Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നദിയേത് കരയേത് എന്ന് തിരിച്ചറിയാതെ നാട്ടുകാർ; മൂന്നിൽ രണ്ടു ഭാഗവും വെള്ളത്തിനടിയിൽ; പ്രധാന ടൗണുകളിൽ പുറത്ത് കാണുന്നത് മേൽക്കൂരകൾ മാത്രം; രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ പോലും ആകാതെ അനേകം ഗ്രാമങ്ങൾ; ടെറസിന് മുകളിൽ നിന്നും നിലവിളി ശബ്ദങ്ങൾ മാത്രം; അവിശ്വസനീയമായ മഴവെള്ള പാച്ചിലിൽ ഞെട്ടി പത്തനംതിട്ട

നദിയേത് കരയേത് എന്ന് തിരിച്ചറിയാതെ നാട്ടുകാർ; മൂന്നിൽ രണ്ടു ഭാഗവും വെള്ളത്തിനടിയിൽ; പ്രധാന ടൗണുകളിൽ പുറത്ത് കാണുന്നത് മേൽക്കൂരകൾ മാത്രം; രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ പോലും ആകാതെ അനേകം ഗ്രാമങ്ങൾ; ടെറസിന് മുകളിൽ നിന്നും നിലവിളി ശബ്ദങ്ങൾ മാത്രം; അവിശ്വസനീയമായ മഴവെള്ള പാച്ചിലിൽ ഞെട്ടി പത്തനംതിട്ട

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ചരിത്രത്തിൽ ഇതുവരെ കേട്ടു കേൾവി പോലുമില്ലാത്ത രീതിയിലുള്ള വെള്ളപ്പൊക്കമാണ് പത്തനംതിട്ട ജില്ല ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. വെള്ളം പൊങ്ങിയ പത്തനംതിട്ടയുടെ ആകാശദൃശ്യം മാധ്യമങ്ങളിലൂടെ കണ്ടവരാർക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. നദിയേത് കരയേത് എന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ ഇവിടെയുള്ളത്. ദുരന്ത നിവാരണവും പാളിയ അവസ്ഥയാണ്. എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി വിവരങ്ങൾ തരാൻ പോലും പലർക്കും സാധിക്കുന്നില്ല. മിക്കയിടങ്ങളിലും വൈദ്യുതിയും ഫോൺ ബന്ധവും നഷ്ടമായ നിലയിലാണ്. പ്രധാനപ്പെട്ട ടൗണുകളിൽ മേൽക്കൂരകൾ മാത്രമാണ് പുറത്ത് കാണുന്നത്. വീടിന്റെ ടെറസിൽ അഭയം തേടിയിരിക്കുകയാണ് പലരും.

പ്രളയജലത്തിൽ മുങ്ങി ജില്ലയിലെ പ്രധാന റോഡുകളെല്ലാം അടഞ്ഞു. പെട്രോൾ പമ്പുകൾ പലതും വെള്ളം കയറി മുങ്ങി. തുറന്നവയിൽ മണിക്കൂറുകൾക്കകം ഇന്ധനം തീർന്നു. ഭക്ഷ്യവസ്തുക്കളും അവശ്യ സാധനങ്ങളും തേടി ജനങ്ങൾ തുറന്ന കടകളിലേക്ക് ഇടിച്ചുകയറുന്നു. രാവിലെയോടെ വൈദ്യുതി വിതരണം മുടങ്ങിയതോടെ ശുദ്ധജലത്തിന്റെ ലഭ്യതയും പ്രതിസന്ധി സൃഷ്ടിക്കുന്നു. മൊബൈൽ ഫോൺ ബന്ധങ്ങളും ഉച്ചയോടെ മന്ദഗതിയിലായി. കനത്ത മഴയെയും പ്രളയത്തെയും തുടർന്നു ജില്ലയിലെ മിക്ക ആശുപത്രികളിലും വെള്ളം കയറിയതോടെ രോഗികളും ആശുപത്രി ജീവനക്കാരും ദുരിതത്തിലായി. മിക്ക ഹോട്ടലുകൾ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. പല നഗരങ്ങളും ആളൊഴിഞ്ഞ സ്ഥിതിയിലാണ്. പല പൊതുമേഖലാ ബാങ്കുകൾപോലും അടഞ്ഞുകിടക്കുകയാണ്. പ്രളയംമൂലം ഗതാഗതം മുടങ്ങിയതിനാൽ ജീവനക്കാർ എത്താത്തതിനാലും ഇടപാടുകാരില്ലാത്തതിനാലും ഇതു കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടില്ല.

പത്തനംതിട്ട റിങ് റോഡ് വെള്ളത്തിനടിയിലായതോടെ സെന്റ് പീറ്റേഴ്സ് ജംക്ഷൻ, സ്റ്റേഡിയം ജംക്ഷൻ, അഴൂർ ജംക്ഷൻ, അബാൻ ജംക്ഷൻ എന്നിവിടങ്ങളിൽ ഗതാഗതം മുടങ്ങിയിട്ടുണ്ട്. പല ഭാഗത്തും മൂന്നടിയിലേറെ വെള്ളം ഉയർന്നിട്ടുണ്ട്. ജില്ലാ സ്റ്റേഡിയത്തിലും ചുറ്റുപാടും പത്തടിയിലേറെ വെള്ളം ഉയർന്നിട്ടുണ്ട്. പത്തനംതിട്ട ബസ് സ്റ്റാൻഡും വെള്ളത്തിലാണ്. റിങ് റോഡിനോടു ചേർന്നുള്ള നഗരസഭയുടെ മാലിന്യ സംസ്‌കരണ കേന്ദ്രം വെള്ളത്തിൽ മുങ്ങിയതോടെ മാലിന്യം മുഴുവൻ റിങ് റോഡിലേക്കും സമീപ പ്രദേശങ്ങളിലേക്കും പരന്നൊഴുകി. ഇതു ഗുരുതര ആരോഗ്യപ്രശ്നം സൃഷ്ടിക്കുമെന്ന ഭീതി ഉയരുന്നുണ്ട്. പത്തനംതിട്ട വലഞ്ചുഴി നടപ്പാലം, വെണ്ണിക്കുളം കോമളം പാലം, മണ്ണടി ഇളംഗമംഗലം തൂക്കുപാലം തുടങ്ങിയവ വെള്ളത്തിൽ മുങ്ങി. പമ്പ, അച്ചൻകോവിലാർ, മണിമലയാർ, കല്ലടയാർ തുടങ്ങി ജില്ലയിലെ എല്ലാ നദികളും എല്ലാ അതിരുകളും ലംഘിച്ചു കരകവിഞ്ഞ് ഒഴുകുകയാണ്. ഇടവിട്ടു പെയ്യുന്ന ശക്തമായ മഴ, വെള്ളം ഇറങ്ങുമെന്ന പ്രതീക്ഷകളെ തകിടംമറിക്കുകയാണ്.

ഇരുനില വീടുകൾവരെ ഏതു നിമിഷവും പൂർണമായും മുങ്ങുന്ന സ്ഥിതിയിലാണ്. ഒട്ടേറെപ്പേരാണ് ഇങ്ങനെ വീടുകളിൽ കുടുങ്ങിക്കിടക്കുന്നത്. ബുധനാഴ്ച പുലർച്ചെമുതൽ ഭക്ഷണവും വെള്ളവും, മരുന്നുംപോലും കിട്ടാതെ കഴിയുന്നവരാണ് ഇവരിൽ അധികവും. കിഴക്കൻ മേഖലയിലെ അണക്കെട്ടുകളെല്ലാം തുറന്നതും വ്യാപകമായ ഉരുൾപൊട്ടലും കാരണമാണ് പമ്പാനദിയിൽ ഇന്നുവരെ കാണാത്തവിധത്തിൽ വെള്ളം പൊങ്ങിയത്. വേണ്ടത്ര മുന്നറിയിപ്പില്ലാതിരുന്നതിനാൽ മുൻകരുതലെടുക്കാൻ വൈകി. 14ന് തന്നെ പമ്പയിലെ സ്ഥിതി ഗുരുതരമായിരുന്നു. നടപ്പന്തലടക്കം ഒലിച്ചുപോയ സ്ഥിതിയുണ്ടായെങ്കിലും ഇത് താഴെ ഭാഗത്തെ മുഴുവൻ മുക്കാൻ മാത്രമുള്ള വെള്ളമാണെന്ന് ആരും തിരിച്ചറിഞ്ഞില്ല.റാന്നിയിൽ അന്ന് ഉച്ചയോടെതന്നെ വെള്ളം പൊങ്ങി. വൈകിട്ട് മാമുക്കിലാണ് ആദ്യമായി പുനലൂർ - മൂവാറ്റുപുഴ പാതയിൽ വെള്ളം കയറിയത്. രാത്രിയായതോടെ വെള്ളം കൂടുതൽ ഉയർന്നു തുടങ്ങി. ഇതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ള പലരും വീടുകൾ ഒഴിഞ്ഞുതുടങ്ങി. പുലർച്ചെ രണ്ടുമണിയോടെ അതിഭീകരമായി വെള്ളംപൊങ്ങി റാന്നി വെള്ളത്തിൽ മുങ്ങി.

ഗുരുതരമായ അപകടം മണത്ത കലക്ടർ പി.ബി. നൂഹും റവന്യു ഉദ്യോഗസ്ഥരും പൊലീസും പുലർച്ചെതന്നെ പമ്പാതീരത്തെ മുഴുവൻ വീടുകളിലും അപായ സന്ദേശമെത്തിക്കാൻ ശ്രമം നടത്തി. പൊലീസ് വാഹനങ്ങളിൽ അനൗൺസ്മെന്റ് നടത്തി. ഉറക്കമുണർന്ന പലരും എന്താണെന്നറിയാതെ പത്രമോഫിസുകളിലടക്കം വിളിച്ചു. വരാനിരിക്കുന്നത് ജില്ല ഇതുവരെ കണ്ട ഏറ്റവും വലിയ പ്രളയമാണെന്നു തന്നെ മുന്നറിയിപ്പു നൽകിയ കലക്ടർ പ്രശ്നസാധ്യതയുള്ള ഭാഗത്തെ തഹസിൽദാർമാരോടും വില്ലേജ് ഓഫിസർമാരോടും ഉടൻ രംഗത്തിറങ്ങാനാവശ്യപ്പെട്ടു.റാന്നിയിൽ രക്ഷാപ്രവർത്തനവും കോഴഞ്ചേരിയിലും ആറന്മുളയിലും തിരുവല്ല താലൂക്കിലെ വിവിധയിടങ്ങളിലും പമ്പാ തീരത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകി. കടപ്രയിൽ തലേദിവസം നിർത്തിയ ദുരിതാശ്വാസ ക്യാംപ് പുലർച്ചെതന്നെ വീണ്ടും തുറക്കേണ്ടി വന്നു.ഇത്രയും വലിയ പ്രളയം പ്രതീക്ഷിക്കാതിരുന്നതാണ് പലർക്കും വിനയായത്.

പലരും ടെറസിലേക്കും രണ്ടാം നിലയിലേക്കും മാറിയെങ്കിലും ഒന്നാംനില പൂർണമായും വെള്ളം കയറിയതോടെ ആളുകൾ പരിഭ്രാന്തരായി. തുടർന്ന് അറിയാവുന്ന നമ്പറുകളിലെല്ലാം ഫോൺവിളിയായി. സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥനയായി. ഇതോടെ വിദേശത്തുനിന്നടക്കമുള്ള ബന്ധുക്കൾ പത്തനംതിട്ടയിലെ ദുരന്തനിവാരണ വിഭാഗത്തിലേക്കും മാധ്യമങ്ങളിലേക്കും സഹായമഭ്യർഥിച്ച് വിളിയായി. ഗർഭിണികളും കിടപ്പിലായ രോഗികളും ഉള്ള കുടുംബങ്ങളാണ് പലയിടത്തും ഒറ്റപ്പെട്ടുപോയത്. ഫോൺ പോലുമില്ലാതെ എത്രപേർ കുടുങ്ങിയെന്ന് ഒരു വിവരവുമുണ്ടായില്ല.

സംസ്ഥാനത്തെ ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് പത്തനംതിട്ട ജില്ലയിൽ നടക്കുന്നത്. നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ കഴിഞ്ഞ ദിവസം ഉച്ചമുതൽ ആളുകളെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം 30 പേരെ ഇങ്ങനെ രക്ഷിച്ച് തിരുവനന്തപുരം ശംഖുമുഖത്തെത്തിച്ചു. സൈന്യം വൻ സന്നാഹവുമായി എത്തിയെങ്കിലും പലയിടത്തും വെള്ളം കയറിയതിനാൽ അവർ ജില്ലാ ആസ്ഥാനത്തെത്തിയപ്പോഴേക്കും പുലർച്ചെയായി. ഈ സമയമത്രയും പത്തനംതിട്ടയിലെ ദുരന്തനിവാരണ വിഭാഗത്തിലേക്ക് നൂറുകണക്കിന് ഫോൺകോളുകളാണ് സഹായത്തിനായി കരഞ്ഞപേക്ഷിച്ച് എത്തിയത്. മാധ്യമ പ്രവർത്തകരും ഒട്ടേറെ വിവരങ്ങൾ കൈമാറി.

കലക്ടറേറ്റിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സഹായിക്കുകയും ചെയ്തു. ഇതിനിടെ നീണ്ടകരയിൽനിന്ന് മൽസ്യത്തൊഴിലാളികളുടെ ബോട്ടുകൾ എത്തി പലരെയും രക്ഷപ്പെടുത്തി. വിവിധ രാഷ്ട്രീയ പാർട്ടികൾ സ്വന്തം നിലയ്ക്കും രക്ഷാപ്രവർത്തനം നടത്തി ഇന്നലെ പുലർച്ചെ മുതലാണ് സൈന്യത്തിന്റെ രക്ഷാപ്രവർത്തനം ആരംഭിച്ചത്. കരസേനയുടെ 69 അംഗ സംഘം റാന്നിയിൽ വൻ സന്നാഹത്തോടെ രക്ഷാപ്രവർത്തനം നടത്തി. ഇൻഡോ -ടിബറ്റൻ ബോർഡർ പൊലീസിന്റെ 48 അംഗ സംഘം റാന്നിയിലും കോഴഞ്ചേരിയിലും ദേശീയ ദുരന്ത നിവാരണ സേനയുടെ 15 സംഘങ്ങളും പ്രവർത്തിക്കുന്നു. തുടർച്ചയായ മഴയും വൈദ്യുതിയില്ലാത്തതും അവഗണിച്ചും അവർ ഈ പ്രഭാതത്തിലും രക്ഷാപ്രവർത്തനം തുടരുന്നു. കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും രക്ഷപ്പെടുത്തുമെന്ന് കലക്ടർ അറിയിച്ചു.

ഉറങ്ങാത്ത രണ്ടു ദിനരാത്രങ്ങളിലൂടെ രക്ഷാപ്രവർത്തനവുമായി റവന്യു സംഘം. ചൊവ്വ രാത്രി ഒരു മണിയോടെയാണ് പമ്പയിൽ ജലനിരപ്പ് ശക്തമായി ഉയരുമെന്ന മുന്നറിയിപ്പ് വില്ലേജ് ഓഫിസർമാർക്കു ലഭിക്കുന്നത്. വാട്‌സാപ്പിലൂടെ സന്ദേശമായി അയയ്ക്കാതെ നേരിട്ട് വിളിച്ചറിയിക്കുകയായിരുന്നു. ഉടൻതന്നെ കടപ്ര, നിരണം, നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ, കാവുംഭാഗം എന്നീ വില്ലേജുകളിൽ വാഹനത്തിൽ മൈക്കുവച്ച് അനൗൺസ്‌മെന്റ് നടത്തി. രാത്രിയിൽ തന്നെ എല്ലാ വീട്ടുകാർക്കും മുന്നറിയിപ്പു നൽകി. പുലരുന്നതിനു മുൻപ് ക്യാംപ് തുറക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കി.

അപ്പോഴേക്കും വെള്ളം എല്ലായിടത്തും എത്തിയിരുന്നു. നിമിഷനേരംകൊണ്ടാണ് പമ്പയുടെ തീരങ്ങളിലെ വീടുകളെ വെള്ളം കവർന്നത്. നേരത്തേ രണ്ടു പ്രാവശ്യം വെള്ളം കയറിയ അനുഭവം ഉള്ളതിനാൽ മിക്ക വീട്ടുകാരും പെട്ടെന്നുതന്നെ ക്യാംപിലേക്കു മാറി. എന്നാൽ രണ്ടുനിലവീടുകളിൽ താമസിച്ചിരുന്നവർ മിക്കവരും വീടൊഴിഞ്ഞുപോകാൻ തയാറായില്ല. രണ്ടാം നിലവരെ വെള്ളംകയറിഎത്തില്ലെന്ന പ്രതീക്ഷയായിരുന്നു എല്ലാവർക്കും. എന്നാൽ ഉച്ചയോടെ ഒന്നാം നിലയും കഴിഞ്ഞ് രണ്ടാം നിലയിലേക്കു വെള്ളം കയറുന്ന സ്ഥിതിയായപ്പോൾ രക്ഷാപ്രവർത്തകർക്കുവേണ്ടി മുറവിളിയായി. ആയിരക്കണക്കിനു വീടുകളിലാണ് ഇങ്ങനെ അനവധി പേർക്കു കഴിയേണ്ടിവന്നത്.

വെള്ളം ക്രമാതീതമായി ഉയർന്നതോടെ രക്ഷാപ്രവർത്തനം നടത്തുന്നതിനു ബോട്ടുകളും വള്ളങ്ങളും തേടിയുള്ള അന്വേഷണമായി. നീണ്ടകരയിൽ നിന്ന് യമഹ ഘടിപ്പിച്ച വള്ളം കടപ്ര പഞ്ചായത്തിനു ലഭിച്ചതാണ് ഏക ആശ്വാസമായത്. മറ്റു സ്ഥലങ്ങളിൽ ചങ്ങാടവും സൈക്കിൾ ട്യൂബും നാട്ടുകാരുടെ കൊച്ചുവള്ളവുമൊക്കെയായിരുന്ന രക്ഷയായത്. ആളുകളെ സുരക്ഷിതസ്ഥാനത്തേക്കു എത്തിക്കാനായെങ്കിലും ക്യാംപിൽ വേണ്ട ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ സജ്ജീകരിക്കുന്നതിനു സാധിച്ചിട്ടില്ല. വാഹനസൗകര്യം ഇല്ലാത്തതും കടകളിൽ സാധനം തീർന്നുപോയതുമാണ് കാരണം. മൂന്നു ദിവസം കഴിഞ്ഞിട്ടും അപ്പർ കുട്ടനാട്ടിൽ വെള്ളം ഇതുവരെ താഴാൻ തുടങ്ങിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP