Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാർത്തകളിലെ സ്ഥലം നിരാമയ റിട്രീറ്റിന്റെ കൈവശമില്ല; റിട്രീറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നത് കോടതിയലക്ഷ്യകാരണമായ പരാമർശം; പ്രചരണമെല്ലാം ദുഷ്ടലാക്കോടു കൂടിയുള്ളത്; വേമ്പനാട് കായലിലേക്ക് മാലിന്യം തള്ളിവിടുന്നെന്ന ആരോപണവും അടിസ്ഥാനരഹിതം: കായൽ കൈയേറ്റത്തിൽ ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിക്ക് പറയാനുള്ളത്

വാർത്തകളിലെ സ്ഥലം നിരാമയ റിട്രീറ്റിന്റെ കൈവശമില്ല; റിട്രീറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നത് കോടതിയലക്ഷ്യകാരണമായ പരാമർശം; പ്രചരണമെല്ലാം ദുഷ്ടലാക്കോടു കൂടിയുള്ളത്; വേമ്പനാട് കായലിലേക്ക് മാലിന്യം തള്ളിവിടുന്നെന്ന ആരോപണവും അടിസ്ഥാനരഹിതം: കായൽ കൈയേറ്റത്തിൽ ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിക്ക് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിരാമയ റിട്രീറ്റ് കുമരകം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ കായൽ കയ്യേറിയെന്ന വാർത്ത തെറ്റെന്ന് റിസോർട്ട് മാനേജ്‌മെന്റെ. ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖരന്റേതാണ് ഈ റിസോർട്ട്. മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ കൈയേറ്റം പുറത്തുവിട്ടത് ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ്. ഒടുവിൽ മന്ത്രിക്ക് രാജിവയ്‌ക്കേണ്ടിയും വന്നു. ഇതിനിടെയാണ് രാജീവ് ചന്ദ്രശേഖറിനെതിരെ ആരോപണവുമായി ദേശാഭിമാനി എത്തിയത്. ഇത് ചർച്ചയാവുകയും ചെയ്തു.

രാജീവ് ചന്ദ്രശേഖർ എംപിയുടെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ് എന്ന സ്ഥാപനത്തിനു വേണ്ടി കുമരകത്തു ഭൂമി കയ്യേറിയെന്നു കുമരകം പഞ്ചായത്തു പ്രസിഡന്റ് എ.പി.സലിമോൻ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിരുന്നു. കോട്ടയം താലൂക്കിൽ കുമരകം വില്ലേജിൽ രണ്ടു സർവേ നമ്പരുകളിൽ കയ്യേറ്റമുണ്ടെന്നാണു പരാതി. കയ്യേറ്റം ഒഴിപ്പിക്കണമെന്നു ഹൈക്കോടതി നിർദ്ദേശമുണ്ടായിട്ടും പുറമ്പോക്കു ഭൂമി അളന്നു തിട്ടപ്പെടുത്താൻ റവന്യു അധികൃർ തയാറായില്ലെന്നും പരാതിയിൽ പറയുന്നു. കർണാടകയിൽ നിന്നുള്ള ബിജെപിയുടെ രാജ്യസഭാ എംപിയാണു രാജീവ് ചന്ദ്രശേഖർ. ഇതിനിടെയാണ് ഈ വാദത്തെ നിഷേധിച്ച് നിരാമയ റിട്രീറ്റ് രംഗത്തുവരുന്നത്. കൈയേറ്റമൊന്നും നടത്തിയിട്ടില്ലെന്നാണ് അവരുടെ നിലപാട്.

നിരാമയ റിട്രീറ്റ് ഭൂമി കൈയേറ്റവും നിയമ ലംഘനവും എന്നുള്ള വാർത്തകളും പ്രചാരണവും തികച്ചും അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്നു നിരാമയ പറയുന്നു. നിരാമയ റിട്രീറ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ഭൂമി 1995 മുതൽ വിവിധ കാലയളവിൽ കോട്ടയം സബ് രജിസ്റ്ററി മുഖേന രജിസ്റ്റർ ചെയ്ത പ്രമാണങ്ങളുടെയും പോക്കുവരവിന്റേയും അടിസ്ഥാനത്തിൽ ഉള്ളവയാണ്. ഈ ഭൂമിയിൽ യാതൊരു വിധ കൈയേറ്റവും ഇല്ല. നിരാമയ നടത്തിയ എല്ലാ ഭൂമി ഇടപാടുകളും സുതാര്യവും പ്രമുഖരും പ്രശസ്തരുമായ അഭിഭാഷകർ പരിശോധിച്ചവയും ആണ്. നിരാമയ റിട്രീറ്റ് വേമ്പനാട് കായലിലേക്ക് മാലിന്യം തള്ളിവിടുന്നെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതവും സത്യവിരുദ്ധവുമാണ്.

പത്രവാർത്തകളിൽ പറയുന്ന സ്ഥലം നിരാമയ റിട്രീറ്റിന്റെ ഉടമസ്ഥതയിലോ കൈവശത്തിലോ ഉള്ള ഭൂമിയില്ല എന്ന് ഞങ്ങൾ അടിവരയിട്ട് പറയുന്നു. ഇതിൽ നിന്ന് തന്നെ ഈ വാർത്തകൾ ദുഷ്‌ലാക്കോടു കൂടിയാണെന്ന് മനസ്സിലാക്കാൻ കഴിയും. നിരാമയ റിട്രീറ്റിന്റെ ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള ഹൈക്കോടതി നിർദ്ദേശം നൽകിയെന്നുള്ള വാർത്ത തികച്ചും വാസ്തവ വിരുദ്ധവും കോടതിയലക്ഷ്യവും ആണെന്നും വിശദീകരിക്കുന്നു. യഥാർത്ഥത്തിൽ നിരാമയ റിട്രീറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി തള്ളുകയാണ് ഉണ്ടായത്. മറ്റു വിധത്തിൽ ഉള്ള പ്രചാരണങ്ങൾ കോടതിയലക്ഷ്യവും ബോധപൂർവ്വം തെറ്റിദ്ധാരണ ജനിപ്പിക്കാനുള്ള ശ്രമവും ആണെന്ന് വിശദീകരിക്കുന്നു.

നിരാമയയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ അതിർത്തി കൃത്യമായി നിർണ്ണയിച്ചിട്ടുണ്ട്. അതിർത്തിക്ക് പുറത്തു നേരേമട തോടിന്റെ കരയിലുള്ള ബണ്ട് മതിൽ നിരാമയ ഈ ഭൂമി വാങ്ങുന്നതിനു മുമ്പു തന്നെയുള്ളതും, നിരാമയയുടെ കൈവശത്തിലോ ഉടമസ്ഥതയിലോ ഇല്ലാത്തതുമാണ്. മേൽപറഞ്ഞ കാര്യങ്ങൾ സത്യമായിരിക്കെ, നിരാമയ റിട്രീറ്റിനെ കുറിച്ച് നടക്കുന്ന കുപ്രചാരണങ്ങൾ അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവും സത്യത്തിനു നിരക്കാത്തതും ആണ്. ഈ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ അപകീർത്തിപ്പെടുത്തുന്നതിനെതിരായ ക്രിമിനൽ നിയമ നടപടി തുടങ്ങിക്കഴിഞ്ഞുവെന്നും അറിയിക്കുന്നു.

നിരാമയ റിട്രീറ്റ് കുമരകം പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി സിഇഒ മനു ഋഷി ഗുപ്തയാണ് വിശദീകരണം നൽകുന്നത്. ദേശാഭിമാനിക്കെതിരെ കേസ് കൊടുക്കുമെന്നാണ് വിശദീകരണത്തിലെ സൂചനകൾ. ഈ വിവാദത്തിനിടെ ചാനൽ ഉടമയുടെ റിസോർട്ട് നിർമ്മാണത്തിനായി വേമ്പനാട് കായലും തോട്ടുപുറമ്പോക്കും കൈയേറിയെന്ന റിപ്പോർട്ട് സി.പി.എം. ഭരണത്തിലുള്ള ഗ്രാമപഞ്ചായത്ത് ഒരു വർഷം പൂഴ്‌ത്തിയെന്ന വാർത്തയുമെത്തി. കൈയേറ്റം കണ്ടെത്തിയ റവന്യൂവകുപ്പും പിന്നീട് മൗനംപാലിച്ചുവെന്ന് മംഗളവും റിപ്പോർട്ട് ചെയ്തിരുന്നു.

രാജ്യാന്തര നിലവാരത്തിൽ പണിയുന്ന റിസോർട്ട് പുറമ്പോക്ക് കൈയേറിയെന്നു കണ്ടെത്തി കുമരകം പഞ്ചായത്ത് സെക്രട്ടറിക്ക് 2016 ഒക്ടോബർ 20 ന് കോട്ടയം തഹസിൽദാർ കത്ത് നൽകിയിരുന്നു. എന്നാൽ, സ്റ്റോപ്പ് മെമോ പോലും നൽകാൻ ഭരണസമിതി തയാറായില്ല. രാജീവ് ചന്ദ്രശേഖറിന്റെ ബംഗളുരു ആസ്ഥാനമായുള്ള ജൂപ്പിറ്റർ ക്യാപ്പിറ്റൽ കമ്പനിയാണ് കവണാറ്റിൻകരയിൽ റിസോർട്ട് നിർമ്മിക്കുന്നത്. വേമ്പനാട്ട് കായൽ കൈയേറിയാണ് ഇതു പണിയുന്നതെന്ന് ചൂണ്ടിക്കാട്ടി കുമരകം ജനസമ്പർക്ക സമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇതേപ്പറ്റി അന്വേഷിക്കാൻ റവന്യൂ വകുപ്പിന് കോടതി നിർദ്ദേശം നൽകി. ഇതേത്തുടർന്നാണു തഹസിൽദാരുടെ നിർദ്ദേശപ്രകാരം കോട്ടയം താലൂക്ക് സർവേയർ അന്വേഷണം നടത്തിയത്.

റിസോർട്ട് സ്ഥതി ചെയ്യുന്ന കുമരകം വില്ലേജിലെ ബ്ലോക്ക് നമ്പർ പത്തിൽപ്പെടുന്ന 02.ആർ 17 ചതുരശ്രമീറ്റർ തോട്ടുപുറമ്പോക്കും ബ്ലോക്ക് നമ്പർ 11-ൽപ്പെട്ട കായൽ പുറമ്പോക്കിൽ നിന്നു 0.44 ചതുരശ്രമീറ്ററും 0.50 ചതുരശ്രമീറ്ററും കൈയേറിയെന്നു പരിശോധനയിൽ കണ്ടെത്തിയെന്നും മംഗളം റിപ്പോർട്ട് ചെയ്തിരുന്നു. കേരള പഞ്ചായത്ത് ആക്ട് പ്രകാരം കൈയേറിയ ഭാഗം പഞ്ചായത്തിന്റെ അധീനതയിൽ വരുന്നതിനാൽ, കൈയേറ്റം അടിയന്തരമായി ഒഴിപ്പിക്കണമെന്നു സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ തഹസിൽദാർ ശിപാർശ ചെയ്തു. ഈ റിപ്പോർട്ടാണ് കുമരകം പഞ്ചായത്ത് മൂടിവച്ചത്. കൈയേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് പിന്നീട് റിപ്പോർട്ടൊന്നും റവന്യൂവകുപ്പ് നൽകിയില്ലെന്നായിരുന്നു മംഗളം റിപ്പോർട്ട്. ഇതും രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനം നിഷേധിക്കുകയാണ്.

റാംസർ സൈറ്റിൽ ഉൾപ്പെടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട് കായലിന്റെയും തീരത്തോടു ചേർന്നാണ് റിസോർട്ട് നിർമ്മിക്കുന്നത്. രണ്ട് പ്ളോട്ടുകളിലായി നാല് ഏക്കറോളം തീരഭൂമിയാണ് റിസോർട്ടിന്റെ അധീനതയിലുള്ളത്. 2009 ലാണ് പഞ്ചായത്തിൽനിന്ന് ഇതിനു നിർമ്മാണാനുമതി വാങ്ങിയത്. എന്നാൽ, ആദ്യ മൂന്നുവർഷം കാര്യമായ പണി നടന്നില്ല. പിന്നീടാണ് നിർമ്മാണം തുടങ്ങിയത്. ഇതാണ് തോമസ് ചാണ്ടിയുടെ രാജിയോടെ വിവാദത്തിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP