Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പേമാരിയും മഴയും തുടരുമെന്ന് മുന്നറിയിപ്പ്; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് തുടരും; ഇന്ന് രാവിലെ മാത്രം മരിച്ചത് 20 പേർ; പെരിയാറിലെ വെള്ളം കൊച്ചി നഗരത്തിലും; സംസ്ഥാനത്ത് തീവണ്ടി ഗതാഗതം സ്തംഭിച്ചു; കൊച്ചി മെട്രോയും സർവ്വീസ് നിർത്തി; നിറഞ്ഞു കവിഞ്ഞ് വെള്ളമൊഴുകുമ്പോൾ ബസ് യാത്രയും ദുഷ്‌കരം; 1068 ദൂരിതാശ്വാസ ക്യാമ്പിലുള്ളത് ഒന്നരലക്ഷം പേരും; പേമാരിയുടെ പ്രളയ താണ്ഡവം തുടരുമ്പോൾ വിറങ്ങലിച്ച് കേരളം

പേമാരിയും മഴയും തുടരുമെന്ന് മുന്നറിയിപ്പ്; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് തുടരും; ഇന്ന് രാവിലെ മാത്രം മരിച്ചത് 20 പേർ; പെരിയാറിലെ വെള്ളം കൊച്ചി നഗരത്തിലും; സംസ്ഥാനത്ത് തീവണ്ടി ഗതാഗതം സ്തംഭിച്ചു; കൊച്ചി മെട്രോയും സർവ്വീസ് നിർത്തി; നിറഞ്ഞു കവിഞ്ഞ് വെള്ളമൊഴുകുമ്പോൾ ബസ് യാത്രയും ദുഷ്‌കരം; 1068 ദൂരിതാശ്വാസ ക്യാമ്പിലുള്ളത് ഒന്നരലക്ഷം പേരും; പേമാരിയുടെ പ്രളയ താണ്ഡവം തുടരുമ്പോൾ വിറങ്ങലിച്ച് കേരളം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ദുരിതം തുടരുന്നു. പലയിടങ്ങളിലും മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും തുടരുകയാണ്. മഴക്കെടുതിയിൽ വ്യാഴാഴ്ച 20 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. പെരിയാർ കവിഞ്ഞൊഴുകുകയാണ്. കൊച്ചി നഗരത്തിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. അമ്പത്തേഴോളം റോഡുകളിലൂടെയുള്ള യാത്ര ദുഷ്‌കരമാണ്. സംസ്ഥാനത്ത് അതീവജാഗ്രതാ സാഹചര്യമാണുള്ളത്. 1068 ക്യാമ്പുകളിലായി ഒന്നരലക്ഷം പേരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

കേരളത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകൾക്കാണ് മുന്നറിയിപ്പുള്ളത്. കേരളത്തിൽ കനത്ത മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിക്കുന്നു. വയനാട്ടിൽ ശക്തമായ മഴ തുടരുകയാണ്. മണ്ണിടിഞ്ഞ് പലതവണ മാനന്തവാടി താമരശ്ശേരി ചുരങ്ങളിൽ ഗതാഗതം തടസപ്പെട്ടു. ബാണാസുരസാഗർ, കാരാപ്പുഴ അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽഇപ്പോൾ ശക്തമായ മഴയാണ്.

കോഴിക്കോട് മാവൂർ ഊർക്കടവിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. കൂടരഞ്ഞിയിൽ പനയ്ക്കാച്ചാലിലുണ്ടായ ഉരുൾപൊട്ടലിൽ ഒരുകുട്ടി മരിച്ചു. കൽപ്പിനി തയ്യിൽ പ്രകാശിന്റെ മകൻ പ്രവീൺ(10) ആണ് മരിച്ചത്. അഞ്ചുപേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. തൃശ്ശൂർ വെറ്റിലപ്പാറയിലുണ്ടായ ഉരുൾപൊട്ടലിലിലും ഒരാൾ മരിച്ചു. പൂമലയിൽ വീട് തകർന്നുവീണ് രണ്ടുപേർ മരിച്ചു. മലപ്പുറം എടവണ്ണ കൊളപ്പാട് ഉരുൾപൊട്ടി ഒരാൾ മരിച്ചു. നിഷ(26) ആണ് മരിച്ചത്. നെന്മാറയിൽ ഉരുൾപൊട്ടലിൽ നാലു മരണം. അങ്ങനെ ദുരിതം തൂടരുകയാണ്. പതിനായിരക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.

ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽനിന്ന് വെള്ളം വലിയ അളവിൽ പുറത്തേക്ക് ഒഴുക്കിക്കളയുന്നുണ്ട്. ബസ്, ട്രെയിൻ, വ്യോമഗതാഗതം പലയിടത്തും തകരാറിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ ശനിയാഴ്ച വരെ നിർത്തിവച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനുകളെല്ലാം റദ്ദാക്കി. ചാലക്കുടി പുഴയും നിറഞ്ഞതോടെ ആലുവയിൽ നിന്ന് ട്രെയൻ ഗതാഗതം അപ്രസക്തമായി. വൈദ്യുത വാർത്താ വിനിമയ മാർഗങ്ങളും പലയിടത്തും തകരാറിലായി. പത്തനംതിട്ടയിൽ നൂറുകണക്കിന് ആളുകളാണ് വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളിൽ കുടുങ്ങിക്കിടക്കുന്നത്. പമ്പയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. കോന്നിയിൽ പലഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ആലുവ റെയിൽവേ പാലത്തിനു സമീപം പെരിയാറിലെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്നിരിക്കുകയാണ്. ഇതേ തുടർന്ന് എറണാകുളം-ചാലക്കുടി റൂട്ടിൽ ഗതാഗതം നിർത്തിവച്ചു.

മുട്ടം യാഡിൽ വെള്ളം കയറിയതിനെ തുടർന്ന് കൊച്ചി മെട്രോ സർവീസ് താത്കാലികമായി നിർത്തിവച്ചു. ആലുവ-അങ്കമാലി റോഡിൽ വെള്ളം കയറി വാഹനഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. പെരിയാറിനു തീരത്തുള്ള ഫ്ളാറ്റുകളുടെ മുകൾ നിലയിൽ നിരവധിയാളുകൾ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് ദുരന്തനിവാരണ സേന രംഗത്തുണ്ട്. താമരശ്ശേരി ചുരം - കോഴിക്കോട്, നിരവിൽ പുഴ-കുറ്റ്യാടി - കോഴിക്കോട്, മാനന്തവാടി - പേര്യ - കണ്ണൂർ റൂട്ടുകളിൽ വെള്ളം കയറി ഗതാഗത തടസ്സം ഉണ്ടായി. ഈങ്ങാപ്പുഴയിലും, നിരവിൽപ്പുഴയിലും, തലപ്പുഴ ചുങ്കം, പേര്യ, കുഴി നിലം എന്നിവിടങ്ങളിലും വെള്ളം കയറി
വള്ളിയൂർകാവ്, ചൂട്ടക്കടവ്,താഴെയങ്ങാടി, പെരുവക എന്നിവിടങ്ങളിലും കഴിഞ്ഞ ആഴ്ചയെക്കാളും വെള്ളം കയറിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാൽ ബാണാസുര സാഗർ ഡാമിന്റെ ഷട്ടർ 9 മണിയോടെ നിലവിലുള്ള 255 സെന്റി മീറ്ററിൽനിന്ന് 285 സെന്റി മീറ്റർ വരെ ഘട്ടം ഘട്ടമായി ഉയർത്തുമെന്ന് ഡാം സേഫ്റ്റി അധികൃതർ അറിയിച്ചു. ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും നിർദ്ദേശമുണ്ട്.

പാലക്കാട് നെന്മാറയിൽ ഉരുൾപൊട്ടൽ.നാലുപേർ മരിച്ചു. അട്ടപ്പാടി ചുരത്തിലും ഉരുൾപൊട്ടി. ഭവാനിപ്പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. കണ്ണൂരിൽ കണ്ണവം വനത്തിനുള്ളിലും ഉരുൾപൊട്ടൽ. തലശ്ശേരി- കൊട്ടിയൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. എടവണ്ണ കൊളപ്പാട് ഉരുൾപൊട്ടി ഒരു മരണം. നിഷ(26) ആണ് മരിച്ചത്. കൊല്ലത്ത് തെന്മല ഡാം ഷട്ടർ 5 അടി ഉയർത്തി . ആറിന്റെ തീരപ്രദേശത്തുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് പുനലൂർ തഹസീൽദാർ ജയൻ എം ചെറിയാൻ അറിയിച്ചു. അലിമുക്ക് - അച്ചൻകോവിൽ ഗതാഗതം നിലച്ചു. ആയൂർ-അഞ്ചൽ റോഡിൽ പെരുങ്ങ ള്ളൂർ ഭാഗത്ത് റോഡിൽ വലിയ തോതിൽ വെള്ളം കയറിയതിനെ തുടർന്ന് പൂർണ്ണമായും ഗതാഗതം നിർത്തിവെച്ചു.

വെള്ളം കയറിയതിനാൽ അങ്കമാലിക്കും ആലുവയ്ക്കും ഇടയിൽ ബ്രിഡ്ജ് നമ്പർ 176ലൂടെ തീവണ്ടികൾ കടത്തിവിടുന്നതു താൽക്കാലികമായി നിർത്തിവെച്ചു. ഈ സാഹചര്യത്തിൽ തീവണ്ടിഗതാഗതത്തിൽ താഴെപ്പറയുന്ന ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്.

16-08-18നു റദ്ദാക്കിയ തീവണ്ടികൾ:
1. 56361 ഷൊർണൂർ-എറണാകുളം പാസഞ്ചർ ഓടില്ല.
16-08-18ന് ഓട്ടം പുനഃക്രമീകരിച്ച തീവണ്ടികൾ:
2. 15-08-18നു ഹൂബ്ലിയിൽനിന്നു പുറപ്പെട്ട 12777-ാം നമ്പർ ഹൂബ്ലി-കൊച്ചുവേളി എക്സ്പ്രസ് തൃശൂർ വരെ മാത്രമേ സർവീസ് നടത്തുകയൂള്ളൂ.
3. 15-08-18നു ചെന്നൈ സെൻട്രലിൽനിന്നു പുറപ്പെട്ട 12695-ാം നമ്പർ ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പാലക്കാട് ജംക്ഷനിൽ ഓട്ടം നിർത്തും.
4. 15-08-18നു കാരയ്ക്കലിൽനിന്നു പുറപ്പെട്ട 16187-ാം നമ്പർ കാരയ്ക്കൽ-എറണാകുളം എക്സ്പ്രസ് പാലക്കാട് ജംക്ഷൻ വരെ മാത്രമേ ഓടുകയുള്ളൂ.
16-08-18നു ഭാഗികമായി റദ്ദാക്കിയ തീവണ്ടി സർവീസുകൾ:
1. 16-08-18ന്റെ 12778-ാം നമ്പർ കൊച്ചുവേളി-ഹൂബ്ലി എക്സ്പ്രസിന്റെ സർവീസ് കൊച്ചുവേളി മുതൽ തൃശ്ശൂർ വരെ റദ്ദാക്കി. തൃശ്ശൂരിൽനിന്നാണ് ഈ തീവണ്ടിയുടെ സർവീസ് ആരംഭിക്കുക.
2. 16-08-18ന്റെ 12696-ാം നമ്പർ തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. തീവണ്ടി പാലക്കാട് ജംക്ഷനിൽനിന്നു പുറപ്പെടും.
3. 16-08-18ന്റെ 16188-ാം നമ്പർ എറണാകുളം-കാരയ്ക്കൽ എക്സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയിൽ ഓടില്ല. പാലക്കാട് ജംക്ഷനിൽനിന്നാണ് സർവീസ് ആരംഭിക്കുക.
16-08-18നു വഴിതിരിച്ചുവിടപ്പെട്ട തീവണ്ടികൾ.
1. 14-08-18നു മുംബൈ സി.എസ്.എം ടിയിൽനിന്നു തിരിച്ച 16381-ാം നമ്പർ മുംബൈ-കന്യാകുമാരി ജയന്തി എക്സ്പ്രസ് ഈറോഡ്, ഡിണ്ടിഗൽ, മധുര ജംക്ഷൻ വഴി തിരിച്ചുവിട്ടു.
2. 15-08-18നു കെ.എസ്.ആർ. ബെംഗളുരുവിൽനിന്നു പുറപ്പെട്ട 16526-ാം നമ്പർ ബെംഗളുരു-കന്യാകുമാരി അയലന്റ് എക്സ്പ്രസ് സേലം, നാമക്കൽ, ഡിണ്ടിഗൽ, തിരുനൽവേലി വഴി തിരിച്ചുവിടും.
വഴിയിൽ ഓട്ടം നിയന്ത്രിച്ച തീവണ്ടികൾ:
1. 15-08-18നു മംഗലാപുരം ജംക്ഷനിൽനിന്നു പുറപ്പെട്ട 16603-ാം നമ്പർ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഷൊർണൂർ ജംക്ഷനിൽ നിർത്തിയിടും.
2. 15-08-18നു മംഗലാപുരം ജംക്ഷനിൽനിന്നു പുറപ്പെട്ട 16630-ാം നമ്പർ മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഷൊർണൂർ ജംക്ഷനിൽ നിർത്തിയിടും.
3. 16-08-18നു ഗുരുവായൂരിൽനിന്നു പുറപ്പെടുന്ന 16341-ാം നമ്പർ ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി വഴിതിരിച്ചുവിടും.
അങ്കമാലി-ആലുവ റൂട്ടിൽ ഒരു ട്രാക്കിലൂടെ മാത്രം സർവീസ് നടക്കുന്നതിനാൽ 16-08-18നു വൈകിയ തീവണ്ടികൾ:
1. 15-08-18നു മധുരയിൽനിന്നു തിരിച്ച 16344-ാം നമ്പർ മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്.
2. 14-08-18നു ഹസ്രത്ത് നിസാമുദ്ദീനിൽനിന്നു തിരിച്ച 12432-ാം നമ്പർ ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസ്.
3. 15-08-18നു കെ.എസ്.ആർ.ബെംഗളുരുവിൽനിന്നു തിരിച്ച 16315-ാം നമ്പർ കെ.എസ്.ആർ.ബെംഗളുരു-കൊച്ചുവേളി എക്സ്പ്രസ്.
4. 14-08-18നു ഹസ്രത്ത് നിസാമുദ്ദീനിൽനിന്നു തിരിച്ച 12646-ാം നമ്പർ ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മില്ലേനിയം എക്സ്പ്രസ്.
5. 154-08-18നു ചെന്നൈ സെൻട്രലിൽനിന്നു തിരിച്ച 12623-ാം നമ്പർ ചെന്നൈ-തിരുവനന്തപുരം മെയിൽ.

കൊച്ചി മെട്രോ സർവീസ് നിർത്തിവെച്ചു

കനത്ത മഴയെ തുടർന്ന് കൊച്ചി മെട്രൊ സർവീസ് താത്ക്കാലികമായി നിർത്തിവച്ചു. മുട്ടംയാർഡിൽ വെള്ളം കയറിയതിനെത്തുടർന്നാണ് സർവീസ് നിർത്തിയത്. ആലുവ റെയിൽവേ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് അപകടനിലയിൽ ഉയർന്നിരിക്കുകയാണ്. എറണാകുളം - ചാലക്കുടി റൂട്ടിൽ ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. പല ട്രെയിനുകളും പാലക്കാട് വരെയായി വെട്ടി ചുരുക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP