കം തൃശൂർ ജില്ലയിൽമാത്രം ഇന്നലെ 20 മരണം. മലപ്പുറം ചെറുകാവ് ഐക്കരപ്പടിക്കു സമീപം രണ്ടു വീടുകളിലേക്കു മണ്ണിടിഞ്ഞുവീണു 12 പേരും അരീക്കോട് ഓടക്കയം ആദിവാസി കോളനിയിൽ ഉരുൾപൊട്ടലിൽ ഏഴുപേരും മരിച്ചു. ജില്ലയിൽ ആകെ 23 മരണം. ഇടുക്കിയിൽ രണ്ടു ദിവസങ്ങളിലായി 24 മരണം. മൂന്നാറിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ ഏഴുപേരും നെടുങ്കണ്ടത്ത് ഉരുൾപൊട്ടലിൽ വീടു തകർന്ന് ഒരു കുടുംബത്തിലെ മൂന്നുപേരും മരിച്ചു.

കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട വെള്ളികുളത്ത് ഉരുൾപൊട്ടി ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഒരാളെ കാണാതായി.സംസ്ഥാനമാകെ രണ്ടര ലക്ഷത്തിലേറെപ്പേർ ദുരിതാശ്വാസ ക്യാംപുകളിൽ; എറണാകുളം ജില്ലയിൽ മാത്രം 1.12 ലക്ഷം പേർ. പത്തനംതിട്ട ജില്ലയിൽ മൂന്നിൽ രണ്ടു ഭാഗവും വെള്ളത്തിൽ. കുട്ടനാട് കഴിഞ്ഞ മാസത്തേതിനെക്കാൾ ഗുരുതര സ്ഥിതിയിൽ. നാളേക്കുശേഷം മഴ കുറയുമെന്നു കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിലായി 87 സ്ഥലങ്ങളിൽ ഉരുൾപൊട്ടി. ആയിരങ്ങൾ വീടുകളിൽ ഒറ്റപ്പെട്ടു.

മഴ തുടരുമെന്ന് പ്രവചനം

മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. അതിനാൽ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്. ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താനും ഭക്ഷണവും കുടിവെള്ളവും എത്തിക്കാനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വെള്ളിയാഴ്ചയോടെ ബാക്കിയുള്ളവരെയും രക്ഷിക്കാനാകുന്നവിധത്തിലാണ് നടപടികൾ ത്വരിതപ്പെടുത്തിയിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾ വഴി ഇത്തരം ആളുകൾക്ക് ഭക്ഷണം എത്തിക്കാനുള്ള ക്രമീകരണം ഒരുക്കും. ഇതിനായി നാട്ടുകാരുടെയാകെ സഹായം തദ്ദേശസ്ഥാപനങ്ങൾക്ക് തേടാം. അതല്ലാതെ അവർ ചെലവാക്കുന്ന തുക സർക്കാർ വകയിരുത്തും.

കുടിവെള്ള വിതരണം തകരാറിലായത് പുനഃസ്ഥാപിക്കാൻ നടപടിയെടുക്കുന്നുണ്ട്. തകരാറല്ലാത്ത പ്രദേശത്ത് നിന്ന് വെള്ളം ഫലപ്രദമായി എത്തിക്കാനാകും. വികേന്ദ്രീകൃത വിതരണം തദ്ദേശസ്ഥാപനങ്ങൾ ചെയ്യണം. കേന്ദ്ര എജൻസികൾ, ഫയർഫോഴ്സ്, ടൂറിസം തുടങ്ങിയവരുടെ വാഹനങ്ങൾ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കും. ഇതിനുപുറമേ, നാടൻ വാഹനങ്ങൾ, ഫിഷറീസ്, മത്സ്യബന്ധന വള്ളങ്ങൾ തുടങ്ങിയവ കൂടുതലായി ഉപയോഗിക്കും. രക്ഷപ്പെടുത്തുന്നവരെ ഉയർന്ന സ്ഥലങ്ങളിൽ താമസിപ്പിക്കാൻ കളക്ടർമാരുടെ പ്രത്യേക അധികാരം ഉപയോഗിച്ച് കണ്ടെത്തും. വയനാട്ടിലെ തോട്ടം തൊഴിലാളികൾക്കും ആദിവാസിമേഖലയിലുള്ളവർക്കും അവിടുത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സൗജന്യറേഷൻ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടേണ്ട സാഹചര്യം കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങൾ ഉപയോഗിച്ച് ക്രമീകരിക്കും. കൊച്ചി നേവൽബേസിൽ ചെറിയ വിമാനങ്ങൾ ഇറക്കാനുള്ള നടപടികൾ ആലോചിച്ചുവെങ്കിലും യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ അവിടെ ഒരുക്കുന്നതിലെ പ്രശ്നങ്ങൾ സിവിൽ ഏവിയേഷൻ ചൂണ്ടിക്കാട്ടിയതിനാൽ ഉപേക്ഷിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇടുക്കിയിൽ ഹൈ അലർട്ട്

വൃഷ്ടിപ്രദേശത്ത് ശക്തമായ മഴപെയ്തതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക്. ഡാമിന്റെ പരിസരത്ത് ഹൈ അലർട്ട് പ്രഖ്യാപിച്ചു. 2402.2 അടി ജലമാണ് ഇപ്പോൾ ഇടുക്കി അണക്കെട്ടിലുള്ളത്. പരമാവധി സംഭവണ ശേഷി 2403 അടിയാണ്. നിലവിലെ മഴയുടെ തോത് പരിഗണിച്ചാൽ പരമാവധി സംഭരണ ശേഷിയിലേക്ക് വെള്ളിയാഴ്ച തന്നെ അണക്കെട്ടിൽ വെള്ളം ഈ നിലയിലേക്ക് ഉയരുമെന്നാണ് വിലയിരുത്തൽ. ഇത് ആശങ്ക കൂട്ടുന്നുണ്ട്.

നിലവിൽ അണക്കെട്ടിൽ നിന്ന് 15 ലക്ഷം ലിറ്റർ വെള്ളമാണ് ഒരുമണിക്കൂറിൽ പുറത്തുവിടുന്നത്. എന്നാൽ കൂടുതൽ വെള്ളം പുറത്തുവിടുന്നതിന് ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടില്ല. പെരിയാറിലെ അവസ്ഥ പരിഗണിച്ചാണ് ഇത്. എന്നാൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നതിന് തുല്യമായ അളവിൽ വെള്ളം പുറത്തേക്കൊഴുക്കണമെന്ന നിലപാടിലാണ് കെഎസ്ഇബി. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് 100 സെന്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ നാല് മീറ്ററോളം ഉയരത്തിൽ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തേണ്ടിവരുമെന്നാണ് കെഎസ്ഇബി പറയുന്നു. ഷട്ടർ ഉയർത്തേണ്ട സാഹചര്യം നിലനിൽക്കുന്നതിനാൽ ഹൈ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം പരമാവധി ശേഷി എത്തുന്നത് വരെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവിൽ മാറ്റം വരുത്തേണ്ട എന്നാണ് തീരുമാനമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം പറയുന്നു. ഇക്കാര്യത്തിൽ ഡാം സുരക്ഷാ അഥോറിറ്റിയുടെ നിർദ്ദേശങ്ങൾ ഉൾപ്പെടെ എല്ലാകാര്യങ്ങളും പരിഗണിച്ച് മാത്രമേ തീരുമാനങ്ങളുണ്ടാകുവെന്നും ഭരണകൂടം അറിയിച്ചു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് അൽപ്പം കുറഞ്ഞിട്ടുണ്ട്. എങ്കിലും ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല.

ഭൂരിഭാഗം പ്രദേശങ്ങിളിലും തീവണ്ടികൾ ഓടില്ല

തിരുവനന്തപുരം-കോട്ടയം റൂട്ടിൽ തീവണ്ടികൾ സർവ്വീസ് നടത്തില്ല. തിരുവനന്തപുരം -എറണാകുളം റൂട്ടിൽ( കോട്ടയം വഴി) വെള്ളിയാഴ്ച നാല് മണിവരെ തീവണ്ടികൾ ഓടില്ല.എറണാകുളം-ഷൊർണൂർ- പാലക്കാട് റൂട്ടിലും നാല് മണിവരെ ഓടില്ല.പാലക്കാട്- ഷൊർണൂർ,ഷൊർണൂർ-കോഴിക്കോട് റൂട്ടിലും വെള്ളിയാഴ്ച നാല് മണിവരെ തീവണ്ടി സർവീസ് ഉണ്ടാവില്ല. തിരുവനന്തപുരം-എറണാകുളം(ആലപ്പുഴ വഴി),തിരുവനന്തപുരം-തിരുനെൽവേലി( നാഗർകോവിൽ വഴി) റൂട്ടുകളിൽ വേഗം നിയന്ത്രിച്ച് തീവണ്ടികൾ ഓടും. മിക്കയിടത്തും പാളത്തിൽ വെള്ളം കയറിയിരിക്കുന്നതിനാൽ റെയിൽവേ അറിയിപ്പ് ശ്രദ്ധിച്ച് മാത്രമേ ജനങ്ങൾ യാത്രക്ക് ഒരുങ്ങാവൂ എന്ന് റെയിൽവേ അറിയിച്ചു.

 

വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ നടപടി

രക്ഷാപ്രവർത്തനത്തിനു മത്സ്യബന്ധന വള്ളങ്ങൾ കൂടുതലായി ഉപയോഗിക്കും. 250 ബോട്ടുകൾ ഇപ്പോഴുണ്ട്. വിവിധകേന്ദ്രങ്ങളിൽനിന്നുള്ള 200 ബോട്ടുകൾ കൂടി പുതിയതായി ഉപയോഗിക്കും. എറണാകുളത്തും പത്തനംതിട്ടയിലുമായി 3050 പേരെ ഇന്നലെ രക്ഷപ്പെടുത്തി. ഒന്നരലക്ഷം പേർ ക്യാംപുകളിലുണ്ട്. വയനാട്ടിലെ തോട്ടം തൊഴിലാളികൾക്കും ആദിവാസികൾക്കും സൗജന്യ റേഷൻ നൽകും. വ്യാജവാർത്ത പ്രചരിപ്പിച്ചു പരിഭ്രാന്തി സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ശുദ്ധജലവിതരണത്തിനും സംവിധാനമുണ്ടാക്കിയതായി മുഖ്യമന്ത്രി അറിഞ്ഞു.

തിരുവനന്തപുരം-കോട്ടയം-ഷൊർണൂർ ട്രെയിൻ ഗതാഗതം ഇന്നു വൈകിട്ടു നാലുവരെ നിർത്തിവച്ചു. ഷൊർണൂർ-കോഴിക്കോട് റൂട്ടിലും ഗതാഗതം നിലച്ചു. തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം ട്രെയിൻ സർവീസിനു മുടക്കമില്ല. പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിൽ സൈന്യം രംഗത്ത്. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഉൾപ്പെടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി ഇന്നുമുതലാക്കി. 29നു തുറക്കും. 31നു തുടങ്ങേണ്ട ഓണപ്പരീക്ഷ മാറ്റിവച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ബുധനാഴ്ച അറിയിച്ചിരുന്നു. രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷ ഉൾപ്പെടെയാണിത്. പുതിയ തീയതി പിന്നീട്.

കേരള ഭാഗ്യക്കുറിയുടെ 16, 17, 18, 19 തീയതികളിലെ നറുക്കെടുപ്പ് മാറ്റിവച്ചു. 23, 24, 26 തീയതികളിൽ നറുക്കെടുക്കേണ്ടിയിരുന്ന കാരുണ്യ പ്ലസ്, നിർമൽ, പൗർണമി ഭാഗ്യക്കുറികൾ റദ്ദാക്കി. വനിതാ കമ്മിഷൻ ഈ മാസം നടത്താനിരുന്ന മുഴുവൻ പരിപാടികളും മാറ്റിവച്ചു. കൊല്ലം ചടയമംഗലത്ത് ഇന്നു നടത്താനിരുന്ന ജടായു എർത്സ് സെന്റർ ഉദ്ഘാടനം മാറ്റി. ആരോഗ്യ വകുപ്പ് ഓഫിസിൽ 16, 17, 18 തീയതികളിൽ നടത്താനിരുന്ന റേഡിയോഗ്രഫർ തസ്തികയിലേക്കുള്ള അഭിമുഖം മാറ്റിവച്ചു. മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഇന്നു നടത്താനിരുന്ന സിറ്റിങ് മാറ്റിവച്ചു. പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷൻ ഇന്ന് എറണാകുളം ഗവ. ഗെസ്റ്റ് ഹൗസ് ലൈബ്രറി ഹാളിൽ നടത്താനിരുന്ന സിറ്റിങ് സെപ്റ്റംബർ പന്ത്രണ്ടിലേക്കു മാറ്റി.

ഏകോപനത്തിന് കൂടുതൽ പൊലീസ്

പത്തനംതിട്ടയിലും തൃശ്ശൂരിലും (ചാലക്കുടി), എറണാകുളം റൂറലിലും (ആലുവ) രക്ഷാപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള പൊലീസ് നടപടികൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകാൻ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. അടിയന്തര സഹായത്തിന് ഇവരെ ബന്ധപ്പെടാവുന്നതാണ്.

പത്തനംതിട്ട
ഡിഐജി, എ പി ബറ്റാലിയൻ - 9497998999
കമാൻഡന്റ് കെ എ പി 3,ബറ്റാലിയൻ - 9497996967
ജില്ലാ പൊലീസ് മേധാവി, പത്തനംതിട്ട -9497996983

തൃശ്ശൂർ റൂറൽ (ചാലക്കുടി)
ജില്ലാ പൊലീസ് മേധാവി, തൃശ്ശൂർ റൂറൽ - 9497996978
ഡിവൈ.എസ്‌പി. സ്പെഷ്യൽ ബ്രാഞ്ച് - 9497990083
ഡിവൈ.എസ്‌പി. ക്രൈം ഡിറ്റാച്ച്മെന്റ് - 9497981247

എറണാകുളം റൂറൽ
ജില്ലാ പൊലീസ് മേധാവി, എറണാകുളം റൂറൽ (ആലുവ) - 9497996979
ഡിവൈ.എസ്‌പി. സ്പെഷ്യൽ ബ്രാഞ്ച് - 9497990073 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP