Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംഎൽഎ ജീവിതം രാജേട്ടന് മടുത്തു; ഇനി ആശ്രമ ജീവിതവും പുസ്തക വായനയും; ജനപ്രതിനിധിയുടെ പ്രവർത്തനം പ്രതീക്ഷയ്‌ക്കൊപ്പം ഉയർന്നില്ലെന്ന് പറഞ്ഞാലും വിഷമമില്ല; രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് രാജഗോപാൽ; ഇനിയൊരു തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇല്ലെന്ന് മുതിർന്ന ബിജെപി നേതാവിന്റെ പ്രഖ്യാപനം; രാജഗോപാലിനെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റുന്നത് നേതൃത്വവുമായുള്ള ഭിന്നതയോ?

എംഎൽഎ ജീവിതം രാജേട്ടന് മടുത്തു; ഇനി ആശ്രമ ജീവിതവും പുസ്തക വായനയും; ജനപ്രതിനിധിയുടെ പ്രവർത്തനം പ്രതീക്ഷയ്‌ക്കൊപ്പം ഉയർന്നില്ലെന്ന് പറഞ്ഞാലും വിഷമമില്ല; രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് രാജഗോപാൽ; ഇനിയൊരു തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇല്ലെന്ന് മുതിർന്ന ബിജെപി നേതാവിന്റെ പ്രഖ്യാപനം; രാജഗോപാലിനെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റുന്നത് നേതൃത്വവുമായുള്ള ഭിന്നതയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപിയിലെ ജനകീയമുഖം ഇനി വിശ്രമ ജീവിതത്തിന്. നേമത്ത് ലഭിച്ച ജനപിന്തുണയുടെ കരുത്തിൽ രാഷ്ട്രീയം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് രാജഗോപാൽ. എംഎ‍ൽഎ സ്ഥാനം മടുത്തുവെന്നും ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്നും ബിജെപി നേതാവ് ഒ രാജഗോപാൽ എംഎ‍ൽഎ. പ്രതീക്ഷക്കൊത്ത് ഉയരാൻ തനിക്ക് സാധിച്ചില്ല എന്ന വിമർശനത്തിൽ വിഷമമില്ല എന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 ചാനലിലെ പരിപാടിയിലാണ് ഒ രാജഗോപാൽ എംഎ‍ൽഎ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയം പോലും ബിജെപി പൂർത്തിയാക്കിയെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് പാർട്ടിയിലെ തലമുതിർന്ന നേതാവ് പാർലമെന്ററി രാഷ്ട്രീയം വേണ്ടെന്ന തുറന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. താങ്കളുടെ തീരുമാനം പാർട്ടിയെ പ്രതികൂലമായി ബാധിക്കില്ലെ എന്ന ചോദ്യത്തോട് തനിക്കതിന് വിഷമമില്ലെന്ന മറുപടിയായിരുന്നു രാജഗോപാൽ നൽകിയത്. പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതുകൊണ്ടാണോ താങ്കൾ പിന്മാറുന്നതെന്ന് ചോദിച്ചാലും തനിക്ക് വിഷമമില്ലെന്നും രാജഗോപാൽ പറഞ്ഞു. ബാക്കിയുള്ള കാലം പുസ്തകവായനയും ആശ്രമ ജീവിതവുമായി മുന്നോട്ട് പോകാനാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ബിജെപിയുടെ മുതിർന്ന നേതാവാണ് ഒ രാജഗോപാൽ. കൂടാതെ നിയമസഭയിലെ ബിജെപിയുടെ ഏക എ.എൽ.എയുമാണ് അദ്ദേഹം. നിരവധി തവണ നിയമസഭയിലേക്ക് മത്സരിച്ചിരുന്നുവെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ജയിക്കുന്നത്. ന്യൂസ് 18 ചാനലിലെ 'അന്ന് ഞാൻ' എന്ന പരിപാടിയിലാണ് ഒ രാജഗോപാൽ നിലപാട് വിശദീകരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അടക്കമുള്ളവരുടെ നയങ്ങളിൽ രാജഗോപാലിന് താൽപ്പര്യമില്ല. മെഡിക്കൽ കോഴ വിവാദവും മുതിർന്ന നേതാവിന് അലോസരങ്ങളുണ്ടാക്കി. ഇതെല്ലാം ബിജെപി നേതൃത്വത്തിൽ നിന്ന് രാജഗോപാലിനെ അകറ്റി. ഈ സാഹചര്യത്തിലാണ് ഇനി മത്സരത്തിനില്ലെന്ന് രാജഗോപാൽ പ്രഖ്യാപിക്കുന്നത്.

ഇതോടെ നേമത്തെ സ്ഥാനാർത്ഥി മോഹികളും ബിജെപിയിൽ സജീവമായി രംഗത്ത് എത്തുകയാണ്. അടുത്ത തവണ നിയമസഭയിലേക്ക് നേമത്ത് നിന്ന് മത്സരിക്കാനാണ് ചരടു വലികൾ. ഇങ്ങനേയും ആർ എസ് എസിനെ അനുകൂലമാക്കാനാണ് നീക്കം. ബിജെപി എംപി കൂടിയായ സുരേഷ് ഗോപി അടക്കമുള്ളവർ നേമത്ത് സജീവമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ആരാകും സ്ഥാനാർത്ഥിയെന്ന ചിത്രം തെളിയൂ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മത്സരിച്ചില്ലെങ്കിൽ നിയമസഭയിൽ സുരേഷ് ഗോപി മത്സരിക്കാൻ സാധ്യത ഏറെയാണ്. എംടി രമേശ്, സുരേഷ്, കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ തുടങ്ങിയവരെല്ലാം നേമത്തെ മനസ്സിൽ കൊണ്ടു നടക്കുന്നവരാണ്.

ബിജെപിയുടെ ആദ്യ കേരളാഎംഎൽഎ എന്ന നിലയിൽ പാർട്ടിയിലും കേരളരാഷ്ട്രീയത്തിലും അപൂർവ്വ വ്യക്തിത്വമായി മാറിയ ഒ രാജഗോപാൽ പക്ഷേ സ്പീക്കർ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനു വോട്ട് രേഖപ്പെടുത്തിയതും പയ്യന്നൂരിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ ബിജെപി നേതാക്കൾ നടത്തിയ അഭിപ്രായങ്ങളെ നിയമസഭയിൽ എതിർത്ത് സംസാരിച്ചതും വിവാദമായി മാറിയിരുന്നു. കേരളത്തിലെ പല മണ്ഡലങ്ങളിൽനിന്ന് ജനവിധി തേടിയിട്ടുള്ള ഒ. രാജഗോപാൽ ആദ്യമായി വിജയിക്കുന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു. 1998-ലെ വാജ്‌പേയി മന്ത്രിസഭയിൽ റയിൽവേ സഹമന്ത്രിയായിരുന്ന രാജഗോപാൽ മദ്ധ്യപ്രദേശിൽ നിന്നും രാജ്യസഭയെ പ്രതിനിധീകരിച്ചിരുന്നു. അഴിമതി വിരുദ്ധതയും വികസനവുമായിരുന്നു കേന്ദ്രമന്ത്രിയെന്ന നിലയിൽ രാജഗോപാലിനെ ശ്രദ്ധേയനാക്കിയത്. ഇത് തന്നെയാണ് നേമത്ത് നിന്നുള്ള ജയത്തിന് അടിസ്ഥാന കാരണമായതും.

രജഗോപാൽ റെയിൽവേ സഹമന്ത്രിയായിരുന്ന കാലത്താണ് കേരളം എന്നൊരു സംസ്ഥാനമുണ്ടെന്ന് റെയിൽമന്ത്രാലയം അറിഞ്ഞത് തന്നെ. കേരളത്തിൽ ഇന്നുവരെ ഉണ്ടാകാത്ത അത്ര റെയിൽ വികസനം ഉണ്ടായത് രാജഗോപാൽ മന്ത്രിയായ കാലത്താണെന്ന് കോൺഗ്രസുകാരും സി പി എമ്മുകാരും പോലും സമ്മതിക്കും. പാതയിരട്ടിപ്പിക്കൽ, പുതിയ ട്രയിനുകൾ, മേൽപ്പാലങ്ങൾ, റെയിൽവേ സ്റ്റേഷൻ നവീകരണം, റെയിൽവേ വൈദ്യുതീകരണം തുടങ്ങി റെയിൽവേ വികസനത്തിന്റെ സമസ്ത മേഖലകളിലും രാജഗോപാലിന്റെ കൈരേഖ പതിഞ്ഞിരുന്നു. രണ്ട് തവണ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചയാളുമാണ് രാജഗോപാൽ. വ്യക്തിപരമായി അഴിമതിയോ സ്വജനപക്ഷപാതമോ അക്രമവാസനയോ ഇതുവരെ അദ്ദേഹത്തെ കുറിച്ച് കേട്ടിട്ടില്ല. ഇതെല്ലാം തന്നെയാണ് ഇന്നും രാജഗോപാലിന്റെ ജനസമ്മതിയുടെ അടിത്തറ. ഇതിനുള്ള അംഗീകാരമാണ് എൺപത്തിയേഴാം വയസ്സിലെ നേമത്തെ നിയമസഭാ വിജയത്തിന് അടിസ്ഥാന ഘടകമായതും.

തോൽക്കാൻ വേണ്ടി ജയിച്ച നേതാവാണ് രാജഗോപാൽ എന്നതായിരുന്നു ഈ നേതാവിനെതിരെ എന്നും ഉയർന്ന വിമർശനം. അതിനാണ് നേമത്തെ വിജയം മാറ്റം വരുത്തുന്നത്. തോൽവിയിലും മനസ്സ് പതറാതെ തന്റെ രാഷ്ട്രീയ വഴിയിൽ ഉറച്ചു നിന്നു. പാർട്ടി പറയുമ്പോഴെല്ലാം മത്സരിച്ചു. അവിടെ മറ്റ് പരിഗണനകളൊന്നും രാജഗോപാലിന് മുന്നിൽ ഉണ്ടായിരുന്നു. അങ്ങനെ താമര ചിഹ്നത്തിൽ ജയിച്ച് കേരള നിയമസഭയിലെത്തിയ ആദ്യ നേതാവായി രാജഗോപാൽ മാറി. മൂന്നാം ശക്തിയുടെ പ്രതിനിധിയെന്ന നിലയിൽ ജയിച്ച് നിയമസഭയിലെത്തുന്ന നേതാവ്. കെ ജി മാരാർക്ക് കഴിയാത്തത് ബിജെപിക്കായി സാധിച്ചെടുത്ത നേതാവ്. നേമത്തെ വോട്ടിങ് പരിശോധിച്ചാൽ എല്ലാ സമുദായവും രാജഗോപാലിനെ പിന്തുണച്ചെന്ന് വ്യക്തമാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ വോട്ടുകൾ എണ്ണുമ്പോൾ പോലും രാജഗോപാലിന്റെ ഭൂരിപക്ഷം കുറഞ്ഞില്ല. പോസ്റ്റൽ വോട്ടിൽ നേടിയ മുൻതൂക്കം അവസാന നിമിഷം വരെ നിലനിർത്തി.

മഹാത്മാഗാന്ധിയിൽ ആകൃഷ്ടനാവുകയും സ്വാതന്ത്ര്യസമരത്തിൽ ആവേശഭരിതനാവുകയും ചെയ്ത രാജഗോപാൽ, മിഡിൽസ്‌കൂളിൽ പഠിക്കുമ്പോൾ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ തന്റേതായ നിലക്ക് ഭാഗഭാക്കായാണ് രാഷ്ട്രീയത്തിൽ എത്തുന്നത്. പാലക്കാട് വിക്ടോറിയ കോളേജിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റേ ആഘോഷപരിപാടിയിലും ഒരു സന്നദ്ധഭടനായി പങ്കുചേരുന്നുണ്ട്. അതേസമയം, കോളേജിൽ സജീവമായിരുന്ന കോൺഗ്രസ്-കമ്യൂണിസ്റ്റ് അനുകൂല വിദ്യാർത്ഥി സംഘടനകളോട് ഒരേപോലെ അകലം പാലിച്ചു. 'നന്നായി പഠിച്ച് ജയിച്ചുപോകണം' എന്നതായിരുന്നു ചിന്ത. 'പക്ഷെ, അതിനുശേഷം മറ്റൊരു സന്ദർഭത്തിൽ എനിക്ക് ചില പ്രേരണകളുണ്ടായി. ബാഹ്യമായും മാനസികവുമായുണ്ടായ ആ പ്രേരണകൾ എനിക്ക് പുതിയൊരു വഴി കാണിച്ചു. ഈ വഴിയിലൂടെ അഞ്ച് ദശകത്തിലേറെ സഞ്ചരിച്ച് കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ തൃപ്തിതരുന്ന കാര്യങ്ങളാണ് ഒട്ടെല്ലാം തന്നെ' എന്നാണ് രാജഗോപാൽ ആത്മകഥയായ 'ജീവാമൃത'ത്തിൽ രേഖപ്പെടുത്തുന്നത്.

തൊഴിൽതേടി തമിഴ്‌നാട്ടിലെ സേലത്തു ചെന്നെത്തിയ പന്തളത്തുകാരൻ നീലകണ്ഠപണിക്കരുടേയും അക്കാലത്തെ ചിലരുമായുള്ള പരിചയത്തിലൂടെ വിവാഹം കഴിച്ച പാലക്കാട് ആലത്തൂരിനടുത്ത് മണപ്പാടം ഓലഞ്ചേരി തറവാട്ടിലെ കുഞ്ഞിക്കാവിന്റേയും മകനായി 1929 തിരുവോണനാളിൽ രാജഗോപാൽ ജനച്ചു. അച്ഛനായിരുന്നു ആദ്യ ഹീറോ. അച്ഛനെ ആവേശംകൊള്ളിച്ചിരുന്ന വീരസവർക്കർ മകന്റെ മനസിൽ നേതാവായി പ്രതിഷ്ഠനേടി. എന്നാൽ ഇന്റർമീഡിയറ്റ് ജയിച്ച മകൻ ഒരു കൃഷിക്കാരനായി മാറണമെന്ന അച്ഛന്റെ പ്രതീക്ഷ തെറ്റിച്ച് രാജഗോപാൽ എത്തിയത് മദ്രാസ് ലോ കോളേജിലാണ്. മദ്രാസിൽതന്നെ മെഡിസിനുപഠിക്കുകയായിരുന്ന ശാന്തയാണ് പിന്നീട് സഹധർമിണിയാവുന്നത്.

നിയമബിരുദമെടുത്തിട്ടും എന്റോൾ ചെയ്യാനുള്ള പണത്തിനായി ഒരു ഇൻഷുറൻസ് കമ്പനിയിൽ രാജഗോപാലിന് ജോലിനോക്കേണ്ടിവന്നു. ഇക്കാലത്ത് സോഷ്യലിസ്റ്റ് പ്രഖ്യാപനത്തിൽ ആകൃഷ്ടനായി കോൺഗ്രസിന്റെ ആവഡി സമ്മേളനത്തിൽവരെ രാജഗോപാൽ എത്തുന്നുണ്ട്. പിന്നീട് സംഘപരിവാറിലൂടെ ബിജെപിയുടെ കേരളത്തിലെ മുഖവുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP